ഇബ്ലീസിന്റെ നിരാകരണവും ആധ്യാത്മിക ലോകത്തെ ചര്‍ച്ചകളും


 | ജാസിം ഇരിങ്ങല്ലുര്‍ 

അനസുരണക്കേടുമൂലം ദൈവീക കോപത്തിന്  വിധേയമാക്കപ്പെട്ടവനാണ് അഭിശപ്തനും അദൃശ്യനുമായ ഇബ്ലീസ്.  ആദിമ മനുഷ്യനായ ആദം നബിക്ക് സാഷ്ടാംഗം ചെയ്യാന്‍ ദൈവം കല്‍പ്പിച്ചപ്പോള്‍, മാലാഖമാരുടെ ഗുരുവായിരുന്ന ഇബ്ലീസ് തള്ളിക്കളയുകയും മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട ആദമിനേക്കാള്‍ താനാണ് ശ്രേഷ്ഠനെന്ന് ധിക്കാരപൂര്‍വ്വം വാദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇബ്ലീസിന്റെ ഉന്നത പദവികള്‍ നഷ്ടമാവുന്നതും തന്റെ ആദ്യ നാമമായിരുന്ന 'അസാസീല്‍ ' എന്ന നാമം മാറി അങ്ങേയറ്റം നിരാശപ്പെട്ടവന്‍ എന്നര്‍ത്ഥമുള്ള ഇബ്ലീസ് എന്ന പേര് ലഭിക്കുകയും ചെയ്തത്.

ഖുര്‍ആനില്‍ ഇബ്ലീസ് ഒരു അമാനുഷിക ജീവിയാണ് . അല്ലാഹു ആദം നബിയെ സൃഷ്ടിച്ചതിനു തൊട്ടു പിന്നാലെയാണ്  ഇബ്ലീസിന്റെ അനുസരണക്കേടിന്റെ സന്തര്‍ഭം വരുന്നത്. പരിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം :

''നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം അവര്‍ പ്രണാമിച്ചു, ഇബ്ലീസ് ഒഴികെ. അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ '. (സൂറത്തുല്‍ ഇസ്‌റാഅ)
   
പരമ്പരാഗത ഇസ്ലാമിക വ്യഖ്യാനം ഇബ്ലീസിനെ നിന്ദിക്കപ്പെട്ടവനായും വഴിപിഴച്ചവനായും കാണുന്നു. എന്നാല്‍ സൂഫി പഠനങ്ങളില്‍ ചില ആത്മീയ ഗുരുക്കര്‍ ഇബ്ലീസിന്റെ സാഷ്ടാംഗ നിരാകരണത്തില്‍ ചര്‍ച്ചകള്‍ നടത്തിയതായി കാണാം. ബാഹ്യമായ രീതിയില്‍ അവരെ നാം വായിച്ചറിയുന്നതിന്റെ നേര്‍ വിപരീതമായിരിക്കും സൂഫിയാനാ ലോകത്തെ അത്യുന്നതിയിലെത്തിയ അവരുടെ ഉള്ളറകളും അവരില്‍ നിന്നുയരുന്ന വാചകങ്ങളുടെ ഉള്ളടക്കവും. ഇക്കാരണത്താല്‍ തന്നെ ഇസ്ലാമിക അധ്യാത്മിക രംഗത്ത് എറ്റവും ശ്രദ്ധ പിടിച്ച മേഖലയാണ് ശൈത്വാനിക വീക്ഷണങ്ങളിലെ ആത്മീയ ഗുരുക്കന്മാരുടെ ഇടപെടലുകള്‍.

ഇബ്ലീസ്  ജിന്നായിരുന്നോ അതോ മലക്കായിരുന്നോ എന്ന വിശയത്തില്‍ പണ്ഡിത ഭാഷ്യം വിഭിന്നമാണ് . പ്രപഞ്ചനാഥന്‍ ഇബ്ലീസിനോട് 'നീ എന്ത് കൊണ്ട് ആദം നബിയെ സാഷ്ടാംഗം ചെയ്തില്ല' എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: 'എന്നെ തീയില്‍ നിന്നും ആദമിനെ മണ്ണിനാലുമാണ് സൃഷ്ടിച്ചതെന്നതിനാല്‍ ഞാന്‍ ആദമിനേക്കാള്‍ ശ്രേഷ്ഠനാണ് '. മലക്കുകളെ സൃഷ്ടിച്ചത് പ്രകാശം കൊണ്ടാണെന്ന് ഹദീസ് പ്രണാമങ്ങളില്‍ വ്യക്തമാണ്. ആയതിനാല്‍ തന്നെ ഇബ്ലീസ് ജിന്നാണെന്നാണ് ഒരു കൂട്ടം പണ്ഡിതര്‍ സമര്‍ത്ഥിക്കുന്നത്.

എന്നാല്‍, മറ്റൊരു വിഭാഗത്തിന്റെ വാദം, ഇബ്ലീസ് മലക്കുകളില്‍ പെട്ടവനാണെന്നാണ്. കാരണം, പരിശുദ്ധ ഖുര്‍ആനില്‍ കാണാം:
'നാം മലക്കുകളോട് സുജൂദ് ചെയ്യാന്‍ ആജ്ഞാപിച്ചപ്പോള്‍ ഇബ്ലീസ് അല്ലാത്തവരെല്ലാം സുജൂദ് ചെയ്തു. അവന്‍ വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തു'.

പ്രസ്തുത ഖുര്‍ആനിക സൂക്തത്തില്‍ നിന്നും മനസ്സിലാകുന്നത് ഇബ്ലീസ് മലക്കുകളില്‍ പെട്ടവനാണെന്നാണ് മറുപക്ഷം. എന്നാല്‍, ബഹുഭൂരി ഭാഗം മുഫസ്സിറുകളും പണ്ഡിതന്മാരും ഇതിനെതിരെയാണ് . കാരണം, അല്ലാഹുവിന്റെ മാലഖമാര്‍ പാപമുക്തരാണ്. ആയതിനാല്‍ ,ഇബ്ലീസ് മലക്കായിരുന്നെങ്കില്‍ ദൈവത്തിന്റെ ആജ്ഞ അനുസരിക്കാതിരിക്കല്‍ അസാധ്യമാകുമായിരുന്നു.
   
സാഷ്ടാംഗ നിരാകരണ ചെയ്ത ഇബ്ലീസിനെ നിഷ്പക്ഷമായി അനുകൂലിക്കുന്നവരാണെന്ന തരത്തില്‍ മഹാനായ മന്‍സൂര്‍ അല്‍ ഹല്ലാജ് (റ), അഹമ്മദ് ഗസ്സാലി (റ) തുടങ്ങിയ പണ്ഡിതര്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബലഹീന മനസ്‌കൃതരായ നാം അവരെ വിലയെരുത്തെണ്ടത് ബാഹ്യ തലങ്ങള്‍ പരിശോധിച്ചിട്ടല്ലെന്ന് പ്രാഥമികമായി മനസ്സിലാക്കണം.

 ഗസ്സാലിയന്‍ ചിന്തകള്‍ പറയുന്നത്

ദൈവീക കല്‍പ്പനക്കു മുമ്പില്‍ പോലും തന്റെ ഏക ദൈവ വിശ്വാസത്തെ തിരസ്‌കരിക്കാന്‍ കഴിയില്ലെന്ന് സമര്‍ത്ഥിക്കുന്ന ഏറ്റവും വലിയ ഏകദൈവ വിശ്വാസിയായി ഇബ്ലീസിനെ അഹമ്മദ് ഗസ്സാലിയന്‍ ചിന്തകള്‍ അവതരിപ്പിക്കുന്നതായി കാണാം. ആന്‍മേരി ഷിമ്മേല്‍ തന്റെ 'മിസ്റ്റിക്കല്‍ ഡൈമന്‍ഷന്‍സ് ഓഫ് ഇസ്ലാം' എന്ന ഗ്രന്ഥത്തില്‍ മഹാനായ അഹമ്മദ് ഗസ്സാലി പറയുന്നതായി വിവരിക്കുന്നു : ' ഒരു ദൈവ സൃഷ്ടിക്കു മുന്നിലുള്ള സാഷ്ടാംഗ നിരാകരണം  ദൈവീക ഏകത്വത്തിന്മേലുള്ള ഇബ്ലീസിന്റെ ശുദ്ധമായ ഭക്തിയെയാണ് പ്രകടമാക്കുന്നത് '.

 മൗലാന ജലാലുദ്ദീന്‍ റൂമിയും അഹമ്മദ് ഗസ്സാലിയുടെ വീക്ഷണങ്ങളെ അനുകൂലിക്കുന്നവരായിരുന്നു. ഇബ്ലീസ് ഒറ്റക്കണ്ണനായിരുന്നതിനാല്‍ ആദം നബിയെ സുജൂദ് ചെയ്യാന്‍ വേണ്ടി അല്ലാഹു കല്‍പിച്ചപ്പോള്‍ തന്റെ ഒറ്റക്കണ്ണ് കൊണ്ട് പൊടിയില്‍ രൂപീകൃതമായ ഒരു രൂപത്തെ കണ്ടിട്ടുള്ളൂവെന്നും അതുകൊണ്ടാണ് ആദമിനേക്കാള്‍ ഉത്തമന്‍ തീയ്യിനാല്‍ സൃഷ്ടിക്കപ്പെട്ട താനാണെന്ന് ഇബ്ലീസ് വാദിച്ചതെന്നും റൂമി വൃക്തമാക്കുന്നു.

ഇബ്ലീസിന്റെ നിരാകരണത്തെ അനുകൂലിച്ച് പില്‍ക്കാലത്ത് ഒരു പാട് ആത്മീയ കവിതകള്‍ ഉണ്ടായതായി ചരിത്രത്തില്‍ കാണാം. അത്തരത്തിലുള്ള ഒന്നാണ് സനാഇയുടെ Lament of Satan എന്ന കവിത. പ്രസ്തുത വരികളിലൂടെ ദൈവത്തിന്റെ വഞ്ചനയെയാണ് കവി എടുത്തുകാട്ടുന്നത്. ഇബ്ലീസിനെ  ശിക്ഷിക്കാന്‍ ദൈവം ആദ്യമെ ഉദ്ദേശിക്കുകയും അതിനായി ആദം നബിയെ ഒരു ഹേതുവാക്കുകയും ചെയ്‌തെന്ന് വരികളിലൂടെ കവി പ്രകടമാക്കുന്നു.

 ഹല്ലാജിന്റെ വീക്ഷണങ്ങള്‍

ദൈവീക സ്‌നേഹം വൈരുദ്ധ്യങ്ങളിലേക്ക് എത്തിച്ചേരുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മന്‍സൂര്‍ അല്‍ ഹല്ലാജ്. നാഥനോടുള്ള അതിയായ പ്രേമം കാരണം ഭരണകൂടം തന്നെ ജയിലിലടച്ചപ്പോള്‍ രചിച്ച ഒരു ഗ്രന്ഥമാണ് കിതാബു തവാസ്സീന്‍. പ്രസ്തുത ഗ്രന്ഥത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇബ്ലീസിനെയും  ഒരേ രീതിയില്‍ സ്തുതിക്കുന്നതായി കാണാം. 'ദൈവം നല്ലവനാകുമ്പോള്‍ പിന്നെന്തിനാണ് ഒരു തിന്മ' എന്ന പക്ഷക്കാരനായിരുന്നു ഹല്ലാജ്.
   
സാഷ്ടാംഗം ചെയ്യാന്‍ കല്‍പ്പിക്കുന്നതിലൂടെ ദൈവം തന്റെ സ്‌നേഹം പരീക്ഷിക്കുന്നതായി ഇബ്ലീസ് കണ്ടെന്നും ഇക്കാരണത്താലാണ്  ഇബ്ലീസ് ആദം നബിയെ സുജൂദ് ചെയ്യാതിരുന്നതെന്ന് ഹല്ലാജ് തന്റെ കിതാബു തവാസ്സീനില്‍ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഇബ്ലീസിനെ നന്മയുടെ വക്താവായി ന്യായീകരിക്കല്‍ പാടില്ലാത്ത കാര്യമാണ്. ആധ്യാത്മിക പണ്ഡിതരുടെ ചിന്തകളുടെ ബാഹ്യതലത്തെ മാത്രം നാം  മുഖ്യമാക്കരുത്. അഹമ്മദ് ഗസ്സാലി (റ), ഹല്ലാജ് (റ) തുടങ്ങി ആത്മീയ ഗുരുക്കന്മാരുടെ വീക്ഷണങ്ങളുടെ നിഗൂഢാര്‍ത്ഥങ്ങളെ വേണ്ട വിധം ഗ്രഹിച്ചെടുക്കാന്‍ ഒരു സാധാരണക്കാരന് കഴിയില്ലെന്നത് വസ്തുനിഷ്ഠമാണ്.

 ഇബ്ലീസ് അല്ലാഹുവിനെ അനുസരിക്കാതിരുന്നെത് അവന്റെ അഹങ്കാരം കൊണ്ടാണെന്നത് മേലുദ്ധരിച്ച  സൂക്തത്തില്‍ നിന്നു തന്നെ സ്പഷ്ടമാണ്. പ്രസ്തുത സൂക്തത്തില്‍ പ്രയോഗിച്ച 'അബാ' എന്ന അറബി പദം സ്വയം ഇഷ്ടപ്രകാരമുള്ള നിഷേധത്തിനാണ് പ്രയോഗിക്കാറ്. രണ്ടാമതായി, 'ഇസ്തക്ബറാ' എന്നു പറയുമ്പോള്‍ അത് ചെയ്യാന്‍ സാധിക്കുമെന്നിരിക്കേ ചെയ്യലിനെ നിരാകരിക്കുമ്പോള്‍ പ്രയോഗിക്കുന്നതാണ്. ഇബ്ലീസ് ശപിക്കപ്പെട്ടവനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയ വസ്തുതയാണെന്ന് മറക്കരുത്.

സ്വര്‍ഗത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പിക്കപ്പെട്ടതിനു ശേഷവും അവന്‍ അഹങ്കരിച്ചിട്ടുണ്ടെന്ന് ഗസ്സാലി ഇമാം തന്റെ 'ഇഹ്യാഉല്‍ ഉലൂമില്‍' ഒരു സംഭവം ഉദ്ധരിച്ച് വിശദീകരിക്കുന്നുണ്ട്.
   
ദൈവ സമാഗമത്തിനുവേണ്ടി ത്വൂരിസീനാ പര്‍വ്വതം കയറാന്‍ ആരംഭിക്കുമ്പോള്‍ മൂസാനബിയുടെ മുന്നില്‍ ഇബ്ലീസ് പ്രത്യക്ഷപ്പെട്ടു: 'നബിയേ, അങ്ങ് അനുഗ്രഹിക്കപ്പെട്ടവരാണല്ലോ. ഞാന്‍ അല്ലാഹുവിന്റെ സൃഷ്ടി തന്നെയാണ്. ദോഷം ചെയ്തു പോയി. എന്റെ തൗബക്കുവേണ്ടി നിങ്ങള്‍ അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാമോ?' നബി സമ്മതമരുളി പര്‍വ്വത മുകളിലെത്തി. ദിവ്യ സമാഗമത്തിനു ശേഷം പര്‍വ്വതമിറങ്ങാന്‍ തുനിഞ്ഞപ്പോള്‍ അല്ലാഹു നബിയോട് ചോദിച്ചു: 'നബിയേ., നിങ്ങളെന്തെങ്കിലും പറയാന്‍ മറന്നിട്ടുണ്ടോ ?' അന്നേരം മൂസാനബി ഇബ്ലീസിന്റെ വിഷയം ഇലാഹിന്റെ മുന്നിലവതരിപ്പിച്ചു.

അല്ലാഹു പറഞ്ഞു: 'ശരി ഞാനവന്റെ പശ്ചാത്താപം സ്വീകരിക്കാം. പക്ഷേ, അവന്‍ ആദമിന്റെ (അ) ഖബറിങ്കല്‍ ചെന്ന് സാഷ്ടാംഗം ചെയ്യണം. 'മൂസാ നബി അല്ലാഹുവിന്റെ മറുപടി ഇബ്ലീസിനോട് പറഞ്ഞു. അവന്‍ പ്രതിവചിച്ചു; ആദമിന്റെ ജീവിതകാലത്ത് സുജൂദ് ചെയ്യാത്ത ഞാന്‍ അദ്ദേഹത്തിന്റെ ഖബറിന് സുജൂദ് ചെയ്യണമെന്നോ?. അവന്‍ രോഷാകുലനാവുകയും അഹങ്കാരം നടിക്കുകയും ചെയ്തു (ഇഹ്യാ ഉലൂമുദ്ധീന്‍)
     
ആത്മീയ ചിന്തകള്‍, മിസ്റ്റിക്കല്‍ സൈക്കോളജി തുടങ്ങിയ പൊതുവായ മാനദണ്ഡങ്ങളിലൂടെ മാത്രമേ അഹമദ് ഗസ്സാലി, ഹല്ലാജ് തുടങ്ങി അതീന്ദ്രീയ ജ്ഞാനമുള്ള പണ്ഡിതരുടെ പൈശാചിക സമീപനങ്ങളെ മനസ്സിലാക്കാവൂ. ഇസ്ലാമിന്റെ അടിസ്ഥാനര്‍ത്ഥങ്ങളില്‍ നിന്ന് വ്യതിചലിച്ച് പുതിയ രീതികള്‍  അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നതൊക്കെ കേവലം നിരര്‍ത്ഥകമായ  ജല്‍പനങ്ങള്‍ മാത്രമാണ്.
ഇതിനോട് കൂടെ ചേര്‍ത്തു വായിക്കേണ്ടത് ഇമാം നവവി(റ) യുടെ വാക്കുകളാണ് : 'ഇബ്‌നു അറബിയെ പോലൊത്ത മഹാന്മാരുടെ ഒരോ വാക്കും എഴുപത് രീതിയില്‍ വ്യഖ്യാനിച്ചാലെ മനസ്സിലാകൂ '.

ഭാഷാപരതയെയും, ഒരോ പ്രയോഗങ്ങളും നിലനില്‍ക്കുന്ന കോസ് മോളജിയേയും, തിയോളജിയേയും പരിഗണിക്കാതെയുള്ള പരിഭാഷയും വ്യാഖ്യാനങ്ങളും യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് അകലെയായിരിക്കും നമ്മെ എത്തിക്കുക.

Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget