| ഫായിസ് വി.കെ കൊടക്കാട് |
സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഒന്നായിരുന്നു തുർക്കിയിലെ ഹഗിയ സോഫിയയുടെ മ്യൂസിയം പദവി റദ്ദാക്കി കൊണ്ടുള്ള കോടതി വിധിയും തുടർന്ന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമായി പ്രഖ്യാപിച്ചതും. ഇത്തരമൊരു ചരിത്ര നടപടിയുടെ ഭാഗമായി തുർക്കിയും ഉർദുഗാനും വിവിധ രാജ്യങ്ങളുടെ വിമർശനങ്ങൾക്കും ലോകനേതാക്കളുടെ അതൃപ്തിക്കും വിധേയരായിയെന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
പുരാതന ക്രിസ്ത്യൻ കത്രീഡലായ ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കി മാറ്റിയതിൽ പ്രതിഷേധിച്ച്, ചരിത്രമറിയാതെ വിടുവായത്തം വിളമ്പുന്നവരും ഏറെയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്തും വിളിച്ചു പറയാമെന്ന ധൈര്യത്തിൽ ചില "മതേതരവാദികൾ" ഇതിനെ ബാബരി മസ്ജിദ് കേസിനോട് പോലും കൂട്ടിച്ചേർക്കുന്നുവെന്നത് ഏറെ അതിശയകരം തന്നെ.
ഹഗിയ സോഫിയയുടെയും തുർക്കിയുടെയും ചരിത്രം അറിയാതെ വെറും ഇസ്ലാമിക വിരോധത്തിൽ നിന്നുമുയരുന്ന വാദഗതികളായേ അത്തരക്കാരുടെ വിമർശനങ്ങളെ നമുക്ക് മനസ്സിലാക്കാനാവൂ. ഹഗിയ സോഫിയയുടെ ചരിത്രം മനസ്സിലാക്കണമെങ്കിൽ പ്രവാചകാഗമനത്തിന് മുമ്പ് തൊട്ടേ തുടങ്ങേണ്ടതുണ്ട്. ഹഗിയ സോഫിയയുടെ ഒരു വിശാലമായ ചരിത്രമാണ് ഈ എഴുത്തിലൂടെ അനാവരണം ചെയ്യുന്നത്...
ബൈസാന്റിയൻ സാമ്രാജ്യവും ഇസ്ലാമും
പ്രവാചകാഗമനത്തിനു മുമ്പേ നിലവിലുണ്ടായിരുന്ന സാമ്രാജ്യമായിരുന്നു ബൈസാന്റിയൻ സാമ്രാജ്യം. ബോസ്ഫറസ് തീരത്തെ ബൈസാന്റിയയായിരുന്നു ഇവരുടെ ഭരണസിരാകേന്ദ്രം. അക്കാലത്ത് പേർഷ്യയോട് സമാനമായ സാമ്രാജ്യം തന്നെയായിരുന്നു ബൈസാന്റിയൻ സാമ്രാജ്യവും. എ.ഡി 330-ൽ അക്കാലത്തെ ബൈസാന്റിയൻ സാമ്രാജ്യാധിപനായിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി ബോസ്ഫറസ് കടലിടുക്കിനോട് ചേർന്ന് ഒരു നഗരം സ്ഥാപിക്കുകയും സാമ്രാജ്യ തലസ്ഥാനം അങ്ങോട്ട് മാറ്റുകയും, തന്റെ സ്മരണ നിലനിർത്തുന്നതിനായി പ്രസ്തുത നഗരത്തിന് കോൺസ്റ്റാന്റിനോപ്പിൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
ഇസ്ലാമിന്റെ വ്യാപന കാലഘട്ടത്തിൽ ഹിർക്കൽ ആയിരുന്നു ബൈസാന്റിയൻ ചക്രവർത്തി. നബി(സ്വ) വിദൂര രാജ്യങ്ങളിലെ രാജാക്കന്മാർക്ക് ഇസ്ലാമിക സന്ദേശമറിയിച്ച് കത്തുകളയച്ച കൂട്ടത്തിൽ ഹിർക്കലിനും അയച്ചിരുന്നു. എന്നാൽ അയാളതിനെ അവഗണിക്കുകയും ഇസ്ലാമിനെതിരെ യുദ്ധ ഭീഷണി മുഴക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഹന്തഖ് യുദ്ധയവസരത്തിൽ പ്രവാചകൻ തന്റെ അനുചരരോട് ഇപ്രകാരം പറഞ്ഞു : ഉത്തമനായൊരു നേതാവിന്റെ കീഴിൽ മഹത്തായൊരു സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുക തന്നെ ചെയ്യും. ഇമാം അഹമ്മദ് (റ ) അടക്കമുള്ളവർ ഇത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
ഖലീഫ മുആവിയ(റ) യുടെ കാലത്താണ് (ഹിജ്റ 52, എ.ഡി 672) ആദ്യമായൊരു മുസ്ലിം സൈന്യം കോൺസ്റ്റാന്റിനോപ്പിൾ ലക്ഷ്യമാക്കി നീങ്ങുന്നത്. എന്നാൽ നിരാശയായിരുന്നു ഫലം. ദിനേനെ അംഗബലം കുറഞ്ഞു കൊണ്ടിരുന്ന മുസ്ലിം സൈന്യം വൈകാതെ തന്നെ തിരിച്ചു മടങ്ങേണ്ടി വന്നു. തുടർന്നു വന്ന അനവധി മുസ്ലീം ഭരണാധികാരികൾ കോൺസ്റ്റാന്റിനോപ്പിൾ ലക്ഷ്യമാക്കി പടയോട്ടം നടത്തിയിട്ടുണ്ട്. പക്ഷേ, അവർക്കാർക്കും കോൺസ്റ്റാന്റിനോപ്പിളിനു മേൽ ഭീതിയുടെ നിഴൽ പോലും വീഴ്ത്താനായില്ല.
ഹഗിയ സോഫിയ; ചരിത്രപഥങ്ങളിലൂടെ...
കോൺസ്റ്റാന്റിനോപ്പിൾ ഒട്ടോമൻ ആധിപത്യത്തിനു കീഴിൽ വരുന്നതിനു മുമ്പേ നിർമ്മിക്കപ്പെട്ടതാണ് പുരാതന ക്രിസ്ത്യൻ കത്രീഡലായിരുന്ന ഹഗിയ സോഫിയ. കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ് ഈ കെട്ടിടത്തിന്റെ ആദ്യ ശില്പി. എ.ഡി 360-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിലായിരുന്നു അതിന്റെ നിർമ്മാണം. എ.ഡി 440 ലുണ്ടായ കലാ പരമ്പരകളിൽ ഇതിന്റെ അധികഭാഗവും കത്തിനശിച്ചു.
തിയോഡോഷ്യസ് രണ്ടാമത്തെ നേതൃത്വത്തിൽ എ.ഡി 405 ഒക്ടോബർ 10 നാണ് തൽസ്ഥാനത്ത് രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. എ.ഡി 532-ൽ അതും നശിക്കപ്പെട്ടു. പിന്നീട് എ.ഡി 532 നും 537 നുമിടക്ക് ബൈസാന്റിയൻ സാമ്രാജ്യധിപനായിരുന്ന ജെസ്റ്റീനിയനാണ് ഇന്ന് നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്.
ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ഈ കെട്ടിടത്തിന്റെ ശില്പികൾ. ഗ്രീസ്,സിറിയ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വർണാഭമായ മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായി നിലനിന്നു.
ഓട്ടോമൻ ആധിപത്യവും
സുൽത്താൻ മുഹമ്മദുൽ ഫാത്തിഹും
ഉസ്മാനിയ്യ ഖിലാഫത്തിലെ ഏഴാമത്തെ ഭരണാധികാരിയായിരുന്നു സുൽത്താൻ മുഹമ്മദ് ബ്നു മുറാദ് (എ.ഡി 1451-1498). ഇരുപത്തിരണ്ടാം വയസ്സിൽ അധികാരത്തിലെത്തിയ അദ്ദേഹം തുടർന്നുള്ള മൂന്ന് പതിറ്റാണ്ട് കാലം ഭരണം നടത്തി. ആത്മീയമായി വളരെ ഔന്നിത്യം നേടിയ അദ്ദേഹം വളരെ മാതൃകാ യോഗ്യമായ പ്രവർത്തനങ്ങളാണ് തന്റെ ഭരണ കാലത്ത് ചെയ്തു തീർത്തത്. ഒട്ടേറെ മഹത്തായ ഭരണ നേട്ടങ്ങളും പരിഷ്ക്കാരങ്ങളും അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്.
ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രവും ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഉരുക്കു കോട്ടയമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മഹത്തരമായ ഭരണനേട്ടം. അന്നുവരെ ഇസ്ലാമിന് അപ്രാപ്യ മേഖലയായിരുന്ന ബൈസാന്റിയൻ സാമ്രാജ്യത്തെ അദ്ദേഹം കീഴടക്കി. ഈ അതുല്യ വിജയമാണ് സുൽത്താൻ മുഹമ്മദിന് അൽ ഫാത്തിഹ് (ജയിച്ചടക്കിയവൻ) എന്ന പേരിൽ ചരിത്ര പ്രസിദ്ധി നേടിക്കൊടുത്തത്.
കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കണമെന്നത് സുൽത്താൻ മുഹമ്മദിന്റെ ബാല്യം തൊട്ടേയുള്ള ആഗ്രഹമായിരുന്നു. തന്റെ ഗുരുനാഥനായ ശൈഖ് ഹഖ് ശംസുദ്ധീന്റെ (ഹിജ്‌റ 792-863) നിരന്തര പ്രേരണയാണ് അദ്ദേഹത്തിൽ ഇത്തരമൊരാഗ്രഹത്തിന് വഴിവെച്ചത്. "ഉത്തമനായൊരു നേതാവിന്റെ കീഴിലുള്ള മഹത്തായൊരു സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുമെന്ന പ്രവാചക പ്രവചനത്തിലെ ഉത്തമനായ നേതാവ് നീയാണ്. അത് നിനക്കു മാത്രമേ സാധിക്കുകയുള്ളൂ" എന്ന ഗുരുവിന്റെ വാക്കുകൾ സുൽത്താൻ മുഹമ്മദിന്റെ മനസ്സിൽ ആവേശം ഇരട്ടിയാക്കി.
പക്ഷേ, അക്കാലത്ത് ഉസ്മാനിയ ഭരണകൂടത്തിലെ സൈനിക ബലം വളരെ ശുഷ്കമായിരുന്നു. ഭരണത്തിലെത്തിയ ഉടനെ സുൽത്താൻ മുഹമ്മദ് ശ്രദ്ധ ചെലുത്തിയത് സൈനികരെ പുന:സംഘടിപ്പിക്കുന്നതിലും ആയുധ ശേഷി വർദ്ധിപ്പിക്കുന്നതിലുമായിരുന്നു. ആദ്യമായി രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് സൈന്യത്തിൽ പുതുതായി നിയമനം നൽകി. അവർക്ക് തീവ്ര പരിശീലനവും ഏർപ്പെടുത്തി.
പിന്നീട് ബോസ്ഫറസ് കടലിടുക്കിൽ യൂറോപ്പിനോട് ചേർന്ന് നിൽക്കുന്ന പ്രദേശത്ത് വലിയൊരു കോട്ട പണിതു. കോൺസ്റ്റാന്റിനോപ്പിളിനെ സഹായിക്കാനെത്തുന്ന യൂറോപ്യൻ ശക്തികളെ തുരത്തിയോടിക്കുക എന്നതായിരുന്നു ഈ കോട്ടയുടെ ലക്ഷ്യം. കൂടാതെ കോൺസ്റ്റാന്റിനോപ്പിളിനെ നേരിടാനായി അത്യുഗ്രൻ സംഹാര ശേഷിയുള്ള വെടിക്കോപ്പുകളും പീരങ്കികളും നിർമ്മിച്ചു. കടലിലൂടെയുള്ള പോരാട്ടത്തിനായി ഒരു നാവികസേനയെയും നാനൂറിലധികം പടക്കപ്പലുകളും നിർമ്മിച്ചു.
ഇത്തരത്തിൽ സർവ സന്നാഹങ്ങളുമൊരുക്കിയ ശേഷം മാത്രമാണ് സുൽത്താൻ യുദ്ധത്തിനായി പുറപ്പെടുന്നത്. എ.ഡി 1453 ഏപ്രിൽ 6 വ്യാഴാഴ്ച സൈനികരെയെല്ലാം ഒരുമിച്ചു കൂട്ടി സുൽത്താൻ ഒരു പ്രഭാഷണം നടത്തി. പ്രസ്തുത പ്രഭാഷണത്തിൽ ശത്രുക്കളോട് ചെയ്യുന്ന ധർമ്മ സമരത്തിന്റെ മഹത്വങ്ങളും, രക്തസാക്ഷികൾക്ക് ലഭിക്കുന്ന പാരത്രിക നേട്ടങ്ങളുമെല്ലാം പ്രതിപാദിച്ചു. തുടർന്ന് പ്രവാചക പ്രവചനവും അദ്ദേഹം തന്റെ സൈനികരെ ഓർമിപ്പിച്ചു. സുൽത്താന്റെ പ്രഭാഷണം ശ്രവിച്ച് ആവേശഭരിതരായ മുസ്ലിം സൈന്യം എന്തിനും സന്നദ്ധരായി.
അങ്ങനെയാണ് മുസ്ലിം സൈന്യം യുദ്ധമാരംഭിക്കുന്നത്. ബൈസാന്റിയൻ സാമ്രാജ്യത്തെ ദിവസങ്ങളോളം ഉപരോധിച്ചിട്ടും അവർക്കെതിരെ ഒന്നും ചെയ്യാൻ മുസ്ലിം സൈന്യത്തിനായില്ല. കാരണം, കപ്പലുകൾക്ക് പ്രവേശിക്കാനാവാത്ത വിധം ബലവത്തായ ചങ്ങലകൾ കൊണ്ട് നഗരത്തിലേക്കുള്ള മുഴുവൻ കവാടങ്ങളും അവർ അടച്ചു വെച്ചിരുന്നു. അങ്ങനെ കപ്പൽ മാർഗം കോൺസ്റ്റാന്റിനോപ്പിളിലേക്കുള്ള വഴി ഇല്ലാതായി. നാവികപ്പടയില്ലാതെ യുദ്ധവും അസാധ്യമാണ്.
ഈയവസരത്തിൽ സൈനിക കമാൻഡർമാർ തിരിച്ചു മടങ്ങാൻ സുൽത്താനെ നിർബന്ധിച്ചു. എന്നാൽ സുൽത്താൻ അതിന് ഒരുക്കമായിരുന്നില്ല. ദിവസങ്ങൾ നീണ്ട ആഴത്തിലുള്ള ചിന്തകൾക്ക് ശേഷം സുൽത്താൻ ഒരു മാർഗ്ഗം കണ്ടെത്തി. കപ്പലുകൾ കരയിലൂടെ കൊണ്ടുപോയി ഖർനു ദഹബിൽ നങ്കൂരമിടാമെന്ന വിചിത്ര തീരുമാനത്തിൽ സുൽത്താൻ എത്തിച്ചേർന്നു. മൂന്നു മൈൽ അകലെയുള്ള ഖർനു ദഹബിലേക്ക് കരമാർഗ്ഗം കപ്പലോട്ടാനും സുൽത്താൻ വഴി കണ്ടെത്തി.
മുസ്ലിം സൈന്യത്തിന്റെ താൽക്കാലികമായ പിൻമാറ്റം കോട്ടയ്ക്കുള്ളിലെ ശത്രുക്കളിൽ ഉത്സവ ലഹരി നിറച്ചു. അവർ ആ രാത്രി മദ്യപിച്ച് മതിമറന്ന് ആഘോഷിച്ചു ബോധരഹിതരായി കിടന്നുറങ്ങി. അതേ രാത്രിയിൽ സുൽത്താൻ മുഹമ്മദിന്റെ സൈന്യം കരയിലൂടെ കപ്പലോട്ടുക എന്ന മഹാത്ഭുതം സൃഷ്ടിച്ചു. ഖർനു ദഹബിലേക്കുള്ള കല്ലും മുള്ളും നിറഞ്ഞ ദുർഘടമായ പാത അവർ നിരപ്പാക്കിയെടുത്തു. പിന്നീട് ആ പാതയിൽ മരത്തടികളും പലകകളും നിരത്തി. തുടർന്ന്, ആ മരത്തടികളിൽ മൃഗങ്ങളുടെ നെയ്യും കൊഴുപ്പുമെല്ലാം പുരട്ടി മിനുസപ്പെടുത്തി. മിനുസമാക്കപ്പെട്ട ആ മരത്തടികളുടെ മുകളിലൂടെ കപ്പലുകൾ ഉന്തിയും വലിച്ചുമെല്ലാം അവർ ഖർനു ദഹബ് തീരത്തെത്തിച്ചു.
ബൈസാന്റിയൻ സൈന്യം സമുദ്രത്തിൽ വിരിച്ച ചങ്ങലകൾക്ക് ഒരു ഇളക്കവും തട്ടാതെ സുൽത്താൻ മുഹമ്മദിന്റെ സൈന്യം എ.ഡി 1453 മെയ് 29 ന് കോൺസ്റ്റാന്റിനോപ്പിൾ തീരത്ത് നങ്കൂരമിട്ടു. വളരെ സുരക്ഷിത ബോധത്തോടെ ഉറങ്ങിയ ശത്രു സൈന്യം മുസ്ലിം സൈന്യത്തെ കണ്ട് ഞെട്ടിവിറച്ചു. അവർ പ്രതിരോധിക്കാൻ പോലും മുതിർന്നില്ല. 24 വയസ്സുകാരനായ ആ മുസ്ലിം യുവാവിന് മുന്നിൽ കോൺസ്റ്റാന്റിനോപ്പിൾ മഹാനഗരം കീഴടങ്ങി.
ഭയപ്പാടിൽ സമനില തെറ്റി ചിതറിയോടിയ നഗരവാസികൾക്കെല്ലാം സുൽത്താൻ നിരുപാധികം മാപ്പു നൽകി. അവരെ ആക്രമിക്കാനോ പ്രതികാരം ചെയ്യാനോ സുൽത്താൻ മുതിർന്നില്ല. ഇത്തരത്തിലുള്ള യുദ്ധ മുറയിലൂടെയാണ് സുൽത്താൻ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത്. അങ്ങനെയാണ് കോൺസ്റ്റാന്റിനോപ്പിളിൽ അഥവാ ആധുനിക തുർക്കിയിൽ ഓട്ടോമൻ ആധിപത്യം നിലവിൽ വരുന്നത്.
ഹഗിയ സോഫിയ വിലക്കു വാങ്ങുന്നു...
1453-ൽ സുൽത്താൻ മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെയാണ് തുർക്കിയിൽ ഓട്ടോമൻ ആധിപത്യത്തിന് തുടക്കം കുറിക്കുന്നത്. സുൽത്താൻ മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ക്രിസ്ത്യാനികളിൽ നിന്നും വിലകൊടുത്തു വാങ്ങി മസ്ജിദായി വഖഫ് ചെയ്ത കെട്ടിടമാണ് ഹഗിയ സോഫിയ എന്ന് വിവിധ ചരിത്ര രേഖകളിൽ നിന്ന് മനസ്സിലാക്കാം. ആ ചരിത്ര രേഖകൾ ശരി വെച്ച് കൊണ്ട് തന്നെയാണ് 2020 ജൂലൈയിൽ തുർക്കി കോടതി ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കാൻ അനുവാദം നൽകിയത്.
കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന്റെ മൂന്നാം ദിവസം സുൽത്താൻ മുഹമ്മദ് ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ പത്രിയാർക്കീസ് ഗ്രേനേഡിയസ് സ്‌കൊളാരിയസ് ബാവയുടെ സന്നിധിയിൽ അനുരഞ്ജന ചർച്ച നടത്തിയത് ചരിത്രത്തിൽ വ്യക്തമാണ്. പരിശുദ്ധ പിതാവിന്റെ സ്ഥാനമാനങ്ങളും സഭയുടെ പ്രവർത്തന സ്വാതന്ത്ര്യവും ഉറപ്പുനൽകിയ സുൽത്താൻ ആരെയും ബലം പ്രയോഗിച്ച് മതപരിവർത്തനം നടത്താൻ അനുവദിക്കില്ലെന്നും ഉറപ്പുനൽകി. പകരമായി ഹഗിയ സോഫിയയുടെ ഉടമസ്ഥാവകാശം സുൽത്താന് നൽകണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം, പള്ളിയുടെ ഒരു ഭാഗം ക്രൈസ്തവർക്കും ബാക്കിയുള്ളത് മുസ്ലീങ്ങൾക്കും നൽകിയതായി കരാറുണ്ടാക്കി. സുൽത്താൻ മുഹമ്മദിന്റെ മരണം വരെ അങ്ങനെ ഒരേ പള്ളിയിൽ തന്നെ നമസ്കാരവും കുർബാനയും നടന്നു ( Christians and Jews in the Ottoman empire, by Braude and Benjamin - page-69-70).
എ.ഡി 1600-ൽ മാത്രമാണ് ഹഗിയ സോഫിയയുടെ എതിർഭാഗത്ത് (ഗോൾഡൺ ഹോൺ പ്രദേശം) ഫെനീയറിൽ ഓർത്തഡോക്സ് സഭ പുതിയ ആസ്ഥാന ദേവാലയം നിർമ്മിച്ച് ഭരണ പ്രവർത്തനം അവിടേക്ക് മാറ്റിയത്. അതുവരെ അവരുടെ ആസ്ഥാനം ഹഗിയ സോഫിയ തന്നെയായിരുന്നു. സുൽത്താൻ മുഹമ്മദോ പിൻഗാമികളോ ഒരു വിധത്തിലും അവരെ തടസ്സപ്പെടുത്തിയിട്ടില്ല. ഓർത്തഡോക്സ് സഭ പുതിയ പള്ളി പണിതപ്പോൾ ഹഗിയ സോഫിയ പൂർണ്ണമായ മസ്ജിദാക്കി മാറ്റി. അതാണ് ചരിത്രം.
എന്തുകൊണ്ട് ഹഗിയ സോഫിയ ?
മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾ പള്ളി യാക്കുന്നത് മുസ്ലീങ്ങളുടെ സംസ്കാരമല്ല. പ്രത്യേകിച്ച് തുർക്കികൾ അത് തീരെ ചെയ്യുകയുമില്ല. അതിപുരാതനമായ അനേകം ക്രിസ്ത്യൻ ദേവാലയങ്ങൾ തുർക്കിയിൽ ഇന്നും നില നിൽക്കുന്നുണ്ട്. ചുരുക്കത്തിൽ അന്യമതസ്ഥരുടെ ദേവാലയങ്ങൾ ബലം പ്രയോഗിച്ച് നേടിയെടുക്കാൻ മുസ്ലീങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ല.
കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ ശേഷം സുൽത്താൻ മുഹമ്മദ് പള്ളിയായി പരിവർത്തിപ്പിച്ച ഏക ക്രിസ്ത്യൻ ദേവാലയമാണ് ഹഗിയ സോഫിയ. അതും അക്കാലത്തെ ഓർത്തഡോക്സ് സഭാധ്യക്ഷൻ പാത്രിയർക്കീസ് ബാവയുമായുള്ള അനുരഞ്ജന ചർച്ചക്ക് ശേഷം ഓട്ടോമൻ തുർക്കിയിൽ സഭക്ക് സമ്പൂർണ്ണ മതസ്വാതന്ത്ര്യം അനുവദിച്ച ശേഷം ഹഗിയ സോഫിയ വിലകൊടുത്തുവാങ്ങി പള്ളിയായി വഖഫ് ചെയ്തതായി ചരിത്രത്തിൽ വ്യക്തമായി കാണാം.
പക്ഷേ, അതിന് മതപരമായ കാരണങ്ങൾക്കപ്പുറം രാഷ്ട്രീയപരമായ കാരണങ്ങളാണുണ്ടായിരുന്നത്. ഹഗിയ സോഫിയ കേവലം ഒരു ക്രിസ്ത്യൻ ദേവാലയം മാത്രമായിരുന്നില്ല. റോമാ സാമ്രാജ്യത്തിന്റെ ചിഹ്നം തന്നെയായിരുന്നു. റോമൻ ചക്രവർത്തിമാർ തങ്ങളുടെ മതപരവും രാഷ്ട്രീയപരവുമായ രാജ്യ ശാസനകൾ പുറപ്പെടുവിച്ചത് ഹഗിയ സോഫിയയിൽ നിന്നുമായിരുന്നു. ഓർത്തഡോക്സ് സഭയുടെ ആഗോള ആസ്ഥാനമെന്ന നിലയിൽ യേശുവിന്റെ തിരുനോട്ടം ലഭിക്കുന്ന ദേവാലയമാണ് ഹഗിയ സോഫിയ എന്ന വിശ്വാസം യൂറോപ്പിലാകെ പ്രസ്തുത ദേവാലയത്തിനൊരു വിശുദ്ധ പരിവേഷം നൽകി. അതിന്റെ സേവകരായ തങ്ങളെ ഒരു ശക്തിക്കും അതിജയിക്കാനാവില്ലെന്ന അന്ധമായ വിശ്വാസം കോൺസ്റ്റാന്റിനോപ്പിളിലെ ക്രിസ്ത്യാനികൾക്കിടയിലുണ്ടായിരുന്നു.
യൂറോപ്പിനു മേൽ ആധിപത്യം നേടണമെങ്കിൽ മുസ്ലീങ്ങളെ കൂടുതൽ മാനസികമായി ശക്തരാക്കണമെന്ന ബോധ്യമുള്ള സുൽത്താൻ ഹഗിയ സോഫിയയെ ക്രിസ്ത്യാനികളിൽ നിന്ന് തന്റെ സ്വകാര്യ സ്വത്തായി വാങ്ങുകയായിരുന്നു. മുസ്ലീങ്ങൾക്കു മേൽ എത്രയോ കുരിശുയുദ്ധങ്ങൾ പ്രഖ്യാപിക്കപ്പെട്ട അതിന്റെ അങ്കണത്തിൽ നിന്ന് ബാങ്ക് വിളിയുയരുന്നത് ഒരുതരം ഐഡിയോളജി കൽ വിജയമാണ്. യൂറോപ്പിനു മേൽ ആധിപത്യം ഉറപ്പിക്കാൻ സുൽത്താൻ മുഹമ്മദിന് അത് അനിവാര്യമായിരുന്നു.
കമാൽ പാഷയും റിപ്പബ്ലിക്കൻ തുർക്കിയും
തുർക്കിയിലെ ഓട്ടോമൻ ആധിപത്യ കാലത്ത് ഹഗിയ സോഫിയ ഇസ്ലാമിന്റെ ഏറ്റവും പ്രൗഢിയുള്ള ചിഹ്നങ്ങളിലൊന്നായി മാറി. മുസ്ലീങ്ങൾ അഞ്ചു നൂറ്റാണ്ടു കാലത്തോളം അതിൽ നമസ്കരിച്ചു. എന്നാൽ ഒന്നാം ലോക മഹാ യുദ്ധത്തോടെ തുർക്കിയുടെ രാഷ്ട്രീയ ചരിത്രം മാറിമറിഞ്ഞു. സുൽത്താനേറ്റ് റിപ്പബ്ലിക്കിനു വഴിമാറി. അതോടെ, തുർക്കിയുടെ ഇസ്ലാമിക ശോഭ തന്നെ അണയാൻ തുടങ്ങി. എന്തിനേറെ, ഇസ്ലാമിന് വേണ്ടി പടപൊരുതിയ സുൽത്താൻമാർ നമസ്കരിച്ച പള്ളിയിൽ അറബി ഭാഷയിൽ ബാങ്ക് വിളിക്കാൻ അനുമതി നൽകിയതിന്റെ പേരിൽ പ്രധാനമന്ത്രി അദ്നാൻ മെൻദിരിസിനെ തൂക്കിലേറ്റുക വരെ ചെയ്തു.
1929 മുതൽ ഹഗിയ സോഫിയയിൽ നിസ്കാരം നിരോധിച്ചു. 1935-ൽ മുസ്തഫ കമാൽ പാഷ അത്താതുർക്ക് ഹഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളുണ്ടായെങ്കിലും തുർക്കികൾ അക്കാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോൾ ഹഗിയ സോഫിയയുടേത് അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. അങ്ങനെയാണ് അത്താതുർക്ക് ഹഗിയ സോഫിയ മ്യൂസിയമാക്കി മാറ്റുന്നത്. ഹഗിയ സോഫിയയുടെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോ അവരുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2020 ജൂലൈ ; ഉർദുഗാന്റെ ചരിത്ര നടപടി
ഒട്ടോമൻ ആധിപത്യത്തിന് ശേഷം തുർക്കിയിൽ നിലവിൽവന്ന റിപ്പബ്ലിക് ആധിപത്യം രാജ്യത്തെ മുസ്ലിം സംസ്കാരത്തെയും പാരമ്പര്യത്തെയും നാമാവശേഷമാക്കാനാണ് ശ്രമിച്ചത്. മുസ്തഫ കമാൽ അത്താതുർക്കും പിൻഗാമികളും അത്തരത്തിലുള്ള ഭരണമാണ് തുർക്കിയിൽ നടത്തിയത്. എന്നാൽ പിന്നീട് തുർക്കികൾക്കിടയിൽ ഇസ്ലാമികത വീണ്ടും ഉയർന്നു തുടങ്ങി. അത്താ തുർക്ക് തുർക്കികളോട് ചെയ്ത ഏറ്റവും വലിയ വഞ്ചന.
ഹഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയതാണെന്നവർ തിരിച്ചറിയാൻ തുടങ്ങി. അങ്ങനെയാണ് ഹഗിയ സോഫിയക്ക് വേണ്ടിയുള്ള മുറവിളികൾ തുർക്കിയിൽ ഉയർന്നു തുടങ്ങിയത്.
2019-ൽ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ അതിന് അനുകൂല സൂചനകൾ നൽകി. ഒടുവിൽ 2020 ജൂലൈയിൽ തുർക്കി കോടതി ഹഗിയ സോഫിയയുടെ വഖഫ് രേഖകൾ ശരിവെച്ച് അതിന്റെ മ്യൂസിയം പദവി റദ്ദാക്കുകയും മുസ്ലിം ആരാധനാലയമാക്കി മാറ്റാൻ അനുമതി നൽകുകയും ചെയ്തു. തുടർന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ പള്ളി തുറക്കാൻ തീരുമാനിക്കുകയും പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ അതിനെ പിന്തുണക്കുകയും ചെയ്തു. അങ്ങനെ 85 വർഷത്തിനുശേഷം ബാങ്ക് വിളിച്ച് ഔദ്യോഗികമായി ഹഗിയ സോഫിയ തുറന്നു.
തുർക്കിയുടെ ഈ ചരിത്ര നീക്കത്തിൽ യൂറോപ്യൻ യൂണിയനും അമേരിക്കയും ഗ്രീസുമൊക്കെ കടുത്ത പ്രതിഷേധമാണ് അറിയിച്ചിട്ടുള്ളത്. ആഗോളതലത്തിൽ തുർക്കിയെയും അതിന്റെ മതേതര മുഖത്തെയും ഹഗിയ സോഫിയ വലിയ രീതിയിൽ സ്വാധീനിക്കുമെന്നതിൽ തെല്ലും സംശയിക്കേണ്ടതില്ല..