അല്‍പം ചില പരിസ്ഥിതിദിന ചിന്തകള്‍



 | മുആവിയ മുഹമ്മദ് ഫൈസി 

‘…മുമ്പൊരിക്കല്‍ ഈ ഈ മരപ്പൊത്തില്‍ കണ്ട കൊക്കൂണി നെ പറ്റി ഞാന്‍ ഓര്‍ത്തു. കൊക്കൂണില്‍ ഒരു കുഞ്ഞു ദ്വാരമുണ്ടാക്കി പുറത്തുവരാനുള്ള ശ്രമത്തിലായിരുന്നു പൂമ്പാറ്റ. ഞാന്‍ കാത്തു നിന്നു ഏറെനേരം കഴിഞ്ഞിട്ടും പൂമ്പാറ്റ പുറത്തുവരുന്നില്ല.  മൃദുവായി ഊതി  കൊക്കൂണ്‍ പൊട്ടിക്കാന്‍ ഞാന്‍ പൂമ്പാറ്റയെ യെ സഹായിച്ചു. കൊക്കൂണ്‍ പൊട്ടി ഭയാനകമായ നിസ്സഹായതയോടെ അത് പുറത്തു വന്നു . അതിന്റെ ചിറകുകള്‍ ഒടിഞ്ഞു മടങ്ങിയിരുന്നു. വീണ്ടും മെല്ലെ ഊതി അതിനെ സഹായിക്കാന്‍ ഞാന്‍ ശ്രമിച്ചു.  പക്ഷേ എന്റെ എല്ലാ ശ്രമങ്ങളെയും  നിഷ്ഫലമാക്കി കൊണ്ട് ആ പാവം ജീവി എന്റെ കൈത്തലത്തില്‍  പിടഞ്ഞുവീണു മരിച്ചു.

ഒന്ന് കയ്യില്‍ മരിച്ചുവീണ ആ ചെറു ജീവി ഇ എന്റെ മനസ്സിലെ ഏറ്റവും വലിയ ഭാരമായി മാറി പ്രകൃതിയുടെ നിയമങ്ങള്‍  തെറ്റിക്കുന്നതിനോളം വലിയ പാപമില്ല. അക്ഷമരാവാതെ കാത്തു നില്‍ക്കുക ,പ്രകൃതിയുടെ അനന്ത താളത്തിന് ചെവിയോര്‍ത്ത്.......’(സോര്‍ബ ദ ഗ്രീക്  നികോസ് കസാന്‍ദ് സാകീസ് )

പ്രകൃതിക്ക് ഒരു നിയമമുണ്ട്! എല്ലാം അതിന്റെ മുറപോലെ തന്നെ നടക്കണമെന്ന പടച്ചവന്‍ നിശ്ചയിച്ച നിയമം.! പരിസ്ഥിതി ദിനാചരണങ്ങള്‍ പ്രമേയങ്ങളും ആപ്തവാക്യങ്ങളും ഒക്കെയായി ഓരോ തവണയും  ഉപചാരം പോലെ നടന്നു കൊണ്ടിരിക്കുമ്പോഴും , അന്താരാഷ്ട്രതലത്തില്‍ ആലോചിക്കും  ദേശീയതലത്തില്‍ ആസൂത്രണം ചെയ്തും  പ്രാദേശികതലത്തില്‍ നടപ്പിലാക്കിയും നിര്‍വഹിക്കപ്പെടേണ്ട ആ മഹാ ദൗത്യത്തിന് മുന്നില്‍ നില്‍ക്കാന്‍ ചൂഷണാധിഷ്ഠിതമായ ലോകത്തിന് കഴിയാതെ പോകുന്നതിന്റെ കാരണം  നമ്മുടെ വികസന സങ്കല്പങ്ങള്‍ക്ക്  ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത അത്തരമൊരു പരിസ്ഥിതി സൗഹൃദ ജീവിതത്തിന്റെ  അഭാവമാണ്.

'ഇനി വരുന്നൊരു തലമുറക്ക്  ഇവിടെ വാസം സാധ്യമോ ' എന്ന് ചോദിച്ചുപോകുന്നത്രയും രോഗാതുരമാണ് ഇന്ന് ഭൂമി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍  കേരളവും അനുഭവിച്ചു തുടങ്ങിയതോടെ നഷ്ടപ്രതാപത്തിന്റെ  നിസ്സഹായതയില്‍ ഋതുഭേദങ്ങളോട് സമരസപ്പെട്ടു കൊണ്ടിരിക്കുകയാണ് 'സര്‍വ്വ ലോക മലയാളി! '

നമ്മുടെ നമ്മുടെ നാടിന്റെ പാരിസ്ഥിതിക  പ്രതാപം  നിലനിര്‍ത്തക്കത്തക്ക വിധത്തില്‍'കാട്' എന്ന പ്രതാപം പേരിലൊതുങ്ങാത്ത പ്രദേശമിപ്പോള്‍ പള്ളിക്കാട് മാത്രമേയുള്ളൂ വെന്നു തോന്നുന്നു. അന്തേവാസികള്‍ വികസന മോഹികളല്ലാഞ്ഞിട്ടോ എന്തോ അതിപ്പോഴും അങ്ങനെത്തന്നെ അവശേഷിക്കുന്നുണ്ട്; ഇളം കാറ്റിലെ ഇലയനക്കങ്ങളും ഇടതൂര്‍ന്ന മരങ്ങളും കൊടവാവലുകള്‍ തൂങ്ങിനില്‍ക്കുന്ന മരച്ചില്ലകളും പേരറിയുന്നതും അല്ലാത്തതുമായ കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും ഗൃഹാതുരത്വമുണര്‍ത്തുന്ന ജൈവശേഷിപ്പായി ചെറുനനവുള്ള മണ്ണും ചിതല്‍പ്പുറ്റുകള്‍ മുതല്‍ മേത്തരം മാളങ്ങള്‍ വരെയുള്ള കണ്ണിമുറിയാത്ത ആവാസ വ്യവസ്ഥയുമൊക്കെയായി ഇക്കാലത്ത് ശുദ്ധവായു ശ്വസിക്കാന്‍ പറ്റുന്ന ഭൂമിയിലെ അപൂര്‍വ്വം ചിലയിടങ്ങളിലൊന്നായി....

ഒരുവലിയ സംസ്‌കാരത്തെ സംവഹിക്കുന്ന അറിയപ്പെടാത്ത ഈ വനസമ്പത്ത് കേരളത്തിലെ മിക്ക പള്ളികളുടെയും ഭാഗമാണിന്നും. കോണ്‍ക്രീറ്റ് നിര്‍മ്മിത മീസാന്‍ കല്ലുകളില്ലാതെ മനുഷ്യന്‍ കയ്യേറിയതിന്റെ മറ്റൊരടയാളവും അവയിലില്ല. അങ്ങിങ്ങായി നീണ്ടു പോകുന്ന ഒറ്റയടിപ്പാതകള്‍ മാത്രമേ ആള്‍പ്പെരുമാറ്റത്തെ കുറിക്കാനുള്ളൂ. 'കടലിലും കരയിലും നാശമുണ്ടാവാന്‍ കാരണക്കാരനായ മനുഷ്യന്‍ 'നിസ്സഹായനായി മാറുന്ന നിമിഷങ്ങള്‍ ഒപ്പിയെടുത്തു കൊണ്ട് ,പ്രാര്‍ത്ഥനാസ്വരങ്ങള്‍ മാത്രം ശ്രവിച്ചുകൊണ്ട് അതിങ്ങനെ നീണ്ടു നിവര്‍ന്നുകിടക്കുന്നു.

പരിസ്ഥിതിയുടെ പൂര്‍ണ്ണമായ രൂപമെന്ന് പരിഭാഷപ്പെടുത്താനാവും വിധം പള്ളിക്കാടുകളെ ഇത്രകണ്ട് പരിരക്ഷിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. നിശ്ശബ്ദനും നിസ്സഹായനുമായ സഹജീവിയെ നോക്കി നെടു വീര്‍പ്പിടാനുള്ള മനുഷ്യന്റെ മാനസികാവസ്ഥയാണ് അതിലൊന്ന്. പരലോകത്തെക്കുറിച്ചുള്ള പൂര്‍ണ്ണ ബോധ്യത്തിലേക്ക് മനസ്സുകൊണ്ട് സഞ്ചരിക്കാന്‍ അതവനെ പ്രാപ്തനാക്കുന്നു. കാലമേറുന്തോറും 'അധോലോക'ത്തെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന സങ്കല്പങ്ങളും പറയാനറിയാത്ത ആശങ്കകളും ഏറിവരികയാണ് മനുഷ്യരില്‍. ഖബറു മാന്തി കഫന്‍ പുടവയെടുത്ത് വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന കഥകള്‍ വായിക്കുമ്പോള്‍ കൗതുകത്തോടൊപ്പം ഖല്‍ബ് പിടക്കുന്നത് അതു കൊണ്ടാണ്.

മതത്തിന്റെ പ്രാമാണിക സമീപനങ്ങളാണ് മറ്റൊരു കാരണം. ഈന്തപ്പനപ്പട്ടയെടുത്ത് ഖബറിനുമുകളില്‍ പറിച്ചു കുത്തി ഈ പച്ചപ്പ് നിലനില്‍ക്കുന്ന കാലത്തോളം  ഇതിലെ ഖബറാളിയുടെ ശിക്ഷയില്‍ ഇളവുലഭിക്കുമെന്ന് പഠിപ്പിച്ചതാണ് അതി ന്റെ നബി മാതൃക. വിസര്‍ജ്ജിക്കിന്നത് വിലക്കിയും വര്‍ജ്ജിക്കേണ്ടവ വിവരിച്ച് നല്‍കിയും 'പരിപാലനം' എന്ന തലത്തിലേക്ക് അതിനെ ഉയര്‍ത്തികൊണ്ടുവരാനാണ് ദീന്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, ഓരോരുത്തര്‍ക്കും അനുവദിക്കപ്പെട്ട ആറടിമണ്ണ് ശരീരം മണ്ണുമായി താദാത്മ്യം പ്രാപിക്കും വരെ മാത്രമാണെന്നും അടുത്തതലമുറക്ക് അത് കൈമാറേണ്ടതുള്ളതുകൊണ്ടുതന്നെ 'തനിക്കാക്കിവെടക്കാക്കി'ക്കൂടെന്നുമാണ് പ്രാമാണിക നിയമം. ഭൂമിയിലെ നമ്മുടെ ഇടം വളരെ പരിമിതമാണെന്ന് മനസ്സിലാക്കാനുള്ള ഈ പ്രാഥമികജ്ഞാനമാണ് നിഷ്‌കൃഷ്ടമായ പരിസ്ഥിതി പാഠം. നമ്മുടെ പൂര്‍വ്വീകര്‍ നമ്മെ ഏല്‍പ്പിച്ചതു പോലെ  വരും തലമുറയെ അത് തിരിച്ചേല്‍പ്പിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ 'ചൂഷണം' എന്ന ഏറ്റവും മാരകമായ വെല്ലുവിളിയില്‍ നിന്ന് ഈ ഭൂമിയെ രക്ഷിക്കാന്‍ നമുക്കുസാധിക്കുകയുള്ളൂ.

വിഭവ ചൂഷണവും വിനിയോഗ ദീക്ഷയില്ലായ്മയുമാണ് ഇന്ന് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 44 നദികളും 33 കായലുകളും 1750 കൈവരികളം,18681 തടാകങ്ങളും , 58 അണക്കെട്ടുകളും, ലക്ഷക്കണക്കിനു കുളങ്ങളും, ദശലക്ഷങ്ങണക്കിന് കിണറുകളും, ഇടവപ്പാതിയും തുലാവര്‍ഷവുമായി അഞ്ച്മാസം നീളുന്ന മഴയയും പുറമെ വേനല്‍ മഴയും, കാലാവസ്ഥാസന്തുലനത്തിന് പശ്ചിമഘട്ട നിരകളും ഹെക്ടര്‍ കണക്കിനു പാടശേഖരങ്ങളും ഒക്കെയുള്ള സുഭഗസുന്ദര ഭൂമിയായിരുന്നു കേരളം. അവ നല്‍കിയ സൗന്ദര്യവും സമൃദ്ധിയുമാണ് 38831 ച.കി.മി ഭൂവിസ്തൃതിയുള്ള ഈ ഉപദ്വീപനെ ദൈവത്തിന്റെ സ്വന്തം നാടാക്കിമാറ്റിയത്. എന്നാല്‍ കാര്യങ്ങളിന്ന് കീഴ്‌മേല്‍ മറിഞ്ഞു കൊണ്ടിരിക്കുകയാണ്.

കൊടും വരള്‍ച്ചയുടെ കെടുതികള്‍ വര്‍ഷാവര്‍ഷം കേരളത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ജലക്ഷാമം, വരള്‍ച്ച ,താപനം തുടങ്ങി ആഗോള പ്രതിസന്ധിയുടെ അനുബന്ധങ്ങളായി മാത്രം പറഞ്ഞു വെക്കാറുണ്ടായിരുന്ന പലതും ഇന്ന് നേരിട്ടനു ഭവിച്ചുകൊണ്ടിരിക്കുകയാണ്. വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. രൂക്ഷമായ ജലക്ഷാമം മൂലം വിദൂര ദേശങ്ങളില്‍ നിന്ന് വാര്‍ത്തകളില്‍ മാത്രം വായിച്ചും കണ്ടും പരിചയിച്ച സംഭവവികാസങ്ങള്‍ സാധാരണമായിക്കൊണ്ടിരിക്കുന്നു.

ഋതുക്കളില്‍ പ്രകടമായ മാറ്റങ്ങളുണ്ടാകുന്നതും പുഴ കൈവഴിയും കടന്ന് നടപ്പാതയായി മാറുന്നതും കിണറുകള്‍ മുമ്പില്ലാത്ത വിധം വറ്റി വരളുന്നതും സൂര്യതാപമേറ്റ്  ആളുകളും വളര്‍ത്തു മൃഗങ്ങളും മരിച്ച് വീഴുന്നതും വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നോടിയാണ്. കേരളം മരുഭൂമിയായി മാറുന്നു  വെന്ന കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പും വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന ദേശാടനക്കിളികള്‍ വിരുന്നെത്തിത്തുടങ്ങിയതും കൊടുംചൂടില്‍ മാത്രം കാണപ്പെടുന്ന സസ്യങ്ങള്‍ മുളച്ചു പൊന്തുന്നതും ആസന്നഭാവിയെക്കുറിച്ചുള്ള അത്തരം ആശങ്കകള്‍ക്ക് ആഴം വര്‍ധിപ്പിക്കുന്നു.

കാര്യങ്ങള്‍ അവിടം കൊണ്ട് പറഞ്ഞ വസാനിപ്പിക്കാമായിരുന്ന കാലവും കഴിഞ്ഞു .കഴിഞ്ഞവര്‍ഷമുണ്ടായ മഹാപ്രളയത്തിന്റെ ഭീതിതമായ ഓര്‍മ്മകളില്‍  ഇനി മറ്റൊന്ന് ആവര്‍ത്തിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ്  മഴക്കാലത്തെ മലയാളി മനസ്സുകൊണ്ട്  എതിരേല്‍ക്കുന്നത്. എന്നിട്ടും, വിനാശകരമായ വികസന സങ്കല്ങ്ങളില്‍ അവിരാമം അഭിരമിച്ചുകൊണ്ടിരിക്കുകയാണ് നാം. കുന്നിടിച്ചും വയല്‍ നികത്തിയും കാടുകളും മരങ്ങളും വെട്ടിത്തെളിച്ചുമൊക്കെ അത് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

മറ്റേതു വിഷയത്തിലുമെന്ന പോലെ പരിസ്ഥിതി പരിപാലനത്തിലും മറ്റുള്ളവര്‍ക്ക മാതൃകയാകേണ്ടവനാണ് വിശ്വാസി.. ചോദ്യംചെയ്യപ്പെടുമെന്ന ബോധ്യത്തില്‍ നിന്നാണ് അവന്റെ ഉത്തരവാദിത്വ ബോധം പിറക്കുന്നത്. ചൂഷണങ്ങളോടു രാജിയാവാന്‍ അതിനു കഴിയില്ല. 'വാരിക്കൂട്ടാനുള്ള വ്യഗ്രതക്ക് ശമനമാവുക കുഴിയിലെ മണ്ണു മാത്രമാണെ'ന്നെത്രെ നബിവചനം. മനുഷ്യന്റെ മൂന്ന് ഉത്തരവാദിത്വങ്ങളെക്കുറിച്ച് കിതാബുകളില്‍ കാണാം: 1) അല്ലാഹുവിനുള്ള ഇബാദത്ത് (അദ്ദാരിയാത്ത്56) 2) ഭൂമിയിലെ ഖിലാഫത്ത്(അല്‍ ബഖറ30) 3) ഭൂമിയുടെ പരിപാലനം (ഹൂദ്61). പ്രമാണബദ്ധമെന്നപോലെത്തന്നെ പരസ്പര പൂരകവുമാണ് ഈ ഘടകങ്ങള്‍. അവ യഥാവിധിനിര്‍വ്വഹിക്കുമ്പോള്‍ മാത്രമേ ബാധ്യതകള്‍ നിറവേറ്റിയെന്ന് ആശ്വസിക്കാന്‍ നമുക്ക് അര്‍ഹതയുള്ളൂ.

വരാനിരിക്കുന്ന വേനലുകള്‍ക്കും. പിറക്കാനിരിക്കുന്ന തലമുറകള്‍ക്കുമായി ഈ ഹരിതസുന്ദര ഭൂമിയെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. അത് നിര്‍വ്വഹിച്ചവരാണ് ഇപ്പോള്‍ പ്രകൃതിയുടെ തലോടലേറ്റ് മീസാന്‍ കല്ലുകള്‍ക്കുതാഴെ വിശ്രമിക്കുന്നത്. പ്രകൃതിയോടു ചേര്‍ന്ന് ജീവിച്ചവരായിരുന്നു അവര്‍. മഴയും വെയിലും കോളും കുളിരുമടങ്ങുന്ന പ്രകൃതിയുടെ നയനിയമങ്ങള്‍ അവര്‍ക്ക് മനഃപാഠമായിരുന്നു. ഇനിയെപ്പോള്‍ മഴപെയ്യുമെന്ന ചോദ്യത്തിന് എന്ന് മാര്‍ച്ച്22 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക എന്ന് മറുപടി ലഭിക്കുകയും ആ മറുപടിയുടെ കൃത്യത നേരിട്ടനുഭവിക്കുകയും ചെയ്ത വില്യംലോഗന്റെ അനുഭവം മലബാര്‍ മാന്വലില്‍ കാണാം. കണക്കുക്കൂട്ടലുകളെല്ലാം അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്ത്‌നിന്നുകൊണ്ട് ആ പഴയ പ്രതാപത്തിലേക്കുള്ള ദൂരമളക്കാന്‍ ആറടി താഴ്ചയുള്ള ഒരു കുഴിക്ക് കഴിയും!. അതറിയാവുന്നതു കൊണ്ടാണ് പാണല്‍ ചെടികളിപ്പോഴും പള്ളിക്കാടു തിരഞ്ഞുകൊണ്ടിരിക്കുന്നത് !!!                                                                                                                                                                                                 


Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget