മുസ്ത്വഫ സ്വബ്രി (റ): ബൗദ്ധിക വിപ്ലവത്തിന്റെ ആചാര്യന്‍


|മുര്‍ശിദ് കൂടല്ലൂര്‍ |

ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച പുകള്‍പെറ്റ പണ്ഡിതനും ഈജിപ്തിലും തുര്‍ക്കിയിലുമായ് പൊട്ടിപ്പുറപ്പെട്ട വിഘടിത പ്രസ്ഥാനങ്ങള്‍ക്കെതിരെ ജിഹ്വയും തൂലികയും പടവാളാക്കിയ മഹാമനീഷിയുമായിരുന്നു ഇമാം മുസ്ത്വഫ സ്വബ്രി (റ). ഈജിപ്തിലെയും തുര്‍ക്കിയിലെയും വിഘടിതര്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ അദ്ധേഹം ഇസ്ലാമിനൊരുക്കിയ  സംരക്ഷണം വളരെ വലുതാണ്.

ജനനവും പ്രാഥമികവിദ്യാഭ്യാസവും

തുര്‍ക്കിയിലെ തൗഖദ് പ്രവിശ്യയില്‍  ക്രിസ്താബ്ദം 1889 ലാണ് ഇമാം സ്വബ്രിയുടെ ജനനം. പ്രമുഖ പണ്ഡിത കുടുംബത്തില്‍ പിറവികൊണ്ട ഇമാം സ്വബ്രി പിതാവ് അഹമദില്‍ നിന്നും പാരമ്പര്യ വിജ്ഞാനം അഭ്യസിച്ച് പിന്നീട് കൈസറിലേക്ക് ഉപരിപഠനാര്‍ത്ഥം യാത്ര പോകുകയും പ്രമുഖരില്‍ നിന്ന് ജ്ഞാനം നേടുകയും ചെയ്തു. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ ഒരുപാട് പണ്ഡിതന്മാരുമായി സംവദിക്കാനും വൈജ്ഞാനിക രാഷ്ട്രീയമേഖലകളില്‍ തന്റേതായ ഇടപെടലുകള്‍ നടത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.

ഔദ്യോഗിക ജീവിതം

ഇരുപത്തിരണ്ടാം വയസ്സില്‍ അദ്ധ്യാപന ജീവിതം ആരംഭിച്ച ഇമാം  സ്വബ്രി സുല്‍ത്താന്‍ മുഹമ്മദ് ഫാത്തിഹിന്റെ നേതൃത്വത്തിലുള്ള കോളേജിലാണ് ആദ്യമായി സേവനം ചെയ്തത്. അവിടന്നങ്ങോട്ട് കര്‍മ്മനൈരന്ത്യത്തിന്റെ നിരവധി നാഴികകല്ലുകള്‍ അദ്ദേഹത്തിന് താണ്ടികടക്കാനായി. ഉസ്മാനിയ്യ ഖിലാഫത്തിന് കീഴിലുള്ള 'ബയാനുല്‍ ഹഖ് ' പണ്ഡിത സഭയിലെ നിത്യ സാന്നിധ്യം, ദാറുല്‍ ഹികമിലെ സാരഥി, ദാറുല്‍ ഹദീസിലെ ഹദീസ് പണ്ഡിതന്‍ തുടങ്ങി പല ബൗദ്ധിക മേഖലകളിലും മഹാന്‍ സേവനമനുഷ്ടിച്ചു. പിന്നീട് 1919ല്‍ ദിമാഅ ഫരീദ് ബാഷ ഒന്നാമന്റെ കാലഘട്ടത്തില്‍ ഏറ്റവും ഉന്നതപദവിയായ ശൈഖുല്‍ ഇസ്ലാമെന്ന സ്ഥാനം അദ്ദേഹത്തെ തേടിയെത്തി. അവസാനമായി ഈ പദവി സ്വീകരിച്ചതും മഹാന്‍ തന്നെയായിരുന്നു. പക്ഷെ പിന്നീട് ഉസ്മാനിയ്യ ഖിലാഫത്തിന്റെ തകര്‍ച്ചയോടെ  1923ല്‍ മിസ്റിലേക്കും അവിടുന്ന് ലബനാനിലേക്കും അദ്ദേഹത്തിന് പാലായനം ചെയ്യേണ്ടിവന്നു.

വൈജ്ഞാനിക ഇടപെടലുകള്‍

ഉസ്മാനിയ്യ ഖിലാഫത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം വിവിധ രാഷ്ട്രങ്ങളിലൂടെ അദ്ദേഹം സഞ്ചാരം നടത്തി.
യൂറോപ്യന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ച മഹാന്‍ ആധുനികതയുടെ  നിയന്ത്രണങ്ങള്‍ മുഖ്യധാരയില്‍ വരുത്തിയ മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി. ഇതിനിടയില്‍ മക്കയിലെ പ്രസിദ്ധനായ ശരീഫ് ഹസനെ സന്ദര്‍ശിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1932ല്‍ മിസ്‌റില്‍ തന്നെ തിരിച്ചെത്തിയ അദ്ദേഹം 54 വരെയുള്ള നീണ്ട രണ്ട് പതിറ്റാണ്ടു കാലം മിസ്‌റില്‍ സേവനമനുഷ്ഠിച്ചു.

നിരന്തരം ഗ്രന്ഥങ്ങള്‍ വിരചിതമായിരുന്ന ആ കാലഘട്ടത്തില്‍ തത്വചിന്ത വ്യാപകമായി ചര്‍ച്ചചെയ്യപെട്ടിരുന്നു.
അറബി,ടര്‍ക്കിഷ് ഭാഷകളിലുണ്ടായിരുന്ന പ്രാവീണ്യം ഈ ഭാഷകളില്‍ രചിക്കപ്പെട്ട  ഫിലോസഫി, ഇല്‍മുല്‍ കലാം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍  അദ്ദേഹത്തെ സഹായിച്ചു. ഫിലോസഫിയും ഇല്‍മുല്‍ കലാമും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ പേരില്‍ സമൂഹത്തില്‍ ഛിദ്ധ്രത പരത്താന്‍ ഒരു പറ്റം വികല ചിന്താധാരകള്‍ മുന്നോട്ടുവന്ന സമയമായിരുന്നു അത്. പൗരാണിക കാലം തൊട്ടുള്ള ഫിലോസഫിയുടെ ചരിത്രം പഠിക്കാന്‍ ഇതദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഫ്രഞ്ചു ഭാഷയില്‍ രചിക്കപ്പെട്ട് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപെട്ട പോള്‍ ജന്നത്തിന്റെ 'അല്‍ മന്‍തിഖ് വല്‍ മദ്ഹബ് ' , അഹമ്മദ് അമീനും നജീബ് മഹ്മൂദും ചേര്‍ന്ന് രചിച്ച 'ഖിസ്സതു  ഫല്‍സഫത്തില്‍ ഹദീസ് ' എന്നീ ഗ്രന്ഥങ്ങള്‍  മഹാന്‍ പഠനവിധേയമാക്കുന്നത്. ഇതിലൂടെ ഇമ്മാനുവല്‍ കാന്റിന്റെയും ഫെഡറിക് ഹെഗലിന്റെയും ചിന്താവൈകല്യം മനസ്സിലാക്കാനും അതിന് തക്കതായ മറുപടി നല്‍കാനും അദ്ദേഹത്തിന്  സാധിച്ചു.

അറബിയിലും ടര്‍കിഷിലുമായി നിരവധി ഗ്രന്ഥങ്ങള്‍ ഇമാം സ്വബ്രി രചിച്ചിട്ടുണ്ട്. ഇതില്‍ ആറ് ഗ്രന്ഥങ്ങളാണ് അറബിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. 'അന്നകീര്‍ അലാ മുന്‍കിരിന്നിഅമ' , 'മസ്അലത്തു തര്‍ജിമത്തില്‍ ഖുര്‍ആന്‍', 'മൗഖിഫുല്‍ ബഷര്‍ തഹ്ത സുല്‍ത്താനില്‍ ഖദ്ര്‍' , 'അല്‍ ഖൗലുല്‍ ഫസ്ല്‍, മൗഖിഫുല്‍ അഖ്‌ലി വല്‍ ഇല്‍മി വല്‍ ആലം' എന്നിവ അവയില്‍ ചിലതാണ്. വിശ്വാസ ശാസ്ത്രത്തില്‍ രചിച്ച 'മൗഖിഫുല്‍ അഖ്‌ലി വല്‍ ഇല്‍മി വല്‍ ആലം' എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ  മാസ്റ്റര്‍ പീസ്. നൂറ്റാണ്ടിന്റെ ഗ്രന്ഥം എന്നാണ് മൗഖിഫു ല്‍ അഖ്ല്‍ വിശേഷിപ്പിക്കപ്പെടുന്നത്.

ഇസ്ലാമിന്റെ ചിന്താധാരകള്‍ക്ക് തുരങ്കം വെക്കുന്ന നിരവധി എഴുത്തുകാരേയും ചിന്തകന്മാരെയും ഇമാം സ്വബരിക്ക് ഈജിപ്ത്തില്‍ കണ്ടുമുട്ടേണ്ടിവന്നു. ഇതില്‍ പ്രധാനികളാണ് റഷീദ് രിള, ഫരീദ് വജ്ദീ, സകീ മുബാറക് തുടങ്ങിയവര്‍. ഹുസൈന്‍ ഹൈക്കലിനെ പോലുള്ള പ്രവാചക ചരിത്രകാരന്മാര്‍ ഖുര്‍ആനല്ലാതെ മറ്റൊരു മു്അജിസത്തും നബി(സ)ക്ക് ഇല്ലെന്ന് വാദിച്ചവരാണ്. ഇവരെ മുന്നില്‍ കണ്ട്  രചിച്ച കൃതിയായിരുന്നു 'അല്‍ ഖൗലുല്‍ ഫസ്ല്‍ ബൈനല്ലദീന യുഅമിനീന ബിഗയ്ബി വല്ലദീന ലാ യുഅമിനൂന്‍'

ഇമാം സ്വബ്രി തുര്‍ക്കിയിലായിരിക്കെ എഴുതിയ 'അന്നകീറു അലാ മുന്‍കിരിന്നിഅമ' കമാല്‍ പാഷയുടെ വിഘടിത നിയമങ്ങള്‍ക്കെതിരെയും ഉസ്മാനിയ്യ ഖിലാഫത്തിനെതിരായി യഹൂദ-അമുസ്ലിം കൂട്ടുകെട്ടില്‍ നടത്തിയ നീക്കങ്ങളെ പ്രതിപാദിച്ചുള്ളതാണ്.
ഈ കാലഘട്ടത്തില്‍ തന്നെ 'മസ്അലത്തു തര്‍ജ്ജിമത്തില്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥ രചന അത്താ തുര്‍ക്കിന്റെ ഗവണ്മെന്റ് ഖുര്‍ആന്‍ ടര്‍ക്കിഷിലേക്ക് മൊഴിമാറ്റം ചെയ്യുകയും നിസ്‌കാരമുള്‍പ്പെടുന്ന അടിസ്ഥാന കര്‍മ്മങ്ങളില്‍ ടര്‍ക്കിഷ് ഖുര്‍ആന്‍ കൊണ്ടുവരികയും ചെയ്ത ഘട്ടത്തിലായിരുന്നു.

ഇതുപോലെതന്നെ വിശ്വാസശാസ്ത്രത്തില്‍ ഇസ്ലാമിന്റെ നിലപാടുകള്‍ പ്രമാണബദ്ധവും യുക്തിസഹവുമായി സമര്‍ത്ഥിക്കുന്ന രചനയാണ് 'മൗഖിഫുല്‍ ബഷര്‍'. വികലവാദികള്‍ക്ക് സംഭവിച്ച  ചിന്താവൈകല്യങ്ങള്‍ക്കെതിരായിരുന്നു ഈ ഗ്രന്ഥം.

ഈ സമയത്താണ് ഹുസൈന്‍ ഹൈക്കല്‍ 'ഹയാത്തു മുഹമ്മദ് ' എന്ന ഗ്രന്ഥം രചിക്കുന്നത്. അഹ്ലുല്‍ ഹദീസിനെ നിശിതമായി വിമര്‍ശിക്കുന്ന ഒരു ഗ്രന്ഥമായിരുന്നു ഇത്. ചില അസ്ഹരീ പണ്ഡിതര്‍ ഇത് ഇമാം സ്വബ്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതേ സമയത്തില്‍ തന്നെ മഹ്മൂദ് ഷല്‍തൂത് പല അബദ്ധജടിലമായ വാദങ്ങളുമായി  രിസാല മാസികയില്‍ ഒരു ലേഖനം എഴുതുന്നത്. യുക്തിഭദ്രമായ രീതിയില്‍ ശൈഖ് അതിന് മറുപടി അയച്ചെങ്കിലും അവരത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. ഇത്രയുമായപ്പോഴാണ് ശൈഖ് തന്റെ വിശ്വഗ്രന്ഥമായ
മൗഖിഫുല്‍ അഖ്‌ലിന്റെ നുബുവ്വത്തും അനുബന്ധവിഷയങ്ങളും ചര്‍ച്ചചെയ്യുന്ന മൂന്നാം ഭാഗം സ്വതന്ത്ര രചനയായി പുറത്തിറക്കുന്നത്.

വിഘടനവാദികള്‍ക്കെതിരെ 

ഉസ്മാനിയ്യ ഖിലാഫത്തിന്റെ പതനത്തോടുകൂടി സുരക്ഷിതത്വം നിലനിന്നിരുന്ന ഇസ്ലാമിക ലോകത്ത് മതവിരുദ്ധ ശക്തികളുടെ വിളയാട്ടം നിമിത്തം അരക്ഷിതാവസ്ഥ പരക്കാന്‍ തുടങ്ങി. ഖിലാഫത്തിന്റെ പതനത്തോടുകൂടി പിറവികൊണ്ട നവീനവാദികള്‍ പുത്തന്‍ ആശയങ്ങള്‍ ഇസ്ലാമിക ശരീഅത്തുമായി കൂട്ടികലര്‍ത്താന്‍ തുടങ്ങി.

ഈ കാലത്തെ പുത്തന്‍വാദികളില്‍ പ്രമുഖനായിരുന്നു മുസ്തഫ കമാല്‍പാഷ.  ഇദ്ദേഹത്തിന്റെ വാദങ്ങള്‍ക്കെതിരെ ഘോരമായി ശബ്ദിച്ച മുസ്തഫ സ്വബ്രി അധികാര വര്‍ഗത്തിന്റെ ശത്രുവാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഇതിനാല്‍ അദ്ദേഹത്തിന്ന് നേരെ പലതവണ വധശ്രമങ്ങളുണ്ടായി.
റുമേനിയയിലേക്കും മറ്റിതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കുവരെ ഉസ്മാനിയ്യ ഖിലാഫത്തിന്റെ പരമോന്നത പണ്ഡിതന് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യേണ്ടി വന്നു.
പല മുസ്ലിം രാജ്യങ്ങളും അദ്ദേഹത്തിന് അഭയം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ അദ്ദേഹം ഈജിപ്ത്തില്‍ സ്ഥിരതാമസമാക്കി.

ഈജിപ്ത്തിലും അവസ്ഥതകള്‍ വ്യത്യസ്തമായിരുന്നില്ല മുഹമ്മദ് അബ്ദുവിന്റെ നവീന വാദങ്ങള്‍ പിടിമുറുക്കിയ ഈജിപ്തിലും ഇസ്ലാമികച്ച പശ്ചാത്തലം  വികൃതമായിരുന്നു. അല്‍ അസ്ഹര്‍ പോലെയുള്ള ലോകോത്തര മതപാഠശാലകളില്‍ വരെ അടിസ്ഥാന കാര്യങ്ങളില്‍ പോലും പുത്തന്‍വാദത്തിന്റെ ചുവ നിഴലിച്ചുനിന്നിരുന്നു. അസ്ഹറിലെ പ്രധാന പണ്ഡിതരായ മുസ്തഫ അല്‍ മറാഗിയും, അഹമ്മദ് ഷല്‍ത്വൂതുമെല്ലാം എന്തിന് അക്കാലത്തെ ശൈഖുല്‍ അസ്ഹറായിരുന്ന മഹ്മൂദ് ഷല്‍തൂത് വരെ ഈ വികലചിന്താധാരകള്‍ പേറുന്നവരായിരുന്നു.

അങ്ങനെ ഈജിപ്തിലുള്ള നവീനവാദികള്‍ക്കെതിരെയും ഇമാം അക്ഷീണം പോരാടി. ആരുടേയും സ്ഥാനാമാനങ്ങളോ അധികാരങ്ങളോ ഒന്നും തന്നെ അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. തന്റെ വാര്‍ദ്ധക്യത്തിലും നിരവധി തൂലികയിലൂടെയും അല്ലാതെയുമായി അദ്ദേഹം എതിരാളികള്‍ക്കെതിരെ നിലകൊണ്ടു. ഈജിപ്ത്തിലെ ഇസ്ലാമിക ചിട്ടകളുടെ അധപതനത്തിന് കാരണം മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റെ ഗുരു ജമാലുദ്ദീന്‍ അഫ്ഗാനിയുമാണെന്നും അല്‍ അസ്ഹറിനെ മതവിരുദ്ധ തട്ടകമാക്കിയ മുഹമ്മദ് അബ്ദു അവിടെയുള്ള വിദ്യാര്‍ത്ഥികളെയും കൂട്ട്പിടിച്ച് ഈജിപ്ത്തിലാകെ ഛിദ്രത പരത്തിയെന്നും ആരോപിച്ച ഇമാം സ്വബ്രി തന്റെ വാര്‍ദ്ധക്യദശയിലും വിശുദ്ധ ഇസ്ലാമിനായ് പോരാടി കൊണ്ടേയിരുന്നു.

മൗഖീഫുല്‍ അഖ്ല്‍

നാലു വാള്യങ്ങളായി പുറത്തിറങ്ങിയ മൗഖീഫുല്‍ അഖ്ല്‍ എന്നഗ്രന്ഥം ഇമാം സ്വബ്രി രചിക്കുന്നത് തന്റെ വാര്‍ദ്ധക്യ കാലത്താണ്. 2000 ത്തിലധികം പേജുകള്‍ വരുന്ന ഈ ഗ്രന്ഥം ശൈഖിന്റെ നിശ്ചയധാര്‍ഢ്യത്തിനുള്ള ഉദാത്തമായ തെളിവാണ്.

തുര്‍ക്കിയിലും ഈജിപ്ത്തിലും താന്‍ ദര്‍ശിച്ച മതപരമായ അപചയങ്ങളും രാഷ്ട്രീയ മുതലെടുപ്പും വിവരിക്കുന്ന പ്രസ്തുത ഗ്രന്ഥം ആത്മീയ വീണ്ടെടുപ്പിനുള്ള മറുമരുന്നും നിര്‍ദേശിക്കുന്നുണ്ട്. പില്‍കാലത്ത് ഏറെ പ്രശസ്തി നേടിയ ഈ  രചന നൂറ്റാണ്ടിന്റെ
ഗ്രന്ഥമാണെന്ന് അബുല്‍ ഫത്താഹ് അല്‍ ഗുദ്ദ വിശേഷിപ്പിക്കുന്നുണ്ട്. ധാരാളം സലഫി പണ്ഡിതര്‍ വരെ ഈ  ഗ്രന്ഥത്തെ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് അത്ഭുതാവാഹമായ യാഥാര്‍ഥ്യമാണ്.

'മൗഖിഫുല്‍ ബശര്‍ തഹ്ത സുല്‍ത്വാനില്‍ ഖദ്ര്‍', 'അല്‍ ഖൗലുല്‍ ഫസ്ല്‍' എന്നിങ്ങനെ രണ്ടു പ്രധാന ഭാഗങ്ങളായാണ് ഈ ഗ്രന്ഥം ക്രമീകരിച്ചിട്ടുള്ളത്.  മുഹമ്മദ് അബ്ദുവിനെ പോലോത്ത ഇസ്ലാഹീ പണ്ഡിതന്മാരുടെ വികലവാദങ്ങളെയും ഇസ്ലാമിക അപചയങ്ങളെയും ഇതിലൂടെ ഇമാം വിമര്‍ശന വിധേയമാക്കുന്നുണ്ട്.

ഇസ്ലാമിക വിശ്വാസ ശ്രേണിയിലെ പ്രധാനമായ പ്രവാചക ദൃഷ്ടാന്തങ്ങള്‍, പരലോകം, വിചാരണ തുടങ്ങിയ അദൃശ്യകാര്യങ്ങളെ നിഷേധിക്കുന്നവര്‍ക്കെതിരെയാണ് അല്‍ ഖൗലുല്‍ ഫസ്ല്‍ നിലകൊള്ളുന്നത്. മുഅജിസത്തുകളെ നിഷേധിച്ച ഡോക്ടര്‍ ഹുസൈന്‍ ഹൈക്കല്‍, പരലോകം വിചാരണ ഇവയൊക്കെ നിഷേധിച്ച ശൈഖ് മഹ്മൂദ് ഷല്‍തൂത് തുടങ്ങിയവരെ പോലെയുള്ള  വികടന വാദികള്‍ക്കെതിരെയുള്ള കടന്നാക്രമണമായിരുന്നു ഈ ഗ്രന്ഥം.

നാലുഭാഗങ്ങളില്‍ ആദ്യം ബുദ്ധിക്ക് വിശുദ്ധ ദീനില്‍ ഉള്ള പരിഗണനയെ സംബന്ധിച്ചും, രണ്ടാം ഭാഗത്തില്‍ അറിവിനെക്കുറിച്ചും പഞ്ചേന്ദ്രിയങ്ങളില്‍ ഇവക്കുള്ള സ്വാധീനത്തെ സംബന്ധിച്ചും മൂന്നാം ഭാഗം ബുദ്ധിയെക്കുറിച്ചും ബുദ്ധി അറിവാര്‍ജ്ജിക്കുന്നതില്‍ നിര്‍വ്വഹിക്കുന്ന പങ്കിനെയും ചര്‍ച്ച ചെയ്യുന്നു.

തന്റെ കാലഘട്ടത്തിലുള്ള മുഴുവന്‍ വ്യതിയാന ചിന്തകളെയും വിശദീകരിക്കുകയും ഇസ്ലാമിന്റെ പ്രാമാണിക കാഴ്ചപ്പാടുകളില്‍ അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന പ്രസ്തുത ഗ്രന്ഥം ഇമാം സ്വബ്രി ലോകത്തിന് നല്‍കിയ അപൂര്‍വ്വവും മഹത്തരവുമായ സംഭാവനയാണ്.

Labels:

Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget