കൊറോണയും നീറുന്ന പ്രവാസിയും



 ശമീര്‍ കെ.എസ് കാഞ്ഞിരപ്പുഴ 

അയാളുടെ വീണ് പിടക്കലിന് മരണത്തിന്റെ സകല ഭാവവുമുണ്ടായിരുന്നു. അത്രയും നേരം ഞങ്ങളുടെ സഹയാത്രികനായിരുന്നിട്ട് കൂടി നിസ്സഹായതയോടെ ആ പിടച്ചില്‍ നോക്കി നില്‍ക്കാനെ അവിടെ കൂടിയ ഞങ്ങള്‍ക്കൊക്കെ കഴിയുമായിരുന്നുള്ളൂ ! പടര്‍ന്നു പിടിച്ച മഹാവ്യാധിയെക്കുറിച്ചുള്ള ഭയാശങ്കകള്‍ അത്ര മേല്‍ ഞങ്ങളെ ഗ്രസിച്ചിരുന്നു എന്നതാണ് സത്യം. ഒടുക്കം  കനത്ത സുരക്ഷാ  കവചങ്ങളണിഞ്ഞ വിമാനത്താവളത്തില്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍മാരായിരുന്നു വീണു കിടന്ന് പിടഞ്ഞ ആ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റിയത്.  ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണയെന്ന മഹാമാരി കാരണമായി വിദേശത്തേക്കുള്ള  യാത്രാവിമാനങ്ങളെല്ലാം റദ്ദു ചെയ്യുന്നതിന്റെ തൊട്ടു മുന്‍പത്തെ ദിവസം ഗള്‍ഫിലെ എയര്‍പോര്‍ട്ടില്‍  വിമാനമിറങ്ങിയ  സുഹൃത്തിന്റെ മേല്‍ വിവരിച്ച അനുഭവം ഒരേ സമയം സ്വദേശി എന്നോ വിദേശിയെന്നോ  വേര്‍തിരിവില്ലാതെ മനുഷ്യ സമൂഹം ഒന്നടങ്കം  അനുഭവിക്കുന്ന വേദനയെ അടയാളപ്പെടുത്തുന്നുണ്ട്. പ്രിയപ്പെട്ടവര്‍ക്കായി മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന  പ്രവാസികള്‍ക്കിത് പ്രിയപ്പെട്ടവരുടെ  സുരക്ഷയെ പറ്റിയുള്ള ആധിയിലും തങ്ങളുടെ നിലനില്‍പ്പിന്റെ അനിശ്ചിതത്തിലുമായി മുറിവിനു മേല്‍ മുളകരക്കപ്പെട്ട നീറുന്ന വേദന കൂടിയാണ്  സമ്മാനിക്കുന്നത്.

പകര്‍ച്ചവ്യാധികളുടെ പതിവ് രൂപത്തില്‍ നിന്നും വ്യത്യസ്തമായി ലോകം മുഴുക്കെ  രാക്ഷസതാണ്ഡവമാടുന്ന ഒന്നായി കൊറോണ മാറിയത് അതീവ ദ്രുതഗതിയിലായിരുന്നു. വ്യാപനം തടയുന്നതില്‍ ചൈന കാട്ടിയ നിസംഗത അതിന് ആക്കം കൂട്ടുകയും ചെയ്തു.   ഭൂമി ലോകത്തെ നിശ്ചലനാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നതിലായിരുന്നു അത് കലാശിച്ചത്. ഈ  നിശ്ചലാവസ്ഥ കാരണമായി  കരകയറല്‍ ദുഷ്‌കരമായ സാമ്പത്തിക മാന്ദ്യത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു.  സാമ്പത്തിക മാന്ദ്യത്തിന്റെ അനന്തര ഫലമായുണ്ടാകാനിരിക്കുന്ന തൊഴിലില്ലായ്മയാണ് പ്രധാനമായും  പ്രവാസികളുടെ ഉറക്കം കെടുത്തുന്നത്. ആഗോളാടിസ്ഥാനത്തില്‍ രണ്ടരക്കോടിയിലേറെ ആളുകള്‍ക്ക് കൊറോണ കാരണമായി  തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ്  ഐക്യരാഷ്രസഭ കണക്കുകൂട്ടുന്നത്. ഗള്‍ഫില്‍ മാത്രം 17 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന യുനൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റ് ഏഷ്യ (ഇ. എസ്. സി. ഡബ്ല്യൂ. എ ) യുടെ കണക്കുകള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോഴേ പ്രവാസിയുടെ നെഞ്ചിടിപ്പ് കൂടാനുള്ള  കാരണം നമുക്ക്  സുവ്യക്തമാവൂ. കേരളക്കരയുടെ സാമ്പത്തിക സുഭദ്രതയ്ക്കു പിന്നിലെ പ്രധാന ചാലകശക്തികളില്‍ ഒന്നായ  പ്രവാസികള്‍ക്കേല്‍ക്കുന്ന ചെറിയ ഒരു തിരിച്ചടി പോലും, അവരെ ഒരുവിധത്തിലല്ലങ്കില്‍ മറ്റൊരു വിധത്തിലാശ്രയിക്കുന്ന  മലയാളികളെ പിറകോട്ടടിക്കാന്‍ പര്യപ്തമാണെന്നു നാം തിരിച്ചച്ചറിയുമ്പോഴാണ് പ്രവാസികളുടെ  വര്‍ധിത നെഞ്ചിടിപ്പിന്റെ  താളം നമ്മളുടേത് കൂടിയാകുന്നത്.

എണ്ണവിലയിലെ ഇടിവും,  ടൂറിസം  മേഖലയിലെയിലേയും കച്ചവട മേഖലയിലെയിലെയും വരുമാന നഷ്ടങ്ങളും  കാരണമായി കൂപ്പുകുത്തലിന്റെ വക്കിലെത്തി നില്‍ക്കുന്ന അറബ് ദേശങ്ങളില്‍ കടല്‍ കടന്നെത്തിയ തൊഴിലാളികളുടെ  നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഓരോ വര്‍ഷവും വര്‍ദ്ധിത വീര്യത്തോടെ  കൂടുതല്‍ മേഖലകളിലേക്ക് വ്യപിപ്പിച്ചു കൊണ്ടിരിക്കുന്ന സ്വാദേശിവല്‍ക്കരണം കൂടിയാകുമ്പോ പ്രവാസികളുടെ മനക്കോട്ടകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയാണ്. ഏതെങ്കിലും വിധത്തില്‍ വിദേശത്ത് തന്നെ പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മേല്‍ അവസാനത്തെ ആണിയും അടിച്ചു കയറ്റുന്നതായിരുന്നു കോറോണയുടെ വരവ്. ഇടി തട്ടിയവനെ പാമ്പ് കടിച്ച പ്രതീതിയായിരുന്നു അത് അറബ് ദേശങ്ങളില്‍ ഉളവാക്കിയത്. വിദേശത്ത് നിന്ന് ലീവിന് വന്നതും അവിടെ താമസിക്കുന്നതുമായ പ്രാവാസികളുടെയുമെല്ലാം വിധിയെ അനിശ്ചിതത്വത്തിന്റെ തുലാസിലേക്ക്  എടുത്തെറിയാനും കൂടി ഇത് സഹായിക്കുകയുണ്ടായി.

നീറുന്ന നോവുമായി ജീവിതകാലം മുഴുവന്‍  തള്ളിനീക്കുന്ന പ്രവാസികളുടെ ഇപ്പോഴത്തെ  പ്രധാനമായുള്ള ആധി നാട്ടിലുള്ള ഉറ്റവരേയും  ഉടയവരേയും  കുറിച്ചാണ്. പിറന്ന നാട്ടിലെ സകലമാന സുഖ സൗകര്യങ്ങളും ത്യജിച്ച് അന്യ നാട്ടില്‍ വിയര്‍പ്പൊഴുക്കി  ജീവിതോപായം കണ്ടെത്തുന്ന പ്രവാസികള്‍ക്ക് തളരാതെ മുന്നോട്ട് പോകുവാനുള്ള ശക്തി  നല്‍കുന്നത് സുരക്ഷിതമായി തന്റെ കുടുംബം  നാട്ടില്‍  കഴിയുന്നുണ്ടെന്ന ബോധമാണ്. ആ ബോധത്തെയാണ് കോറോണയെന്ന മഹാമാരി നിഷ്‌ക്കരുണം വെല്ലുവിളിച്ചിരിക്കുന്നത്.ലോകമൊട്ടാകെ പടര്‍ന്നു പിടിച്ച വൈറസ് ഒടുക്കം പ്രിയപ്പെട്ടവരധിവസിക്കുന്ന ഭൂമികയിലും എത്തിയെന്നറിയുമ്പോള്‍ അകലങ്ങളിലിരുന്ന് കണ്ണീര്‍ പൊഴിക്കാന്‍  മാത്രമേ അവര്‍ക്കും നമുക്കും കഴിയുന്നുള്ളു. ഒന്ന് ഓടിയെത്താന്‍ പോലും കഴിയാതെ വിദൂരങ്ങളിലായ അവരുടെ നെഞ്ചിലെ തീ നമുക്കൂഹിക്കാവുന്നതേയൊള്ളു. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തില്‍ അഹന്തത നടിച്ച മനുഷ്യന്‍ യഥാര്‍ഥ്യത്തില്‍ എത്ര മാത്രം നിസ്സഹായനാണെന്ന് കൂടി പ്രിയപ്പെട്ടവരിലേക്ക് എത്തി ചേരാന്‍ കഴിയാത്ത സമകാലിക സാഹചര്യം നമ്മെ പഠിപ്പിക്കുന്നുണ്ട്.

കൊറോണ പടരുന്ന വേഗത്തില്‍, ഒരു പക്ഷെ അതിനേക്കാള്‍ വേഗത്തില്‍ പടരുന്ന ഫേക്ക് ന്യൂസുകള്‍ പ്രവാസികളുടെ ഉറ്റവരെ കുറിച്ചുള്ള ഭയാശങ്കകള്‍ ഇരട്ടിപ്പിക്കുന്നുണ്ടെന്നാതാണ് സത്യം.നേരം പോക്കിനായി -അല്ലാതെയും -പടച്ചു വിടുന്ന വ്യാജ വാര്‍ത്തകള്‍ എന്തു മാത്രം പൊല്ലാപ്പുകളാണ് സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാന്‍ പറ്റുന്ന ഒരുപാട് അനുഭവങ്ങള്‍ നമുക്ക് മുന്‍പില്‍ തന്നെയുണ്ട്. തമാശക്ക് പോലും കളവ് പറയരുതെന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ ) അനുയായികളും വ്യാജ വാര്‍ത്ത നിര്‍മാണത്തില്‍ ഒട്ടും പിറകിലല്ല.ചിലര്‍ക്കത് കേവലം വിനോദം മാത്രമാണ്. സുഹൃത്തുകളെ കുറച്ചു നേരത്തേക്കെങ്കിലും മുള്‍മുനയില്‍ നിര്‍ത്താനുള്ള വിനോദം മാത്രം. പക്ഷെ സോഷ്യല്‍ മീഡിയയുടെ അതിപ്രസരണം കാരണമായി ആ വ്യാജ വാര്‍ത്തകള്‍ക്ക്  കിട്ടുന്ന പ്രചരണം  ഊഹിക്കാവുന്നതിലും എത്രയോ അപ്പുറത്താകും. ഇത്തരം വാര്‍ത്തകള്‍ പ്രധാനമായും  തീ തീറ്റിക്കുന്നത് പ്രവാസികളെയാണ്. നാട്ടില്‍ ബന്ധപ്പെട്ട് നിജസ്ഥിതി അറിയുമ്പോഴേക്കും ഭയപ്പെടലിന്റെ സകലമാന അനുഭവങ്ങളും അവര്‍ അനുഭവിച്ചു തീര്‍ന്നിട്ടുണ്ടാകുകയും ചെയ്യും. കൊറോണ കാലത്തും  ഈ ദുഷ്പ്രവണതക്ക്  മാറ്റമൊന്നുമുണ്ടായില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീണു കിട്ടിയ ഒഴിവുസമയങ്ങളില്‍ വ്യാജ വാര്‍ത്തകളുടെ ഉപജ്ഞാതാക്കള്‍ നിര്‍ലോഭം വിഹരിക്കുകയായിരുന്നു എന്നു വേണം പറയാന്‍. വസ്തുതകളറിയാതെ ഇത്തരം വാര്‍ത്തകള്‍ വീണ്ടും വീണ്ടും പ്രചരിപ്പിക്കുന്നതിലൂടെ അകലങ്ങളിരിക്കുന്ന പ്രവാസികളുടെ ഹൃദയങ്ങളിലേക്ക് ഭീതിയുടെ കനലാണ് നാം കോരിയിടുന്നതെന്ന്  ഇനിയെങ്കിലും വിസ്മരിച്ചു കൂടാ.

നോവിന്റെ നിലയില്ലാ കയത്തിലേക്ക് പ്രവാസികളെ തള്ളി വിടുന്ന മറ്റൊന്നാണ് യുക്തിരഹിതമായ  അപവാദ പ്രചരണം.കൊറോണ പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇത്തരം അപവാദ പ്രചാരണങ്ങള്‍ അതിന്റെ മുര്‍ദ്ധന്യത്തിലായിരുന്നു.  കോവിഡിന്റെ  പ്രചാരകര്‍ പ്രവാസികള്‍ മാത്രമാണെന്ന  നിലയിലായിരുന്നു വാര്‍ത്തകള്‍ വന്നത്. അതിലൂടെ വൈറസിന്റെ വ്യാപനം തടയുന്നതില്‍ പാളിച്ചകള്‍ വന്ന ഗവണ്മെന്റിനും, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ലാഭക്കണ്ണോടെ വൈറസിന്റെ ഉത്ഭവകേന്ദ്രമായ ചൈനയോട് ഇടപാടുകള്‍ നടത്തിയ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും വൈറസ് വ്യാപനത്തിലെ തങ്ങളുടെ പങ്കിനെ തൊട്ട് സൂത്രത്തില്‍ കൈകഴുകാനായി.  വിരലില്ലെണ്ണാവുന്ന ചില പ്രവാസികളുടെ  അനാസ്ഥയാണ് യാഥാര്‍ഥ്യത്തില്‍  പ്രവാസികള്‍ ഒന്നടങ്കം ക്രൂശിക്കപ്പെടാനിടയാക്കിയത്.  വിദേശത്തു നിന്നു വന്ന ചില പ്രവാസികള്‍  സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാതെ കറങ്ങി നടന്നത് ഈ പ്രചാരണത്തിന് മാറ്റ് കൂട്ടുകയും ചെയ്തു. പ്രവാസികളെ ഒന്നടങ്കം വിമര്‍ശിക്കപ്പെടുന്ന സ്ഥിതിവിശേഷണമാണ് അതിലൂടെ ആസന്നമായത്.  പ്രവാസികള്‍ അത് വരെ നാടിന് ചെയ്ത ഗുണങ്ങളെ സൗകര്യപൂര്‍വം വിസ്മരിക്കാന്‍  മലയാളികള്‍ക്ക് മത്സരിക്കുന്ന കാഴ്ചയായിരുന്നു അതേ തുടര്‍ന്ന്  ചുറ്റിലുമുണ്ടായിരുന്നത്. ആരുടെ നന്മക്ക് വേണ്ടിയാണോ ജീവിതം ഉഴിഞ്ഞു വെച്ചത് അവരില്‍ നിന്നു തന്നെ ഇത്തരത്തില്‍ പ്രതികൂലമായ പ്രതികരണമുണ്ടാകുമ്പോ പ്രവാസികളുടെ കണ്ണ് കലങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളു !

പ്രവാസി കുടുംബങ്ങളുടെ നിറപ്പകിട്ടുള്ള സ്വപ്നങ്ങള്‍ക്ക് മേല്‍ കരിവാരി തേക്കുന്ന ഒന്നായിട്ട് കൂടി കൊറോണ കാലം മാറുന്നുണ്ട്. ദീര്‍ഘ നാളുകള്‍ക്ക് ശേഷം മദ്ധ്യവേനലവധിക്ക് നാട്ടില്‍ വരാന്‍ ഉദ്ദേശിച്ചവരും, കുടുംബത്തെ ഗള്‍ഫിലേക്ക് കൊണ്ടു പോകാന്‍  കൊതിച്ച പ്രവാസികളുമെല്ലാം  കോറോണയുടെ പശ്ചാതലത്തില്‍ യാത്രകള്‍  നീട്ടി വെക്കുകയാണുണ്ടായത്. സാധാരണയില്‍ സ്‌കൂളുകള്‍ അടക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍  പ്രവാസി കുടുംബങ്ങളുടെ ഒരൊഴുക്ക് തന്നെ ഗള്‍ഫ് നാടുകളിലേക്ക് ഉണ്ടാകാറുണ്ട്. പലര്‍ക്കും അത് കുടുംബത്തോടൊത്ത് ചേരാനുള്ള അസുലഭ നിമിഷങ്ങളാണ്. ഏറെ നാളത്തെ കാത്തിരിപ്പും അതിന് പിന്നിലുണ്ടാകും. അവര്‍ നെയ്തു വെച്ച സ്വപ്നങ്ങള്‍ക്കും കണക്കുണ്ടാവില്ല. വ്യോമഗതാഗതങ്ങള്‍ നിര്‍ത്തി വെച്ചതോടെ മോഹഭംഗത്തിന്റെ കയ്പ്പുനീരിറക്കി കാത്തിരിക്കാന്‍ വിധിക്കപ്പെടുകയാണ് പ്രവാസികള്‍. വിമാന സര്‍വീസുകള്‍ പൂര്‍ണമായും അവസാനിപ്പിച്ചതോടെ പ്രിയപ്പെട്ടവരുടെ മരണം പോലോത്ത അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോലും വീടണയാന്‍ കഴിയാത്ത സാഹചര്യവുമാണ് സംജാതമായിട്ടുള്ളത്.

തൊഴില്‍ രഹിതരായി മടങ്ങി വരുന്ന പ്രവാസികളെ   സഹായിക്കുന്നതിനാവശ്യമായ പദ്ധതികള്‍ യഥാവിധം ആവിഷ്‌ക്കരിക്കാത്തതും, നടപ്പിലാക്കാനുദ്ദേശിച്ചവ ചുവപ്പ് നാടയില്‍ കുടുങ്ങി ഫയലുകളില്‍ വിശ്രമിക്കുന്നതും പ്രവാസികള്‍ നേരിടുന്ന അവഗണനയുടെ നേര്‍ സാക്ഷ്യങ്ങളാണ്. യൂസ് ആന്‍ഡ് ത്രോ എന്ന ആശയമാണ് പലപ്പോഴും പ്രവാസികളുടെ കാര്യത്തില്‍ ഗവണ്മെന്റും,  ആശ്രിതരും  കൈകൊള്ളുന്നത്. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ചാരിറ്റിക്കുമൊക്കെയായി പ്രവാസികള്‍ക്ക് മുന്‍പില്‍ ഓച്ചാനിച്ച് നില്‍ക്കുന്നവര്‍ തന്നെ അവരുടെ അതിജീവനം വെല്ലുവിളി നിറഞ്ഞതാകുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക്  നേരെ മുഖം തിരിക്കുന്നതായ ദുസഹ്യമായ അവസ്ഥയാണ് നിലവിലുള്ളത്. സ്വാദേശിവല്‍ക്കരണം കാരണമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുതിയൊരു സംരഭം തുടങ്ങാനുള്ള നൂലാമാലകള്‍ ഏറെയാണെന്ന്  അനുഭവസ്ഥരുടെ വാക്കുകള്‍ അടിവരയിടുമ്പോള്‍ എത്ര മാത്രം അസ്വീകാര്യതയാണ് അവര്‍ നേരിടുന്നതെന്ന് തിരിച്ചറിയാനാവും. അത് പോലെ തന്നെ  പ്രവാസം അവസാനിപ്പിച്ച് വരുന്നവരുടെ കൂട്ടത്തില്‍ ലോകോത്തര കമ്പനികളില്‍ ദീര്‍ഘ നാളത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ ഒട്ടേറെയാണ്. അതിനെ വേണ്ടം വിധം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ പോകുന്നത് അവരെ അവഗണിക്കുന്നതിന് തുല്യമാണ്. ലോക നിലവാരത്തിലേക്ക് ഉയരാനുള്ള അവസരമാണ് ഇതിലൂടെ സര്‍ക്കാരുകള്‍  കളഞ്ഞു കുളിക്കുന്നത്.

നിലവിലെ പ്രതിസന്ധി ഘട്ടം തരണം ചെയ്യലും അത്ര എളുപ്പമാവില്ല പ്രവാസികള്‍ക്ക്. മറ്റേവരെയും പോലെ ഭയത്തിന്റെ മേലാപ്പണിഞ്ഞ്  മുറികളില്‍ അടച്ചിരിക്കാനെ അവര്‍ക്കും കഴിയൂ.വിദേശത്ത് സ്വന്തമായി  സംരംഭങ്ങള്‍ തുടങ്ങിയവരെയാണ്  നിലവിലെ സാഹചര്യം കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത്.   നിയന്ത്രണ കാലഘട്ടത്തിന് ശേഷം ഒന്നില്‍ നിന്ന് തുടങ്ങേണ്ട സാഹചര്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. പൂര്‍വ്വ സ്ഥിതി പ്രാപിക്കുന്നതിന് നല്ലൊരു തുക തന്നെ ഇവര്‍ക്ക് ചിലവഴിക്കേണ്ടി വരും. അതില്ലാത്ത പക്ഷം  അവയ്ക്ക് താഴിട്ടു പൂട്ടുകയേ നിര്‍വാഹമുള്ളൂ. അതോടെ ഇവരുടെയും  ഇവരെ ആശ്രയിച്ചിരുന്നവരുടെയും വിധി തുലാസിലാവുകയും ചെയ്യും.

ഇനിയങ്ങോട്ട്  ഭരണകൂടങ്ങള്‍ കൈകൊള്ളുന്ന പ്രായോഗിക നടപടികള്‍ മാത്രമേ  പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെ കരസ്പര്‍ശമാകു. അന്യനാടുകളില്‍ നിന്ന് വരുന്നവരെ ആതിഥേയത്വ മര്യാദ കൊണ്ട് വിസ്മയിപ്പിച്ച അറബികള്‍ പതിവ് രീതികള്‍ തുടരുന്നത് ആശ്വാസം പകര്‍ന്നേകുന്നുണ്ട്. ഇതിനുദാഹാരണമാണ് അബുദാബിയില്‍ ഈ വര്‍ഷാവസാനം വരെ റോഡ്  ടോള്‍ പിന്‍വലിച്ചതും,  126 ബില്യണ്‍ ദിര്‍ഹമിന്റെ സാമ്പത്തിക പദ്ധതി  പ്രഖ്യാപിച്ചതുമൊക്കെ. ഭരണകൂടങ്ങള്‍ പുറപ്പെടുവിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചു കൊണ്ടാവണം ഇതിന് പ്രവാസികള്‍ പ്രത്യുപകാരം ചെയ്യേണ്ടത്. അല്ലാത്ത പക്ഷം ദീര്‍ഘ നാളത്തേക്ക്  അവിടങ്ങളിലേക്ക് പോകാന്‍ കഴിയാതായി തീരും. നാട്ടില്‍ വന്ന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കിലുള്ള സ്ഥിതിയും ഇതില്‍ നിന്ന് ഏറെ ഭിന്നമാവില്ല.  ഓരോ വ്യക്തിയും സ്വന്തമായി മുന്‍കരുതലെടുക്കുന്നതിലൂടെ  മാത്രമേ ഈ മഹാമാരിക്ക് തടയിടാനാവു. അതല്ല സുരക്ഷാ മുന്‍കരുതലുകള്‍ കാറ്റില്‍ പറത്താനാണ് ഭാവമെങ്കില്‍ പ്രവാസികളടക്കമുള്ള തൊഴിലാളി സമൂഹത്തിന്റെ കാര്യം  കൂടുതല്‍ കഷ്ടത്തിലാവും.

പ്രതിസന്ധിയിലായ പ്രവാസികളെ സംരക്ഷിക്കുന്നതിനായി സത്വര നടപടികള്‍ കേരള സര്‍ക്കാരും കൈകൊള്ളേണ്ടിയിരിക്കുന്നു. മടങ്ങി വരുന്ന പ്രവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടിട്ടുള്ളതാവണം ഇത്. പദ്ധതി പ്രഖ്യാപനങ്ങള്‍ ഒരിക്കലും  പ്രഹസനങ്ങളായി മാറരുത്. നിരാശയുടെ പടുകുഴിയിലേക്ക്  പ്രവാസികളെ എടുത്തെറിയാനെ അതുപകരിക്കു.മടങ്ങി വരുന്ന പരിചയ സമ്പന്നരായ തൊഴിലാളികളെ  ഉപയോഗപ്പെടുത്തി ലോക നിലവാരത്തിലേക്ക് പ്രാദേശിക പദ്ധതികളെ എളുപ്പം മാറ്റാവുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ  നൂലാമാലകള്‍ ഒഴിവാക്കി കൊടുക്കുകയും,  ധനസഹായങ്ങള്‍ ഏര്‍പ്പാട് ചെയ്തു കൊടുക്കുകയും  ചെയ്യന്നതിലൂടെ ഒരേ സമയം വികസനത്തിന്റെ പാതയിലൂടെ മുന്നേറാനും ജനക്ഷേമം ഉറപ്പു വരുത്താനും  സര്‍ക്കാരിന്  കഴിയും.നിലവിലെ സാഹചര്യത്തെ,  ചോദിച്ചു വരുന്നവര്‍ക്ക് കയ്യയച്ച് സഹായം ചെയ്ത പ്രവാസികളോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരവസരമായി കണ്ടു കൊണ്ട് അവരെ നാം ചേര്‍ത്തുപിടിക്കേണ്ടിയിരിക്കുന്നു.

   
എല്ലാത്തിലുമുപരി  മനുഷ്യകുലത്തിന്റെ  ഭാവി തന്നെ  ചോദ്യ ചിഹ്നമായി നില്‍ക്കുന്ന നിലവിലെ പരിതസ്ഥിതിയില്‍  സൃഷ്ടാവിലേക്ക് മടങ്ങലാണ് ഏക പരിഹാരം. സത്യത്തില്‍ പരീക്ഷണ കാലഘട്ടമെന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിലേക്ക് അടുക്കുവാനുള്ള  അവസരമാണ്.കുടുംബത്തെ കുറിച്ചുള്ള ആധിയിലും, തൊഴിലിനെ കുറിച്ചുള്ള ആശങ്കയിലുമായിട്ട് കഴിയുന്ന പ്രവാസികളും   നാഥനിലേക്ക്  മടങ്ങുവാനുള്ള ഒരു അവസരമായി ഈ കാലഘട്ടത്തെ വിനിയോഗിക്കുകയാണ് വേണ്ടത്.  ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തിയതും  അതാണ്.

' കുറച്ചൊക്കെ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു:ഞങ്ങള്‍ അല്ലാഹുവിന്റേതാണ് ;അവനിലേക്ക് തന്നെ തിരിച്ചു ചെല്ലേണ്ടവരാണ്'(2:156).അഥവാ ഈ പരീക്ഷണങ്ങളെല്ലാം സൃഷ്ടാവിലേക്കുള്ള മടങ്ങി പോകലിനെ കുറിച്ച് ഒരു ഉണര്‍ത്തലാണ്. പരീക്ഷണ കാലത്തും ദുര്‍വൃത്തികളില്‍ മുഴുകുന്നവന്‍ കടുത്ത അപരാധിയാണെന്ന് മറക്കാതിരിക്കുക. വിദേശത്തായാലും സ്വാദേശത്തായാലും പാപങ്ങളില്‍ നിന്ന് അകന്ന് നിറകണ്ണുകളിലൂടെ അല്ലാഹുവിലേക്ക് മടങ്ങാന്‍ നാം തയ്യാറാവാണം. അപ്പോള്‍ മാത്രമേ നീറുന്ന നോവുകള്‍ക്കൊരു പരിഹാരമാവുകയൊള്ളു.

Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget