|വിവര്‍ത്തനം: സല്‍മാന്‍ കൂടല്ലൂര്‍ |
മാനവര്‍ക്ക് ഇസ്ലാമികാദ്ധ്യാപനത്തിന്റെ മഹത് മൂല്യങ്ങളും സഹിഷ്ണുതയുടെയും ഉദാരതയുടെയും ക്ഷമാശീലതയുടെയും മേന്മയുള്ള ഉപദേശ നിര്‍ദേശങ്ങളും പകര്‍ന്ന് നല്‍കി നൂറ്റാണ്ടുകളോളം അവര്‍ക്ക് സത്യമാര്‍ഗത്തിന്റെ പ്രോജ്ജ്വലിക്കുന്ന വഴികള്‍ കാണിച്ച് കൊടുത്ത തുര്‍ക്കിഷ് ചിന്തകനും കവിയുമായിരുന്നു യൂനുസ് എംറെ. വിത്യസ്ത അവലംബങ്ങള്‍ക്കടിസ്ഥാനത്തില്‍ പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍
പതിനാലാം നൂറ്റാണ്ടിന്റെ ഏകദേശം അവസാനം വരെ അനാറ്റോലിയയിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ജനന ദിവസമോ മാസമോ വ്യക്തമല്ല.
ടര്‍ക്കിഷ്-ഇസ്ലാമിക നാടോടി ചിന്തകളുടെ പ്രയോക്താക്കളില്‍ പ്രധാനിയായ യൂനുസ് എംറെക്ക് 1307-1308 വര്‍ഷങ്ങള്‍ക്കിടയില്‍ രചിക്കപ്പെട്ട ''രിസാലത്തുന്നിഷിയ''യും തന്റെ വിയോഗ ശേഷം ശിഷ്യന്മാര്‍ സമാഹരിച്ച അദ്ദേഹത്തിന്റെ തന്നെ കവിതകളടങ്ങുന്ന ''ദീവാന്‍'' എന്ന ഗ്രന്ഥവുമാണുള്ളത്. സൂഫി ചിന്തകനും നാടോടിക്കവിയുമായ അദ്ദേഹം അനാറ്റോലിയയിലെ ആത്മീയ വാസതുശില്‍പിയായി ഗണിക്കപ്പെടുന്നു. ദൈവീക സ്നേഹത്തിന്റെ അന്തര്‍ഭാവം വെളിപ്പെടുത്തുന്ന നാടോടി കവിതകള്‍ക്ക് ജന്മം നല്‍കിക്കൊണ്ട് തുര്‍ക്കി ഭാഷയുടെ ചരിത്ര പരിവൃത്തത്തിന്റെ ആദ്യഘട്ടമായ പുരാതന അനാറ്റോലിയന്‍ ടര്‍ക്കിഷ് എന്ന പ്രാദേശിക ഭാഷക്ക് രൂപം നല്‍കുന്നതില്‍ അദ്ദേഹം അനിശേധ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷത്തിലും മെയ് മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ യൂനുസ് എംറെ സാംസ്‌കാരിക കലാവാരത്തിന്റെ വിവിധ പരിപാടികളിലൂടെയും ഉദ്യമങ്ങളിലൂടെയും യൂനുസ് എംറെ ഇന്നും ഓര്‍ക്കപ്പെടുന്നു. കൊറോണ വൈറസിന്റെ പൊട്ടിപ്പുറപ്പെടല്‍ ചെറുക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ എക്സഹിര്‍ പ്രവിശ്യയിലെ മിഹാലക് ജില്ലയിലെ 'യൂനുസ് എംറെ' പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന എംറയുടെ മഖ്ബറയില്‍ നടക്കാനിരുന്ന അനുസ്മരണ ചടങ്ങ് റദ്ധാക്കിയിരുന്നു. എസ്‌കീഹിര്‍ ഉസ്മാന്‍ ഗാസി യൂണിവേഴ്സിറ്റിയിലെ (ഇസോഗു) ഇസ്ലാമിക് ഫിലോസഫി ഡിപാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറും യൂനുസ് എംറെ റിസര്‍ച്ച് സെന്റര്‍ മേധാവിയുമായ കമില്‍ സിരിതസ് അനദോലു ഏജന്‍സി (Anadolu Agency / AA) യുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത് യൂനുസ് എംറെ ഒരു ആത്മീയ ഭിഷഗ്വരനായി കാണക്കാപ്പെടുന്നു എന്നാണ്. യൂനുസ് എംറെയുടെ ജനനസ്ഥലമായ സരികോയ് (ഇന്നത്തെ യൂനുസ് എംറെ പ്രവിശ്യ) യെ പറ്റി പറഞ്ഞുതുടങ്ങിയ സരിതസ് തന്റെ വാക്കുകള്‍ തുടര്‍ന്നിതങ്ങനെയാണ്. ''പേര്‍ഷ്യന്‍ സൂഫി സാഹിത്യത്തില്‍ നിന്നും വിത്യസ്തമായി പൊതുജനത്തിന്റെ അഭിരുചി മാനിച്ച്കൊണ്ട് തന്നെ അദ്ദേഹം തുര്‍ക്കിഷ് സൂഫീ സാഹിത്യധാരക്ക് ഭീജാവാപം നല്‍കി. അക്കാരണത്താല്‍ തന്നനെ അനാറ്റോലിയയിലെ അനാറ്റോലിയയിലെ തുര്‍ക്കി സൂഫീ സാഹിത്യ ഉപജ്ഞാതാവായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
വിശ്വാസികള്‍ ആരായുന്ന ദൈവീക സ്നേഹത്തിന്റെ മൂര്‍ത്തരൂപമായിരുന്നു അദ്ദേഹത്തിന്റെ കവിതകളിലൂടെ ആവാഹിക്കപ്പെട്ടത്. വിശ്വാസികള്‍ തങ്ങളുടെ ആത്മീയ ദാഹത്തിന് അവിടെ നിന്നും അനശ്വരമായ പരിഹാരം കണ്ടെത്തുകയും നിര്‍വൃതിയടങ്ങുകയും ചെയ്തു''. യൂനുസ് എംറെ യുടെ ലളിതവും നിര്‍വ്യാജവുമായ ജീവിതത്തെ അംഗീകരിക്കുന്നതിനോടൊപ്പം പതിമൂന്നാം നൂറ്റാണ്ട് മുതല്‍ തന്റെ കൃതികളെ അടുത്തറിയുന്നവരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടാന്‍ സൂഫിക്ക് കഴിഞ്ഞുവെന്നും സരിതസ് കുറിക്കുന്നു.
ഹ്രസ്വവും സംക്ഷിപ്തവും ഫലപ്രദവുമായ അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക വചനങ്ങളില്‍ ജനങ്ങള്‍ അഗാധമായ സ്വാധീനം കണ്ടെത്തിയിരുന്നു. ഇസ്ലാമിലെ വിശ്വാസ ദൃഢത, സ്നേഹ സമ്പൂര്‍ണ്ണത, നീതി തുടങ്ങീ സന്ദേശങ്ങളുടെ വാഹകനായ അദ്ദേഹം സ്ഥലകാലങ്ങളെ അധിജീവിച്ചു. അദ്ദേഹത്തിന്റെ ആത്മീയാധ്യാപനങ്ങള്‍ സര്‍വ്വവ്യാപിയായി രൂപാന്തരപ്പെട്ടു. അതുകൊണ്ട് തന്നെ മൃതിയടഞ്ഞ് ശത വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ''ആരെങ്കിലും മരിച്ചപോയാല്‍ അവന്‍ മൃഗമാണ്, യഥാര്‍ത്ഥ സ്നേഹത്തിന് മരണമില്ലെ'' ന്ന് പറഞ്ഞ യൂനുസ് എംറെ ജീവനോടെ തുടരുന്നു.
മസ്നവി ശൈലിയില്‍ - സ്വതന്ത്രവും ആന്തരിക താളാത്മകവുമായ രീതി - എഴുതപ്പെട്ട യൂനുസ് എംറെയുടെ രിസാലത്തുന്നിശിയ എന്ന ഗ്രന്ഥത്തില്‍ മതപരവും ആദ്ധ്യാത്മികവുമായ ഉപദേശ നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്. അതേ സമയം അദ്ദേഹത്തിന്റെ കവിതകള്‍ സമാഹരിക്കപ്പെട്ടിട്ടുള്ള ദീവാന്‍ എന്ന കൃതി തന്റെ ജീവിതകാലത്ത് തന്നെ അനാറ്റോലിയയില്‍ വ്യാപകമായി വായിക്കപ്പെട്ടിരുന്നു.
അനാറ്റോലിയ മുതല്‍ ബാല്‍ക്കണ്‍ വരെ വ്യാപിച്ച് കിടക്കുന്ന വിശാലമായ ഭൂപ്രവിശ്യയിലുടനീളം മുസ്ലിം- ടര്‍ക്കിഷ് സംസ്‌കാരത്തിന്റെ അനന്തമായ മാതൃകകളില്‍ യൂനുസ് എംറെയുടെ സങ്കീര്‍ത്തനങ്ങള്‍ സ്വാധീനം ചെലുത്തുന്നുവെന്ന് അടിവരയിട്ട് കൊണ്ട് സരിതസ് പറയുന്നതിങ്ങനെയാണ്, ഈ സങ്കീര്‍ത്തനങ്ങള്‍ നൂറ്റാണ്ടുകളായി അനാറ്റോലിയയിലെയും റൂമേലിയയിലെയും വിത്യസ്ത വിഭാഗങ്ങളുടെ പൊതു ശബ്ദവും സങ്കല്‍പ്പവുമാണ്.
മൗലാന ജലാലുദ്ധീന്‍ റൂമി, ഹാജി ബക്തഷ് വലീ, അഹി എവ്റാന്‍, അഹ്മദ് ഫകീഹ്, ഗയ്കിലി ബാബ, സയ്യിദ് ബാലും തുടങ്ങിയ മഹാ പ്രതിഭകളുടെ കാലക്കാരനാണ് യൂനുസ് എംറെ. അക്കാലത്ത് അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും മാര്‍ഗദര്‍ശിയും അബ്ദുക് എംറെയായിരുന്നു. ആന്തരികമായ കലുഷിതാന്തരീക്ഷത്തില്‍ വിറങ്ങലിച്ചുപോയ സെല്‍ജൂക്ക് ഭരണഘൂടത്തിന്റെ തകര്‍ച്ചയുടെ കാലഘട്ടമായിരുന്നു അത്. ദാരിദ്രവും ക്ഷാമവും രാഷ്ട്രീയ പ്രാമാണ്യ ബലഹീനതയും തുടര്‍ന്നുണ്ടായ ആഭ്യന്തര തര്‍ക്കങ്ങളും മംഗോളിയന്‍ അധിനിവേഷവും ആ സമയത്ത് അനാറ്റോലിയന്‍ തുര്‍ക്കുകളുടെ മേല്‍ സമഗ്രാധിപത്യം സ്ഥാപിച്ചു. ഒപ്പം ചെറുതും വലുതുമായ തുര്‍ക്കി പ്രിന്‍സിപ്പാലിറ്റികള്‍ പ്രത്യേകിച്ചും ഒട്ടോമന്‍ പ്രദേശം അനാറ്റോലിയയുടെ വിവിധ ഭാഗങ്ങളില്‍ മുളപൊട്ടുകയും ചെയ്തു. അത്തരമൊരു സന്ദര്‍ഭത്തില്‍ അനാറ്റോലിയയിലെ ജനങ്ങള്‍ക്ക് ഇസ്ലമാം അനുധാവനം ചെയ്യുന്ന പരലോക വിജയവും നീതിയും സ്നേഹവും വിശ്വാസവും നല്‍കി അദ്ദേഹം അവരുടെ ഹൃദയാന്തരങ്ങളില്‍ പ്രതീക്ഷയുടെ തിരിനാളങ്ങള്‍ കൊളുത്തിവെച്ചു. അതിനോട് കൂടെ തുര്‍ക്കിക്കാരുടെ ഹൃദയാന്തരങ്ങളില്‍ അദ്ദേഹത്തിനോടുള്ള മതിപ്പും സ്നേഹവും മഴ പോലെ പെയ്തിറങ്ങുകയും ചെയ്തു.
തുര്‍ക്കി സാഹിത്യ രംഗത്ത് തന്റെ പ്രപിതാക്കളെ പിന്തുടര്‍ന്ന് തന്നെ യൂനുസ് എംറെ പ്രണയ കാവ്യം, ബെക്കാഷി കവിതകള്‍, സൂഫി സാഹിത്യം തുടങ്ങിയ മേഖലകളില്‍ അവയുടെയെല്ലാം തന്മയത്വം കാത്ത് സൂക്ഷിച്ച് കൊണ്ട് തന്നെ സാര്‍ത്ഥകമായ സംഭാവനകള്‍ നല്‍കി. അവയത്രയും ജനകീയ അംഗീകാരം കൈവരിക്കുകയും ഹൃദയ ഭേദകമായി നിലകൊള്ളുകയും ചെയ്തു. തുര്‍ക്കി സാഹിത്യ വിചക്ഷണനായ അദ്ദേഹം ഒരു നാടോടി വൈദ്യനെപ്പോലെ അലയുകയും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും സമൂഹത്തിന്റെ മനഃസംബന്ധിയായ സ്മൃതി പഥം വീണ്ടെടുക്കുകയും ചെയ്തു. മാനസികാരോഗ്യ പുനര്‍സ്ഥാപനം സാക്ഷാല്‍കരിക്കുന്ന അദ്ദേഹത്തിന്റെ കവിതാശകലങ്ങള്‍ അക്കാലത്തെ ജനങ്ങളെപ്പോലെ വര്‍ത്തമാനകാല ജനതയെയും ഉദ്ധീപിപ്പിക്കുന്നുണ്ട്.
ദൈവ ഭക്തിയും മതകീയ ധാര്‍മിക മൂല്യങ്ങളും തന്റെ കവിതകളിലൂടെ പ്രതിഫലിപ്പിക്കുന്ന യൂനുസ് എംറെ മാനസിക സാമൂഹിക സംതൃപ്തി ദൈവ സ്മരണയിലാണെന്നും യഥാര്‍ത്ഥ സന്തോഷം സത്യമാര്‍ഗത്തിലൂടെയാണെന്നു പലപ്പോഴായി നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്നലകളില്‍ നാം അനുഭവിച്ച യൂനുസ് എംറെയെ ഇന്നും നമ്മള്‍ ആഗ്രഹിക്കുന്നു. വിപ്ലവങ്ങളെ ചെറുത്ത് തോല്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ ചിന്തകളെയും വിശ്വാസ ദൃഢതയെയും ഇന്ന് നമുക്ക് ആവശ്യമായി വരുന്നു. അക്കാരണത്താല്‍ തന്നെ തെരുവുകള്‍ക്കും പാഠശാലകള്‍ക്കുമപ്പുറം നമ്മുടെ ജീവിതത്തിന്റെ അര്‍ദ്ധ നിമിഷങ്ങളില്‍ പോലും അദ്ദേഹം ജീവിച്ചിരിക്കണം.
Post a Comment
Note: only a member of this blog may post a comment.