സൂറത്തുല്‍ ഇഖ്‌ലാസ് ; വിശേഷങ്ങളേറെ



ശരീഫ് കമാലി പള്ളിക്കുന്ന് |

നന്മയുടെ വഴികള്‍ വിശാലമാണ്.വിജയത്തിന്റെ തീരം തേടിയലയുക എന്നത് വിശ്വാസികളില്‍ നിലീനവുമാണ്. ആത്മ നിബദ്ധമായി കാപഠ്യം അകം ചേരാതെ ആത്മ സഞ്ചാരം നടത്താനാണ് വിശ്വാസി സമൂഹം ആഗ്രഹിക്കുന്നത്. അത്മ സഞ്ചാരം തീര്‍ക്കുന്ന വഴികളില്‍ തന്റെ സഞ്ചാരപഥം നാഥനിലേക്ക് തിരിക്കുമ്പോഴാണ് യഥാര്‍ത്തത്തില്‍ ഇസ്ലാമിന്റെ ആന്തരിക ചൈതന്യം അവനില്‍ പ്രവഹിക്കുന്നത്. അപ്പോഴാണ് അവന്‍ പൂര്‍ണ വിജയിയായി തീരുന്നതും.ആ വിജയത്തിന്റെ കുറുക്കുവഴികളെയാണ് നാം കണ്ടത്തേണ്ടത്. വലിയ വലിയ അധ്വാനങ്ങളില്ലാതെ ചെറുതല്ലാത്ത നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നാണല്ലോ വസ്തുത. പരിശുദ്ധ ഖുര്‍ആന്‍ അതിന് മികച്ച ഉദാഹരണമാണ്. കാരണം അത് ദര്‍ശിക്കുന്നതും ശ്രവിക്കുന്നത് പോലും പ്രതിഫലദായകമാണ്. കാലാനുക്രമത്തില്‍ അവബോധം പുലര്‍ത്തപ്പെടാത്ത കാര്യങ്ങളായി ഇവ മാറുമ്പോള്‍ സുറത്തുല്‍ ഇഖ്‌ലാസ് ഇവിടെ ദിശാ വെട്ടം പകരുകയാണ്.

സവിശേഷതകളാല്‍ സമ്പന്നമായ സൂറത്തുല്‍ ഇഖ്‌ലാസ് ഖുര്‍ആനിന്റെ മൂന്നില്‍ ഒന്നായിട്ടാണ് അറിയപ്പെടുന്നത്.അബൂസഈദില്‍ ഖുദ്രി (റ) ഉദ്ധരിക്കുന്നു.നബി(സ) പറഞ്ഞു. സൂറത്തുല്‍ ഇഖ്‌ലാസ് ഖുര്‍ആനിന്റെ മുന്നില്‍ ഒന്നിനോട് തുല്യമാണ്(ബുഖാരി). അബ്ദുള്ളാഹിബ്‌നു മസ്ഊദ് (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം നബി (സ) സ്വഹാബത്തിനോട് ചോദിച്ചു.എല്ലാ രാത്രിയിലും ഖുര്‍ആനിന്റെ മുന്നില്‍ ഒന്ന് ഓതാന്‍ നിങ്ങള്‍ക്ക് പ്രയാസമാകുമോ? സ്വഹാബത്തിന് അത് പ്രയാസമായി തോന്നി ആര്‍ക്കാണ് നബിയേ അതിന് കഴിയുക. എന്നാല്‍ നിങ്ങള്‍ രാത്രിയില്‍ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുക(ബുഖാരി). ഇത്രമേല്‍ മഹത്വമുള്ള ഈ സൂറ: പേരുപോലെ തന്നെ കര്‍മ്മളില്‍ ആത്മാര്‍ത്ഥത പകര്‍ന്ന് നല്‍കും എന്നതാണ് വാസ്തവം.

ഖുര്‍ആനിന്റെ മൂന്നില്‍ ഒന്നായി പരിചയപ്പെട്ട ഈ സൂറ: സ്ഥാനാരോഹണ വിധേയമായതിന്ന് പണ്ഡിതമതം നാനാഖ്യാനങ്ങള്‍ നല്‍കുന്നുണ്ട്. ഇമാം നവവി(റ) പറയുന്നു. ഖുര്‍ആനിക വിജ്ഞാനിയങ്ങള്‍ മൂന്നാണ് 1 വിശ്വാസ കാര്യങ്ങള്‍, 2 വിധി വിലക്കുകള്‍ 3 ചരിത്ര പാഠങ്ങള്‍.എന്നാല്‍ വിശ്വാസ കാര്യങ്ങളിലാണ് സൂറത്തുല്‍ ഇഖ്‌ലാസിന്റെ പ്രതിപാദ്യം അത് കൊണ്ട് ഇതിനെ സുലുസുല്‍ ഖുര്‍ആന്‍ എന്ന് വിളിക്കുന്നു.
ഇമാം റാസി(റ) പറയുന്നു.ആരാധനകളുടെയും മതനിയമങ്ങളുടെയും മുഖ്യമായ ലക്ഷ്യങ്ങള്‍ മുന്നാണ്.അള്ളാഹുവിന്റെ ദാത്തിനെ കുറിച്ചും സ്വിഫാത്തിനെ കുറിച്ചും അഫ്ആലിനെക്കുറിച്ചും അറിയലാണത്. ഈ സൂറ അള്ളാഹുവിന്റെ ദാത്തിനെ കുറിച്ച് പ്രതിപാദിക്കുന്നു.
മഹാനായ ഇബ്‌നു ശുറൈഹ്(റ) പറയുന്നു. ഖുര്‍ആന്‍ മൂന്ന് ഇനങ്ങളിലാണ് അവതരിച്ചത്. വിധി വിലക്കുകള്‍ വാഗ്ദാനങ്ങള്‍ , അസ്മാഅസ്വിഫാത്തുകള്‍.ഈ സൂറ: അസ്മാ സ്വിഫാത്തിനെ ഉള്‍കൊണ്ടതാണ്. ചുരുക്കത്തില്‍ ഖുര്‍ആനിന്റെ മുന്നില്‍ ഒന്ന് ഓതിയ പ്രതിഫലമാണ് സൂറത്തുല്‍ ഇഖ്‌ലാസ് നമുക്കൊരുക്കി തരുന്നത്.

മാത്രമല്ല, സൂറത്തുല്‍ ഇഖ്‌ലാസ് ജീവിതത്തിന്റെ പല മേഖലകളിലേക്കും ഉപയുക്തമാകുമെന്നാണ് ഹദീസുകളുടെ ഭാഷ്യം. കൃത്യവിലോപങ്ങളാല്‍ അപഥ സഞ്ചാരം തീര്‍ത്തവന്ന് തൗബ വഴി സ്വര്‍ഗീയാരാമങ്ങളിലേക്ക് വഴിയൊരുക്കുകയുമാണ് ഈ സൂറ:
അനസുബ്‌നു മാലിക് (റ) നിവേദനം ചെയ്യുന്ന ഹദീസിലൂടെ ഇത് വ്യക്തമാവുന്നതാണ്. നബി(സ) തങ്ങള്‍ പറഞ്ഞു.ഖുല്‍ഹു വളളാഹു അഹദ് ഒരുത്തന്‍ ഓതിയാല്‍ രക്തചൊരിച്ചില്‍, അന്യന്റെ മുതല്‍ അപഹരിക്കല്‍, വിഭിചാരം, മദ്യപാനം എന്നീ നാലു തെറ്റുകളൊഴികെ 50 വര്‍ഷത്തെ ദോശങ്ങള്‍ അള്ളാഹു പൊറുത്ത് കൊടുക്കുന്നതാണ്.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ വല ഭാഗം ചാരി കിടന്ന് ഇത് നൂറു പ്രാവശ്യം ഇത് ഓതിയാല്‍ ഖിയാമത് നാളില്‍ അള്ളാഹു അവനോട് പറയും ഓ എന്റെ അടിമേ നിന്റെ വല ഭാഗം കൊണ്ട് നീ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്‍ക (റാസി 32/174)

മസ്ജിദ് ഖുബായില്‍ ഇമാമായിരുന്ന സ്വഹാബിയായ അന്‍സാരി എല്ലാ നമസ്‌കാരത്തിലും സൂറത്തുല്‍ ഇഖ്‌ലാസ് പതിവാക്കിയിരുന്നെ ത്രെ! ഇതിനെക്കുറിച്ച് പ്രവാചകന്‍ ചോദിച്ചപ്പോള്‍ സൂറത്തുല്‍ ഇഖ്‌ലാസിനെ അധികം ഞാന്‍ ഇഷ്ടപ്പെടുന്നു നബിയേ.. എന്ന് പറഞ്ഞു .ഉടനെ പ്രവാചകന്‍ പ്രതിവചിച്ചു അതിനോടുള്ള നിന്റെ ഇഷ്ടം നിന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നാണ്.
നരക മോചനത്തിനും സൂറത്തുല്‍ ഇഖ്‌ലാസ് വഴിയൊരുക്കുന്നു. നബി(സ്വ) പറഞ്ഞു: 'ഒരാള്‍ നിസ്‌കാര വേളയിലോ അല്ലാത്ത സമയത്തോ നൂറു തവണ ഖുല്‍ ഹുവല്ലാഹു അഹദ് ഓതിയാല്‍ നരകമോചനത്തെ അല്ലാഹു അവന്റെ മേല്‍ നിര്‍ബന്ധമാക്കി.

ദാരിദ്രത്തില്‍ നിന്ന് കരകയറുന്നതിനും സൂറത്തുല്‍ ഇഖ്‌ലാസ്വ് ഹേതുവാണെന്ന് സഹലുബ്‌നു സഈദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. അദ്ധേഹം പറയുന്നത് ശ്രദ്ധിക്കുക, ഒരിക്കല്‍ ഒരാള്‍ നബി(സ്വ) യുടെ സവിധത്തില്‍ വന്ന് ദാരിദ്രത്തെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ പ്രവാചകര്‍ (സ്വ) പറഞ്ഞു: 'നീ നിന്റെ വീട്ടില്‍ പ്രവേശിച്ചാല്‍ വീട്ടിലാരെങ്കിലുമുണ്ടെങ്കില്‍ അവരോട് സലാം പറയുക. ശേഷം ഒരു പ്രാവശ്യം സൂറത്തുല്‍ ഇഖ്‌ലാസ്വ് ഓതുകയും ചെയ്യുക. ആ മനുഷ്യന്‍ അപ്രകാരം ചെയ്തു, അല്ലാഹു അദ്ധേഹത്തിന് സമ്പത്തും ഭക്ഷണവും നല്‍കി. എത്രത്തോളമെന്നാല്‍ അയല്‍ക്കാര്‍ക്ക് പോലും അനുഭവിക്കാന്‍ പാകത്തില്‍.'

ചുരുക്കത്തില്‍ സവിശേഷതകളാല്‍ സമ്പന്നമാണ് സൂറത്തുല്‍ ഇഖ്‌ലാസ്.പേരുപോലെ കര്‍മ്മങ്ങളില്‍ ആത്മാര്‍ത്ഥത കൈവരുന്ന നേര്‍സാക്ഷ്യമാണ്. തൗഹീദിന്റെ അകസാരം പ്രതിപാദ്യമാക്കുന്ന വചനങ്ങളിലൂടെ തകര്‍ക്കാന്‍ കഴിയാത്ത അചഞ്ചല വിശ്വാസം ഊട്ടിയുറപ്പിക്കുക കൂടിയാണത്. മാത്രമല്ല, ആസ്വാദ്യമാകുന്ന താളലയങ്ങള്‍ ആവശ്യത്തിനൊത്ത് തകര ചെണ്ടയില്‍ സൃഷ്ടിക്കുന്ന പോലെ തൗഹീദിന്ന് നാനാര്‍ത്ഥങ്ങള്‍ നല്‍കി ഇഷ്ടത്തിനൊത്ത് യഥാര്‍ത്ഥ പരികല്‍പ്പനയെ വികൃതമാക്കുന്ന മുഖങ്ങള്‍ സജീവമായ ഇക്കാലത്ത് യഥാര്‍ത്ഥ തൗഹീദിന്റെ ഉള്‍ സാരങ്ങളിലേക്ക് വഴി നടത്തുകയുമാണ് സൂറത്തുല്‍ ഇഖ്‌ലാസ്. ഇഖ്‌ലാസ് എന്നത് ഉള്ളടകത്തിന്റെ ശീര്‍ഷകം കൂടിയാണ്. 'തൗഹീദിന്റെ തനിമയാര്‍ന്ന വചനങ്ങളുള്‍ക്കൊണ്ട ഈ സൂറ:, ഇതിലെ തത്വങ്ങള്‍ വിശ്വസിക്കുന്നതിലൂടെ ശിര്‍ക്കില്‍ നിന്ന് മുക്തരാവുന്നു എന്ന കാരണത്താലാണ് ഇതിന് അല്‍ ഇഖ്‌ലാസ് എന്ന് നാമകരണം ചെയ്തിട്ടുള്ളത്.( റാസി.32/175)

വാസ്തവത്തില്‍ നിന്റെ റബ്ബ് ആരെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട് ഈ സൂറ:. അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ വ്യക്തമാണത്. ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചും മനുഷ്യ, മാലാഖമാരുടെ സൃഷ്ടിപ്പിനെ കുറിച്ചും യഥാ ബോധ്യമുള്ള ജൂതന്മാര്‍ നബിയെ സമീപിച്ച് പറഞ്ഞു.നിങ്ങളുടെ റബ്ബിനെ കുറിച്ച് പറഞ് തരിക.തദവസരത്തില്‍ മലാഖ ജിബ്രീല്‍ (അ) കടന്ന് ഓതികേള്‍പ്പിച്ചു. 'പ്രപഞ്ചശില്‍പി ഒന്ന് മാത്രം, (അനിവാര്യമായ ഉണ്മ ഒരു സത്തയില്‍ മാത്രമേ സാക്ഷാല്‍ കൃതമാവൂ.) അരുടെയും ആശ്രയം ആവശ്യമില്ലാത്ത, എന്നാല്‍ എല്ലാവരും ആശ്രയിക്കുന്ന അജയ്യനും എല്ലാ ഉല്‍കൃഷ്ട ഗുണഗണങ്ങള്‍ സമ്പൂര്‍ണമായി മേളിച്ച യജമാനന്‍. അവന് ജനനമോ മരണമോ ഇല്ല. സന്താനങ്ങളില്ല, അവനോട് തുല്യമായി ആരുമില്ല.' എന്ന
സൂറത്തുല്‍ ഇഖ്‌ലാസിന്റെ വചനാമൃതങ്ങളിലൂടെ അള്ളാഹുവിനെ  യഥാ നിര്‍വചിക്കപ്പെടുകയായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ഈ നിര്‍വ്വചനം സൃഷ്ടിയും സൃഷ്ടാവും പരസ്പരം വിശേഷണങ്ങളില്‍ പരിപൂര്‍ണമായും എതിരാണെന്ന സ്ഥിതിവിശേഷമാണ് പകര്‍ന്ന് തരുന്നത്. എന്നാല്‍ വിമതസ്ഥര്‍ക്കിടയില്‍ നിന്ന് ഇസ്ലാം വേറിട്ടു നില്‍ക്കുന്നത് ഈ കൃത്യമായ നിര്‍വ്വചനം കൊണ്ടുമാണ്. ആരോപിക്കപ്പെടുന്ന ദിവ്യത്വം ദൃഷ്ടിഗോചരമായ വസ്തുക്കളിലാണെന്നതാണ് ഇതര മതങ്ങളുടെ അവസ്ഥ. അത് കൊണ്ട് തന്നെ നിര്‍വ്വചിക്കപ്പെടാന്‍ ഒന്നുമില്ലാത്ത ദിവ്യസങ്കല്‍പ്പമായി അവ മാറുമ്പോള്‍ ദൈവം എന്ന സങ്കല്‍പ്പത്തിന്ന് വിശേഷണങ്ങള്‍ പോലും അന്യമാകുകയാണ്.

യഥാര്‍ത്ഥത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസ് വിശ്വാസിക്ക് വിജയ മന്ത്ര മോതുകയാണ്. അതുള്‍ക്കൊണ്ട പരിശുദ്ധ ഖുര്‍ആന്‍ മാനവരാശിക്ക് വെളിച്ചമേകുകയുമാണ്. അപഥ സഞ്ചാരം തീര്‍ത്ത നിഷ്‌ക്രമ ജീവിതങ്ങളെ ക്രമബദ്ധമാക്കി, മനുഷ്യരേ എന്ന പ്രപഞ്ചനാഥന്റെ വിളിയിലൂടെ വിജയം ആദാനപ്രദാനമാക്കുകയാണ്.ആ വിജയം കൈ കൊണ്ടവര്‍ ഭാഗ്യര്‍.മുഖം തിരിച്ചവര്‍ ഹതഭാഗ്യര്‍.അള്ളാഹു വിജയം നല്‍കുമാറാവട്ടെ..ആമീന്‍

Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget