ഇതാണ് വാരിയന്‍കുന്നന്‍


 ടി എച്ച് ദാരിമി 

അധിനിവിഷ്ട ഇന്ത്യയും വെള്ളപ്പടയാല്‍ ചവിട്ടിമെതിക്കപ്പെട്ട മലബാറും കണ്ട ധീരദേശാഭിമാനിയും സ്വതന്ത്രഭരണാധികാരിയുമായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വീണ്ടും വാര്‍ത്തകളിലെത്തിയത് പുതുതലമുറക്ക് അദ്ദേഹത്തെ പഠിക്കുവാനും പഠിപ്പിക്കുവാനും ഒരു നിമിത്തമായിരിക്കുകയാണ്. ആ ധീരദേശാഭിമാനിയുടെ ജീവിതം സിനിമയിലൂടെ പുരനാഖ്യാനം ചെയ്യുവാനുള്ള ശ്രമങ്ങളെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വിവാദങ്ങളുടെ പിന്നാമ്പുറങ്ങള്‍ക്ക് ചര്‍ച്ചക്കെടുക്കുവാന്‍ മാത്രമുള്ള ആഴമോ പരപ്പോ ഇല്ല എന്നതു വ്യക്തമാണ്. കാരണം, അതിനു പിന്നില്‍ എതിര്‍ വര്‍ഗത്തിന്റെ ഒരു പ്രധാനി വെള്ളപൂശപ്പെടുമോ എന്ന വര്‍ഗ്ഗീയ ആധി മാത്രമാണ്. അതിനുവേണ്ടി സംഘക്കൂടാരത്തിനുള്ളില്‍ അസ്വസ്ഥതയും അസഹിഷ്ണുതയും പുകയുകയാണ്.

വര്‍ഗ്ഗീയത കണ്ണുകളെ പിടിച്ചടച്ചപ്പോള്‍ ഒന്നും നോക്കാതെ എടുത്തു ചാടിയവര്‍ പതിവു പോലെ വഷളായ മട്ടാണ്. ചിന്തകരും ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും തുടങ്ങി സാംസ്‌കാരിക നായകന്മാരൊക്കെയും ഒന്നിച്ചു ചാടിവീണതിനാല്‍ വീഴ്ച വിദ്യയാക്കുവാന്‍ ഉള്ള വഴിതേടുകയാണ് പരിവാരം എന്നു തോന്നുന്നു. അതോടെ ഒരു കാര്യം ഉറപ്പായി, ഇപ്പോള്‍ പ്രഖ്യാപിച്ചവര്‍ ഒരുപക്ഷെ ഏതെങ്കിലും വേരിലോ തടവിലോ തട്ടി പിന്‍മാറിയാല്‍ പോലും മറ്റൊരുകൂട്ടര്‍ അതെടുത്തു നടത്തുകതന്നെ ചെയ്യും. കാരണം സത്യസന്ധമായ ഒരു ആശയം സിനിമക്കും നാടകത്തിനും നോവലിനുമെല്ലാം അനിവാര്യമാണ്. അതുവഴിയുണ്ടാക്കിയെടുക്കുന്ന ചോദനമാണ് അതിനെ സ്വീകാര്യമാക്കുക. അതിനുവേണ്ട എല്ലാ വികാരവികാരങ്ങളും കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥക്കുണ്ട്.

ഒരു നൂറ്റാണ്ടു മുമ്പത്തെ സമൂഹ്യതയയുടെ ക്യാന്‍വാസില്‍ സൂര്യനസ്തമിക്കാത്ത വെള്ളക്കാരുടെ കുടിലതകള്‍ക്കെതിരെ ദേശീയത എന്ന ഏകവികാരത്തില്‍ കുഞ്ഞഹമ്മദ് ഹാജി കാണിച്ച അനിതരമായ ചുവടുകള്‍ ചിത്രീകരിക്കുമ്പോള്‍ ഇതൊക്കെ കേട്ടു മാത്രം അറിഞ്ഞിട്ടുള്ള പുതുതലമുറ സ്തബ്ദമായി നിന്നുപോകും. ആ അന്ധാളിപ്പില്‍ തങ്ങളുടെ കല കാശാക്കി മാറ്റാം എന്ന് എല്ലാവര്‍ക്കുമുറപ്പാണ്. അതിനാല്‍ വൈകാതെ ധീരരായ കുറച്ചുപേര്‍ ധീരനായ ഈ ഭരണാധികാരിപ്പോരാളീയുടെ ജീവിതം അരങ്ങത്തെത്തിക്കുകതന്നെ ചെയ്യും.

ആ ജീവിതത്തെ വിഗഹമായി വീക്ഷിക്കുമ്പോള്‍ ഈ പറഞ്ഞതെല്ലാം തെളിഞ്ഞുവരും. മഞ്ചേരിക്കടുത്ത നെല്ലിക്കുത്തെ ചക്കിപ്പറമ്പന്‍ വാരിയന്‍ കുന്നത്ത് മൊയ്തീന്‍ കുട്ടിയുടെയും കരുവാരകുണ്ടുില്‍ നിന്നും കെട്ടിക്കൊണ്ടുവന്ന പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1870ലാണ് കുഞ്ഞഹമ്മദ് ഹാജി ജനിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ആലിമുസ്‌ലിയാര്‍ പഠിച്ച അതേ ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക മതപഠനം. കാരക്കാടന്‍ കുഞ്ഞിക്കമ്മു മൊല്ലയുടെതായിരുന്നു ആ ഓത്തുപള്ളി. ഓത്തുപള്ളിയിലെ പഠനം കഴിഞ്ഞ് വെള്ളുവങ്ങാട്ട് മാപ്പിള പ്രൈമറി സ്‌കൂളിലെത്തി. പിന്നെ അവിടെയായിരുന്നു തുടര്‍പഠനം. അവിടെ ഭൗതിക വിഷയങ്ങള്‍ക്കു പുറമെ മതപരമായ പഠനവും അക്കാലത്തുണ്ടായിരുന്നു.

ബാല്യകാലത്തിന്റെ ഈ രംഗങ്ങളില്‍ കുഞ്ഞഹമ്മദ് മറെറല്ലാ കുട്ടികളെയും പോലെയായിരുന്നു. അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ നേരൊഴുക്ക് തന്നെയായിരുന്നു ഇതെല്ലാം. എല്ലാ കുട്ടികളും അക്കാലത്ത് ഇങ്ങനെ തന്നെയായിരുന്നു വളര്‍ന്നിരുന്നത്. എന്നാല്‍ കുഞ്ഞഹമ്മദിനെ മലയാളവും ഇംഗ്ലീഷും പഠിപ്പിക്കുവാന്‍ പിതാവിന്റെ ആവശ്യപ്രകാരം ബാലകൃഷ്ണനെഴുത്തഛന്‍ വീട്ടില്‍ വരാന്‍ തുടങ്ങുകയും പഠനം ആരംഭിക്കുകയും ചെയ്തതോടെ ഈ കുട്ടിയില്‍ പ്രത്യേകകണ്ണ് വീണുതുടങ്ങുന്നു. കാരണം അക്കാലത്തെ ഒരു ഏറനാടന്‍ ഗ്രാമത്തിലെ മാപ്പിളക്കുട്ടിയുടെ കാര്യത്തില്‍ ഇത് തികച്ചും അപൂര്‍വ്വമായ ഒരു കാഴ്ചതന്നെയായിരുന്നു. മതപരമായ സാമ്പ്രദായികതകളോട് ഒന്നുകൂടി അടുത്തുനില്‍ക്കുന്ന ജനങ്ങള്‍ ജീവിച്ചിരുന്ന ആ കാലത്ത് ഈ കാഴ്ച അത്യപൂര്‍വ്വം തന്നെയായിരുന്നു.

 ഇംഗ്ലീഷിനെ കുറിച്ച് നരകത്തിലെ ഭാഷ എന്ന ഒരു ചൊല്ല് എങ്ങനെയോ സമൂഹത്തില്‍ പരന്ന കാലമായിരുന്നു അത്. മലയാളം എന്ന ആര്യനെഴുത്തിനോടും വലിയ സുഖത്തിലായിരുന്നില്ല ഈ പ്രാദേശികത. ഈ ധാരണകളൊന്നും തിരുത്തുവാന്‍ വേണ്ട നവോദ്ധാന ശ്രമങ്ങള്‍ ഉണ്ടായിരുന്നതുമില്ല. അതിനാല്‍ മലയാളവും ഇംഗ്ലീഷും പ്രത്യേകം ട്യൂഷന്‍ കൂടി എടുത്തു പഠിക്കുന്ന ഒരു കുട്ടി വേറിട്ട കാഷ്ച തന്നെയായിരുന്നു മലബാറില്‍. വളര്‍ന്നുവന്ന കുഞ്ഞഹമ്മദിന്റെ നിയോഗം പക്ഷെ, കുറേ പഠിച്ച് വലിയ ആളാകുവാനുള്ളതായിരുന്നില്ല. കച്ചവടക്കാരനും കര്‍ഷകനുമായിരുന്ന പിതാവിനെ സഹായിക്കുക എന്ന ബാധ്യത ചുമലില്‍ വന്നുവീണതോടെ പഠനത്തിന് അവസാന ബെല്ലടച്ചു. പിന്നെ നാം കാണുന്നത് ഒരു കര്‍ഷക വ്യാപാരിയെയാണ്. അധികം വൈകാതെ ആ ചിത്രത്തില്‍ വീണ്ടും മാറ്റമുണ്ടായി. പാടത്തുനിന്നും കയറി അദ്ദേഹം പോത്തുവണ്ടിയുടെ തണ്ടില്‍ കയറിയിരുന്ന് കച്ചവടത്തെ നയിക്കുവാന്‍ തുടങ്ങി. അതിനിടെ പിതാവിന്റെ വിയോഗമുണ്ടായതോടെ കച്ചവടം തന്നെ തന്റെ ചുമലില്‍ വന്നുവീണപോലെയായി.

കൗമാരത്തില്‍ നിന്നും യൗവ്വനത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ വാരിയന്‍കുന്നന്‍ ഒരു കച്ചവടക്കാരനായി മാറിയിരുന്നു. അപ്പോഴേക്കും തന്റെ പിതാവിന്റെ സ്വത്ത് ചിലര്‍ അന്യായമായി വളച്ചുകെട്ടിയ ധിക്കാരത്തിന്റെ മുമ്പിലെത്തി അദ്ദേഹം. ചില ജന്മിമാരുടെ ഒത്താശയോടെയായിരുന്നു ഈ വേലികെട്ട്. ജന്മിമാരാണെങ്കിലോ ചെയ്യുന്നതൊക്കെയും ചെയ്യുന്നത് വെള്ളക്കാരുടെ പിന്‍ബലത്തിലായിരുന്നു. അങ്ങനെ കുഞ്ഞഹമ്മദിന്റെ പോത്തു വിക്കു മുമ്പില്‍ ഒരു നീണ്ട വഴി പ്രത്യക്ഷപ്പെട്ടു. ഏറ്റവും മുമ്പില്‍ അക്രമമായ കയ്യേറ്റം, അതിനു പിന്നില്‍ മേലനങ്ങാത്ത തിരുമേനിമാരുടെ ജന്മിത്വം, അതിനും പിന്നില്‍ ജന്‍മികളെ പണിയാളുകളാക്കി മാറ്റി കാര്യം നേടുന്ന വെള്ളക്കുറുക്കന്‍മാര്‍. അതോടെ വാരിയന്‍ കുന്നന്റെ മനസ്സും ശ്രദ്ധയും അതിലേക്കുതിരിയുകയായി.

പിന്നെ നാം കാണുന്ന വാരിയന്‍കുന്നന്‍ ഈ അനീതികളോട് പടവെട്ടുന്ന പടയാളിയാണ്. അതിനു വേണ്ടി സമാനമനസ്‌കരെ സംഘടിപ്പിക്കുന്ന സാഹസികനാണ്. ആ സാഹസമാണ് വാരിയന്‍ കുന്നന്‍ എന്ന വികാരമായി മാറിയത്. ആവികാരമാണ് വെള്ളപ്പടയെ വിറപ്പിച്ചുനിറുത്തിയത്. തന്റെ നിയോഗത്തില്‍ ആറുമാസം തന്റെ നാടിനെ അദ്ദേഹം ധീരമായി ഭരിച്ചു. നാട്ടിലെ കപടന്മാരുടെ ഒത്താശയോടെ വെള്ളപ്പട വളഞ്ഞുപിടിച്ചപ്പോള്‍ അദ്ദേഹം സുല്ലിടാന്‍ തയ്യാറായില്ല. ധീരമായിമരണത്തിനു നേരെ കൈനീട്ടി.

കൗമാരത്തിന്റെ അന്ത്യദശയില്‍ തന്റെ ഇരുപതാം വയസ്സിലായിരുന്നു ബ്രിട്ടീഷ് വിരുദ്ധ ചിന്തകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സില്‍ താഴ്‌വേരോട്ടമുണ്ടായത്. അങ്ങിങ്ങായി മാപ്പിളമാര്‍ക്കെതിരെ ബ്രിട്ടീഷ് സൈന്യം കാട്ടിക്കൂട്ടുന്ന ചെയ്തികളില്‍ ഏറെ അസ്വസ്ഥനായ അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന്റെ അന്നത്തെ ഒരു ബാനറായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. അനിതരസാധാരണമായ വീര്യവും ആത്മധൈര്യവും കൈമുലുള്ള ഈ ചെറുപ്പക്കാരന്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. ഇത് നെല്ലിക്കുത്ത് അംശം അധികാരി അഹ്മദ് കുരിക്കള്‍, അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുള്ളക്കുട്ടി കുരിക്കള്‍ തുടങ്ങിയവരെ പ്രകോപിപ്പിച്ചു. സ്വന്തം സ്ഥാനമാനങ്ങളോടുള്ള അവരുടെ ഒരു പ്രതിപത്തി കാണിക്കുകയായിരുന്നു അവര്‍. അവര്‍ കുഞ്ഞഹമ്മദിന്റെ കുടുംബം വഴി ശക്തമായ ഇടപെടലുകള്‍ നടത്തുകയും തല്‍ഫലമായി വാരിയന്‍ കുന്നത്തിനെ തല്‍ക്കാലം സ്ഥലം മാറ്റാനെന്നോണം മക്കയിലേക്ക് അയക്കുകയും ചെയ്തു. ഈ യാത്രക്കിടെ ബോംബെയില്‍ കുറേ കാലം തങ്ങേണ്ടിവന്നതോടെ അവിടെ വെച്ച് അദ്ദേഹം ഹിന്ദി, ഉര്‍ദു ഭാഷകള്‍ കൂടി വശപ്പെടുത്തി. അത് രാജ്യമൊന്നാകെ പടര്‍ന്നുവരുന്ന ദേശീയ വികാരത്തിലെത്തുവാന്‍ അദ്ദേഹത്തെ സഹായിച്ചു.

കോണ്‍ഗ്രസിന്റെ ശൈലിയാണ് കുറേ കൂടി മെച്ചപ്പെട്ടത് എന്നതിരിച്ചറിവിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുന്നത് ഇവിടെ നിന്നാണ്. മക്കയില്‍ പോയി ഹജ്ജു കഴിഞ്ഞ് കുറച്ചുകഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തെ എതിരേറ്റത് ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ തന്നെയായിരുന്നു. 1894ല്‍ നടന്ന മണ്ണാര്‍ക്കാട് കര്‍ഷക ലഹളയുടെ കാലമായിരുന്നു അത്. ഈ സമയത്ത് അദ്ദേഹം കുറച്ചുകൂടി വ്യത്യസ്ഥമായ ഒരു ഇടപെടല്‍ നടത്തുവാന്‍ ശ്രമിച്ചു. മുസ്‌ലിം മതപണ്ഡിതന്മാര്‍ക്ക് കത്തുകളയച്ച് മാപ്പിളമാരുടെയും പൊതു സമൂഹത്തിന്റെയും ബ്രിട്ടീഷ്‌വിരുദ്ധ നീക്കങ്ങള്‍ക്ക് സമുദായത്തെ പ്രചോദിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു അത്. ഇത് പക്ഷെ, ബ്രിട്ടീഷ് രഹസ്യചാരന്മാരാല്‍ പിടിക്കപ്പെട്ടു. അതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും എന്ന ഭീതി പരന്നു. അതൊഴിവാക്കുവാന്‍ അദ്ദേഹം വീണ്ടും മക്കയിലേക്ക് കടന്നു. പിന്നെ മൂന്നു വര്‍ഷം അവിടെയായിരുന്നു. ഇക്കാലത്തിനിടെ അദ്ദേഹം അറബി ഭാഷയില്‍ കൂടുതല്‍ വ്യുല്‍പത്തി നേടി.

1905ല്‍ വീണ്ടും നാട്ടില്‍ തിരിച്ചെത്തിയെങ്കിലും സ്വദേശമായ നെല്ലിക്കുത്ത് താമസിക്കുവാന്‍ അധികാരികള്‍ അനുവദിച്ചില്ല. സ്വാതന്ത്ര സമരത്തിന്റെ വികാരങ്ങള്‍ പടര്‍ന്നുകിടക്കുന്ന ആലി മുസ്‌ലിയാരുടെ മണ്ണില്‍ വാരിയന്‍കുന്നന്‍ വീണ്ടും രഹസ്യനീക്കങ്ങള്‍ നടത്തിയേക്കുമോ എന്ന ഭയം നല്ലോണമുണ്ടായിരുന്നു അധികാരികള്‍ക്ക്. അതിനെ തുടര്‍ന്ന് അദ്ദേഹത്തിന് തന്റെ പിതാവിന്റെ നാടായ നെടിയിരുപ്പിലേക്ക് മാറേണ്ടിവന്നു. അവിടെ വെച്ച് ആ കാലത്തായിരുന്നു വിവാഹവും മററും. പിന്നെയും അദ്ദേഹം മക്കയിലേക്ക് പോകുന്നുണ്ട്. അഞ്ചു വര്‍ഷത്തോളം അവിടെ ജീവിക്കുകയും അവിടെ നിന്നും ഒരു മലയാളി കുടുംബത്തിലെ സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്യുന്നുണ്ട്. പിന്നെ അദ്ദേഹം തിരിച്ചെത്തുന്നതായി കാണുന്നത് ഖിലാഫത്ത് ലഹളയുടെ ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു മുമ്പാണ്.

ആ വരവില്‍ അദ്ദേഹം താമസിച്ചത് മൊറയൂരായിരുന്നു. നെല്ലിക്കുത്തില്‍ താമസിക്കുവാന്‍ അനുവദിക്കുന്നതില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനു നല്ല ഭയമുണ്ടായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. പക്ഷെ, എവിടെയായിരുന്നുവെങ്കിലും ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ ജ്വാലകള്‍ കത്തിയുയരുന്ന സ്ഥലങ്ങള്‍ തന്നെയായിരുന്നു എവിടെയും. വൈദേശികാധിപത്യം അത്രക്കുമേല്‍ ഗര്‍വ്വോടെ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്ന മാപ്പിളമാര്‍ രണ്ടും കല്‍പ്പിച്ച് എടുത്തു ചാടേണ്ടുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മാപ്പിളമാരെ മാത്രമല്ല, സത്യത്തില്‍ ഈ പ്രതികൂലതകള്‍ വേട്ടയാടിയിരുന്നത് എന്നാണ് സത്യം. പക്ഷെ, അവരായിന്നു ജനസംഖ്യയിലെ മഹാഭൂരിപക്ഷം. അതിനാല്‍ പൊതു ദൃശ്യം മാപ്പിളമാരുടെ കലാപം എന്നു വ്യാഖ്യാനിക്കാവുന്ന പ്രഭാവത്തിലുള്ളതായിരുന്നു. മാപ്പിള കലാപം എന്നു പേരുവീണ സ്വാതന്ത്രസമര അധ്യായത്തിന് സത്യത്തില്‍ ഇത്രയേ അര്‍ഥവും ആശയവും ഉണ്ടായിരുന്നുള്ളൂ.

1916ല്‍ അഥവാ ഹാജി തിരിച്ചെത്തി രണ്ടു വര്‍ഷം കഴിഞ്ഞ് ആരോ കലക്ടര്‍ ഇന്നിസ് സായ്പിനെ പതിയിരുന്നു വധിക്കുവാന്‍ ഒരുശ്രമം നടത്തി. ഇതിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നു പറഞ്ഞ് വാരിയന്‍ കുന്നത്തിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റുചെയ്തു. പക്ഷെ, കുറ്റം തെളിയിക്കുവാന്‍ കോടതിക്കു കഴിഞ്ഞില്ല. തുടര്‍ന്നു ജയില്‍ മോചിതനായ ഹാജി നെല്ലിക്കുത്തിലേക്കുതന്നെ താമസം മാറ്റി. അതിന് കോടതി അനുവാദം നല്‍കിയിരുന്നു. ഹാജിയുടെ സ്വാധീനം പൊതു സമൂഹത്തില്‍ അനുദിനം വളര്‍ന്നുവന്നു. പത്തോളം കാളവണ്ടികളുടെ ഉടമയായിരുന്നു അദ്ദേഹം. അക്കാലത്തെ ഏററവും വലിയ ധനികനായിരുന്നു
അദ്ദേഹമെന്നതിന് മറ്റൊരു തെളിവും ചരിത്രകാരന്മാര്‍ പരതുന്നില്ല. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുവാനുള്ള കഴിവ്, നല്ലനയതന്ത്രജ്ഞത, ഇടപെടലുകളുടെ മനോഹാരിത, തികഞ്ഞ മതബോധം തുടങ്ങിയ ഒരു പാട് ഗുണങ്ങള്‍ അദ്ദേഹത്തിന്റെ ഖ്യാതിനാള്‍ക്കുനാള്‍ വര്‍ധിപ്പിച്ചു.

വള്ളുവങ്ങാട്ടെ ചക്കിപറമ്പന്‍ കാരക്കുറിശി ജുമുഅത്ത് പള്ളിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആത്മീയ കേന്ദ്രം. അവിടെ വന്ന് നിസ്‌കരിച്ച് പ്രാര്‍ഥിച്ചിട്ടല്ലാതെ അദ്ദേഹം ഒരു നീക്കത്തിനും ഇറങ്ങുമായിരുന്നില്ല. ആലി മുസ്‌ലിയാരുമായുള്ള അദ്ദേഹത്തിന്റെ സമാഗമങ്ങളും ചര്‍ച്ചകളും എല്ലാം അവിടെ കേന്ദ്രീകരിച്ചായിരുന്നു. ഈ പള്ളിയുടെ കുളത്തില്‍ നിന്നും ഒരു കിലോമീറ്ററെങ്കിലും നീളമുള്ള ഒരു തുരങ്കപാത അദ്ദേഹം നിര്‍മ്മിച്ചിരുന്നു. അദ്ദേഹത്തിലെ യുദ്ധതന്ത്രജ്ഞനെ അനാവരണം ചെയ്യുന്ന ഇത്തരം പല ഘടകങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം അദ്ദേഹത്തെ പൊതുസ്വീകാര്യനും പൊതു സമ്മതനുമാക്കി. ഇതു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉറക്കുകെടുത്തി. അവര്‍ അദ്ദേഹത്തിനു ചുറ്റും ചെല്ലുംചെലവും കൊടുത്ത് ചാരവലയം ഉണ്ടാക്കി. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും അവര്‍ സസൂക്ഷ്മം നിരീക്ഷിച്ചു. അപ്പോഴേക്കും കുഞ്ഞഹമ്മദ് ഹാജി സുല്‍ത്വാന്‍ എന്ന പേരില്‍ പ്രസിദ്ധനായി കഴിഞ്ഞിരുന്നു.

1921-22 കാലത്തു നടന്ന മാപ്പിള ലഹളക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഈ ലഹള വൈദേശികാധിപത്യത്തിനെതിരെയുള്ള ലഹളമാത്രമായിരിക്കുവാന്‍ അദ്ദേഹവും ആലി മുസ്‌ലിയാരും കഠിനമായി ശ്രദ്ധിച്ചു. പകരത്തിനു പകരം എന്ന സൂത്രവാക്യം വെച്ച്കണ്ടതൊക്കെ കൊള്ളയടിക്കുന്നത് കഠിനമായി വിലക്കി. പരമമായ ലക്ഷ്യത്തെ മാത്രം ലാക്കാക്കുവാന്‍ അദ്ദേഹം തന്റെ അനുയായികളെ എപ്പോഴും ഉണര്‍ത്തിച്ചു. സമാധാനപരമായ സമരരീതിയില്‍ ആഴത്തില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അതാണ് ശരിയായ വഴി എന്നദ്ദേഹം വിശ്വസിച്ചു. എന്നിട്ടും അന്നും ഇന്നും ഈ ലഹളയെ വര്‍ഗ്ഗീയമായി വേറിട്ടു കാണുന്നതിനു പിന്നില്‍ ചില തെറ്റായ വായനകളുണ്ട്. ഖിലാഫത്ത് ലഹളയുടെ പ്രതിയോഗികള്‍ ഒന്നാമതായി ബ്രീട്ടീഷുകാരായിരുന്നു.

എന്നാല്‍ പ്രാദേശികമായി അവരെ പിന്തുണച്ചിരുന്നത് ജന്മികളായിരുന്നു. ജന്മികള്‍ ഹിന്ദുക്കളിലും മുസ്‌ലിംകളിലും ഉണ്ടായിരുന്നു. എന്നാല്‍ ജന്മികള്‍ കൂടുതലും ഹിന്ദുക്കളിലായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ സ്വാഭാവികമായും ഏറെ ആക്രമിക്കപ്പെട്ടത് അവരായിരുന്നു. മുസ്‌ലിം ജന്മിമാരും ധാരാളം അക്രമിക്കപ്പെട്ടിട്ടുണ്ട്. അതു പക്ഷെ, കാണാന്‍ മാത്രമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നവരെ പൊതു ചരിത്രബോധം കണ്ടെന്ന് നടിച്ചതുമില്ല. അതിനാല്‍ ഇതിനെ ഒരു വര്‍ഗീയമായ മാപ്പിള ലഹളയായി ചിത്രവധം ചെയ്യപ്പെടുകയായിരുന്നു. ഇന്ത്യയുടെ പക്ഷത്തെ നയിച്ചിരുന്ന ഒരാള്‍ക്കും വൈദേശികാധിപത്യത്തിനും അവരെ നിലനിറുത്തുവാനും അതുവഴി തങ്ങളുടെ സുഖങ്ങള്‍ സംരക്ഷിക്കുവാനും ശ്രമിക്കുന്ന ജന്‍മികള്‍ക്കുമെതിരെയുള്ള ഒരു സൈനിക നീക്കം മാത്രമായിരുന്നു ആ ലഹള. മുസ്‌ലിം നാമധാരിയായ ചേക്കുട്ടി മുതല്‍ കൊേണ്ടാട്ടി തങ്ങന്‍മാര്‍ വരെയുള്ളവരെ വാരിയന്‍ കുന്നത്ത് നേരിട്ടിട്ടുണ്ട് എന്ന് ഈ കപട ചരിത്രകാരന്‍മാര്‍ കാണാതെ പോവുകയാണ്.

1921 ഓഗസ്‌ററ് 20ന് തിരൂരങ്ങാടി പള്ളിയും മമ്പുറം മഖാമും ആക്രമിക്കപ്പെട്ടു എന്ന കിംവദന്തി പരന്നതോടെ ഓഗസ്‌ററ് 21ന് വാരിയന്‍കുന്നത്തിന്റെ പട പാണ്ടിക്കാട് പോലീസ് സ്‌റേറഷന്‍ ആക്രമിച്ചു. അവര്‍ വെടിക്കോപ്പുകള്‍ കൈവശപ്പെടുത്തി. അവിടെ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണം ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഭരണം ഏറെക്കുറെ ഏറനാട്ടില്‍ നിലച്ചു. അവശേഷിക്കുന്നവര്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയാത്ത അവസ്ഥ സംജാതമായി. സ്വന്തമായി ഭരണസംവിധാനം, നികുതി പിരിവ്, സൈനിക സേവനം, കോടതി എന്നിവയെല്ലാം ഉള്ള ഒരു സ്വതന്ത്രഭരണം തന്നെയായിരുന്നു അത്. ഒമ്പതു മാസത്തോളം നീണ്ടുനിന്ന ആ കാലത്ത് ഹാജിയുടെ ഗവണ്‍മെന്റിന്റെ പ്രത്യേക പാസില്ലാതെ സഞ്ചാരം പോലും അനുവദിക്കപ്പെട്ടിരുന്നില്ല. വെള്ളക്കാര്‍ക്കെതിരെ കുഞ്ഞഹമ്മദ് ഹാജി സംഘടിപ്പിച്ചത് തികച്ചും ശാസ്ത്രീയമായ മുന്നേററം തന്നെയായിരുന്നു. വിപ്ലവപ്രദേശത്തെ നാലു മേഖലകളാക്കി തിരിച്ച അദ്ദേഹം നിലമ്പൂര്‍, പാിക്കാട്, പന്തല്ലൂര്‍, തുവ്വൂര്‍ എന്നീ പ്രദേശങ്ങള്‍ തന്റെ കയ്യിലൊതുക്കി.

മണ്ണാര്‍ക്കാട് ചെമ്പ്രശേരി തങ്ങളും തിരൂരങ്ങാടിയില്‍ ആലി മുസ്‌ലിയാരും വള്ളുവനാട്ടില്‍ സീതിക്കോയതങ്ങളും ഭരണാധികാരികളായി. ഇതോടെ വിറളിപൂണ്ട വെള്ളപ്പട്ടാളക്കാര്‍ നാടുനീളെ കലാപവും കൊള്ളിവെയ്പും നടത്തി. പട്ടാളത്തിനും പോലീസിനും പുറമെ അവര്‍ ഗൂര്‍ഖകളെയും രംഗത്തിറക്കി. തുടര്‍ന്ന് അവര്‍ നടത്തിയ നരനായാട്ടില്‍ അമ്പതിനായിരത്തോളം പേരെങ്കിലും കൊല്ലപ്പെട്ടു. പ്രമുഖരായ പലരെയും നാടുകടത്തി. ഇതിനിടെ വാരിയന്‍കുന്നത്തിനെ അനുനയിപ്പിക്കുവാന്‍ പലവിധ പ്രലോഭനങ്ങളും അവര്‍ നടത്തിനോക്കി. അതൊന്നും വിജയിച്ചില്ല. അദ്ദേഹത്തോട് മക്കയിലേക്ക സുരക്ഷിതനായി പോയിക്കൊള്ളുവാന്‍ പറഞ്ഞുനോക്കി. തന്റെ മണ്ണ് ഇതാണെന്നും ഇതിനുവേിയുള്ള പോരാട്ടം താന്‍ തുടരുമെന്നും അദ്ദേഹം ആണയിട്ടുപറഞ്ഞു. അനുനയ ശ്രമങ്ങള്‍ വിജയിക്കില്ല എന്നു മനസ്സിലാക്കിയ വെള്ളക്കാര്‍ പിന്നെ അദ്ദേഹത്തെ തീര്‍ത്തുകളയുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ ബ്രിട്ടീഷുകാര്‍ ചില വര്‍ഗ്ഗീയ കളികളും നടത്തിനോക്കി, മതഭക്തനായ കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണവും ശ്രമവുമെല്ലാം ഒരു മുസ്‌ലിം രാജ്യം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ളതാണ് എന്ന് പ്രമുഖ ഹിന്ദു സാമുദായിക നേതാക്കളെ ധരിപ്പിച്ചു. പക്ഷെ, തന്റെ ദൗത്യം ഒരിക്കലും അതാണ് എന്നു വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കും ഒരു പഴുതും ലഭിക്കുമായിരുന്നില്ല. അത്രക്കും നിഷ്‌കളങ്കനായിരുന്നു അദ്ദേഹം. മഞ്ചേരിയില്‍ അദ്ദേഹം ചെയ്ത പ്രസംഗവും ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയും ഹിന്ദുക്കളെ മാനസികമായി അടുപ്പിക്കുകയായിരുന്നു. മാത്രമല്ല, തന്റെ നീക്കങ്ങള്‍ക്ക് എതിരു നിന്നിരുന്ന കൊേണ്ടാട്ടി തങ്ങള്‍, ആമു സൂപ്ര് തുടങ്ങിയ മുസ്‌ലിംകളെ പോലും അദ്ദേഹം കൈകാര്യംചെയ്യുവാന്‍ മുതിര്‍ന്നതോടെ സംഗതിയെ വര്‍ഗ്ഗീയവത്കരിക്കുവാനുള്ള മോഹം വെറുതെയായി. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുമായും സ്വാതന്ത്ര്യ സമരത്തെ നയിക്കുകയായിരുന്ന ഗാന്ധിജി, മൗലാനാ ശൗക്കത്തലി തുടങ്ങിയവരുമായും അദ്ദേഹം പുലര്‍ത്തിയിരുന്ന ആത്മബന്ധങ്ങളുടെ വെളിച്ചത്തിലും ഹാജിക്കെതിരെ നടത്തിയ നീക്കങ്ങള്‍ ചീറ്റിപ്പോയി.

തിരൂരങ്ങാടി പള്ളി തകര്‍ക്കപ്പെട്ടുവെന്നും ആലി മുസ്‌ലിയാര്‍ പുിടിക്കപ്പെട്ടുവെന്നും അറിഞ്ഞ ഹാജി പതിനായിരത്തിലധികം വരുന്ന സൈനികരുമായി തിരൂരങ്ങാടിയിലേക്ക് കുതിച്ചു. ചെമ്പ്രശേരി തങ്ങള്‍, പയ്യനാട്ടെ ജന്‍മിയായിരുന്ന ചേന്ദു പണിക്കര്‍, വളരാട് നമ്പീശന്‍ തുടങ്ങിയവര്‍ ഒന്നിച്ചു നയിച്ചിരുന്ന ആ നീക്കത്തില്‍ അഞ്ഞൂറിലധികം ഹൈന്ദവ വൡര്‍മാര്‍ ഉണ്ടായിരുന്നു എന്ന് സര്‍ദാര്‍ ചന്ദ്രോത്ത് ആത്മകഥയില്‍ പറയുന്നുണ്ട്. വെള്ളപ്പടയുടെ ഹൃദയങ്ങളെ പടാപടാ അടിപ്പിച്ച സംഭവമായിരുന്നു ഇത്. ഇതെല്ലാം വലിയ ഭീതി കോരിയിട്ടതോടെ ബ്രിട്ടീഷുകാര്‍ ശരിക്കും അടിപതറി. പിന്നെ നാടുനീളെ കവര്‍ച്ചയും കൊള്ളിവെപ്പുമായിരുന്നു അവര്‍ നടത്തിയത്. നാട്ടിലാകെ ഭീഷണി ഉയരുകയും ഹാജിയുടെ വീടടക്കം ഭരണകേന്ദ്രങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തതതോടെ ഹാജിയും സംഘവും കല്ലാമൂലയിലെ വീട്ടിക്കുന്ന് മലമ്പ്രദേശത്തേക്ക് തന്റെ ആസ്ഥാനം മാറ്റി. പട്ടാളത്തെ തടയുവാന്‍ പാലങ്ങളും ടെലഗ്രാം കമ്പികളും തകര്‍ത്തതോടെ ഏറനാട്ടിലേക്ക് എത്തുവാന്‍ ഒരുവഴിയുമില്ലാതെയും ധൈര്യമില്ലാതെയും വെള്ളപ്പട കുഴങ്ങി. വാരിയന്‍കുന്നത്തിന്റെ മുമ്പില്‍ പതറിയ അത്ര ബ്രീട്ടീഷുകാര്‍മറെറാരു സമരത്തിനു മുമ്പിലും പതറിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതൊക്കെതന്നെയാണ് ഇന്നും വാരിയന്‍കുന്നനെ വേട്ടയാടുവാന്‍ ചില കൂടാരങ്ങളെ പ്രചോദിപ്പിക്കുന്ന ഘടകവും.

1921 ഓഗസ്‌ററില്‍ മലബാര്‍ ശരിക്കും പുകഞ്ഞു. എങ്ങും കലാപത്തിന്റെ ധ്വനികളായിരുന്നു. 25ാം തിയ്യതിയായിരുന്നു പ്രസിദ്ധമായ പൂക്കോട്ടൂര്‍ യുദ്ധം. അതറിഞ്ഞ് തന്റെ സൈന്യവുമായി ഹാജിയാര്‍ അവിടെ എത്തിയെങ്കിലും അവിടെ യുദ്ധം കഴിഞ്ഞിരുന്നു. അവിടെ പരാജയത്തിന്റെ കൈപ്പു നുകരേണ്ടിവന്ന പൂക്കോട്ടൂരുകാരെ ആശ്വസിപ്പിച്ചുകൊണ്ട് കുറച്ചുകാലം അദ്ദേഹം അവിടെ തങ്ങി. ഈ അവസരത്തിലാണ് കെണ്ടോട്ടി തങ്ങളെ കാണുവാന്‍ പോയതും തെറ്റിധാരണയുടെ പേരില്‍ചെറിയ വെടിവെപ്പൊക്കെ ഉണ്ടായതും. അതു കഴിഞ്ഞ് അരീക്കോട് വഴി തിരിച്ച ഹാജിയും സംഘവും നേരിട്ട അടുത്ത ധിക്കാരം പട്ടാളവും ഗൂര്‍ഖകളും ചേര്‍ന്ന് പാണ്ടിക്കാട്ട് നടത്തിയ അഴിഞ്ഞാട്ടമായിരുന്നു.

ബ്രിട്ടീഷുകാരോടുള്ള കലിയുടെ പേരില്‍ പാണ്ടിക്കാട്ടെ ഗൂര്‍ഖാ ക്യാമ്പ് അക്രമിച്ച ഹാജിയാരുടെ സൈന്യത്തിനു നേരെ നടത്തിയ തിരിച്ചടിയായിരുന്നു പാണ്ടിക്കാട് യുദ്ധം. 7 ഗൂര്‍ഖകളായിരുന്നു ക്യാമ്പ് കയ്യേററത്തില്‍ കൊല്ലപ്പെട്ടിരുന്നത്. അവരുടെ തിരിച്ചടിയില്‍ ഇരുനൂറിലധികം മാപ്പിളമാരും ഏതാനും പട്ടാളക്കാരും കൊല്ലപ്പെട്ടു. ഇതോടെ പോര് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. ഹാജിയെ പട്ടാളം വളഞ്ഞുകൊേണ്ടയിരുന്നു. പക്ഷെ, സമര്‍ഥനായ ഹാജിയാരെ പിടികൂടുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. നാടിന്റെ മുഴുവനും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ ജാതീയമായ ഒരു വിവേചനവും ഉായിരുന്നില്ല. എങ്കിലും സുരക്ഷിതമായ ഒരുക്യാമ്പ് കെത്തുവാന്‍ ഹാജി നിര്‍ബന്ധിതനായി. സുരക്ഷ അത്രക്കും വലിയ ഒരു ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞിരുന്നു. അങ്ങനെയാണ് പശ്ചിമഘട്ടത്തില്‍ കല്ലാമൂല മലയിലെ വീട്ടിക്കുന്നില്‍ ഹാജിയും സേനയും താവളമടിക്കുന്നത്. വാരിയന്‍കുന്നന്‍ എന്ന അധ്യായത്തിന്റെ അവസാന താവളമായിരുന്നു വീട്ടിക്കുന്ന്. സര്‍വ്വ സന്നാഹങ്ങളോടും കൂടി ഹാജിയും സൈന്യവും അവിടെ കഴിഞ്ഞുകൂടി. അതേ സമയം വാരിയന്‍കുന്നത്തിന്റെ ശല്യം എന്നേക്കുമായി അവസാനിപ്പിക്കുവാന്‍ ബ്രിട്ടീഷ് ക്യാമ്പില്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.

എം എസ് പി, ഗൂര്‍ഖാ പട്ടാളം, ഇന്റലിജന്‍സ് തുടങ്ങിയവയുടെ ജില്ലാ മേധാവികള്‍ മലപ്പുറത്ത് യോഗം ചേര്‍ന്ന് വിശാലമായതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ദൗത്യത്തിനു വേണ്ടി ബാറ്ററി എന്ന പേരില്‍ ഒരു ദൗത്യസംഘം തന്നെ രൂപീകരിച്ചു. അവരുടെ ആദ്യനീക്കം ഹാജിയെ കണ്ട് പ്രലോഭനങ്ങളിലോ വാഗ്ദാനങ്ങളിലോ വീഴ്തുക എന്നതായിരുന്നു. അതിനുവേണ്ട ചര്‍ച്ചകള്‍ നടത്തുവാന്‍ അവര്‍ എടപ്പററയിലെ പൊറ്റയില്‍ ഉണ്യാലു മുസ്‌ലിയാരെ ഉപയോഗപ്പെടുത്തി. ദൗത്യശ്രമവുമായി ഉണ്യാലി മുസ്‌ലിയാര്‍ കല്ലാമൂല വീട്ടിക്കുന്നിലെത്തി. ഹാജിയുമായി വിശദമായി സംസാരിച്ചു. മക്കയിലേക്കു പോയി ശിഷ്ടകാലം ജീവിക്കുവാനോ അല്ലെങ്കില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴില്‍ ഒരു നാട്ടുരാജാവായി വാഴാനോ ഒക്കെ അവര്‍ പറഞ്ഞുനോക്കി. ധീരനായ ഹാജിയാര്‍ പക്ഷെ അതിനൊന്നും വഴങ്ങിയില്ല.

ദൗത്യം പരാജയപ്പെട്ടതോടെ മുസ്‌ലിയാര്‍ നിരാശനായി മലയിറങ്ങി. ഒപ്പം വഴി കാണിക്കുവാന്‍ ഒരാളെ വിടണമെന്ന് മുസ്‌ലിയാര്‍ ഹാജിയാരോട് അഭ്യര്‍ഥിച്ചു. ഒപ്പം വരുന്ന ആളെ അറസ്റ്റുചെയ്യാതെ താന്‍ നോക്കിക്കോളാം എന്നു വാക്കു നല്‍കി. അതനുസരിച്ച് കുഞ്ഞഹമ്മദ് കുട്ടി എന്ന ഒരാളെ മുസ്‌ലിയാരുടെ കൂടെകൂട്ടിനയച്ചു. കുഞ്ഞഹമ്മദ് കുട്ടിയെ അവര്‍ അറസ്റ്റു ചെയ്തില്ലെങ്കിലും കാളികാവ് പോലീസ് സ്‌റ്റേഷനില്‍ വെച്ച് വിശദമായിചോദ്യം ചെയ്ത് ഹാജിയാരുടെ താവളത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ അവര്‍ ചോര്‍ത്തിയെടുത്തു. ഇതുവെച്ച് അടുത്തനീക്കങ്ങള്‍ക്കു വേണ്ട തന്ത്രങ്ങള്‍ അവര്‍ മെനയുകയും ചെയ്തു. അതനുസരിച്ച് 1922 ജൂണ്‍ 5ന് ഉണ്യാലി മുസ്‌ലിയാരുടെ നേനതൃത്വത്തില്‍ വീണ്ടും ചര്‍ച്ചക്കു പോകുവാന്‍ ബാറ്ററി എന്ന ദൗത്യ സംഘം തയ്യാറെടുത്തു. ഈ പ്രാവശ്യം മുസ്‌ലിയാരോടൊപ്പം ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യരുമുണ്ടായിരുന്നു. കൂടെ കര്‍ഷകരുടെ വേഷത്തില്‍ വേഷപ്രഛന്നരായ പത്തുകമാേന്റാകളുമുണ്ടായിരുന്നു. സുബേദാര്‍ കൃഷ്ണപ്പണിക്കരായിരുന്നു അവരുടെ തലവന്‍. കര്‍ഷക വേഷക്കാരുടെ കൂടെനേരത്തെ വന്ന കുഞ്ഞഹമ്മദ് കുട്ടിയുമുണ്ടായിരുന്നു. 

ചര്‍ച്ചകള്‍ നീണ്ടു. അസ്വര്‍ നിസ്‌കാരത്തിന്റെ സമയമായി. എല്ലാവരും നിസ്‌കാരത്തിനായി വുദു ചെയ്യുവാന്‍ തുടങ്ങി. ക്യാമ്പിന്റെ പിറകുവശത്തെ ഒരു പാറക്കൂട്ടത്തിനുള്ളിലായിരുന്നു വുദു എടുക്കുവാനുള്ള സൗകര്യം. കുഞ്ഞഹമ്മദ് ഹാജി വുദു എടുക്കുവാന്‍ വേണ്ടി ഒരുങ്ങി തന്റെ റിവോള്‍വര്‍ തൊട്ടു മുമ്പിലെ പാറപ്പുറത്തു വെച്ചു. ഈ സമയം ഇതു കണ്ട് ഒളിഞ്ഞുനിന്നിരുന്ന കര്‍ഷക വേഷത്തിലുള്ള ദൗത്യസംഘാംഗം ചാടിവീണ് തോക്ക് കൈവശപ്പെടുത്തുകയും ഹാജിയെ പിടികൂടുകയും ചെയ്തു. കൃഷ്ണപ്പണിക്കരായിരുന്നു പിടികൂടിയത്. പിന്നീടവിടെ ഒരു ദ്വന്ദ യുദ്ധമായിരുന്നു അരങ്ങേറിയത്. അതിനിടെ നേരത്തെ അവരുടെ ബന്ദിയായിരുന്ന കുഞ്ഞഹമ്മദ് കുട്ടിയെ അവര്‍ വധിച്ചു. അര മണിക്കൂര്‍ നീണ്ട യുദ്ധത്തിനിടയില്‍ ദൗത്യസംഘം ഹാജിയെയും പ്രധാന കൂട്ടാളികളെയും പിടിയിലൊതുക്കി. അവരെ അധികം വൈകാതെ മലയിറക്കി വണ്ടൂര്‍മഞ്ചേരി വഴി മലപ്പുറത്തേക്ക് കൊണ്ടൂപോയി. മലബാറിന്റെ സിംഹസുല്‍ത്വാന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെകാത്ത് അവിടെ ആഘോഷിക്കുവാന്‍ തയ്യാറായി ഇരിക്കുന്നുണ്ടായിരുന്നു കലക്ടര്‍ ആര്‍ ഗേലിയും ഡി എസ് പി ഹിച്ചകോക്കും ഡി വൈ എസ് പി ആമുവും പട്ടാളമേധാവി ഹംഫ്രിയുമെല്ലാം. അവിടെ പിന്നെ വലിയ വാക്ക് പോരായിരുന്നു നടത്തിയത്. തങ്ങളുടെ കൈകളില്‍ എത്തിയിട്ടും കുഞ്ഞഹമ്മദ് ഹാജിയുടെ ശൗര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്നത് അവരെ തെല്ലൊന്നുമല്ല അല്‍ഭുതപ്പെടുത്തിയത്.

1922 ജനുവരി 20ന് കുഞ്ഞഹമ്മദ് ഹാജിയുടെ കേസ് കോടതി വിചാരണക്കെടുത്തു. വിചാരണ ഏകപക്ഷീയമായിരുന്നു. പട്ടാള കമാന്റര്‍ കേണല്‍ ഹംഫ്രിയായിരുന്നു ന്യായാധിപന്‍. ഹംഫ്രിയുടെ ഓരോചോദ്യങ്ങള്‍ക്കും നല്ല ഇംഗ്ലീഷിലായിരുന്നു ഹാജിയുടെ ധീരമായ മറുപടികള്‍. വിസ്താരശേഷം കോടതിയോട് എന്തെങ്കിലും പറയുവാനുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഹാജിയാര്‍ പറഞ്ഞു:

'എനിക്കുള്ള ശിക്ഷ തൂക്കിക്കൊല്ലലാണോ വെടിവെച്ച്‌കൊല്ലലാണോ എന്നു പറഞ്ഞില്ല. രണ്ടായാലും എനിക്കു സന്തോഷമാണ്. കാരണം ഞാന്‍ എന്റെ സ്വന്തം മണ്ണിലാണല്ലോ മരിച്ചുവീഴുന്നത്. കൊല്ലുന്നതിനു മുമ്പായി എനിക്കു രണ്ടു റക്അത്ത് നിസ്‌കരിക്കുവാന്‍ അനുവാദം തരണം. കാരണം എന്റെ നാട്ടിനുവേണ്ടി പൊരുതുവാന്‍ എനിക്കു അവന്‍ തന്ന ഭാഗ്യത്തിനു എനിക്കു നന്ദി പറയേതുണ്ട്.'. നിസ്‌കരിക്കുവാനുള്ള അനുമതി നല്‍കുന്നതിനെ ഹിച്ച്‌കോക്ക് എതിര്‍ത്തു. പക്ഷെ, കോടതി അതിന് അനുവദിച്ചു എന്നാണ് ബ്രിട്ടീഷ് രേഖകള്‍. അങ്ങനെ അടുത്ത ദിവസം 22ാം തിയ്യതി കോട്ടക്കുന്നിന്റെ വടക്കേ ചരുവില്‍ (ഇപ്പോള്‍ വാരിയന്‍ കുന്നത്ത് ഹാള്‍ നില്‍ക്കുന്നസ്ഥലം) വെച്ച് അവര്‍ അദ്ദേഹത്തെ വെടിവെച്ച് കൊന്നു.

കൊല്ലുന്നതിനു മുമ്പ് അവസാന ആഗ്രഹം ചോദിച്ചപ്പോള്‍ കണ്ണുകെട്ടാതെ തന്നെ വധിക്കണമെന്നായിരുന്നു ആ ധീരദേശാഭിമാനി പറഞ്ഞത്. തന്റെ സ്വന്തം മണ്ണ് കണ്ടു മരിക്കുവാനുള്ള ആഗ്രഹമായിരുന്നു ആ ധീരദേശാഭിമാനിയുടെ മനസ്സുനിറയെ. തുടര്‍ന്ന് അവര്‍ ആ മയ്യിത്ത് പരസ്യമായി കത്തിച്ചുകളഞ്ഞു. അത്രക്കും വിരോധമുണ്ടായിരുന്നു അവര്‍ക്കദ്ദേഹത്തോട്. അവര്‍ പോയി. പക്ഷെ, അവരുടെ വികാരം ഇവിടെ പല കൂടാരങ്ങളിലും ഇപ്പോഴും അവശേഷിക്കുന്നുണ്ട്‌. ഈ ഹാലിളക്കങ്ങളൊക്കെ അതിന്റെ സൂചനയാണല്ലോ.

(അവലംബങ്ങള്‍: കേരള മുസ്‌ലിം ചരിത്രം, കേരള മുസ്‌ലിംകള്‍: അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം, മുസ്‌ലിം ഹെരിറ്റേജ്ഫൗേഷന്‍, മലബാറിലെ കര്‍ഷക ലഹളകള്‍, മലബാര്‍ കലാപം, വിവിധ ലേഖനങ്ങള്‍)

Labels:

Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget