വാരിയം കുന്നന്‍: ചരിത്രവും വസ്തുതയും



തമീം കമാലി കൊടുങ്ങല്ലൂര്‍ 

സിനിമാക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്രവും നിഷേധസ്വരങ്ങളും ഒരിക്കല്‍കൂടി മോളിവുഡില്‍ ചര്‍ച്ചയായിരിക്കുന്നു. ഇത്തവണ ചര്‍ച്ച മലബാറിന്റെ വീരനായകന്‍ വാരിയം കുന്നത്തിനെ ചൊല്ലിയാണ്. എന്നാല്‍ ഒരു സിനിമകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നതിലുപരി മലബാറിലെ മാപ്പിളമാര്‍ക്ക് ഹാജ്ജിയെ കുറിച്ചോര്‍ക്കാനും സ്മരിക്കാനും കാരണങ്ങള്‍ ഏറെയുണ്ട്. അത്രയേറെ ഒരു തലമുറക്ക് ആര്‍ജ്ജവം പകര്‍ന്ന പോരാട്ട വീര്യങ്ങളുള്‍ക്കൊള്ളുന്നതായിരുന്നു ആ ജീവിതം.

ജനനം വിദ്യാഭ്യാസം

മലബാറിലെ രണ്ടാം മക്ക എന്നറിയപ്പെടുന്ന ഏറനാട്ടിലെ കേളികേട്ട നെല്ലിക്കുത്ത് ദേശത്ത് മരക്കച്ചവടക്കാരന്‍  ചക്കിപ്പറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെയും തൂവ്വൂര്‍ പറവട്ടില്‍ കുഞ്ഞായിഷയുടെയും മകനായി 1873-ലാണ്  വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ഭൂജാതനാകുന്നത്.

ഏറെ സാമ്പത്തികഭദ്രതയുള്ള കുടുംബമായിരുന്നു ഹാജിയുടെത്. വള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്‌കൂളില്‍ നിന്ന് ഭൗതിക വിദ്യാഭ്യാസവും പ്രസിദ്ധനായ ആലി മുസ്ലിയാരുടെ സഹോദരന്‍ മമ്മദ് കുട്ടി മുസ്ലിയാരുടെ അടുക്കല്‍ നിന്ന് മതപഠനവും നടത്തിയ കുഞ്ഞഹമ്മദ് ഹാജി മലയാളം, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഒരു ബഹുഭാഷാ പണ്ഡിതന്‍ കൂടിയായിരുന്നു.

പോരാട്ട വീര്യത്തിന്റെ താവഴി

ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങളില്‍ മുന്നണി പോരാളി ആയിരുന്നു ഹാജിയുടെ പിതാവ്. ധീരനായ തന്റെ  പിതാവില്‍ നിന്ന് തന്നെയായിരുന്നു  ബ്രിട്ടീഷ് വിരുദ്ധവികാരം ഹാജിയിലും പകര്‍ന്നുകിട്ടിയത്. 1893 ല്‍ മണ്ണാര്‍ക്കാടു വെച്ച്  ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പോരാട്ടത്തില്‍ പങ്കെടുത്തതിനെതുടര്‍ന്ന് ഹാജിയുടെ പിതാവിനെ അന്തമാനിലേക്ക് നാടുകടത്തിയിരുന്നു. മാത്രമല്ല അന്ന് പിതാവിന്റെ പേരിലുള്ള  200 ഓളം ഏക്കര്‍ വരുന്ന ഭൂമിയും മറ്റുസ്വത്തുവകകളും കണ്ടു കെട്ടുകയും ചെയ്തിരുന്നു. അതെ തുടര്‍ന്ന് പിന്നീടുള്ള കാലം ഉമ്മയുടെ വീട്ടില്‍ ആയിരുന്നു ഹാജിയുടെ താമസം.

ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് വേരറുക്കാന്‍ വന്ന ചേക്കുട്ടിമാരുടെ കടയ്ക്കലില്‍ കത്തിവെക്കാനും, ക്രൂദ്ധനായ സായിപ്പിന്റെ കുടിലതകള്‍ക്ക് അറുതിവരുത്താനുമൊക്കെ മലബാറിലെ ആ മാപ്പിള യോദ്ധാവിന് വീര്യം പകര്‍ന്നുകിട്ടിയത്. 1896-ല്‍ മഞ്ചേരിയില്‍ വെച്ചുനടന്ന ലഹളയില്‍ തന്റെ പിതാവിനൊപ്പം പങ്കെടുത്ത ഹാജിയെയും പിതാവിനെയും മക്കയിലേക്ക് നാടുകടത്തിയെങ്കിലും 1914-ല്‍ മലബാറിലേക്ക് തന്നെ അദ്ദേഹം തിരിച്ചു വന്നിരുന്നു.
     
മലബാറിലെ പോരാട്ടത്തിന്റെ നേതൃത്വം ഹാജിയില്‍ എത്തിയതോടെയാണ് പോരാട്ടം കുറെയേറെ  വിപുലവും സംഘടിതവുമാകുന്നത്. അന്ന് അദ്ദേഹം  താമസിച്ചിരുന്ന നെടിയിരുപ്പ് പ്രദേശങ്ങളിലും മൊറയൂരിലും നടന്ന പോരാട്ടങ്ങളില്‍  ഹാജിയുടെ കൂടെ ഭാര്യ മാളു ഹജ്ജുമ്മയും പങ്കെടുത്തിരുന്നുവെന്ന്  ചരിത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ സായുധമായി പോരാടിയ വനിതയായിരുന്നു അവര്‍.

മലബാര്‍ പോരാട്ടം ഹാജിയുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്ന്  ബ്രിട്ടീഷ് സൈന്യം ഗൂര്‍ഖ, എം.എസ്.പി തുടങ്ങിയ റജിമെന്റുകളെ കൂടി നിയോഗിക്കുകയുണ്ടായി. അന്ന് ബ്രിട്ടീഷ് രാജ്യത്തിന്    സമാന്തരമായി 'മലയാളരാജ്യം' സ്ഥാപിച്ച് അവരെ ചെറുത്തത് നില്‍ക്കാന്‍ കിഴക്കന്‍ ഏറനാട്ടിലെ ജനങ്ങള്‍ക്ക് വീര്യം കിട്ടിയത് ഹാജിയുടെ നേതൃത്വത്തില്‍ നിന്നായിരുന്നു. ഇന്ത്യയില്‍ മലബാറിനു മാത്രം സ്വാതന്ത്യം നല്‍കിയാലോ എന്ന് ബ്രിട്ടീഷ് ആസ്ഥാനത്ത് ചര്‍ച്ചകള്‍ വരെ നടന്നുവെങ്കിലും ആ പോരാട്ടങ്ങളുടെ വീര്യം എത്രമാത്രമുണ്ടായിരുന്നുവെന്ന് ഊഹിക്കാവുന്നതേയൊള്ളു.

പന്തല്ലൂര്‍, പാണ്ടിക്കാട് കാളികാവ്, നിലമ്പൂര്‍, കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ കുഞ്ഞഹമ്മദ് ഹാജിയും തിരൂരങ്ങാടി, മലപ്പുറം, പൂക്കോട്ടൂര്‍, തിരൂര്‍, താനൂര്‍, കൊണ്ടോട്ടി തുടങ്ങിയ മേഖലകളില്‍ ആലി മുസ്ലിയാരുമായിരുന്നു പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. കിഴക്കന്‍ ഏറനാട്ടിലെ നൂറോളം പോരാട്ടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് വലിയ നഷ്ടങ്ങളായിരുന്നു നേരിടേണ്ടി വന്നത്. 1921 ലെ സൗത്ത് മലബാര്‍ പോലീസ് സൂപ്രണ്ടായിരുന്ന റോബര്‍ട്ട് ഹിച്ച്‌കോക്ക്  പറയുന്നു: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ യൂറോപ്പിനെ ശക്തിയായി ചെറുത്തിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തരായിരുന്നില്ല മലബാറിലെ മുസ്ലിംകളും.

ഏറനാട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടന്ന ചെറുത്ത് നില്‍പുകള്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണമായിരുന്നു''. മലബാറില്‍ ബ്രിട്ടീഷ് മേധാവികള്‍ നേരിട്ട ചെറുത്തുനില്‍പ്പുകളെ  നേരിടാന്‍ നിരവധി സൈനിക ഓഫീസര്‍മാരെയും പ്രത്യേകം നിയമങ്ങളും സ്‌പെഷ്യല്‍ കോര്‍ട്ടുകളും രൂപപ്പെടുത്തുകവരെയുണ്ടായി. കൊണ്ടോട്ടി തങ്ങന്മാരുടെ നേതൃത്വത്തിലുള്ള മാപ്പിള പട്ടാളത്തെ ബ്രിട്ടീഷുകാര്‍ പല സന്ദര്‍ങ്ങളിലും ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം മലബാറില്‍ വേണ്ടത്ര വിജയം കണ്ടില്ല എന്ന് തന്നെ വേണം പറയാന്‍.

ആഴത്തിലുള്ള സാമൂഹിക ബന്ധവും മാപ്പിളമാരും ഹിന്ദുക്കളും തമ്മിലുള്ള മൈത്രിയും ബ്രിട്ടന് വലിയ വെല്ലുവിളിയായി നിന്നത്. ഒടുവില്‍ മലബാര്‍ കലാപത്തെ ഹിന്ദുമുസ്ലിം സംഘര്‍ഷമാക്കിമാറ്റാമുള്ള ശ്രമങ്ങള്‍ നടന്നു. മലബാറിനു പുറത്തുള്ളവരില്‍ ഈ സമരത്തെക്കുറിച്ച് മുന്‍വിധികള്‍ ഉണ്ടാക്കാന്‍ ലഘുലേഖകള്‍ വരെ ബ്രിട്ടീഷുകാര്‍  അടിച്ചിറക്കിയിരുന്നു.

ഹിന്ദു-മുസ്ലിം  മൈത്രി ധാരാളമുള്ള ഒരു പോരാട്ടത്തെ ഹിന്ദു-മുസ്ലിം സംഘര്‍ഷമാക്കി മാറ്റി ഇന്ത്യന്‍ ദേശീയ സമരത്തില്‍ നിന്ന്  ലഭിക്കാവുന്ന ആശയപരവും സാമ്പത്തികവും മറ്റുമായ സഹായങ്ങള്‍ ഇല്ലാതാക്കാന്‍ ഇതിലൂടെ ബ്രീട്ടീഷുകാര്‍ക്ക് സാധിച്ചു എന്ന് തന്നെ വേണം പറയാന്‍.  അവര്‍ അന്ന് വിതരണം ചെയ്ത ലഘുലേഖകള്‍ തന്നെയാണ് ഇന്നും ദേശീയ ചരിത്രമെഴുത്തിന് മലബാറിനെ അടയാളപ്പെടുത്തുന്ന മുഖ്യ അവലംബവും.

മലബാര്‍ എഴുത്തുകാര്‍ മദ്രാസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ദ ഹിന്ദു പത്രത്തില്‍ നുണപ്രചാരണം നടത്തിയപ്പോള്‍, സത്യാവസ്ഥകളെ വിശദീകരിച്ചുകൊണ്ട് കുഞ്ഞമ്മദ് ഹാജി സ്ഥിരം ലേഖനങ്ങള്‍ അയച്ചിരുന്നു. അങ്ങനെ കുഞ്ഞഹമ്മദ് ഹാജിയുടെ ലേഖനങ്ങള്‍ വായിക്കാനിടയായ മൗലാന ഷൗക്കത്തലി മലബാറിലെ ഖിലാഫത്ത് പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

മുഹമ്മദീയരുടെ അമീറും, ഹൈന്ദവരുടെ നേതാവും ഒക്കെയായിരുന്നു കുഞ്ഞമ്മദ് ഹാജി എന്ന് അന്നത്തെ ഡെപ്യൂട്ടി കളക്ടര്‍ ഗോപാലന്‍നായര്‍ സാക്ഷ്യപ്പെടുത്തുന്നതുകൂടി ചരിത്രത്തോട് ചേര്‍ത്തി വായിക്കുമ്പോള്‍ നാം അറിഞ്ഞതില്‍ എത്രെയോ അപ്പുറത്താണ് ഹാജിയുടെ സ്ഥാനമെന്ന് മനസ്സിലാക്കാനാവുന്നതാണ്. കുഞ്ഞഹമ്മദ് ഹാജിയെ പോലെയുള്ളവര്‍ ഹിന്ദുക്കളെ ആക്രമിച്ചിരുന്നില്ല എന്നും, ആരെങ്കിലും അങ്ങനെ പ്രവര്‍ത്തിക്കുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ ശിക്ഷ പ്രഖ്യാപിച്ചിരുന്നു എന്നും കെ എന്‍ പണിക്കരെ പോലെയുള്ള ചരിത്രകാരന്മാര്‍ വെളിപ്പെടുത്തുന്നത് തള്ളിക്കളയാന്‍ ആവാത്ത ചരിത്രമാണ്.

പോരാട്ട ചരിത്രം

ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഏറനാട്, വള്ളുവനാട്  പ്രദേശങ്ങളില്‍ ആലി മുസ്ലിയാരോടൊപ്പം അദ്ദേഹവും വെള്ളക്കാര്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹം ജനപ്രിയനായി മാറിയ കുഞ്ഞഹമ്മദ് ഹാജി ജനങ്ങളുടെ നായകനായി മാറുകയായിരുന്നു. ബ്രിട്ടീഷ് പടക്കെതിരെ നിരന്തര പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ച ഹാജി ലോകം തന്നെ അറിയപ്പെടുന്ന വിപ്ലവകാരിയായി മാറി എന്നതാണ് ചരിത്രം.

1921 ഓഗസ്റ്റ് 20ന് കലക്ടര്‍ തോമസ്, ഹിച്ച് കോക്ക് എന്നിവര്‍ തിരൂരങ്ങാടിയില്‍ വെച്ച് വാരിയന്‍ കുന്നത്തിന്റെ ചെറുത്ത് നില്‍പ്പ് സേനയോട് തോറ്റോടിയപ്പോള്‍  ലണ്ടന്‍ ടൈയിംസില്‍ മലബാറില്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചു എന്ന് വരെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല, ബ്രിട്ടീഷുകാരുടെ ഒറ്റുകാരായി മാറിയ മാപ്പിളമാര്‍ക്കെതിരെയും മതംനോക്കാതെ ഹാജി കടുത്ത നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ബ്രിട്ടനുവേണ്ടി മാപ്പിളമാരെ ഒറ്റുകൊടുത്തവരില്‍ പ്രധാനിയായിരുന്ന ചേക്കുട്ടി.

സാമ്രാജ്യത്വ ഭരണത്തിന്റെ സേവകനായി നിന്നുകൊണ്ട് ഏറനാട്ടിലെ സാധാരണക്കാരായ ജനങ്ങളോട്, പ്രത്യേകിച്ച് മാപ്പിളമാരോട് എണ്ണിയാലൊടുങ്ങാത്ത ദ്രോഹങ്ങളാണ് ഇയാള്‍ ചെയ്തത്. ചേക്കുട്ടിക്ക് മരണശിക്ഷയാണ് ഹാജിയുടെ കോടതി വിധിച്ചത്. അന്ന് പന്തല്ലൂര്‍ സ്വദേശിയായിരുന്ന നായിക് താമിയായിരുന്നു കുറ്റപത്രം വായിച്ചത്. 40 മിനിറ്റെടുത്ത കുറ്റപത്ര വായനയില്‍ ചേക്കുട്ടിക്കെതിരെ 300 ഓളം കുറ്റങ്ങളാണുണ്ടായിരുന്നത

മാപ്പിളമാരെ ഒറ്റുകൊടുത്ത  ചേകുട്ടിയുടെ ശിരച്ഛേദം നടത്തി കൊണ്ട്  മഞ്ചേരിയില്‍ വെച്ച് കുഞ്ഞമ്മദ് ഹാജി ജനങ്ങളെ അഭിസംബോധന ചെയ്തതിപ്രകാരമായിരുന്നു:

'നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. നമ്മള്‍ അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു.  ബ്രിട്ടീഷ് ഗവണ്‍മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം. ആനക്കയത്തെ പോലീസ് ഇന്‍സ്‌പെക്ടറും ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധിയുമായ ചേക്കുട്ടിയുടെ തലയാണിത്. ഗവണ്‍മെന്റിനോടും ജന്മികളോടും കളിക്കണ്ട എന്നും മറ്റും ഇവര്‍ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്.

 നിങ്ങള്‍ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ എന്നെ ഇവിടെയിട്ട് കൊല്ലണം. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ കൊല്ലരുത്. അവരെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്.

ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നത്രെ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും നിര്‍ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും.

ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്.  പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്‍കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയാറാണ്''


മലയാള രാജ്യം

ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച് സമാന്തരമായൊരു രാജ്യം ഹാജി സ്ഥാപിച്ചിരുന്നു.1921 സെപ്റ്റംബര്‍ 16-നാണ് കുഞ്ഞഹമ്മദ്ഹാജി  രാഷ്ട്ര പ്രഖ്യാപനം നടത്തുന്നത്. മലയാളരാജ്യം എന്നായിരുന്നു ഹാജി ഇതിന്  നാമകരണം ചെയ്തിരുന്നത്. ഏറനാട്,  വള്ളുവനാട്,  പൊന്നാനി താലൂക്കുകളിലെ  200 ഓളം ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ഹാജി മലയാള രാജ്യം സ്ഥാപിച്ചത്.

വിപ്ലവ സര്‍ക്കാരിന് അദ്ദേഹം ജീവന്‍ കൊടുത്തു. പാണ്ടിക്കാട്, പന്തല്ലൂര്‍, മണ്ണാര്‍ക്കാട്, തുവ്വൂര്‍ എന്നീ പ്രദേശങ്ങളില്‍ ഭരണം നടത്താന്‍ അദ്ദേഹം ആളുകളെ നിയമിക്കുകയുണ്ടായി. 1921 അങ്ങാടിപ്പുറത് സൈനിക കേന്ദ്രം ആരംഭിച്ചു. സ്വന്തം രാജ്യത്ത് നിന്നും  വെളിയില്‍ പോകുന്നവര്‍ക്ക് പാസ്പോര്‍ട്ട് സംവിധാനങ്ങള്‍ വരെ ഏര്‍പ്പെടുത്തി. അങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിലൂടെ നടപ്പില്‍ വരുത്തുകയുണ്ടായി. ഇവയെല്ലാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയമായിരുന്നു താനും.

അങ്ങനെ ഏകദേശം ആറു മാസത്തോളം മലബാറിലേക്ക് ബ്രിട്ടീഷുകാര്‍ക്ക്  കാലുകുത്താന്‍ പോലും സാധിക്കാതെ വന്നു. മലയാള രാജ്യത്ത് പ്രത്യേക കോടതി സംവിധാനവും ഹാജി ഏര്‍പ്പെടുത്തിയിരുന്നു. അക്കാലത്ത് ഹൈന്ദവ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ പേരില്‍ പ്രതികളെ കോടതിസംവിധാനത്തിലൂടെ തൂക്കിലേറ്റിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

1921 ആഗസ്റ്റ് 25-നാണ് കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് തന്റെ വിപ്ലവ സര്‍ക്കാറിന്റെ കീഴില്‍ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത്. പരിശീലന ക്യാമ്പിലേക്ക് ആവശ്യമായ പണം സ്വരൂപിച്ചത് ഏറനാട്ടിലെ സമ്പന്നരില്‍ നിന്ന് തന്നെയിരുന്നു. ബ്രിട്ടീഷ് പോലീസ് കുഞ്ഞഹമ്മദ് ഹാജിയെ നിരീക്ഷിക്കാന്‍  ഏല്‍പിച്ചിരുന്ന ഐദ്രസ് കുട്ടി എന്ന പോലീസുകാരനെ വധിക്കുകയും ഈ കാലയളവിലാണ്.

 ആറ് മാസക്കാലത്തോളം നിലനിന്ന ഹാജിയുടെ ഖിലാഫത്തിലേക്ക് ധാരാളം സൈനികര്‍ ചേര്‍ന്നിരുന്നു. 'കുമ്പിള്‍ കഞ്ഞി' എന്ന ജന്മിമാരുടെ കുടിയാന്‍ ദ്രോഹ നടപടി അദ്ദേഹം ഏറനാട്ടില്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും  മാപ്പിളമാരും ഹിന്ദു കുടിയാന്മാരും ബ്രിട്ടീഷ് വിരുദ്ധരായ നാരായണ്‍ നമ്പീശനെ പോലെയുള്ളവരെ നിരത്തിയ ഒരു സൈന്യം ഹാജിക്കുണ്ടായിരുന്നു.

ബ്രിട്ടീഷ് കുടില തന്ത്രങ്ങള്‍

ഹാജിയുടെ ഭരണരീതിയെയും പ്രതിരോധത്തെയും ദുര്‍ബലപ്പെടുത്താന്‍ ധാരാളം അജണ്ടകള്‍ അവര്‍ പടച്ചുവിട്ടു. ഏറനാടിനു പുറത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഹിന്ദു-മുസ്ലിം സംഘര്‍ഷമായി ബ്രിട്ടീഷുകാരും അവരുടെ ചൊല്‍പ്പടിയിലുള്ളവരും ഇതിനെ ചിത്രീകരിച്ചു. ഇന്ത്യയിലെ 'ദേശീയ' സ്വാതന്ത്ര്യസമര നേതാക്കള്‍വരെ വലിയൊരളവില്‍ ഈ പ്രചാരണത്തില്‍ വീണുപോയിട്ടുണ്ട്. ഗാന്ധിയടക്കമുള്ളവര്‍ ഇതിനെ തെറ്റായി മനസ്സിലാക്കിയ സന്ദര്‍ഭങ്ങളുണ്ടായി.

അംബേദ്കറുടെ നിരീക്ഷണങ്ങളിലും മുന്‍വിധികള്‍ പ്രകടമായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദേശം ഇന്ത്യയില്‍ രൂപപ്പെട്ടിരുന്നുവെന്ന് ഹിച്ച്‌കോക്ക് നിരീക്ഷിക്കുന്നുണ്ട്. ഈ വാര്‍ത്ത ലണ്ടന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചുവന്നതോടെ ബ്രിട്ടന് അന്താരാഷ്ട്ര തലത്തില്‍തന്നെ വലിയ ക്ഷീണം സംഭവിച്ചു. ഇന്ത്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊരു ഭാഗത്തെ ഏറനാട്ടിലേക്ക് നിയോഗിച്ചു. ബ്രിട്ടീഷ് സൈന്യത്തിന് ഏറനാടിനെ അടിച്ചമര്‍ത്താന്‍ സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കി. ബ്രിട്ടീഷ് അനുഭാവമുള്ള വരേണ്യ മുസ്ലിംകളെയും ഹിന്ദുക്കളെയും കൂടെനിര്‍ത്താനും ഇന്ത്യന്‍ പോലീസുകാരെ ഇറക്കുമതി ചെയ്യാനും അവര്‍ തയാറായി. കൂടാതെ പ്രത്യേകം ചില ആളുകളെ നിരീക്ഷകരായും സമരമുറകളുടെ നീക്കുപോക്കുകള്‍ കൂടെനിന്ന് ഒറ്റിക്കൊടുക്കുന്ന കൂലിക്കാരായും നിയമിച്ചു.

ഹാജിയെ ജീവനോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 30 ന് മാര്‍ഷല്‍ ലോ കമാണ്ടന്റ് കേണല്‍ ഹംഫ്രിയുടെ നേതൃത്വത്തില്‍ വിവിധ പട്ടാള വിഭാഗം കമാണ്ടര്‍മാരുടെയും ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെയും ഒരു യോഗം മലപ്പുറത്ത് ചേര്‍ന്നു. ഓരോ പട്ടാള വിഭാഗത്തില്‍നിന്നും എം.എസ്.പി ലോക്കല്‍ പോലീസ് വിഭാഗങ്ങളില്‍നിന്നും പത്ത് പേര്‍ വീതവുമുള്ള ഒരു സ്‌പെഷ്യല്‍ സെല്ല് രൂപീകരിച്ചു. 'ബേറ്ററി' എന്നായിരുന്നു ഈ സെല്ലിന്റെ പേര്.

പഴയ മലപ്പുറം സ്‌പെഷ്യല്‍ ഫോഴ്‌സിലെ (എം.എസ്.എഫ്, ഇതാണ് പിന്നീട് എം.എസ്.പിയായത്) സുബേദാര്‍ കൃഷ്ണപണിക്കര്‍, ഗോപാല മേനോന്‍ എന്നിവരായിരുന്നു ഇതിന്റെ തലവന്മാര്‍. ഇന്‍സ്‌പെക്ടര്‍ രാമനാഥയ്യര്‍ ഈ സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്റ്‌സ് തലവനായി നിയുക്തനായി.  ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്രയും വിപുലമായ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ  ആദ്യമായിട്ടാണ് നിയോഗിക്കുന്നത്. 1836 മുതല്‍ 1922 വരെ നിലനിന്ന മലബാര്‍ പോരാട്ടത്തിന് അന്ത്യം കാണുന്നത് ഈ ഓപ്പറേഷനിലൂടെയായിരുന്നു. ഹാജിയുടെ പട്ടാളത്തിലുണ്ടായിരുന്ന കുഞ്ഞഹമ്മദ് കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയിലാണ് സമാന്തര ഭരണതല സംസ്ഥാനത്തെ കുറിച്ച വിവരം ലഭിക്കുന്നത്.

കല്ലാമൂലയിലെ വീട്ടിക്കുന്നില്‍ നാല് പനമ്പുകള്‍ കൊണ്ടുള്ള മേല്‍പ്പുര,  ചുമരുകളില്ല, ചുറ്റും പാറകളും കുറ്റിപൊന്തകളും,  പട്ടാളക്കാരില്‍നിന്ന് പിടിച്ചെടുത്ത ബൈനോക്കുലറിലൂടെ  പരിസരം വീക്ഷിക്കുന്ന മാപ്പിള പോരാളികള്‍. ഹാജിയുടെ പക്കല്‍ നാല് തിരമുറിയുന്ന ഒരു റിവോള്‍വര്‍ പ്രത്യേകം നിര്‍മിച്ച ഉറയില്‍ അരക്ക് കെട്ടിയ വിദേശ നിര്‍മ്മിത തുകല്‍ ബെല്‍റ്റില്‍ കോര്‍ത്ത് താഴോട്ട് തൂക്കിയിട്ടിരിക്കുന്നു. ചുറ്റും 27 പോരാളികള്‍. ഇന്റലിജന്റ്‌സ് വിംഗ് ഈ രൂപരേഖ വെച്ച് വീട്ടിക്കുന്നിന്റെ മാപ്പ് വെച്ച് 'ബാറ്ററി' സെല്‍ പരിശീലനം നടത്തി. ഉണ്ണ്യാലി മുസ്ലിയാരെയാണ് ഹാജിയെ വീഴ്ത്താന്‍ ഒറ്റുകാരനായി ഇന്റലിജന്റ്‌സ് തെരഞ്ഞെടുത്തത്.ഹാജിയുടെ ചിരകാല സുഹൃത്തായിരുന്നു അദ്ദേഹം.

ഉണ്യാലി മുസ്ലിയാര്‍ ഹാജിയുമായി ചര്‍ച്ച നടത്തി. 'ഗവണ്‍മെന്റ് താങ്കള്‍ക്ക് മാപ്പു നല്‍കുമെന്നും മക്കയിലേക്ക് നാടുകടത്തുമെന്നും താങ്കള്‍ കീഴടങ്ങണമെന്നും' പറഞ്ഞു. ഹാജിയാര്‍ അതിനു സമ്മതിച്ചില്ല. ഹാജിയുടെ ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത് ഹിന്ദുക്കളായ കുടിയാന്മാരായിരുന്നു. എണ്‍പതിനായിരം പറ നെല്ല് കുഞ്ഞഹമ്മദ് ഹാജിയും സൈന്യവും സമാഹരിച്ചിരുന്നു. കിഴക്കന്‍ ഏറനാട്ടിലുള്ള കാളികാവ്, എടക്കര, നിലമ്പൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളിലെ പാവപ്പെട്ടവര്‍ക്കാണ് നെല്ല് വിതരണം ചെയ്തിരുന്നത്. 1922 ജനുവരി 5-ന് ഉണ്യാലി മുസ്ലിയാര്‍. ഇന്‍സ്‌പെക്ടറെയും കൊണ്ട് ഹാജിയുടെ ക്യാമ്പിലേക്ക് ചെന്നു. ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യര്‍, ഹാജിക്ക് മാപ്പ് നല്‍കാമെന്നും കീഴടങ്ങണമെന്നും  അഭ്യര്‍ഥിച്ചു. സംസാരം നീണ്ടുപോയപ്പോള്‍ അസ്വര്‍ നമസ്‌കാരത്തിനു സമയമായി. നമസ്‌കരിക്കാന്‍ നിന്നപ്പോള്‍ തന്റെ തോക്കെടുത്ത് ഹാജി പുറത്ത് വെച്ചു. ഈ സന്ദര്‍ഭത്തില്‍ ഇന്‍സ്‌പെക്ടറും, ഒളിച്ചിരുന്ന 'ബാറ്ററി' സെല്ലുമാണ് ഹാജിയെ പിടികൂടുന്നത്.

ഒടുവില്‍ ഹാജിക്കെതിരായ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. 1896 മുതല്‍ തുടങ്ങിയ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് അന്ത്യം കുറിക്കുന്ന നിമിഷങ്ങളായിരുന്നു അത്. ഹിച്ച്‌കോക്കിനോട് ഹാജി പറഞ്ഞു:

''നിങ്ങളെന്നെ മക്കയിലേക്ക് പറഞ്ഞയക്കാമെന്നും മാപ്പു നല്‍കാമെന്നും പറഞ്ഞത് എന്നില്‍ അത്ഭുതമുളവാക്കി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിന് ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ  മക്കയുടെ പേര്‍ താങ്കളുച്ചരിച്ചതിലുള്ള സ്വാര്‍ഥത എന്ത് മാത്രമാണ്! പക്ഷേ നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്ത എന്നെയും എന്റെ കുടുംബത്തെയും പഠിച്ചറിഞ്ഞ താങ്കള്‍ മക്കയുടെ പേരുപയോഗിച്ചത് തരംതാണതായിപ്പോയി.

ഞാന്‍ മക്കയിലല്ല പിറന്നത്. ഇവിടെ, വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഏറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇവിടെ തന്നെ മരിച്ച്, ഈ മണ്ണില്‍ ലയിച്ച് ചേരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അടിമത്വത്തില്‍ നിന്നും ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചുവീഴാന്‍ എനിക്കു സന്തോഷമുണ്ട്.''

1922 ജനുവരി 20-ന് രാവിലെ 10 മണിക്ക് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ വെച്ചാണ് ഹാജിയുടെ വധശിക്ഷ നടപ്പിലാക്കിയത്. കേണല്‍ ഹംഫ്രിയോടും ഹിച്ച്‌കോക്കിനോടും അന്ത്യാഭിലാഷമായി ഹാജി പറഞ്ഞത്. ''കൊല്ലുന്നവരെ കണ്ണ് മൂടിക്കെട്ടുന്ന ഒരു ശീലം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു. എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകളിലെ കെട്ടുകള്‍ അഴിച്ചുമാറ്റണം, ചങ്ങലകള്‍ ഒഴിവാക്കണം, എനിക്ക് നിവര്‍ന്ന് നിന്ന് മരിക്കണം. എന്റെ നെഞ്ചത്ത് തന്നെ നിങ്ങള്‍ വെടിവെക്കണം''.  ഹാജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നെഞ്ചില്‍ നിറയൊഴിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഇരുനൂറോളം വില്ലേജുകള്‍ ഭരിച്ച വിപ്ലവ സര്‍ക്കാറിന്റെ നായകന്‍ അങ്ങനെ രക്തസാക്ഷിയായി.

മലബാര്‍ കലാപം വസ്തുത എന്ത് ?

തുര്‍ക്കിയില്‍ ഖിലാഫത് തകര്‍ന്നപ്പോളാണ് മലബാറില്‍ മാപ്പിളമാര്‍ക്ക് ഹാലിളകിയതും ബ്രിട്ടനെതിരെ തിരിഞ്ഞതും  എന്നാണ് വാരിയംകുന്നനെ വിമര്‍ശിക്കുന്നവരുടെ വാദം. തുര്‍ക്കിയില്‍ ഖിലാഫത്തുള്ള കാലത്തും മലബാറില്‍ ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. മാത്രവുമല്ല, ഒരിക്കലും മലബാറിലെ ആദ്യത്തെ പോരാളി ആയിരുന്നില്ല വാരിയംകുന്നന്‍, ആ ചങ്ങലയിലെ ഒരു കണ്ണി മാത്രമായിരുന്നു അദ്ദേഹം. മലബാര്‍ കലാപം ഒരെ സമയം മൂന്ന് വിധത്തിലും കണക്കാക്കാവുന്നതാണ്. ടിപ്പുവിന്റെ കാലത്ത് നാടുവിട്ടുപോയ ജന്മിമാര്‍ ബ്രിട്ടീഷ് ആധിപത്യം വ്ന്നതോടെ മടങ്ങിവരുകയും തങ്ങളുടെ മര്‍ദ്ധന നയങ്ങള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നു.

മുസ്ലിംകളായ കര്‍ഷകര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. 1921നു മുമ്പേതന്നെ 20 ലധികം ജന്മി-കര്‍ഷക സംഘട്ടനങ്ങള്‍ അരങ്ങേറിയിരുന്നതായി ചരിത്രത്തില്‍ കാണാന്‍ കഴിയും. ഈ സംഘട്ടങ്ങളിലെല്ലാം ജാതി-മത വേര്‍തിരിവില്ലാതെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. കാലങ്ങളായി കര്‍ഷകര്‍ മനസ്സില്‍ കൊണ്ടുനടന്ന പ്രതികാരത്തിന്റെ തീജ്വാലയാണ് 1921ല്‍ സമരമായി പൊട്ടിപ്പുറപ്പെട്ടത്. ഈ വിധത്തില്‍ നോക്കുമ്പോള്‍ മലബാര്‍ കലാപം ഒരര്‍ത്ഥത്തില്‍ ജന്മിവരുദ്ധ കര്‍ഷക കലാപമായിരുന്നു.

ഒന്നാം ലോകയുദ്ധകാലത്ത്് ബ്രിട്ടന് ഇന്ത്യയില്‍ നിന്ന് സൈനികരെ ആവശ്യമായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരുടെ ശത്രുപക്ഷത്ത്  ലോക മുസ്ലിംകളുടെ ഖലീഫയായി കണക്കാക്കിയിരുന്ന ഓട്ടോമന്‍ സാമ്രാജ്യവും ഉണ്ടായിരുന്നു.  ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ചാല്‍ ഖലീഫയുടെ രാജ്യത്തിന് എതിരാവും എന്നകാരണത്താല്‍ മുസ്ലിംകള്‍ സൈനിക സഹായം നല്‍കാന്‍ തയ്യാറാവാതെ വന്നു. ഈ പ്രതിസന്ധിയെ നിങ്ങളുടെ ഖലീഫക്ക് ഒന്നും സംഭവിക്കില്ലെന്ന കള്ളവാഗ്ദാനത്തിലൂടെ ബ്രിട്ടീഷുകാര്‍ തരണം ചെയ്തു.

എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തോടെ മുസ്ലിംകളുടെ ഖലീഫയെ ബ്രിട്ടീഷ് സൈന്യം ഇല്ലാതാക്കി. ഇത് മുസ്ലിംകള്‍ക്ക് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനം പൊട്ടിപുറപ്പെടുന്നത്. അങ്ങനെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായ പോരാട്ടങ്ങള്‍ക്കും അക്കാലത്ത് മലബാര്‍ സാക്ഷ്യം വഹിച്ചു.

 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാര്‍ഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. 1920 ല്‍ തുടങ്ങി 1922 വരെ നീണ്ടു നിന്ന ഈ പ്രസ്ഥാനം നയിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ മഹാത്മാ ഗാന്ധിയാണ്. അഹിംസ മാര്‍ഗ്ഗത്തില്‍ ബ്രിട്ടീഷ് നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സമരക്കാര്‍ ബ്രിട്ടീഷ് ഉല്പന്നങ്ങള്‍ ഉപേക്ഷിച്ചു. സ്വദേശി കൈത്തറി വസ്ത്രങ്ങളും ഉല്പന്നങ്ങളും ഉപയോഗിച്ചു. മദ്യ വില്പന ശാലകളും മറ്റും ഉപരോധിച്ചു. ഖിലാഫത്ത് പ്രസ്ഥാനക്കാരും നിസഹകരണ പ്രസ്ഥാനക്കാരുടെയും പൊതുശത്രു ബ്രിട്ടീഷ് സര്‍ക്കാറായതിനാല്‍ രണ്ടു പ്രസ്ഥാനക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി.

ചുരുക്കത്തില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെയും അവരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ജന്മിമാര്‍ക്കെതിരെയും ഒറ്റുകാര്‍ക്കെതിരെയും നടന്ന കാര്‍ഷിക-സ്വാതന്ത്ര്യ സമരത്തെയാണ് ചരിത്രത്തില്‍ മലബാര്‍ സമരം എന്നുപറയുന്നത്. ആലി മുസ്ലിയാരുടെയും വാരിയംകുന്നന്റെയും നേതൃത്വത്തില്‍ കര്‍ഷകരും മര്‍ദിതരുമായ മുസ്ലിംകളും ഹിന്ദുക്കളും ഒരുമിച്ചുനിന്നു പോരാടിയപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാറിനത് തലവേദനയായി മാറികഴിഞ്ഞിരുന്നു. സമരത്തിനിടയില്‍ കുറച്ചുപേര്‍ തീവ്രമായി പെരുമാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. വളരെ കുറച്ചുപേരുടെ പ്രവര്‍ത്തനംകൊണ്ട് സമരത്തെ മുഴുവന്‍ മുസ്ലിം-ഹിന്ദു കലാപമായി ചിത്രീകരിച്ചു കാണിക്കാന്‍ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുണ്ടെന്ന വസ്തുത കൂടിനാം തിരിച്ചറിയേണ്ട്.

ഒന്നാം  മൈസൂര്‍  യുദ്ധത്തില്‍  ബ്രിട്ടീഷുകരോടൊപ്പം  പോരാടി  ഒടുവില്‍  ബ്രിടീഷുകാര്‍  തനിക്കു  നല്‍കിയ  യുദ്ധാനന്തര  വാദ്ഗാനം  ലംഘിക്കുകയും കോട്ടയം  രാജ്യത്തിന്റെ  നികുതി പിരിക്കാനുള്ള  അവകാശം  തന്റെ  ശത്രുവിന്  നല്‍കിയെന്നും  കണ്ടപ്പോള്‍  ബ്രിടീഷുകാര്‍ക്കെതിരെ  പോരിനിറങ്ങി  അവസാനം  പിടിക്കപ്പെടുമെന്ന്  ഉറപ്പായപ്പോള്‍  ആത്മഹത്യ  ചെയ്ത  പഴശ്ശി  രാജ  ധീര  യോദ്ധാവും  അദ്ദേത്തിന്റെ  പോരാട്ടങ്ങള്‍  വാഴ്ത്തപ്പെട്ടതുമാണെങ്കില്‍  മാതൃ രാജ്യത്തിന്  വേണ്ടി  പോരാടി  പിടിക്കപ്പെട്ട്  വധശിക്ഷക്ക്  വിധിക്കപ്പെട്ടപ്പോള്‍  തന്റെ  മരണം  കാണാന്‍  വേണ്ടി  കണ്ണിനു  ചുറ്റും  കെട്ടിയ  തുണി  അഴിച്ചു മാറ്റാന്‍  പറഞ്ഞ  വാരിയന്‍  കുന്നത്തും  ധീരനാണ്.


Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget