June 2020



തമീം കമാലി കൊടുങ്ങല്ലൂര്‍ 

സിനിമാക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്രവും നിഷേധസ്വരങ്ങളും ഒരിക്കല്‍കൂടി മോളിവുഡില്‍ ചര്‍ച്ചയായിരിക്കുന്നു. ഇത്തവണ ചര്‍ച്ച മലബാറിന്റെ വീരനായകന്‍ വാരിയം കുന്നത്തിനെ ചൊല്ലിയാണ്. എന്നാല്‍ ഒരു സിനിമകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നതിലുപരി മലബാറിലെ മാപ്പിളമാര്‍ക്ക് ഹാജ്ജിയെ കുറിച്ചോര്‍ക്കാനും സ്മരിക്കാനും കാരണങ്ങള്‍ ഏറെയുണ്ട്. അത്രയേറെ ഒരു തലമുറക്ക് ആര്‍ജ്ജവം പകര്‍ന്ന പോരാട്ട വീര്യങ്ങളുള്‍ക്കൊള്ളുന്നതായിരുന്നു ആ ജീവിതം.

ജനനം വിദ്യാഭ്യാസം

മലബാറിലെ രണ്ടാം മക്ക എന്നറിയപ്പെടുന്ന ഏറനാട്ടിലെ കേളികേട്ട നെല്ലിക്കുത്ത് ദേശത്ത് മരക്കച്ചവടക്കാരന്‍  ചക്കിപ്പറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെയും തൂവ്വൂര്‍ പറവട്ടില്‍ കുഞ്ഞായിഷയുടെയും മകനായി 1873-ലാണ്  വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ഭൂജാതനാകുന്നത്.

ഏറെ സാമ്പത്തികഭദ്രതയുള്ള കുടുംബമായിരുന്നു ഹാജിയുടെത്. വള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്‌കൂളില്‍ നിന്ന് ഭൗതിക വിദ്യാഭ്യാസവും പ്രസിദ്ധനായ ആലി മുസ്ലിയാരുടെ സഹോദരന്‍ മമ്മദ് കുട്ടി മുസ്ലിയാരുടെ അടുക്കല്‍ നിന്ന് മതപഠനവും നടത്തിയ കുഞ്ഞഹമ്മദ് ഹാജി മലയാളം, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഒരു ബഹുഭാഷാ പണ്ഡിതന്‍ കൂടിയായിരുന്നു.

പോരാട്ട വീര്യത്തിന്റെ താവഴി

ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങളില്‍ മുന്നണി പോരാളി ആയിരുന്നു ഹാജിയുടെ പിതാവ്. ധീരനായ തന്റെ  പിതാവില്‍ നിന്ന് തന്നെയായിരുന്നു  ബ്രിട്ടീഷ് വിരുദ്ധവികാരം ഹാജിയിലും പകര്‍ന്നുകിട്ടിയത്. 1893 ല്‍ മണ്ണാര്‍ക്കാടു വെച്ച്  ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പോരാട്ടത്തില്‍ പങ്കെടുത്തതിനെതുടര്‍ന്ന് ഹാജിയുടെ പിതാവിനെ അന്തമാനിലേക്ക് നാടുകടത്തിയിരുന്നു. മാത്രമല്ല അന്ന് പിതാവിന്റെ പേരിലുള്ള  200 ഓളം ഏക്കര്‍ വരുന്ന ഭൂമിയും മറ്റുസ്വത്തുവകകളും കണ്ടു കെട്ടുകയും ചെയ്തിരുന്നു. അതെ തുടര്‍ന്ന് പിന്നീടുള്ള കാലം ഉമ്മയുടെ വീട്ടില്‍ ആയിരുന്നു ഹാജിയുടെ താമസം.

ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് വേരറുക്കാന്‍ വന്ന ചേക്കുട്ടിമാരുടെ കടയ്ക്കലില്‍ കത്തിവെക്കാനും, ക്രൂദ്ധനായ സായിപ്പിന്റെ കുടിലതകള്‍ക്ക് അറുതിവരുത്താനുമൊക്കെ മലബാറിലെ ആ മാപ്പിള യോദ്ധാവിന് വീര്യം പകര്‍ന്നുകിട്ടിയത്. 1896-ല്‍ മഞ്ചേരിയില്‍ വെച്ചുനടന്ന ലഹളയില്‍ തന്റെ പിതാവിനൊപ്പം പങ്കെടുത്ത ഹാജിയെയും പിതാവിനെയും മക്കയിലേക്ക് നാടുകടത്തിയെങ്കിലും 1914-ല്‍ മലബാറിലേക്ക് തന്നെ അദ്ദേഹം തിരിച്ചു വന്നിരുന്നു.
     
മലബാറിലെ പോരാട്ടത്തിന്റെ നേതൃത്വം ഹാജിയില്‍ എത്തിയതോടെയാണ് പോരാട്ടം കുറെയേറെ  വിപുലവും സംഘടിതവുമാകുന്നത്. അന്ന് അദ്ദേഹം  താമസിച്ചിരുന്ന നെടിയിരുപ്പ് പ്രദേശങ്ങളിലും മൊറയൂരിലും നടന്ന പോരാട്ടങ്ങളില്‍  ഹാജിയുടെ കൂടെ ഭാര്യ മാളു ഹജ്ജുമ്മയും പങ്കെടുത്തിരുന്നുവെന്ന്  ചരിത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ സായുധമായി പോരാടിയ വനിതയായിരുന്നു അവര്‍.

മലബാര്‍ പോരാട്ടം ഹാജിയുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്ന്  ബ്രിട്ടീഷ് സൈന്യം ഗൂര്‍ഖ, എം.എസ്.പി തുടങ്ങിയ റജിമെന്റുകളെ കൂടി നിയോഗിക്കുകയുണ്ടായി. അന്ന് ബ്രിട്ടീഷ് രാജ്യത്തിന്    സമാന്തരമായി 'മലയാളരാജ്യം' സ്ഥാപിച്ച് അവരെ ചെറുത്തത് നില്‍ക്കാന്‍ കിഴക്കന്‍ ഏറനാട്ടിലെ ജനങ്ങള്‍ക്ക് വീര്യം കിട്ടിയത് ഹാജിയുടെ നേതൃത്വത്തില്‍ നിന്നായിരുന്നു. ഇന്ത്യയില്‍ മലബാറിനു മാത്രം സ്വാതന്ത്യം നല്‍കിയാലോ എന്ന് ബ്രിട്ടീഷ് ആസ്ഥാനത്ത് ചര്‍ച്ചകള്‍ വരെ നടന്നുവെങ്കിലും ആ പോരാട്ടങ്ങളുടെ വീര്യം എത്രമാത്രമുണ്ടായിരുന്നുവെന്ന് ഊഹിക്കാവുന്നതേയൊള്ളു.

പന്തല്ലൂര്‍, പാണ്ടിക്കാട് കാളികാവ്, നിലമ്പൂര്‍, കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ കുഞ്ഞഹമ്മദ് ഹാജിയും തിരൂരങ്ങാടി, മലപ്പുറം, പൂക്കോട്ടൂര്‍, തിരൂര്‍, താനൂര്‍, കൊണ്ടോട്ടി തുടങ്ങിയ മേഖലകളില്‍ ആലി മുസ്ലിയാരുമായിരുന്നു പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. കിഴക്കന്‍ ഏറനാട്ടിലെ നൂറോളം പോരാട്ടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് വലിയ നഷ്ടങ്ങളായിരുന്നു നേരിടേണ്ടി വന്നത്. 1921 ലെ സൗത്ത് മലബാര്‍ പോലീസ് സൂപ്രണ്ടായിരുന്ന റോബര്‍ട്ട് ഹിച്ച്‌കോക്ക്  പറയുന്നു: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ യൂറോപ്പിനെ ശക്തിയായി ചെറുത്തിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തരായിരുന്നില്ല മലബാറിലെ മുസ്ലിംകളും.

ഏറനാട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടന്ന ചെറുത്ത് നില്‍പുകള്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണമായിരുന്നു''. മലബാറില്‍ ബ്രിട്ടീഷ് മേധാവികള്‍ നേരിട്ട ചെറുത്തുനില്‍പ്പുകളെ  നേരിടാന്‍ നിരവധി സൈനിക ഓഫീസര്‍മാരെയും പ്രത്യേകം നിയമങ്ങളും സ്‌പെഷ്യല്‍ കോര്‍ട്ടുകളും രൂപപ്പെടുത്തുകവരെയുണ്ടായി. കൊണ്ടോട്ടി തങ്ങന്മാരുടെ നേതൃത്വത്തിലുള്ള മാപ്പിള പട്ടാളത്തെ ബ്രിട്ടീഷുകാര്‍ പല സന്ദര്‍ങ്ങളിലും ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം മലബാറില്‍ വേണ്ടത്ര വിജയം കണ്ടില്ല എന്ന് തന്നെ വേണം പറയാന്‍.

ആഴത്തിലുള്ള സാമൂഹിക ബന്ധവും മാപ്പിളമാരും ഹിന്ദുക്കളും തമ്മിലുള്ള മൈത്രിയും ബ്രിട്ടന് വലിയ വെല്ലുവിളിയായി നിന്നത്. ഒടുവില്‍ മലബാര്‍ കലാപത്തെ ഹിന്ദുമുസ്ലിം സംഘര്‍ഷമാക്കിമാറ്റാമുള്ള ശ്രമങ്ങള്‍ നടന്നു. മലബാറിനു പുറത്തുള്ളവരില്‍ ഈ സമരത്തെക്കുറിച്ച് മുന്‍വിധികള്‍ ഉണ്ടാക്കാന്‍ ലഘുലേഖകള്‍ വരെ ബ്രിട്ടീഷുകാര്‍  അടിച്ചിറക്കിയിരുന്നു.

ഹിന്ദു-മുസ്ലിം  മൈത്രി ധാരാളമുള്ള ഒരു പോരാട്ടത്തെ ഹിന്ദു-മുസ്ലിം സംഘര്‍ഷമാക്കി മാറ്റി ഇന്ത്യന്‍ ദേശീയ സമരത്തില്‍ നിന്ന്  ലഭിക്കാവുന്ന ആശയപരവും സാമ്പത്തികവും മറ്റുമായ സഹായങ്ങള്‍ ഇല്ലാതാക്കാന്‍ ഇതിലൂടെ ബ്രീട്ടീഷുകാര്‍ക്ക് സാധിച്ചു എന്ന് തന്നെ വേണം പറയാന്‍.  അവര്‍ അന്ന് വിതരണം ചെയ്ത ലഘുലേഖകള്‍ തന്നെയാണ് ഇന്നും ദേശീയ ചരിത്രമെഴുത്തിന് മലബാറിനെ അടയാളപ്പെടുത്തുന്ന മുഖ്യ അവലംബവും.

മലബാര്‍ എഴുത്തുകാര്‍ മദ്രാസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ദ ഹിന്ദു പത്രത്തില്‍ നുണപ്രചാരണം നടത്തിയപ്പോള്‍, സത്യാവസ്ഥകളെ വിശദീകരിച്ചുകൊണ്ട് കുഞ്ഞമ്മദ് ഹാജി സ്ഥിരം ലേഖനങ്ങള്‍ അയച്ചിരുന്നു. അങ്ങനെ കുഞ്ഞഹമ്മദ് ഹാജിയുടെ ലേഖനങ്ങള്‍ വായിക്കാനിടയായ മൗലാന ഷൗക്കത്തലി മലബാറിലെ ഖിലാഫത്ത് പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

മുഹമ്മദീയരുടെ അമീറും, ഹൈന്ദവരുടെ നേതാവും ഒക്കെയായിരുന്നു കുഞ്ഞമ്മദ് ഹാജി എന്ന് അന്നത്തെ ഡെപ്യൂട്ടി കളക്ടര്‍ ഗോപാലന്‍നായര്‍ സാക്ഷ്യപ്പെടുത്തുന്നതുകൂടി ചരിത്രത്തോട് ചേര്‍ത്തി വായിക്കുമ്പോള്‍ നാം അറിഞ്ഞതില്‍ എത്രെയോ അപ്പുറത്താണ് ഹാജിയുടെ സ്ഥാനമെന്ന് മനസ്സിലാക്കാനാവുന്നതാണ്. കുഞ്ഞഹമ്മദ് ഹാജിയെ പോലെയുള്ളവര്‍ ഹിന്ദുക്കളെ ആക്രമിച്ചിരുന്നില്ല എന്നും, ആരെങ്കിലും അങ്ങനെ പ്രവര്‍ത്തിക്കുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ ശിക്ഷ പ്രഖ്യാപിച്ചിരുന്നു എന്നും കെ എന്‍ പണിക്കരെ പോലെയുള്ള ചരിത്രകാരന്മാര്‍ വെളിപ്പെടുത്തുന്നത് തള്ളിക്കളയാന്‍ ആവാത്ത ചരിത്രമാണ്.

പോരാട്ട ചരിത്രം

ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഏറനാട്, വള്ളുവനാട്  പ്രദേശങ്ങളില്‍ ആലി മുസ്ലിയാരോടൊപ്പം അദ്ദേഹവും വെള്ളക്കാര്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹം ജനപ്രിയനായി മാറിയ കുഞ്ഞഹമ്മദ് ഹാജി ജനങ്ങളുടെ നായകനായി മാറുകയായിരുന്നു. ബ്രിട്ടീഷ് പടക്കെതിരെ നിരന്തര പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ച ഹാജി ലോകം തന്നെ അറിയപ്പെടുന്ന വിപ്ലവകാരിയായി മാറി എന്നതാണ് ചരിത്രം.

1921 ഓഗസ്റ്റ് 20ന് കലക്ടര്‍ തോമസ്, ഹിച്ച് കോക്ക് എന്നിവര്‍ തിരൂരങ്ങാടിയില്‍ വെച്ച് വാരിയന്‍ കുന്നത്തിന്റെ ചെറുത്ത് നില്‍പ്പ് സേനയോട് തോറ്റോടിയപ്പോള്‍  ലണ്ടന്‍ ടൈയിംസില്‍ മലബാറില്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചു എന്ന് വരെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല, ബ്രിട്ടീഷുകാരുടെ ഒറ്റുകാരായി മാറിയ മാപ്പിളമാര്‍ക്കെതിരെയും മതംനോക്കാതെ ഹാജി കടുത്ത നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ബ്രിട്ടനുവേണ്ടി മാപ്പിളമാരെ ഒറ്റുകൊടുത്തവരില്‍ പ്രധാനിയായിരുന്ന ചേക്കുട്ടി.

സാമ്രാജ്യത്വ ഭരണത്തിന്റെ സേവകനായി നിന്നുകൊണ്ട് ഏറനാട്ടിലെ സാധാരണക്കാരായ ജനങ്ങളോട്, പ്രത്യേകിച്ച് മാപ്പിളമാരോട് എണ്ണിയാലൊടുങ്ങാത്ത ദ്രോഹങ്ങളാണ് ഇയാള്‍ ചെയ്തത്. ചേക്കുട്ടിക്ക് മരണശിക്ഷയാണ് ഹാജിയുടെ കോടതി വിധിച്ചത്. അന്ന് പന്തല്ലൂര്‍ സ്വദേശിയായിരുന്ന നായിക് താമിയായിരുന്നു കുറ്റപത്രം വായിച്ചത്. 40 മിനിറ്റെടുത്ത കുറ്റപത്ര വായനയില്‍ ചേക്കുട്ടിക്കെതിരെ 300 ഓളം കുറ്റങ്ങളാണുണ്ടായിരുന്നത

മാപ്പിളമാരെ ഒറ്റുകൊടുത്ത  ചേകുട്ടിയുടെ ശിരച്ഛേദം നടത്തി കൊണ്ട്  മഞ്ചേരിയില്‍ വെച്ച് കുഞ്ഞമ്മദ് ഹാജി ജനങ്ങളെ അഭിസംബോധന ചെയ്തതിപ്രകാരമായിരുന്നു:

'നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. നമ്മള്‍ അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു.  ബ്രിട്ടീഷ് ഗവണ്‍മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം. ആനക്കയത്തെ പോലീസ് ഇന്‍സ്‌പെക്ടറും ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധിയുമായ ചേക്കുട്ടിയുടെ തലയാണിത്. ഗവണ്‍മെന്റിനോടും ജന്മികളോടും കളിക്കണ്ട എന്നും മറ്റും ഇവര്‍ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്.

 നിങ്ങള്‍ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ എന്നെ ഇവിടെയിട്ട് കൊല്ലണം. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ കൊല്ലരുത്. അവരെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്.

ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നത്രെ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും നിര്‍ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും.

ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്.  പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്‍കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയാറാണ്''


മലയാള രാജ്യം

ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച് സമാന്തരമായൊരു രാജ്യം ഹാജി സ്ഥാപിച്ചിരുന്നു.1921 സെപ്റ്റംബര്‍ 16-നാണ് കുഞ്ഞഹമ്മദ്ഹാജി  രാഷ്ട്ര പ്രഖ്യാപനം നടത്തുന്നത്. മലയാളരാജ്യം എന്നായിരുന്നു ഹാജി ഇതിന്  നാമകരണം ചെയ്തിരുന്നത്. ഏറനാട്,  വള്ളുവനാട്,  പൊന്നാനി താലൂക്കുകളിലെ  200 ഓളം ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ഹാജി മലയാള രാജ്യം സ്ഥാപിച്ചത്.

വിപ്ലവ സര്‍ക്കാരിന് അദ്ദേഹം ജീവന്‍ കൊടുത്തു. പാണ്ടിക്കാട്, പന്തല്ലൂര്‍, മണ്ണാര്‍ക്കാട്, തുവ്വൂര്‍ എന്നീ പ്രദേശങ്ങളില്‍ ഭരണം നടത്താന്‍ അദ്ദേഹം ആളുകളെ നിയമിക്കുകയുണ്ടായി. 1921 അങ്ങാടിപ്പുറത് സൈനിക കേന്ദ്രം ആരംഭിച്ചു. സ്വന്തം രാജ്യത്ത് നിന്നും  വെളിയില്‍ പോകുന്നവര്‍ക്ക് പാസ്പോര്‍ട്ട് സംവിധാനങ്ങള്‍ വരെ ഏര്‍പ്പെടുത്തി. അങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിലൂടെ നടപ്പില്‍ വരുത്തുകയുണ്ടായി. ഇവയെല്ലാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയമായിരുന്നു താനും.

അങ്ങനെ ഏകദേശം ആറു മാസത്തോളം മലബാറിലേക്ക് ബ്രിട്ടീഷുകാര്‍ക്ക്  കാലുകുത്താന്‍ പോലും സാധിക്കാതെ വന്നു. മലയാള രാജ്യത്ത് പ്രത്യേക കോടതി സംവിധാനവും ഹാജി ഏര്‍പ്പെടുത്തിയിരുന്നു. അക്കാലത്ത് ഹൈന്ദവ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ പേരില്‍ പ്രതികളെ കോടതിസംവിധാനത്തിലൂടെ തൂക്കിലേറ്റിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

1921 ആഗസ്റ്റ് 25-നാണ് കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് തന്റെ വിപ്ലവ സര്‍ക്കാറിന്റെ കീഴില്‍ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത്. പരിശീലന ക്യാമ്പിലേക്ക് ആവശ്യമായ പണം സ്വരൂപിച്ചത് ഏറനാട്ടിലെ സമ്പന്നരില്‍ നിന്ന് തന്നെയിരുന്നു. ബ്രിട്ടീഷ് പോലീസ് കുഞ്ഞഹമ്മദ് ഹാജിയെ നിരീക്ഷിക്കാന്‍  ഏല്‍പിച്ചിരുന്ന ഐദ്രസ് കുട്ടി എന്ന പോലീസുകാരനെ വധിക്കുകയും ഈ കാലയളവിലാണ്.

 ആറ് മാസക്കാലത്തോളം നിലനിന്ന ഹാജിയുടെ ഖിലാഫത്തിലേക്ക് ധാരാളം സൈനികര്‍ ചേര്‍ന്നിരുന്നു. 'കുമ്പിള്‍ കഞ്ഞി' എന്ന ജന്മിമാരുടെ കുടിയാന്‍ ദ്രോഹ നടപടി അദ്ദേഹം ഏറനാട്ടില്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും  മാപ്പിളമാരും ഹിന്ദു കുടിയാന്മാരും ബ്രിട്ടീഷ് വിരുദ്ധരായ നാരായണ്‍ നമ്പീശനെ പോലെയുള്ളവരെ നിരത്തിയ ഒരു സൈന്യം ഹാജിക്കുണ്ടായിരുന്നു.

ബ്രിട്ടീഷ് കുടില തന്ത്രങ്ങള്‍

ഹാജിയുടെ ഭരണരീതിയെയും പ്രതിരോധത്തെയും ദുര്‍ബലപ്പെടുത്താന്‍ ധാരാളം അജണ്ടകള്‍ അവര്‍ പടച്ചുവിട്ടു. ഏറനാടിനു പുറത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഹിന്ദു-മുസ്ലിം സംഘര്‍ഷമായി ബ്രിട്ടീഷുകാരും അവരുടെ ചൊല്‍പ്പടിയിലുള്ളവരും ഇതിനെ ചിത്രീകരിച്ചു. ഇന്ത്യയിലെ 'ദേശീയ' സ്വാതന്ത്ര്യസമര നേതാക്കള്‍വരെ വലിയൊരളവില്‍ ഈ പ്രചാരണത്തില്‍ വീണുപോയിട്ടുണ്ട്. ഗാന്ധിയടക്കമുള്ളവര്‍ ഇതിനെ തെറ്റായി മനസ്സിലാക്കിയ സന്ദര്‍ഭങ്ങളുണ്ടായി.

അംബേദ്കറുടെ നിരീക്ഷണങ്ങളിലും മുന്‍വിധികള്‍ പ്രകടമായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദേശം ഇന്ത്യയില്‍ രൂപപ്പെട്ടിരുന്നുവെന്ന് ഹിച്ച്‌കോക്ക് നിരീക്ഷിക്കുന്നുണ്ട്. ഈ വാര്‍ത്ത ലണ്ടന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചുവന്നതോടെ ബ്രിട്ടന് അന്താരാഷ്ട്ര തലത്തില്‍തന്നെ വലിയ ക്ഷീണം സംഭവിച്ചു. ഇന്ത്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊരു ഭാഗത്തെ ഏറനാട്ടിലേക്ക് നിയോഗിച്ചു. ബ്രിട്ടീഷ് സൈന്യത്തിന് ഏറനാടിനെ അടിച്ചമര്‍ത്താന്‍ സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കി. ബ്രിട്ടീഷ് അനുഭാവമുള്ള വരേണ്യ മുസ്ലിംകളെയും ഹിന്ദുക്കളെയും കൂടെനിര്‍ത്താനും ഇന്ത്യന്‍ പോലീസുകാരെ ഇറക്കുമതി ചെയ്യാനും അവര്‍ തയാറായി. കൂടാതെ പ്രത്യേകം ചില ആളുകളെ നിരീക്ഷകരായും സമരമുറകളുടെ നീക്കുപോക്കുകള്‍ കൂടെനിന്ന് ഒറ്റിക്കൊടുക്കുന്ന കൂലിക്കാരായും നിയമിച്ചു.

ഹാജിയെ ജീവനോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 30 ന് മാര്‍ഷല്‍ ലോ കമാണ്ടന്റ് കേണല്‍ ഹംഫ്രിയുടെ നേതൃത്വത്തില്‍ വിവിധ പട്ടാള വിഭാഗം കമാണ്ടര്‍മാരുടെയും ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെയും ഒരു യോഗം മലപ്പുറത്ത് ചേര്‍ന്നു. ഓരോ പട്ടാള വിഭാഗത്തില്‍നിന്നും എം.എസ്.പി ലോക്കല്‍ പോലീസ് വിഭാഗങ്ങളില്‍നിന്നും പത്ത് പേര്‍ വീതവുമുള്ള ഒരു സ്‌പെഷ്യല്‍ സെല്ല് രൂപീകരിച്ചു. 'ബേറ്ററി' എന്നായിരുന്നു ഈ സെല്ലിന്റെ പേര്.

പഴയ മലപ്പുറം സ്‌പെഷ്യല്‍ ഫോഴ്‌സിലെ (എം.എസ്.എഫ്, ഇതാണ് പിന്നീട് എം.എസ്.പിയായത്) സുബേദാര്‍ കൃഷ്ണപണിക്കര്‍, ഗോപാല മേനോന്‍ എന്നിവരായിരുന്നു ഇതിന്റെ തലവന്മാര്‍. ഇന്‍സ്‌പെക്ടര്‍ രാമനാഥയ്യര്‍ ഈ സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്റ്‌സ് തലവനായി നിയുക്തനായി.  ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്രയും വിപുലമായ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ  ആദ്യമായിട്ടാണ് നിയോഗിക്കുന്നത്. 1836 മുതല്‍ 1922 വരെ നിലനിന്ന മലബാര്‍ പോരാട്ടത്തിന് അന്ത്യം കാണുന്നത് ഈ ഓപ്പറേഷനിലൂടെയായിരുന്നു. ഹാജിയുടെ പട്ടാളത്തിലുണ്ടായിരുന്ന കുഞ്ഞഹമ്മദ് കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയിലാണ് സമാന്തര ഭരണതല സംസ്ഥാനത്തെ കുറിച്ച വിവരം ലഭിക്കുന്നത്.

കല്ലാമൂലയിലെ വീട്ടിക്കുന്നില്‍ നാല് പനമ്പുകള്‍ കൊണ്ടുള്ള മേല്‍പ്പുര,  ചുമരുകളില്ല, ചുറ്റും പാറകളും കുറ്റിപൊന്തകളും,  പട്ടാളക്കാരില്‍നിന്ന് പിടിച്ചെടുത്ത ബൈനോക്കുലറിലൂടെ  പരിസരം വീക്ഷിക്കുന്ന മാപ്പിള പോരാളികള്‍. ഹാജിയുടെ പക്കല്‍ നാല് തിരമുറിയുന്ന ഒരു റിവോള്‍വര്‍ പ്രത്യേകം നിര്‍മിച്ച ഉറയില്‍ അരക്ക് കെട്ടിയ വിദേശ നിര്‍മ്മിത തുകല്‍ ബെല്‍റ്റില്‍ കോര്‍ത്ത് താഴോട്ട് തൂക്കിയിട്ടിരിക്കുന്നു. ചുറ്റും 27 പോരാളികള്‍. ഇന്റലിജന്റ്‌സ് വിംഗ് ഈ രൂപരേഖ വെച്ച് വീട്ടിക്കുന്നിന്റെ മാപ്പ് വെച്ച് 'ബാറ്ററി' സെല്‍ പരിശീലനം നടത്തി. ഉണ്ണ്യാലി മുസ്ലിയാരെയാണ് ഹാജിയെ വീഴ്ത്താന്‍ ഒറ്റുകാരനായി ഇന്റലിജന്റ്‌സ് തെരഞ്ഞെടുത്തത്.ഹാജിയുടെ ചിരകാല സുഹൃത്തായിരുന്നു അദ്ദേഹം.

ഉണ്യാലി മുസ്ലിയാര്‍ ഹാജിയുമായി ചര്‍ച്ച നടത്തി. 'ഗവണ്‍മെന്റ് താങ്കള്‍ക്ക് മാപ്പു നല്‍കുമെന്നും മക്കയിലേക്ക് നാടുകടത്തുമെന്നും താങ്കള്‍ കീഴടങ്ങണമെന്നും' പറഞ്ഞു. ഹാജിയാര്‍ അതിനു സമ്മതിച്ചില്ല. ഹാജിയുടെ ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത് ഹിന്ദുക്കളായ കുടിയാന്മാരായിരുന്നു. എണ്‍പതിനായിരം പറ നെല്ല് കുഞ്ഞഹമ്മദ് ഹാജിയും സൈന്യവും സമാഹരിച്ചിരുന്നു. കിഴക്കന്‍ ഏറനാട്ടിലുള്ള കാളികാവ്, എടക്കര, നിലമ്പൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളിലെ പാവപ്പെട്ടവര്‍ക്കാണ് നെല്ല് വിതരണം ചെയ്തിരുന്നത്. 1922 ജനുവരി 5-ന് ഉണ്യാലി മുസ്ലിയാര്‍. ഇന്‍സ്‌പെക്ടറെയും കൊണ്ട് ഹാജിയുടെ ക്യാമ്പിലേക്ക് ചെന്നു. ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യര്‍, ഹാജിക്ക് മാപ്പ് നല്‍കാമെന്നും കീഴടങ്ങണമെന്നും  അഭ്യര്‍ഥിച്ചു. സംസാരം നീണ്ടുപോയപ്പോള്‍ അസ്വര്‍ നമസ്‌കാരത്തിനു സമയമായി. നമസ്‌കരിക്കാന്‍ നിന്നപ്പോള്‍ തന്റെ തോക്കെടുത്ത് ഹാജി പുറത്ത് വെച്ചു. ഈ സന്ദര്‍ഭത്തില്‍ ഇന്‍സ്‌പെക്ടറും, ഒളിച്ചിരുന്ന 'ബാറ്ററി' സെല്ലുമാണ് ഹാജിയെ പിടികൂടുന്നത്.

ഒടുവില്‍ ഹാജിക്കെതിരായ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. 1896 മുതല്‍ തുടങ്ങിയ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് അന്ത്യം കുറിക്കുന്ന നിമിഷങ്ങളായിരുന്നു അത്. ഹിച്ച്‌കോക്കിനോട് ഹാജി പറഞ്ഞു:

''നിങ്ങളെന്നെ മക്കയിലേക്ക് പറഞ്ഞയക്കാമെന്നും മാപ്പു നല്‍കാമെന്നും പറഞ്ഞത് എന്നില്‍ അത്ഭുതമുളവാക്കി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിന് ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ  മക്കയുടെ പേര്‍ താങ്കളുച്ചരിച്ചതിലുള്ള സ്വാര്‍ഥത എന്ത് മാത്രമാണ്! പക്ഷേ നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്ത എന്നെയും എന്റെ കുടുംബത്തെയും പഠിച്ചറിഞ്ഞ താങ്കള്‍ മക്കയുടെ പേരുപയോഗിച്ചത് തരംതാണതായിപ്പോയി.

ഞാന്‍ മക്കയിലല്ല പിറന്നത്. ഇവിടെ, വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഏറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇവിടെ തന്നെ മരിച്ച്, ഈ മണ്ണില്‍ ലയിച്ച് ചേരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അടിമത്വത്തില്‍ നിന്നും ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചുവീഴാന്‍ എനിക്കു സന്തോഷമുണ്ട്.''

1922 ജനുവരി 20-ന് രാവിലെ 10 മണിക്ക് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ വെച്ചാണ് ഹാജിയുടെ വധശിക്ഷ നടപ്പിലാക്കിയത്. കേണല്‍ ഹംഫ്രിയോടും ഹിച്ച്‌കോക്കിനോടും അന്ത്യാഭിലാഷമായി ഹാജി പറഞ്ഞത്. ''കൊല്ലുന്നവരെ കണ്ണ് മൂടിക്കെട്ടുന്ന ഒരു ശീലം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു. എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകളിലെ കെട്ടുകള്‍ അഴിച്ചുമാറ്റണം, ചങ്ങലകള്‍ ഒഴിവാക്കണം, എനിക്ക് നിവര്‍ന്ന് നിന്ന് മരിക്കണം. എന്റെ നെഞ്ചത്ത് തന്നെ നിങ്ങള്‍ വെടിവെക്കണം''.  ഹാജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നെഞ്ചില്‍ നിറയൊഴിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഇരുനൂറോളം വില്ലേജുകള്‍ ഭരിച്ച വിപ്ലവ സര്‍ക്കാറിന്റെ നായകന്‍ അങ്ങനെ രക്തസാക്ഷിയായി.

മലബാര്‍ കലാപം വസ്തുത എന്ത് ?

തുര്‍ക്കിയില്‍ ഖിലാഫത് തകര്‍ന്നപ്പോളാണ് മലബാറില്‍ മാപ്പിളമാര്‍ക്ക് ഹാലിളകിയതും ബ്രിട്ടനെതിരെ തിരിഞ്ഞതും  എന്നാണ് വാരിയംകുന്നനെ വിമര്‍ശിക്കുന്നവരുടെ വാദം. തുര്‍ക്കിയില്‍ ഖിലാഫത്തുള്ള കാലത്തും മലബാറില്‍ ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. മാത്രവുമല്ല, ഒരിക്കലും മലബാറിലെ ആദ്യത്തെ പോരാളി ആയിരുന്നില്ല വാരിയംകുന്നന്‍, ആ ചങ്ങലയിലെ ഒരു കണ്ണി മാത്രമായിരുന്നു അദ്ദേഹം. മലബാര്‍ കലാപം ഒരെ സമയം മൂന്ന് വിധത്തിലും കണക്കാക്കാവുന്നതാണ്. ടിപ്പുവിന്റെ കാലത്ത് നാടുവിട്ടുപോയ ജന്മിമാര്‍ ബ്രിട്ടീഷ് ആധിപത്യം വ്ന്നതോടെ മടങ്ങിവരുകയും തങ്ങളുടെ മര്‍ദ്ധന നയങ്ങള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നു.

മുസ്ലിംകളായ കര്‍ഷകര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. 1921നു മുമ്പേതന്നെ 20 ലധികം ജന്മി-കര്‍ഷക സംഘട്ടനങ്ങള്‍ അരങ്ങേറിയിരുന്നതായി ചരിത്രത്തില്‍ കാണാന്‍ കഴിയും. ഈ സംഘട്ടങ്ങളിലെല്ലാം ജാതി-മത വേര്‍തിരിവില്ലാതെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. കാലങ്ങളായി കര്‍ഷകര്‍ മനസ്സില്‍ കൊണ്ടുനടന്ന പ്രതികാരത്തിന്റെ തീജ്വാലയാണ് 1921ല്‍ സമരമായി പൊട്ടിപ്പുറപ്പെട്ടത്. ഈ വിധത്തില്‍ നോക്കുമ്പോള്‍ മലബാര്‍ കലാപം ഒരര്‍ത്ഥത്തില്‍ ജന്മിവരുദ്ധ കര്‍ഷക കലാപമായിരുന്നു.

ഒന്നാം ലോകയുദ്ധകാലത്ത്് ബ്രിട്ടന് ഇന്ത്യയില്‍ നിന്ന് സൈനികരെ ആവശ്യമായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരുടെ ശത്രുപക്ഷത്ത്  ലോക മുസ്ലിംകളുടെ ഖലീഫയായി കണക്കാക്കിയിരുന്ന ഓട്ടോമന്‍ സാമ്രാജ്യവും ഉണ്ടായിരുന്നു.  ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ചാല്‍ ഖലീഫയുടെ രാജ്യത്തിന് എതിരാവും എന്നകാരണത്താല്‍ മുസ്ലിംകള്‍ സൈനിക സഹായം നല്‍കാന്‍ തയ്യാറാവാതെ വന്നു. ഈ പ്രതിസന്ധിയെ നിങ്ങളുടെ ഖലീഫക്ക് ഒന്നും സംഭവിക്കില്ലെന്ന കള്ളവാഗ്ദാനത്തിലൂടെ ബ്രിട്ടീഷുകാര്‍ തരണം ചെയ്തു.

എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തോടെ മുസ്ലിംകളുടെ ഖലീഫയെ ബ്രിട്ടീഷ് സൈന്യം ഇല്ലാതാക്കി. ഇത് മുസ്ലിംകള്‍ക്ക് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനം പൊട്ടിപുറപ്പെടുന്നത്. അങ്ങനെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായ പോരാട്ടങ്ങള്‍ക്കും അക്കാലത്ത് മലബാര്‍ സാക്ഷ്യം വഹിച്ചു.

 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാര്‍ഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. 1920 ല്‍ തുടങ്ങി 1922 വരെ നീണ്ടു നിന്ന ഈ പ്രസ്ഥാനം നയിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ മഹാത്മാ ഗാന്ധിയാണ്. അഹിംസ മാര്‍ഗ്ഗത്തില്‍ ബ്രിട്ടീഷ് നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സമരക്കാര്‍ ബ്രിട്ടീഷ് ഉല്പന്നങ്ങള്‍ ഉപേക്ഷിച്ചു. സ്വദേശി കൈത്തറി വസ്ത്രങ്ങളും ഉല്പന്നങ്ങളും ഉപയോഗിച്ചു. മദ്യ വില്പന ശാലകളും മറ്റും ഉപരോധിച്ചു. ഖിലാഫത്ത് പ്രസ്ഥാനക്കാരും നിസഹകരണ പ്രസ്ഥാനക്കാരുടെയും പൊതുശത്രു ബ്രിട്ടീഷ് സര്‍ക്കാറായതിനാല്‍ രണ്ടു പ്രസ്ഥാനക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി.

ചുരുക്കത്തില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെയും അവരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ജന്മിമാര്‍ക്കെതിരെയും ഒറ്റുകാര്‍ക്കെതിരെയും നടന്ന കാര്‍ഷിക-സ്വാതന്ത്ര്യ സമരത്തെയാണ് ചരിത്രത്തില്‍ മലബാര്‍ സമരം എന്നുപറയുന്നത്. ആലി മുസ്ലിയാരുടെയും വാരിയംകുന്നന്റെയും നേതൃത്വത്തില്‍ കര്‍ഷകരും മര്‍ദിതരുമായ മുസ്ലിംകളും ഹിന്ദുക്കളും ഒരുമിച്ചുനിന്നു പോരാടിയപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാറിനത് തലവേദനയായി മാറികഴിഞ്ഞിരുന്നു. സമരത്തിനിടയില്‍ കുറച്ചുപേര്‍ തീവ്രമായി പെരുമാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. വളരെ കുറച്ചുപേരുടെ പ്രവര്‍ത്തനംകൊണ്ട് സമരത്തെ മുഴുവന്‍ മുസ്ലിം-ഹിന്ദു കലാപമായി ചിത്രീകരിച്ചു കാണിക്കാന്‍ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുണ്ടെന്ന വസ്തുത കൂടിനാം തിരിച്ചറിയേണ്ട്.

ഒന്നാം  മൈസൂര്‍  യുദ്ധത്തില്‍  ബ്രിട്ടീഷുകരോടൊപ്പം  പോരാടി  ഒടുവില്‍  ബ്രിടീഷുകാര്‍  തനിക്കു  നല്‍കിയ  യുദ്ധാനന്തര  വാദ്ഗാനം  ലംഘിക്കുകയും കോട്ടയം  രാജ്യത്തിന്റെ  നികുതി പിരിക്കാനുള്ള  അവകാശം  തന്റെ  ശത്രുവിന്  നല്‍കിയെന്നും  കണ്ടപ്പോള്‍  ബ്രിടീഷുകാര്‍ക്കെതിരെ  പോരിനിറങ്ങി  അവസാനം  പിടിക്കപ്പെടുമെന്ന്  ഉറപ്പായപ്പോള്‍  ആത്മഹത്യ  ചെയ്ത  പഴശ്ശി  രാജ  ധീര  യോദ്ധാവും  അദ്ദേത്തിന്റെ  പോരാട്ടങ്ങള്‍  വാഴ്ത്തപ്പെട്ടതുമാണെങ്കില്‍  മാതൃ രാജ്യത്തിന്  വേണ്ടി  പോരാടി  പിടിക്കപ്പെട്ട്  വധശിക്ഷക്ക്  വിധിക്കപ്പെട്ടപ്പോള്‍  തന്റെ  മരണം  കാണാന്‍  വേണ്ടി  കണ്ണിനു  ചുറ്റും  കെട്ടിയ  തുണി  അഴിച്ചു മാറ്റാന്‍  പറഞ്ഞ  വാരിയന്‍  കുന്നത്തും  ധീരനാണ്.




 ശമീര്‍ കെ.എസ് കാഞ്ഞിരപ്പുഴ 

അയാളുടെ വീണ് പിടക്കലിന് മരണത്തിന്റെ സകല ഭാവവുമുണ്ടായിരുന്നു. അത്രയും നേരം ഞങ്ങളുടെ സഹയാത്രികനായിരുന്നിട്ട് കൂടി നിസ്സഹായതയോടെ ആ പിടച്ചില്‍ നോക്കി നില്‍ക്കാനെ അവിടെ കൂടിയ ഞങ്ങള്‍ക്കൊക്കെ കഴിയുമായിരുന്നുള്ളൂ ! പടര്‍ന്നു പിടിച്ച മഹാവ്യാധിയെക്കുറിച്ചുള്ള ഭയാശങ്കകള്‍ അത്ര മേല്‍ ഞങ്ങളെ ഗ്രസിച്ചിരുന്നു എന്നതാണ് സത്യം. ഒടുക്കം  കനത്ത സുരക്ഷാ  കവചങ്ങളണിഞ്ഞ വിമാനത്താവളത്തില്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍മാരായിരുന്നു വീണു കിടന്ന് പിടഞ്ഞ ആ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റിയത്.  ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണയെന്ന മഹാമാരി കാരണമായി വിദേശത്തേക്കുള്ള  യാത്രാവിമാനങ്ങളെല്ലാം റദ്ദു ചെയ്യുന്നതിന്റെ തൊട്ടു മുന്‍പത്തെ ദിവസം ഗള്‍ഫിലെ എയര്‍പോര്‍ട്ടില്‍  വിമാനമിറങ്ങിയ  സുഹൃത്തിന്റെ മേല്‍ വിവരിച്ച അനുഭവം ഒരേ സമയം സ്വദേശി എന്നോ വിദേശിയെന്നോ  വേര്‍തിരിവില്ലാതെ മനുഷ്യ സമൂഹം ഒന്നടങ്കം  അനുഭവിക്കുന്ന വേദനയെ അടയാളപ്പെടുത്തുന്നുണ്ട്. പ്രിയപ്പെട്ടവര്‍ക്കായി മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന  പ്രവാസികള്‍ക്കിത് പ്രിയപ്പെട്ടവരുടെ  സുരക്ഷയെ പറ്റിയുള്ള ആധിയിലും തങ്ങളുടെ നിലനില്‍പ്പിന്റെ അനിശ്ചിതത്തിലുമായി മുറിവിനു മേല്‍ മുളകരക്കപ്പെട്ട നീറുന്ന വേദന കൂടിയാണ്  സമ്മാനിക്കുന്നത്.

പകര്‍ച്ചവ്യാധികളുടെ പതിവ് രൂപത്തില്‍ നിന്നും വ്യത്യസ്തമായി ലോകം മുഴുക്കെ  രാക്ഷസതാണ്ഡവമാടുന്ന ഒന്നായി കൊറോണ മാറിയത് അതീവ ദ്രുതഗതിയിലായിരുന്നു. വ്യാപനം തടയുന്നതില്‍ ചൈന കാട്ടിയ നിസംഗത അതിന് ആക്കം കൂട്ടുകയും ചെയ്തു.   ഭൂമി ലോകത്തെ നിശ്ചലനാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നതിലായിരുന്നു അത് കലാശിച്ചത്. ഈ  നിശ്ചലാവസ്ഥ കാരണമായി  കരകയറല്‍ ദുഷ്‌കരമായ സാമ്പത്തിക മാന്ദ്യത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു.  സാമ്പത്തിക മാന്ദ്യത്തിന്റെ അനന്തര ഫലമായുണ്ടാകാനിരിക്കുന്ന തൊഴിലില്ലായ്മയാണ് പ്രധാനമായും  പ്രവാസികളുടെ ഉറക്കം കെടുത്തുന്നത്. ആഗോളാടിസ്ഥാനത്തില്‍ രണ്ടരക്കോടിയിലേറെ ആളുകള്‍ക്ക് കൊറോണ കാരണമായി  തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ്  ഐക്യരാഷ്രസഭ കണക്കുകൂട്ടുന്നത്. ഗള്‍ഫില്‍ മാത്രം 17 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന യുനൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റ് ഏഷ്യ (ഇ. എസ്. സി. ഡബ്ല്യൂ. എ ) യുടെ കണക്കുകള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോഴേ പ്രവാസിയുടെ നെഞ്ചിടിപ്പ് കൂടാനുള്ള  കാരണം നമുക്ക്  സുവ്യക്തമാവൂ. കേരളക്കരയുടെ സാമ്പത്തിക സുഭദ്രതയ്ക്കു പിന്നിലെ പ്രധാന ചാലകശക്തികളില്‍ ഒന്നായ  പ്രവാസികള്‍ക്കേല്‍ക്കുന്ന ചെറിയ ഒരു തിരിച്ചടി പോലും, അവരെ ഒരുവിധത്തിലല്ലങ്കില്‍ മറ്റൊരു വിധത്തിലാശ്രയിക്കുന്ന  മലയാളികളെ പിറകോട്ടടിക്കാന്‍ പര്യപ്തമാണെന്നു നാം തിരിച്ചച്ചറിയുമ്പോഴാണ് പ്രവാസികളുടെ  വര്‍ധിത നെഞ്ചിടിപ്പിന്റെ  താളം നമ്മളുടേത് കൂടിയാകുന്നത്.

എണ്ണവിലയിലെ ഇടിവും,  ടൂറിസം  മേഖലയിലെയിലേയും കച്ചവട മേഖലയിലെയിലെയും വരുമാന നഷ്ടങ്ങളും  കാരണമായി കൂപ്പുകുത്തലിന്റെ വക്കിലെത്തി നില്‍ക്കുന്ന അറബ് ദേശങ്ങളില്‍ കടല്‍ കടന്നെത്തിയ തൊഴിലാളികളുടെ  നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഓരോ വര്‍ഷവും വര്‍ദ്ധിത വീര്യത്തോടെ  കൂടുതല്‍ മേഖലകളിലേക്ക് വ്യപിപ്പിച്ചു കൊണ്ടിരിക്കുന്ന സ്വാദേശിവല്‍ക്കരണം കൂടിയാകുമ്പോ പ്രവാസികളുടെ മനക്കോട്ടകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയാണ്. ഏതെങ്കിലും വിധത്തില്‍ വിദേശത്ത് തന്നെ പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മേല്‍ അവസാനത്തെ ആണിയും അടിച്ചു കയറ്റുന്നതായിരുന്നു കോറോണയുടെ വരവ്. ഇടി തട്ടിയവനെ പാമ്പ് കടിച്ച പ്രതീതിയായിരുന്നു അത് അറബ് ദേശങ്ങളില്‍ ഉളവാക്കിയത്. വിദേശത്ത് നിന്ന് ലീവിന് വന്നതും അവിടെ താമസിക്കുന്നതുമായ പ്രാവാസികളുടെയുമെല്ലാം വിധിയെ അനിശ്ചിതത്വത്തിന്റെ തുലാസിലേക്ക്  എടുത്തെറിയാനും കൂടി ഇത് സഹായിക്കുകയുണ്ടായി.

നീറുന്ന നോവുമായി ജീവിതകാലം മുഴുവന്‍  തള്ളിനീക്കുന്ന പ്രവാസികളുടെ ഇപ്പോഴത്തെ  പ്രധാനമായുള്ള ആധി നാട്ടിലുള്ള ഉറ്റവരേയും  ഉടയവരേയും  കുറിച്ചാണ്. പിറന്ന നാട്ടിലെ സകലമാന സുഖ സൗകര്യങ്ങളും ത്യജിച്ച് അന്യ നാട്ടില്‍ വിയര്‍പ്പൊഴുക്കി  ജീവിതോപായം കണ്ടെത്തുന്ന പ്രവാസികള്‍ക്ക് തളരാതെ മുന്നോട്ട് പോകുവാനുള്ള ശക്തി  നല്‍കുന്നത് സുരക്ഷിതമായി തന്റെ കുടുംബം  നാട്ടില്‍  കഴിയുന്നുണ്ടെന്ന ബോധമാണ്. ആ ബോധത്തെയാണ് കോറോണയെന്ന മഹാമാരി നിഷ്‌ക്കരുണം വെല്ലുവിളിച്ചിരിക്കുന്നത്.ലോകമൊട്ടാകെ പടര്‍ന്നു പിടിച്ച വൈറസ് ഒടുക്കം പ്രിയപ്പെട്ടവരധിവസിക്കുന്ന ഭൂമികയിലും എത്തിയെന്നറിയുമ്പോള്‍ അകലങ്ങളിലിരുന്ന് കണ്ണീര്‍ പൊഴിക്കാന്‍  മാത്രമേ അവര്‍ക്കും നമുക്കും കഴിയുന്നുള്ളു. ഒന്ന് ഓടിയെത്താന്‍ പോലും കഴിയാതെ വിദൂരങ്ങളിലായ അവരുടെ നെഞ്ചിലെ തീ നമുക്കൂഹിക്കാവുന്നതേയൊള്ളു. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തില്‍ അഹന്തത നടിച്ച മനുഷ്യന്‍ യഥാര്‍ഥ്യത്തില്‍ എത്ര മാത്രം നിസ്സഹായനാണെന്ന് കൂടി പ്രിയപ്പെട്ടവരിലേക്ക് എത്തി ചേരാന്‍ കഴിയാത്ത സമകാലിക സാഹചര്യം നമ്മെ പഠിപ്പിക്കുന്നുണ്ട്.

കൊറോണ പടരുന്ന വേഗത്തില്‍, ഒരു പക്ഷെ അതിനേക്കാള്‍ വേഗത്തില്‍ പടരുന്ന ഫേക്ക് ന്യൂസുകള്‍ പ്രവാസികളുടെ ഉറ്റവരെ കുറിച്ചുള്ള ഭയാശങ്കകള്‍ ഇരട്ടിപ്പിക്കുന്നുണ്ടെന്നാതാണ് സത്യം.നേരം പോക്കിനായി -അല്ലാതെയും -പടച്ചു വിടുന്ന വ്യാജ വാര്‍ത്തകള്‍ എന്തു മാത്രം പൊല്ലാപ്പുകളാണ് സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാന്‍ പറ്റുന്ന ഒരുപാട് അനുഭവങ്ങള്‍ നമുക്ക് മുന്‍പില്‍ തന്നെയുണ്ട്. തമാശക്ക് പോലും കളവ് പറയരുതെന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ ) അനുയായികളും വ്യാജ വാര്‍ത്ത നിര്‍മാണത്തില്‍ ഒട്ടും പിറകിലല്ല.ചിലര്‍ക്കത് കേവലം വിനോദം മാത്രമാണ്. സുഹൃത്തുകളെ കുറച്ചു നേരത്തേക്കെങ്കിലും മുള്‍മുനയില്‍ നിര്‍ത്താനുള്ള വിനോദം മാത്രം. പക്ഷെ സോഷ്യല്‍ മീഡിയയുടെ അതിപ്രസരണം കാരണമായി ആ വ്യാജ വാര്‍ത്തകള്‍ക്ക്  കിട്ടുന്ന പ്രചരണം  ഊഹിക്കാവുന്നതിലും എത്രയോ അപ്പുറത്താകും. ഇത്തരം വാര്‍ത്തകള്‍ പ്രധാനമായും  തീ തീറ്റിക്കുന്നത് പ്രവാസികളെയാണ്. നാട്ടില്‍ ബന്ധപ്പെട്ട് നിജസ്ഥിതി അറിയുമ്പോഴേക്കും ഭയപ്പെടലിന്റെ സകലമാന അനുഭവങ്ങളും അവര്‍ അനുഭവിച്ചു തീര്‍ന്നിട്ടുണ്ടാകുകയും ചെയ്യും. കൊറോണ കാലത്തും  ഈ ദുഷ്പ്രവണതക്ക്  മാറ്റമൊന്നുമുണ്ടായില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീണു കിട്ടിയ ഒഴിവുസമയങ്ങളില്‍ വ്യാജ വാര്‍ത്തകളുടെ ഉപജ്ഞാതാക്കള്‍ നിര്‍ലോഭം വിഹരിക്കുകയായിരുന്നു എന്നു വേണം പറയാന്‍. വസ്തുതകളറിയാതെ ഇത്തരം വാര്‍ത്തകള്‍ വീണ്ടും വീണ്ടും പ്രചരിപ്പിക്കുന്നതിലൂടെ അകലങ്ങളിരിക്കുന്ന പ്രവാസികളുടെ ഹൃദയങ്ങളിലേക്ക് ഭീതിയുടെ കനലാണ് നാം കോരിയിടുന്നതെന്ന്  ഇനിയെങ്കിലും വിസ്മരിച്ചു കൂടാ.

നോവിന്റെ നിലയില്ലാ കയത്തിലേക്ക് പ്രവാസികളെ തള്ളി വിടുന്ന മറ്റൊന്നാണ് യുക്തിരഹിതമായ  അപവാദ പ്രചരണം.കൊറോണ പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇത്തരം അപവാദ പ്രചാരണങ്ങള്‍ അതിന്റെ മുര്‍ദ്ധന്യത്തിലായിരുന്നു.  കോവിഡിന്റെ  പ്രചാരകര്‍ പ്രവാസികള്‍ മാത്രമാണെന്ന  നിലയിലായിരുന്നു വാര്‍ത്തകള്‍ വന്നത്. അതിലൂടെ വൈറസിന്റെ വ്യാപനം തടയുന്നതില്‍ പാളിച്ചകള്‍ വന്ന ഗവണ്മെന്റിനും, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ലാഭക്കണ്ണോടെ വൈറസിന്റെ ഉത്ഭവകേന്ദ്രമായ ചൈനയോട് ഇടപാടുകള്‍ നടത്തിയ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും വൈറസ് വ്യാപനത്തിലെ തങ്ങളുടെ പങ്കിനെ തൊട്ട് സൂത്രത്തില്‍ കൈകഴുകാനായി.  വിരലില്ലെണ്ണാവുന്ന ചില പ്രവാസികളുടെ  അനാസ്ഥയാണ് യാഥാര്‍ഥ്യത്തില്‍  പ്രവാസികള്‍ ഒന്നടങ്കം ക്രൂശിക്കപ്പെടാനിടയാക്കിയത്.  വിദേശത്തു നിന്നു വന്ന ചില പ്രവാസികള്‍  സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാതെ കറങ്ങി നടന്നത് ഈ പ്രചാരണത്തിന് മാറ്റ് കൂട്ടുകയും ചെയ്തു. പ്രവാസികളെ ഒന്നടങ്കം വിമര്‍ശിക്കപ്പെടുന്ന സ്ഥിതിവിശേഷണമാണ് അതിലൂടെ ആസന്നമായത്.  പ്രവാസികള്‍ അത് വരെ നാടിന് ചെയ്ത ഗുണങ്ങളെ സൗകര്യപൂര്‍വം വിസ്മരിക്കാന്‍  മലയാളികള്‍ക്ക് മത്സരിക്കുന്ന കാഴ്ചയായിരുന്നു അതേ തുടര്‍ന്ന്  ചുറ്റിലുമുണ്ടായിരുന്നത്. ആരുടെ നന്മക്ക് വേണ്ടിയാണോ ജീവിതം ഉഴിഞ്ഞു വെച്ചത് അവരില്‍ നിന്നു തന്നെ ഇത്തരത്തില്‍ പ്രതികൂലമായ പ്രതികരണമുണ്ടാകുമ്പോ പ്രവാസികളുടെ കണ്ണ് കലങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളു !

പ്രവാസി കുടുംബങ്ങളുടെ നിറപ്പകിട്ടുള്ള സ്വപ്നങ്ങള്‍ക്ക് മേല്‍ കരിവാരി തേക്കുന്ന ഒന്നായിട്ട് കൂടി കൊറോണ കാലം മാറുന്നുണ്ട്. ദീര്‍ഘ നാളുകള്‍ക്ക് ശേഷം മദ്ധ്യവേനലവധിക്ക് നാട്ടില്‍ വരാന്‍ ഉദ്ദേശിച്ചവരും, കുടുംബത്തെ ഗള്‍ഫിലേക്ക് കൊണ്ടു പോകാന്‍  കൊതിച്ച പ്രവാസികളുമെല്ലാം  കോറോണയുടെ പശ്ചാതലത്തില്‍ യാത്രകള്‍  നീട്ടി വെക്കുകയാണുണ്ടായത്. സാധാരണയില്‍ സ്‌കൂളുകള്‍ അടക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍  പ്രവാസി കുടുംബങ്ങളുടെ ഒരൊഴുക്ക് തന്നെ ഗള്‍ഫ് നാടുകളിലേക്ക് ഉണ്ടാകാറുണ്ട്. പലര്‍ക്കും അത് കുടുംബത്തോടൊത്ത് ചേരാനുള്ള അസുലഭ നിമിഷങ്ങളാണ്. ഏറെ നാളത്തെ കാത്തിരിപ്പും അതിന് പിന്നിലുണ്ടാകും. അവര്‍ നെയ്തു വെച്ച സ്വപ്നങ്ങള്‍ക്കും കണക്കുണ്ടാവില്ല. വ്യോമഗതാഗതങ്ങള്‍ നിര്‍ത്തി വെച്ചതോടെ മോഹഭംഗത്തിന്റെ കയ്പ്പുനീരിറക്കി കാത്തിരിക്കാന്‍ വിധിക്കപ്പെടുകയാണ് പ്രവാസികള്‍. വിമാന സര്‍വീസുകള്‍ പൂര്‍ണമായും അവസാനിപ്പിച്ചതോടെ പ്രിയപ്പെട്ടവരുടെ മരണം പോലോത്ത അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോലും വീടണയാന്‍ കഴിയാത്ത സാഹചര്യവുമാണ് സംജാതമായിട്ടുള്ളത്.

തൊഴില്‍ രഹിതരായി മടങ്ങി വരുന്ന പ്രവാസികളെ   സഹായിക്കുന്നതിനാവശ്യമായ പദ്ധതികള്‍ യഥാവിധം ആവിഷ്‌ക്കരിക്കാത്തതും, നടപ്പിലാക്കാനുദ്ദേശിച്ചവ ചുവപ്പ് നാടയില്‍ കുടുങ്ങി ഫയലുകളില്‍ വിശ്രമിക്കുന്നതും പ്രവാസികള്‍ നേരിടുന്ന അവഗണനയുടെ നേര്‍ സാക്ഷ്യങ്ങളാണ്. യൂസ് ആന്‍ഡ് ത്രോ എന്ന ആശയമാണ് പലപ്പോഴും പ്രവാസികളുടെ കാര്യത്തില്‍ ഗവണ്മെന്റും,  ആശ്രിതരും  കൈകൊള്ളുന്നത്. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ചാരിറ്റിക്കുമൊക്കെയായി പ്രവാസികള്‍ക്ക് മുന്‍പില്‍ ഓച്ചാനിച്ച് നില്‍ക്കുന്നവര്‍ തന്നെ അവരുടെ അതിജീവനം വെല്ലുവിളി നിറഞ്ഞതാകുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക്  നേരെ മുഖം തിരിക്കുന്നതായ ദുസഹ്യമായ അവസ്ഥയാണ് നിലവിലുള്ളത്. സ്വാദേശിവല്‍ക്കരണം കാരണമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുതിയൊരു സംരഭം തുടങ്ങാനുള്ള നൂലാമാലകള്‍ ഏറെയാണെന്ന്  അനുഭവസ്ഥരുടെ വാക്കുകള്‍ അടിവരയിടുമ്പോള്‍ എത്ര മാത്രം അസ്വീകാര്യതയാണ് അവര്‍ നേരിടുന്നതെന്ന് തിരിച്ചറിയാനാവും. അത് പോലെ തന്നെ  പ്രവാസം അവസാനിപ്പിച്ച് വരുന്നവരുടെ കൂട്ടത്തില്‍ ലോകോത്തര കമ്പനികളില്‍ ദീര്‍ഘ നാളത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ ഒട്ടേറെയാണ്. അതിനെ വേണ്ടം വിധം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ പോകുന്നത് അവരെ അവഗണിക്കുന്നതിന് തുല്യമാണ്. ലോക നിലവാരത്തിലേക്ക് ഉയരാനുള്ള അവസരമാണ് ഇതിലൂടെ സര്‍ക്കാരുകള്‍  കളഞ്ഞു കുളിക്കുന്നത്.

നിലവിലെ പ്രതിസന്ധി ഘട്ടം തരണം ചെയ്യലും അത്ര എളുപ്പമാവില്ല പ്രവാസികള്‍ക്ക്. മറ്റേവരെയും പോലെ ഭയത്തിന്റെ മേലാപ്പണിഞ്ഞ്  മുറികളില്‍ അടച്ചിരിക്കാനെ അവര്‍ക്കും കഴിയൂ.വിദേശത്ത് സ്വന്തമായി  സംരംഭങ്ങള്‍ തുടങ്ങിയവരെയാണ്  നിലവിലെ സാഹചര്യം കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത്.   നിയന്ത്രണ കാലഘട്ടത്തിന് ശേഷം ഒന്നില്‍ നിന്ന് തുടങ്ങേണ്ട സാഹചര്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. പൂര്‍വ്വ സ്ഥിതി പ്രാപിക്കുന്നതിന് നല്ലൊരു തുക തന്നെ ഇവര്‍ക്ക് ചിലവഴിക്കേണ്ടി വരും. അതില്ലാത്ത പക്ഷം  അവയ്ക്ക് താഴിട്ടു പൂട്ടുകയേ നിര്‍വാഹമുള്ളൂ. അതോടെ ഇവരുടെയും  ഇവരെ ആശ്രയിച്ചിരുന്നവരുടെയും വിധി തുലാസിലാവുകയും ചെയ്യും.

ഇനിയങ്ങോട്ട്  ഭരണകൂടങ്ങള്‍ കൈകൊള്ളുന്ന പ്രായോഗിക നടപടികള്‍ മാത്രമേ  പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെ കരസ്പര്‍ശമാകു. അന്യനാടുകളില്‍ നിന്ന് വരുന്നവരെ ആതിഥേയത്വ മര്യാദ കൊണ്ട് വിസ്മയിപ്പിച്ച അറബികള്‍ പതിവ് രീതികള്‍ തുടരുന്നത് ആശ്വാസം പകര്‍ന്നേകുന്നുണ്ട്. ഇതിനുദാഹാരണമാണ് അബുദാബിയില്‍ ഈ വര്‍ഷാവസാനം വരെ റോഡ്  ടോള്‍ പിന്‍വലിച്ചതും,  126 ബില്യണ്‍ ദിര്‍ഹമിന്റെ സാമ്പത്തിക പദ്ധതി  പ്രഖ്യാപിച്ചതുമൊക്കെ. ഭരണകൂടങ്ങള്‍ പുറപ്പെടുവിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചു കൊണ്ടാവണം ഇതിന് പ്രവാസികള്‍ പ്രത്യുപകാരം ചെയ്യേണ്ടത്. അല്ലാത്ത പക്ഷം ദീര്‍ഘ നാളത്തേക്ക്  അവിടങ്ങളിലേക്ക് പോകാന്‍ കഴിയാതായി തീരും. നാട്ടില്‍ വന്ന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കിലുള്ള സ്ഥിതിയും ഇതില്‍ നിന്ന് ഏറെ ഭിന്നമാവില്ല.  ഓരോ വ്യക്തിയും സ്വന്തമായി മുന്‍കരുതലെടുക്കുന്നതിലൂടെ  മാത്രമേ ഈ മഹാമാരിക്ക് തടയിടാനാവു. അതല്ല സുരക്ഷാ മുന്‍കരുതലുകള്‍ കാറ്റില്‍ പറത്താനാണ് ഭാവമെങ്കില്‍ പ്രവാസികളടക്കമുള്ള തൊഴിലാളി സമൂഹത്തിന്റെ കാര്യം  കൂടുതല്‍ കഷ്ടത്തിലാവും.

പ്രതിസന്ധിയിലായ പ്രവാസികളെ സംരക്ഷിക്കുന്നതിനായി സത്വര നടപടികള്‍ കേരള സര്‍ക്കാരും കൈകൊള്ളേണ്ടിയിരിക്കുന്നു. മടങ്ങി വരുന്ന പ്രവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടിട്ടുള്ളതാവണം ഇത്. പദ്ധതി പ്രഖ്യാപനങ്ങള്‍ ഒരിക്കലും  പ്രഹസനങ്ങളായി മാറരുത്. നിരാശയുടെ പടുകുഴിയിലേക്ക്  പ്രവാസികളെ എടുത്തെറിയാനെ അതുപകരിക്കു.മടങ്ങി വരുന്ന പരിചയ സമ്പന്നരായ തൊഴിലാളികളെ  ഉപയോഗപ്പെടുത്തി ലോക നിലവാരത്തിലേക്ക് പ്രാദേശിക പദ്ധതികളെ എളുപ്പം മാറ്റാവുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ  നൂലാമാലകള്‍ ഒഴിവാക്കി കൊടുക്കുകയും,  ധനസഹായങ്ങള്‍ ഏര്‍പ്പാട് ചെയ്തു കൊടുക്കുകയും  ചെയ്യന്നതിലൂടെ ഒരേ സമയം വികസനത്തിന്റെ പാതയിലൂടെ മുന്നേറാനും ജനക്ഷേമം ഉറപ്പു വരുത്താനും  സര്‍ക്കാരിന്  കഴിയും.നിലവിലെ സാഹചര്യത്തെ,  ചോദിച്ചു വരുന്നവര്‍ക്ക് കയ്യയച്ച് സഹായം ചെയ്ത പ്രവാസികളോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരവസരമായി കണ്ടു കൊണ്ട് അവരെ നാം ചേര്‍ത്തുപിടിക്കേണ്ടിയിരിക്കുന്നു.

   
എല്ലാത്തിലുമുപരി  മനുഷ്യകുലത്തിന്റെ  ഭാവി തന്നെ  ചോദ്യ ചിഹ്നമായി നില്‍ക്കുന്ന നിലവിലെ പരിതസ്ഥിതിയില്‍  സൃഷ്ടാവിലേക്ക് മടങ്ങലാണ് ഏക പരിഹാരം. സത്യത്തില്‍ പരീക്ഷണ കാലഘട്ടമെന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിലേക്ക് അടുക്കുവാനുള്ള  അവസരമാണ്.കുടുംബത്തെ കുറിച്ചുള്ള ആധിയിലും, തൊഴിലിനെ കുറിച്ചുള്ള ആശങ്കയിലുമായിട്ട് കഴിയുന്ന പ്രവാസികളും   നാഥനിലേക്ക്  മടങ്ങുവാനുള്ള ഒരു അവസരമായി ഈ കാലഘട്ടത്തെ വിനിയോഗിക്കുകയാണ് വേണ്ടത്.  ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തിയതും  അതാണ്.

' കുറച്ചൊക്കെ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു:ഞങ്ങള്‍ അല്ലാഹുവിന്റേതാണ് ;അവനിലേക്ക് തന്നെ തിരിച്ചു ചെല്ലേണ്ടവരാണ്'(2:156).അഥവാ ഈ പരീക്ഷണങ്ങളെല്ലാം സൃഷ്ടാവിലേക്കുള്ള മടങ്ങി പോകലിനെ കുറിച്ച് ഒരു ഉണര്‍ത്തലാണ്. പരീക്ഷണ കാലത്തും ദുര്‍വൃത്തികളില്‍ മുഴുകുന്നവന്‍ കടുത്ത അപരാധിയാണെന്ന് മറക്കാതിരിക്കുക. വിദേശത്തായാലും സ്വാദേശത്തായാലും പാപങ്ങളില്‍ നിന്ന് അകന്ന് നിറകണ്ണുകളിലൂടെ അല്ലാഹുവിലേക്ക് മടങ്ങാന്‍ നാം തയ്യാറാവാണം. അപ്പോള്‍ മാത്രമേ നീറുന്ന നോവുകള്‍ക്കൊരു പരിഹാരമാവുകയൊള്ളു.


 | റാഷിദ് കമാലി താഴെക്കോട് | 

സമീപകാലത്ത് ഒരു പക്ഷേ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു നാമമാണ് ഇല്ല്യൂമിനേറ്റി. ലോകം നിയന്ത്രിക്കുന്ന നിഗൂഢ സംഘടനയെന്ന് പരക്കെ പ്രചരിപ്പിക്കപ്പെടുന്നുവെങ്കിലും ഇന്നും അതിന്റെ അസ്ഥിത്വം തീര്‍ത്തും നിഗൂഢമായിത്തതന്നെ നിലനില്‍ക്കുന്നു. ഒരു കൗതുകത്തോടെ എപ്പോഴൊക്കെയോ അറിയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പലപ്പോഴും അന്വേഷണങ്ങള്‍ പാതിവഴിയില്‍ മുറിഞ്ഞുവീഴുകയായിരുന്നു. അങ്ങനെയിരിക്കെ കുറച്ച് മാസങ്ങള്‍ക്കു മുമ്പാണ് എന്റെ വാഡ്‌സപ്പ് നമ്പറിലേക്ക്  വിദേശ നമ്പറില്‍ നിന്ന് ഒരു സന്ദേശമെത്തുന്നത്. Hail the light എന്ന അഭിവാദന വചനം കൊണ്ട് തുടങ്ങുന്നതായിരുന്നു ആ സന്ദേശം ആ ചാറ്റിങ്ങ്.

ഇല്ല്യൂമിനേയില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഒരു കൗതുകത്തോടെ ഞാന്‍ സമ്മതം മൂളി.  പിന്നീട് വന്നത് ഒരു ഇല്ല്യൂമിനേറ്റി മെമ്പറിന് ലഭിക്കാന്‍ പോവുന്ന സൗഭാഗ്യ വിവര പട്ടിക്കയായിരുന്നു. Hail Lucifer എന്ന അവരുടെ പ്രമാണവാക്യം ചേര്‍ത്തുവെച്ചുള്ള ആ സന്ദേശം ഇപ്രകാരമായിരുന്നു……

BENEFITS OFFERED FOR NEW MEMBERS ENTERING ILLUMINATI 

HAIL  👁 LUCIFER

1. USD $ 500,000 Cash Reward
2. A new stylish dream car valued at USD $ 30,000 USD
3. A Dream House purchased in the country of your choice.
4. One month holiday (fully paid) to your dream tourist destination.
5. One Year Golf Membership Package
6. V.I.P treatment at all airports worldwide
7. A total lifestyle change
8. Access to Bohemian Grove
9. The monthly payment for men is $ 80,000, while women are $ 90,000 in their bank           account every month.

HAIL  👁  LUCIFER

ഒരു കോടീശ്വരനാവാനുള്ള സകല തയ്യാറെടുപ്പുകളും മുന്നില്‍ കണ്ട ഞാന്‍, മുകളില്‍ പറഞ്ഞതെല്ലാം എപ്പോള്‍ ലഭിച്ചു തുടങ്ങുമെന്ന എന്റെ മാന്യമായ സംശയം മുന്നോട്ടുവെച്ചു.  മറുപടി വളരെ ലളിതമായിരുന്നു : താങ്കള്‍ രജിസ്‌ട്രേഷ പ്രകിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ഏതാണ്ട് കരക്കടിഞ്ഞു എന്ന് മനസ്സിലായതുകൊണ്ടാവണം ഉടനെ തന്നെ എനിക്കുള്ള അടുത്ത സന്ദേശവുമെത്തി. ഇല്ല്യൂമിനേറ്റി ഓര്‍ഗണെസേഷനെ കുറിച്ച്  പ്രമുഖരുടെ അഭിപ്രായങ്ങളായിരുന്നു അതിന്റെ ഉള്ളടക്കം. ഓരോ അഭിപ്രായങ്ങളില്‍ നിന്നും അതില്‍ നിന്ന് ഒരു ഇല്ല്യൂമിനേറ്റി മെമ്പര്‍ ഉള്‍ക്കൊള്ളേണ്ട പാഠങ്ങളും എടുത്തു  പറഞ്ഞിട്ടുണ്ടായിരുന്നു. ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും എന്തിന് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ വരെ ഉല്‍പ്പെടുന്ന മനോഹരമായ പട്ടിക. ഒരു കൗതുകത്തിന് അതും ചുവടെ ചേര്‍ത്തിട്ടുണ്ട്.

LESSONS FROM 15 CONTEMPORARY 
PROMINENT ILLUMINATI MEN& WOMEN

1. Dr.Ben Carson said,"I struggled academically throughout elementary school yet became the best neurosurgeon in the world in 1987".

LESSON: Struggling is a sign that you are on a verge of success. Don't quit yet. 

2. Oprah Winfrey said,"I was raped at the age of 9 yet I am one of the most influential women in the World" 

LESSON: Don't let your past decide your future.

3. Bill Gates said,"I didn't even complete my university education but became the world's richest man" 

LESSON: School does not make you rich.School is only supposed to polish what will make you rich,not make you rich.

4. Joyce Meyer said &I quote,"I was sexually, mentally, emotionally and verbally abused by my father as far back as I can remember,until I left home at the age of eighteen,yet I am one of the most influential preachers in the world" 

LESSON: Let your past push you, not define or limit you.

5. Christiano Ronaldo said,"I told my father that we would be very rich but he couldn't believe me.I made it a reality". 

LESSON: Your words rule your life.If you mean what you have said,each word will come to pass.You get what you say. 

6. Hear Lionel Messi!,"I used to serve tea at a shop to support my football training and still became one of the world's best footballers".

LESSON: Believe in your dream.Don't let your pain tell you how your future will look like. 

7. Steve Jobs penned,"I used to sleep on the floor in my friends'rooms, returning coke bottles for food,money, and getting weekly free meals at a local temple, I later on founded Apple Company" 

LESSON: That you are small today doesn't mean you will be small tomorrow. Keep trusting God.

8. Former British PM, Tony Blair said &I quote," My teachers used to call me a failure, but I became a Prime Minister" 

LESSON: Don't let someone else's opinions of you become your reality.

9. Bishop David Oyedepo said, "I started Living Faith Church from a lawn tennis court with three members only &preached prosperity. Many of my friends criticised me, but today we have the largest church auditorium in the world & two world-class universities"

LESSON: Believe in yourself even if no one does& never think of quitting.

10. Nelson Mandela said, "I was in prison for 27 years & still became president."

LESSON: You can be anything you want to be no matter where you have been or what you have been through.


സംഗതി ഏറെക്കുറെ ഏറ്റുവരുന്നുവെന്ന് മനസ്സിലായതു കൊണ്ടാവണം  വീണ്ടും അടുത്ത സന്ദേശം. ഇത്തവണ ഇനി അങ്ങോട്ട് ഞാന്‍ പാലിക്കേണ്ട ചില മാര്‍ഗനിര്‍ദേശങ്ങളായിരുന്നു. 1. ഞങ്ങള്‍ പറയുന്നത് പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കുകയും അനുസരിക്കുകയും വേണം. 2. നിര്‍ബന്ധമായും നിങ്ങളുടെ  വാഡ്‌സപ്പ് ഡി.പി യില്‍ നിങ്ങളുടെ ഫോട്ടോ സെറ്റ് ചെയ്യണം. 3. ഇല്ല്യൂമിനേറ്റി എന്ന പേരില്‍ മറ്റാരോടെങ്കിലും നിങ്ങള്‍ നിലവില്‍ ചാറ്റുചെയ്യുന്നുണ്ടെങ്കില്‍ ഇതിനകം അവസാനിപ്പിക്കണം. ഇങ്ങനെ നീളുന്നു നിര്‍ദേശങ്ങള്‍....

ഏതായാലും നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കാമെന്നേറ്റതോടെ രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു.  രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് മൂന്ന് വ്യത്യസ്ത ഫോട്ടോ സഹിതം അയക്കാന്‍ ആവശ്യപ്പെട്ടു. ഒട്ടും ശങ്കിക്കാതെ ചെയ്തുകൊടുത്തു. അടുത്തത് പ്രതിജ്ഞയായിരുന്നു. ഒരിക്കലും തിരികെ പോവില്ലെന്ന് പ്രതിജ്ഞചെയ്യുന്ന വീഡിയോ സന്ദേശം അയക്കണമായിരുന്നു. ആവശ്യമായ മാതൃകാ വീഡിയോകളും കൂട്ടത്തില്‍ അയച്ചു തന്നിരുന്നു. അതും കഴിഞ്ഞതോടെ അവസാന ഘട്ടമായി.

രജിസ്‌ട്രേഷന്‍ ഫീ അടക്കാനാവശ്യപ്പെട്ടു, ഇത്രടം വരെ എത്തിയ സ്ഥിതിക്ക് അതുകൂടി പൂര്‍ത്തിയാക്കാം എന്ന കരുതിയിരിക്കെ എനിക്കുള്ള സന്ദേശമെത്തി: അടക്കേണ്ട തുക 500 $. സംഗതി കൈവിട്ടുവെന്ന് ബോധ്യപ്പെട്ടതോടെ മുടക്കു ന്യായങ്ങള്‍ നിരത്തി തടിതപ്പാന്‍ ഞാന്‍ നിര്‍ബന്ധിതനായി. വിദ്യാര്‍ത്ഥിയാണെന്നും അത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കിലും സാധ്യമായ തുക എത്രയാണെന്ന് ചോദിച്ച് പിന്നെടും വാഡ്‌സപ്പ് സന്ദേശങ്ങള്‍ വന്നുകൊണ്ടെയിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ലോകം ഭരിക്കുന്ന നിഗുഢ സംഘടന നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തോന്നിപ്പിക്കും വിധത്തില്‍ യാചന പതിവായപ്പോള്‍  തല്‍ക്കാലം ആ ചാറ്റിങ്ങിന് അറുതിയിടേണ്ടിവന്നു. എങ്കിലും സംഘടനയുടെ ഇന്നോളമുള്ള അന്തസ്സും അഭിമാനവും കണക്കിലെടുത്ത് കൂടുതല്‍ കാര്യങ്ങള്‍ തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല....

ഇത്തരം സന്ദേശങ്ങളും വാഗ്ദാനങ്ങളും ഒരുപക്ഷേ നിങ്ങളില്‍ പലര്‍ക്കും ഇതിനു മുമ്പ് വന്നിരിക്കാം, അത്തരം വാര്‍ത്തകളും സംഭവങ്ങളുമെല്ലാം നാം നിരന്തരം വാര്‍ത്തകളിലും മറ്റും കാണാറുമുണ്ട്. മിക്കവയും ഇല്ല്യൂമിനേറ്റി ലേബലുപയോഗിച്ച് പ്രലോപനങ്ങളിലൂടെ പണം തട്ടാനുള്ള  ശ്രമങ്ങളാണെന്ന്‌ പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ ?

ഇനി വിഷയത്തിലിക്ക് കടക്കാം. ഒരു വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍  അറിഞ്ഞു തുടങ്ങിയ ഒരു വലിയ യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ് ഇനി ഞാന്‍ സംസാരിച്ചു തുടങ്ങുന്നത്. ഇല്ല്യൂമിനേറ്റി സത്യമാണോ മിഥ്യയാണോ പറയുന്നതിനേക്കാള്‍ അത്തരം ഒരു സംഘടനയുടെ സാധ്യത എത്രത്തോളം നാം പരിഗണിക്കേണ്ടതുണ്ടെന്ന് മാത്രമാണ് ഈ കുറിപ്പില്‍ എനിക്ക് പറയാനുള്ളത്.

മനുഷ്യന്‍ ഭൂമിയിലനുഭവിക്കുന്ന ഏറ്റവും വലിയ വിപത്തായാണ് ദജ്ജാലിനെ പ്രവാചക തിരുമേനി പരിചയപ്പെടുത്തിയിട്ടുള്ളത്.

നബി(സ) തങ്ങള്‍ പറയുന്നു :  ആദം നബിയുടെ സൃഷ്ടിപ്പിന്റെയും അന്ത്യനാളിന്റെയും ഇടയില്‍ ദജ്ജാലിനെക്കാല്‍ വലിയൊരു ഫിത്‌ന ഭൂമിയിലില്ല തന്നെ. (മുസ്‌നദ് അഹ്മദ്: 15831)

ദജ്ജാലിനെ കുറിച്ച് മറ്റൊരു പ്രവാചകനും പറയാത്തവിധം തന്റെ ഉമ്മത്തിനെ ഉത്ബുദ്ധരാക്കിയവരാണ് നമ്മുടെ പ്രവാചകന്‍. ലോകമൊത്തം കാല്‍ക്കീഴിലൊതുക്കി സംഹാരതാണ്ഡവമാടാന്‍ കാത്തിരിക്കുന്ന അവന്റെ ആഗമനകാലത്തെ കുറിച്ചും, മുമ്പു സംഭിക്കുന്ന സൂചനകളെ കുറിച്ചും, അവന്റെ ഫിത്‌നയില്‍ നിന്നുള്ള രക്ഷാ മാര്‍ഗത്തെ കുറിച്ചും സവിസ്തരം അവിടുന്ന് നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. വിശദമായി വിശദീകരിച്ചു തന്നിട്ടും  ‘എങ്കിലും നിങ്ങളവനെ തിരിച്ചറിയാതെ പോകുമോ’ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്ന് പ്രവാചകര്‍ ആകുലപ്പെടുന്നതായി ഹദീസില്‍ കാണാം.

ദജ്ജാലിനെ കുറിച്ച് അറിഞ്ഞവരും മനസ്സിലാക്കിയവരുമാണ് നമ്മളെല്ലാവരും. അന്ത്യനാളില്‍ അത്തരം ഒരു കൊടിയ ഫിത്‌ന സംഭവിക്കാന്‍ പോകുന്നുവെന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയവുമില്ല. പക്ഷേ എന്നിട്ടും പ്രവാചകര്‍ നമ്മളോട് പറയുന്നു : നിങ്ങളവനെ തിരിച്ചറിയാതെ പോവും !!!. ദജ്ജാലിനെ കുറിച്ച് നിഗുഢതകളുടെ കെട്ട് നാം അഴിച്ചു തുടങ്ങേണ്ടത് ഈ പ്രവാചകവചനത്തില്‍ നിന്നുതന്നെയാണ്. എങ്ങനെ നാം തിരിച്ചറിയാതെ പോവുമെന്ന സാധ്യതയെ അന്വേഷിച്ചു തുടങ്ങുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ നമ്മള്‍ തിരിച്ചറിഞ്ഞു തുടങ്ങും.

ദജ്ജാലിനെ കുറിച്ച് ഹദീസില്‍ പരാമര്‍ശിക്കപ്പെടുന്ന പല കാര്യങ്ങളും വളരെയേറെ അതിശയകരമായി തോന്നാറുണ്ട്. ഉദാഹരണത്തിന് മനുഷ്യന്‍ ഭൂമിയിലനുഭവിക്കാനിരിക്കുന്ന  ഏറ്റവും വലിയ ഫിത്‌നക്ക് കേവലം നാല്‍പതു നാള്‍ മാത്രമാണ് ആയുസ്സ് എന്ന കാര്യം തന്നെ. കേവലം നാല്‍പതു നാള്‍ മാത്രം നീണ്ടു നില്‍ക്കുന്നതാണ് അവന്റെ ഫിത്‌ന എന്നതില്‍ നിന്ന് നാം തിരിച്ചറിയേണ്ടത് രണ്ട് കാര്യങ്ങളാണ്.

ഒന്ന്, കണക്കാക്കപ്പെട്ട ആ നാല്‍പതു ദിനരാത്രങ്ങള്‍ അത്രയും ഭീതിതവും ബീഭത്സവുമായിരിക്കും.

രണ്ട്, തന്റെ പുറപ്പാടിനനുകൂലമായ ഒരു ലോകക്രമം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണവന്‍. സുദീര്‍ഘമായ ആ കാത്തിരിപ്പിന് വിരാമമാകുന്ന ഒരു സുപ്രഭാതത്തല്‍ അവന്‍ പുറപ്പെടുമ്പോള്‍ വരവേല്‍ക്കാനും അകമ്പടി സേവിക്കാനും അനുയായികള്‍ ഭൂമിയില്‍ സജ്ജരായിരിക്കും. എങ്കില്‍ മാത്രമാണ് താന്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ ഈ നാല്‍പത് ദിവസം ഭൂമിയില്‍ തന്റെ സര്‍വ്വാതിപത്യം നടപ്പിലാക്കാന്‍ അവന് സാധിക്കുകയുള്ളു.

ഈ രണ്ട് യാഥാര്‍ത്ഥ്യങ്ങളും പ്രവാചകവചനങ്ങള്‍ ഒറ്റ നോട്ടത്തിലൂടെ കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും  ബോധ്യപ്പെടുന്ന കാര്യങ്ങളാണ്‌. എന്നാല്‍ സ്ഥിതിഗതികള്‍ അപ്രകാരമാണെങ്കില്‍ ദജ്ജാലിന് ആവശ്യമായ രൂപത്തില്‍ ക്രമീകരണങ്ങള്‍ ഭൂമിയില്‍ നടപ്പിലാക്കുന്നവരാര് എന്നൊരു ചോദ്യം ബാക്കിയാവുന്നു.  അത്തരം ഒരു ചോദ്യത്തിനുത്തമാലോചിക്കുന്നതിനു മുന്നോടിയായി നാം അറിഞ്ഞിരിക്കേണ്ട മറ്റുചില വസ്തുകളുണ്ട്. ആദ്യം അതിലേക്ക്.....

ദജ്ജാല്‍ മനുഷ്യനാണോ ?

തീര്‍ച്ചയായും, മനുഷ്യരൂപത്തില്‍ പിറന്ന മനുഷ്യന്റെ തന്നെ  ഏറ്റവും വലിയ ശത്രുവാക്കുന്നു ദജ്ജാല്‍. ഒരു യഹൂദി കുടുംബത്തിലായിരുന്നു അവന്റെ ജനനം. ചെറുപ്പത്തിലെ തങ്ങളുടെ മകനില്‍  ഹീനമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഭയന്ന ആ ജൂത ദമ്പതികള്‍ അവനെ സമുദ്രത്തിലെറിയുകയായിരുന്നു. സമുദ്രത്തിലെറിയപ്പെട്ടപാടെ ദജ്ജാല്‍ ഒറ്റക്കണ്ണനായി രൂപമാറ്റം വരികയായിരുന്നു.

ദജജാല്‍ ഒരു ഭീകരരൂപമാണോ ?

ദജ്ജാലിന്റെ രൂപം കൃത്യമായി ഹദീസില്‍ പ്രവാചകര്‍ വിവരിച്ചു തന്നിട്ടുണ്ട്. അവന്റെ മുടി ജടപിടിച്ചതായിപിക്കും, കുള്ളനായിരിക്കും, യുവാവായിരിക്കും, ഒറ്റക്കണനായിരിക്കും,  ഈ പറഞ്ഞതിലപ്പുറം മറ്റൊരു ഭീകരതയും അവനില്‍ ഉണ്ടായിരിക്കുന്നതല്ല. അവന്‍ തികഞ്ഞ ഒരു മനുഷ്യനായി തന്നെ പ്രത്യക്ഷപ്പെടുന്നതാണ്. മാത്രമല്ല പ്രവാചകന്‍ ഇബ്‌നു ഖതനിനോട് സാദൃശ്യമായ രൂപമാണ് ദജ്ജാലിനെന്ന് പറയുകയും ചെയ്തിരിക്കുന്നു.

നബി(സ) പറയുന്നു : ഒരിക്കല്‍ ഞാന്‍ ഉറക്കത്തിലായിരിക്കെ കഅബയെ ത്വവാഫ് ചെയ്യുന്നതായി കണ്ടു. അന്നേരം നീണ്ടുനേര്‍ത്ത തലമുടിയുള്ള ഒരാളെ കാണാനിടയായി, തലയില്‍ നിന്ന് വെള്ളം ഇറ്റിവീഴുന്നുണ്ട്, ഞാന്‍ ചോദിച്ചു ഇതാരാണ് ? ഈസ ബ്‌നു മര്‍യം ആണെന്ന് മറുപടി ലഭിച്ചു. ഞാന്‍ വീണ്ടും തിരിഞ്ഞു നടന്നു. ചുവന്ന നിറത്തില്‍ തടിച്ച, മുടി ജടപിടിച്ച ഒരാളെ കണ്ടു, അവന്‍ ഒറ്റക്കണ്ണനായിരുന്നു, അതു തന്നെ ഉന്തിനില്‍ക്കുന്ന ഒരു മുന്തിരി പോലെ തോന്നിക്കുന്നു. ഞാന്‍ ചോദിച്ചു : ഇതാരാവുന്നു, അത് ദജ്ജാലാണെന്നായിരുന്നു മറുപടി. ഇബ്‌നു ഖതനിനോട് ഏറ്റവും സാദൃശ്യമുള്ള രൂപമായിരുന്നു അത്. (ബുഖാറി 6508).

ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസില്‍ (5228)  നിശ്ചയം അവന്‍ ഒരു യുവാവാകുന്നു എന്ന പരാമര്‍ശം കൂടി കാണാം.

'കാഫിര്‍' എന്ന് നെറ്റിയില്‍ 
എഴുതിയിരിക്കുമോ ?

ആദ്യം ഹദീസ് വചനങ്ങള്‍ കാണുക :

നബി(സ) തങ്ങള്‍ പറയുന്നു : പെരും നുണയനും ഒറ്റക്കണ്ണനുമായ ദജ്ജാലിനെ കുറിച്ച് താക്കീത് നല്‍കിയിട്ടല്ലാതെ ഒരു  പ്രവാചകനും കഴിഞ്ഞുപോയിട്ടില്ല. നിശ്ചയം നിങ്ങളുടെ നാഥന്‍ ഒറ്റക്കണ്ണനല്ല, അവന്റെ രണ്ട് കണ്ണുകള്‍ക്കിടയിലായി കാഫിര്‍ എന്നെഴുതിരിക്കും. (ബുഖാരി 6598).
അബൂ ഹുദൈഫ(റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസ് കൂടി ചേര്‍ത്തിവായിക്കുക: അത് എഴുത്തറിയുന്നവനും അറിയാത്തവനും അത് വായിച്ചെടുക്കുന്നതാണ്. (മുസ്ലിം 5223)

ഇവിടെ എഴുത്തും വായനയും അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും അത് വായിക്കാനാവും എന്ന പ്രവാചക വചനത്തില്‍ നിന്ന് തന്നെ അക്കാര്യം വളരെ വ്യക്തമായി മനസ്സിലാവുന്നതാണ്. കാഫിര്‍ എന്നത് കുഫ്‌രിയ്യത്തിന്റെ ലക്ഷണം അവന്റെ മുഖത്ത് പ്രകടമായിരിക്കും എന്നതിലേക്കുള്ള സൂചന മാത്രമാണ്.

പുറപ്പാടിനു  മുമ്പ്‌
ബന്ധപ്പെടാന്‍ സാധിക്കുമോ ?

തീര്‍ച്ചയായും കഴിയും. ഹദീസ് വചനങ്ങള്‍ സാക്ഷിയാണ്. ഇസ്ലാം ആശ്ലേഷണത്തിനു മുമ്പ് ഒരു ദ്വീപില്‍ വെച്ചായിരുന്നു തമീമുദ്ധാരി ദജ്ജാലിനെ കണ്ടുമുട്ടുന്നത്. അന്ന് ഒരു വിശ്വാസി അല്ലാതിരുന്ന തമീമുദ്ധാരി ദജ്ജാലിനെ കാണുകയും അവനില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വികരിക്കുകയും ചെയ്തതായി ഹദീസില്‍ കാണാം.

ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ അക്കാര്യം നമുക്ക് ബോധ്യപ്പെടുന്നതാണ്. ദജ്ജാലിനെ കുറിച്ചും അന്ത്യനാളടുത്തുള്ള ആഗമനത്തെ കുറിച്ചും മൂസാ നബിയുടെ കാലക്കാരനായ സാമിരിക്ക് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. ദജ്ജാലില്‍ നിന്ന് വ്യക്തമായ നിര്‍ദേശം സാമിരിക്ക് ലഭിക്കുകയും ചെയ്കിരുന്നു. ചുരിക്കിപ്പറഞ്ഞാല്‍ കണക്കാക്കിയ 40 ദിവസം അവന് ഭൂമിയില്‍ സൈ്വര്യ വിഹാരം നടത്താനാവുന്ന ദിവസങ്ങളാണ്. അതിനു മുമ്പ് മനുഷ്യരുമായി ബന്ധപ്പെടാനും തന്റെ ഇംഗിതങ്ങള്‍ നടപ്പില്‍ വരുത്താനും അവന് സാധിക്കുന്നതാണ്.

ദജ്ജാലിന് തന്റെ പുറപ്പാടിന് കളമൊരുക്കുന്ന അനുയായികള്‍ ഭൂമിയില്‍ ഉണ്ടായിരിക്കും എന്ന് ബോധ്യപ്പെടുമ്പോള്‍, മനുഷ്യരോട് സംവദിക്കാന്‍ അവന് കഴിയുമെന്ന് മനസ്സിലാവുമ്പോള്‍ തീര്‍ത്തും നീഗൂഢമായ ഒരു സംഘടനയുടെ സാധ്യതയെ പൂര്‍ണ്ണാടിസ്ഥാനത്തില്‍ എങ്ങനെ നിരാകരിക്കാന്‍ നമുക്ക് കഴിയും ? ആ സാധ്യതക്ക് നാം എന്ത് പേരിട്ടുവിളിച്ചാലും അതെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പൂര്‍ണ്ണ യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷേ അവരെ കുറിച്ച് നാം അറിയുന്നതും പറയുന്നതും അവര്‍ അറിയണമെന്ന ബോധ്യത്തോടെ വച്ച് നീട്ടിയ കേവല വിവരങ്ങള്‍ മാത്രമാണ്താനും.

അതുകൊണ്ട് ഒരു കാര്യം മാത്രം തിരിച്ചറിയുക, ലോകം നിയന്ത്രിക്കുന്ന ഒരു നീഗൂഢ സംവിധാനത്തെക്കുറിച്ചല്ല കുറിച്ചല്ല, മറിച്ച് മുന്നില്‍ സംഭവിക്കാനിരിക്കുന്ന ആ വന്‍ വിപത്തിനെ കുറിച്ച് സംസാരിച്ച് തുടങ്ങുക, തിരിച്ചറിഞ്ഞു തുടങ്ങുക.

ഓര്‍ക്കുക, തിരിച്ചറിയാന്‍ നമുക്കുള്ള ഏറ്റവും വലിയ അടയാളം അവന്റെ ഒറ്റക്കണ്ണുതന്നെയാണ്. പ്രവാചകര്‍ ആണയിട്ടു പറഞ്ഞ ഒരെ ഒരടയാളം അവന്റെ ഒറ്റക്കണ്ണുമാത്രമാണ്.  ആ ഒരടയാളം ലോകത്തിന്റെ ചിഹ്നമായികൊണ്ടിരിക്കുമ്പോഴും ദജ്ജാലിനെ കുറിച്ച് സംസാരിക്കാന്‍ നമുക്ക് ധൈര്യമില്ലാതെ പോവുന്നു.

കേവലം ഭൗതികതയുടെ കുഞ്ഞന്‍കണ്ണികളില്‍ വിശുദ്ധമായ ഒരു മതത്തെയും അതിന്റെ മഹത്തമായ സന്ദേശങ്ങളെയും  ഒതുക്കവെക്കാനുള്ള വെമ്പലുകളാണെങ്ങും. തിരിച്ചറിയുക, എല്ലാം കണ്‍മുന്നിലെത്തി നില്‍ക്കുന്നു. കാണാത്തത് നമ്മള്‍ മാത്രമാണ്. കേള്‍ക്കാത്തത് നമുക്കിടയില്‍ മാത്രമാണ്.

കാഹളം മുഴങ്ങിയിരിക്കുന്നു, സമൃദ്ധിയുടം ദിനരാത്രങ്ങള്‍ അവസാനിക്കാന്‍ പോവുകായാണ്,  മുന്നിലെരിയുന്ന തീയില്‍ സ്വയം എരിഞ്ഞു തീരുമ്പോഴും നാം ഇനിയും നൂറ്റാണ്ടുകളുപ്പുറത്തേക്ക് ഭൗതിക സാധ്യതകള്‍ നീട്ടിയെറിയുകയാണ്. നിശ്ചയം അവനെ കുറിച്ച് ആരും സംസാരിക്കാത്ത ഒരു ഘട്ടത്തിലായിരിക്കും അവന്റെ ആഗമനമെന്ന പ്രവാചകവചനം എത്രവലിയ യാഥാര്‍ത്ഥ്യം.


 മുആവിയ മുഹമ്മദ് ഫൈസി | 

മഹാനായ അനസ്ബ്‌നു മാലിക് (റ) വിന് ഒരു കുഞ്ഞനുജനുണ്ടായിരുന്നു. മൂന്ന് വയസ്സുകാരനായ അബു ഉമൈര്‍ ! ഒരിക്കല്‍ അനസി(റ)ന്റെ വീട്ടിലെത്തിയ തിരുനബി കണ്ടത്  തീരെ പരവശയായ ഒരു കുരുവികുഞ്ഞിനെ മടിയില്‍ വെച്ച് കരഞ്ഞ്‌കൊണ്ടിരിക്കുന്ന അബൂഉമൈറിനെയാണ്.

' ഓ അബൂഉമൈര്‍ ! നുഗൈറി (പക്ഷിക്കുഞ്ഞ്)നിതെന്തുപറ്റി '  -  ഉമൈറിനെ തലോടിക്കൊണ്ട് തിരുനബി ചോദിച്ചു.

തിരുദുതരുടെ സ്‌നേഹമസൃണമായ ചോദ്യം കേട്ട് അബു ഉമൈറിന്റെ മുഖം തെളിഞ്ഞു . കാരണം തിരുനബിയുടെ സംബോധന രീതി അത്രമേല്‍ ഹൃദയഹാരിയായിരുന്നു; കൊച്ചു കുട്ടിയോടു പോലും വലിയവരോടെന്ന പോലെ.! മാത്രമല്ല , ആദ്യമായിട്ടായിരുന്നു ഒരാള്‍ അബുഉമൈറിനോട് തന്റെ പ്രിയപ്പെട്ട പക്ഷികുഞ്ഞിന്റെ കാര്യം അത്ര അതൃപ്പത്തോടെ ആരായുന്നത്.

പിന്നീടൊരിക്കല്‍ കളിച്ചു കൊണ്ടിരിക്കെയാണ് അബുഉമൈറിന്റെ  അരികിലേക്ക് തിരുനബി കയറിച്ചെന്നത്. 'ഓ അബു ഉമൈര്‍ ! നുഗൈറിനെന്തു പറ്റി ! ? ' മുമ്പ് ചോദിച്ച അതേ ചോദ്യം 'അത് ചത്ത് പോയി നബിയേ ' തലോടുന്ന തിരുമേനിയോട് ചേര്‍ന്നുനിന്നു കൊണ്ട് വേദനയോടെ അബൂ ഉമൈര്‍ അസ്മാദൃശനായി....

ബുഖാരിയും മുസ്ലിമും (റ) സംയുക്തമായി റിപ്പോര്‍ട്ട് ചെയ്ത  പ്രസിദ്ധമായ ഹദീസിന്റെ ആശയ വിവര്‍ത്തനമാണ് മുകളിലുള്ളത്.

മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം: സവാദത്ത് ബിന്‍ റബീഅ(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ എന്റെ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും പ്രവാചകന്റെ മുമ്പില്‍ അവതരിപ്പിച്ചു. ഉടനെ അവിടന്ന് എനിക്ക് ഒരു കൂട്ടം ഒട്ടകങ്ങളെ തന്നു. എനിക്ക് വളരെ സന്തോഷമായി.

അങ്ങനെ അതുമായി വീട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കുകയാണ്. അപ്പോള്‍ പ്രവാചകന്‍(സ) എന്നെ വിളിച്ച് പറഞ്ഞു:

'സവാദത്തേ, നീ തിരിച്ച് ചെന്നാല്‍ നിന്റെ വീട്ടിലുള്ള എല്ലാവരോടും നഖങ്ങള്‍ താഴ്ത്തി വെട്ടാന്‍ പറയണം. കാരണം, വീട്ടുകാര്‍ ഒട്ടകങ്ങളെ കറക്കുന്ന സമയത്ത് അകിടിന് നഖം തട്ടി അവക്ക് ഒരിക്കലും വേദന വരാന്‍ ഇടവരരുത്.' (അഹ്മദ്, ബൈഹഖി)

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ വായയില്‍ വെച്ച് പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചത്തുപോയതായുള്ള വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇതെഴുതുമ്പോള്‍ മനസ്സ് നിറയെ !

തിരുവനന്തപുരം പാല്‍കുളങ്ങരയില്‍ ഗര്‍ഭിണിയായ ഒരു പൂച്ചയെ ആരൊക്കെയോ ചേര്‍ന്ന് കെട്ടിത്തുക്കിക്കൊന്ന സംഭവം മലയാളി മറന്നുകാണില്ല;അഥവാ അതിനുമാത്രം സമയമായിട്ടില്ല. അപ്പോഴേക്ക് വന്ന് കഴിഞ്ഞു മനസ്സ് മരവിപ്പിക്കുന്ന മറ്റൊരുവാര്‍ത്ത.

അവധിയില്ലാതെ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഇത്തരം ' കണ്ണില്ലാത്ത ക്രൂരത'കള്‍  കരളലിയിപ്പിക്കുതായി മാറുന്നത് മനസ്സാക്ഷിയുള്ളവരുടെ മൗനനൊമ്പരമാണ്, ഇത്തരം 'ചോദിക്കാനും പറയാനുമാളില്ലാത്തവ'യോടുള്ള ക്രൂരതകളോട് മനഃസാക്ഷിക്കും മുകളില്‍ മതംസാക്ഷിയുള്ളവര്‍ക്ക് എന്ത് 'മാനിഷാദ'യാണ് പാടാനുള്ളതെ പതിവു ചോദ്യം സോഷ്യല്‍ മീഡിയയില്‍ സൊള്ളിക്കൊണ്ടിരിക്കുവരുടെ സദുദ്ദേശ്യത്തെയും പരിഗണിക്കാതെ വയ്യല്ലോ.

ഭോഗ-ഭോജനാദികള്‍ക്കപ്പുറം മനുഷ്യനും മറ്റു ജവികള്‍കുമിടയില്‍ മറ്റൊരസ്തിസ്വത്തെയും കാണാന്‍ കൂട്ടാക്കാത്ത മതരഹിത സമൂഹങ്ങള്‍ മൃഗങ്ങളോട് അനുവര്‍ത്തിച്ചിരിക്കുന്ന സമീപനങ്ങളെ സവിസ്തരം പ്രതിപാദികുന്നുണ്ട്  ഡോ: മുസ്തഫ സിബാഇ തന്റെ 'മിന്‍ റവായിള ഹളാറത്തിന'യില്‍ . ' അര്‍രിഫ്ഖു ബിന്‍ ഹയവാന്‍ ' എന്ന അദ്ധ്യായത്തില്‍ മനുഷ്യേതര ജിവികളോട് അനുവര്‍ത്തിക്കേണ്ട രീതി ഖുര്‍ആന്‍ ഹദീസ് -ഫിഖ്ഹ് എന്നിവയുടെ വെളിച്ചത്തില്‍ വിശദീകരിച്ച ശേഷം അദ്ദേഹം എഴുതുന്നു: '....ഇസ്ലാമിന്റെ ഈ സമീപനത്തിന്റെ സമഗ്രതയും സമുന്നതയും മനസ്സിലാകണമെങ്കില്‍ പോയ  കാലസമൂഹങ്ങള്‍ ഇക്കാര്യത്തില്‍ എന്തു ശൈലി സ്വികരിച്ചിരിക്കുന്നു എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. മനുഷ്യരുടെ അധ്യാപനങ്ങളില്‍ പൗരാണിക കാലഘട്ടങ്ങളിലോ മധ്യ നൂറ്റാണ്ടുകളിലോ ജീവികളോട് സൗമ്യതയും കാരുണ്യവും കാണിക്കുന്നതിന് പ്രേരകമായ നിര്‍ദ്ദേശങ്ങളൊന്നും തന്നെ കാണുക സാധ്യമല്ല. ഉത്തരവാദിത്വത്തിന്റെ വിഷയത്തില്‍ ബുദ്ധിയുളള മനുഷ്യനോടെന്ന പോലെ മറ്റു ജീവികളോടും അവര്‍ പെരുമാറുമായിരുന്നു.മനുഷ്യന്‍ വിചാരണ ചെയ്യപ്പെടുന്നത് പോലെ മൃഗവും വിചാരണ ചെയ്യപ്പെടുകയും കുറ്റക്കാരനായ മനുഷ്യന്റെ പേരിലെന്നപോലെ ജയില്‍ വാസത്തിനോ നാടുകടത്തലിനോ വധശിക്ഷക്കോ മൃഗത്തിന്റെ പേരിലും വിധികല്‍പ്പിക്കപ്പെടുക്കയും ചെയ്യുമായിരുന്നു ' ( മിന്‍ റവായിഇ ഹളാറത്തിനാ-പേ-185)

അനുബന്ധമായി മുട്ടയിട്ട പൂവന്‍ കോഴിയെ വധശിക്ഷക്ക് വിധേയമാക്കിയതുള്‍പ്പെടെയുള്ള, പൗരാണിക സമൂഹങ്ങളില്‍ നിലനിന്നിരുന്ന ക്രൂരമായ മൃഗവിചാരണ-ശിക്ഷാരീതികള്‍ വിവരിക്കുന്നുണ്ട് അദ്ദേഹം !.

പില്‍ക്കാലത്ത്, മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കുകയെന്ന ചുമതല ധാര്‍മ്മിക ബാധ്യതയുടെ ഭാഗമായി മനുഷ്യന്റെ പരിഗണനയില്‍ വരുന്നതു പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ്. വംശനാശം നേരിടുന്ന ജീവികളോടുള്ള താത്പര്യമാണ് പലപ്പോഴും അത്തരം നിയമ നിര്‍മാണങ്ങള്‍ക്ക് പ്രേരകമായിത്തിര്‍ന്നത് എന്ന് കാണുക പ്രയാസമല്ല.

എന്നിട്ടും യന്ത്രവല്‍കൃത സമൂഹത്തില്‍ ആ പരിഗണന ഏതുതലത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ടു എന്ന് കൂടി ഇവിടെ ചേര്‍ത്ത് വായിക്കപ്പെടേണ്ടതുണ്ട്: യുവാല്‍ നോവോ ഹരാരി തന്റെ ' സാപ്പിയന്‍സി ' ലൊരിടത്ത് എഴുതിയത് കാണാം ' ആഫ്രിക്കക്കാരോടുള്ള വിദ്വേഷത്തിന്റെ ഫലമായിരുന്നില്ല അറ്റ്‌ലാന്റെിക്കിലെ അടിമ വ്യാപാരം എന്നതുപോലെ വൈരാഗ്യം അല്ല (ചൂഷണോന്മുഖമായ) ആധുനിക മൃഗ വ്യവസായത്തിന് ഉള്‍പ്രേരണയാകുന്നത്. അതിനു കാരണമാകുന്നതും നിസ്സംഗതയാണ്. മുട്ട,പാല്‍ ,ഇറച്ചി, എന്നിവ ഉപയോഗിക്കുന്ന പലരും അതിനു കാരണക്കാരായ ജീവികളുടെകാര്യം ചിന്തിക്കുന്നേയില്ല. അത്തരം ജീവികളുടെ കാര്യം യന്ത്രങ്ങളില്‍ നിന്നു വ്യത്യസ്തമല്ല എന്ന് അതേകുറിച്ച് ചിന്തിക്കുന്നവര്‍ പറയുന്നു. തമാശയെന്നു പറയട്ടെ,പാല്‍ യന്ത്രങ്ങളും മുട്ടയന്ത്രങ്ങളും രൂപപ്പെടുത്തുന്ന അതേ ശാസ്ത്രശാഖകള്‍ തന്നെ സസ്തനികള്‍ക്കും പക്ഷികള്‍ക്കും സങ്കീര്‍ണമായ സംവേദന,വൈകാരിക സംവിധാനങ്ങള്‍ ഉണ്ടെന്ന് സമീപകാലത്ത് സംശയലേശമന്ന്യേ തെളിയിച്ചിട്ടുള്ളതാണ്. അവയ്ക്ക്  ശരീര വേദന മനസ്സിലാകുമെന്നുമാത്രമല്ല വൈകാരികമായും അവ ദുരിതമനുഭവിക്കാന്‍ കഴിവുള്ളവയാണ്.' ( സാപിയന്‍സ്- പേ- 448)

ഇവിടെയാണ് ഇസ്ലാമിലെ മൃഗാവകാശങ്ങളും സമീപനങ്ങളും സ്മരണീയമായി മാറുന്നതും സമുന്നതവുമായിത്തീരുന്നതും.

നബി(സ) പറയുന്നു: ഒരു കുരുവിയെ ആരെങ്കിലും അനാവശ്യമായി കൊന്നാല്‍ അന്ത്യദിനത്തില്‍ അത് കരഞ്ഞു കൊണ്ട് അല്ലാഹുവിനോട് പറയും :നാഥാ ഇയാളെന്നെ വെറുതെ കൊന്നതാണ്, ഒരു ഉപകാരത്തിനും വേണ്ടിയല്ല(നസാഇ)

അബൂ ഹുറൈറ(റ) ഉദ്ദേരിക്കുന്ന മറ്റെരു ഹദീസ് ഇങ്ങനെയാണ് : പച്ചക്കരളുള്ള (ജീവനുള്ള) ഏതൊരു ജീവിക്ക് ഗുണം ചെയ്യുന്നതിലും പ്രതിഫലമുണ്ട് (ബുഖാരി,മുസ്ലീം) അബൂബക്കര്‍ സിദ്ദീഖ് (റ) നിവേദനം ചെയ്യുന്നു.റസുലുള്ളാഹി (സ) പറയുകയുണ്ടായി : തന്റെ ഉടമസ്ഥതയിലുള്ള ജീവികളോട് മോശമായി പെരുമാറുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല (ഇബ്‌നുമാജ, തുര്‍മുദി)

സഹ്‌ലു ബ്‌നു ഹന്‍ളലിയ്യ(റ ) പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതര്‍ വിശന്ന് വയറെട്ടിയ ഒരു ഒട്ടകത്തിനരികിലൂടെ നടന്ന് പോകാനിടയായി അവിടുന്ന് പറഞ്ഞു: മിണ്ടാപ്രാണികളായ ഈ മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, യോഗ്യമായ നിലയില്‍ അവയെ നിങ്ങള്‍ വാഹനമായുപയോഗിക്കുക.യോഗ്യമായ നിലയില്‍ അവയെ നിങ്ങള്‍ ഭക്ഷണമാക്കുകയും ചെയ്യുക(അബൂ ദാവൂദ്)

 ബുഖാരിയിലും മുസ്ലിലും ഇടംപിടിച്ച, പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട കാരണത്താല്‍  നരകത്തില്‍ പോകാനിടയായ സ്ത്രീയുടെ സംഭവവും ദാഹിച്ച് പരവശനായ നായക്ക്  വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗ്ഗ പ്രവേശം സാധ്യമായ യാത്രക്കാരന്റെ കഥയും പരാമര്‍ശിക്കുന്ന സുവിദിതമായ രണ്ട് ഹദീസുകള്‍ മേല്‍ പറഞ്ഞതിന്റെ യെല്ലാം വിശദീകരണമാണ്.

ജീവികളോടുള്ള കാരുണ്യം പാപമോചനത്തിനും സ്വര്‍ഗ്ഗപ്രവേശത്തിനും നിമിത്തമാകുമ്പോള്‍ അവയോടുള്ള ക്രൂരത ദൈവികശാപത്തിനും നരക പ്രവേശത്തിനും കാരണമായിത്തീരുന്നുവെന്നു ചുരുക്കം.

നബി വചനങ്ങളുടെ സാരാംശങ്ങളില്‍ നിന്ന് കര്‍മ്മശാസ്ത്രവിശദീകരണങ്ങളിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമായി തെര്യപ്പെടുത്തപ്പെടുന്നതു കാണം .പരിപാലനം മുതല്‍ പരിശീലനം വരെയുള്ള വിഷയങ്ങളില്‍ പാലിച്ചിരിക്കേണ്ട ബാധ്യതകളുടെയും കറവ മുതല്‍ അറവ് വരെയുള്ള കാര്യങ്ങളില്‍ കാണിച്ചിരിക്കേണ്ട മര്യാദകളുടെയും മാനിഫെസ്റ്റോയെന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകളിലതിനെ വിശേഷിപ്പിക്കാം.

ചരിത്ര വചായനക്ക് ചന്തം പകരുന്ന ജീവകാരുണ്യത്തിന്റെ ശോഭന കഥകള്‍ക്ക് ജ•മം കൊടുക്കന്‍ എക്കാലത്തും ഇസ്ലാമിനു സാധിച്ചത് ഇത്തരത്തില്‍ ,മഹാമനസ്‌കതക്ക് മതത്തിന്റെ മേല്‍ വിലാസം കൊടുത്തതുകെണ്ടാണ്. ഔദാര്യമല്ല ഉത്തരവാദിത്തമാണിതെല്ലാമെന്ന ബോധ്യമായിരുന്നു ആത്യന്തികമായി അവയുടെയെല്ലാം ഉള്ളടക്കം .അതില്ലാതെ പോകുന്നതുകെണ്ടാണ് ആര്‍ത്ത നാദങ്ങളവസാനിക്കാത്തത്.

അടിക്കുറിപ്പ് :

പില്‍ക്കാലത്ത് ഫുസ്വ്ത്വാത്ത് (ടെന്റ്) എന്ന പേരിലറിയപ്പെട്ട ഒരു പ്രദേശത്തെ കുറിച്ച് പറയുന്നുണ്ട് ഇമാം അബ്ദുല്ലാഹില്‍യാഖൂത്തില്‍ ഹമവി തന്റെ മുഅ്ജമുല്‍ ബുല്‍ദാനില്‍ പറയുന്നുണ്ട്. പേരിനു പിന്നിലുള്ള കഥയിങ്ങനെ.ഉമര്‍ (റ) വിന്റെ ഭരണകാലത്ത് സൈന്യാധിപരായ അംറുബ്‌നുല്‍ ആസ്വ് (റ) മിസ്‌റ് ജയിച്ചടക്കി അലക്‌സാണ്ട്രിയ ലക്ഷ്യമായി പുറപ്പെടാനിരിക്കെ സൈന്യം തമ്പടിച്ച കൂടാരത്തില്‍ ഒരു പ്രാവ് കൂടുവെച്ച് മുട്ടയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെത്രെ ! ഇതു കണ്ട് അംറ് (റ) ഉത്തരവിട്ടു: നമ്മുടെ സംരക്ഷണത്തില്‍ ആ പ്രാവ് അഭയം തേടിയെത്തിയിരിക്കുകയാണ് . അതുകൊണ്ട് ആ പക്ഷി  അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് കൂടുവിട്ട് പറന്ന് പോകുന്നത് വരെ ഈ കൂടാരം ഇവിടെതന്നെ നിലനിര്‍ത്തുക !.

ആ പ്രാവിനെ ആരും ശല്യം ചെയ്യാതിരിക്കാനായി കാവലേര്‍പ്പെടുത്തുകയും ചെയ്തു. അലക്‌സണ്ട്രിയ വിജയാനന്തരം സൈന്യം തിരിച്ചു വന്ന് ടെന്റുകള്‍ പണികഴിച്ചപ്പോള്‍ പ്രസ്തുതടെന്റിനടുത്ത് പാര്‍ക്കാന്‍ സൈനികര്‍ മത്സരിക്കുകയുണ്ടായി.അങ്ങനെയാണ് ആ സ്ഥലം ഫുസ്ത്വാത്ത് (ടെന്റ്) എന്ന പേരില്‍ പ്രസിദ്ധമായത്. (മുഅ്ജമുല്‍ ബുല്‍ദാന്‍-പേ-264)



 | ജാസിം ഇരിങ്ങല്ലുര്‍ 

അനസുരണക്കേടുമൂലം ദൈവീക കോപത്തിന്  വിധേയമാക്കപ്പെട്ടവനാണ് അഭിശപ്തനും അദൃശ്യനുമായ ഇബ്ലീസ്.  ആദിമ മനുഷ്യനായ ആദം നബിക്ക് സാഷ്ടാംഗം ചെയ്യാന്‍ ദൈവം കല്‍പ്പിച്ചപ്പോള്‍, മാലാഖമാരുടെ ഗുരുവായിരുന്ന ഇബ്ലീസ് തള്ളിക്കളയുകയും മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട ആദമിനേക്കാള്‍ താനാണ് ശ്രേഷ്ഠനെന്ന് ധിക്കാരപൂര്‍വ്വം വാദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇബ്ലീസിന്റെ ഉന്നത പദവികള്‍ നഷ്ടമാവുന്നതും തന്റെ ആദ്യ നാമമായിരുന്ന 'അസാസീല്‍ ' എന്ന നാമം മാറി അങ്ങേയറ്റം നിരാശപ്പെട്ടവന്‍ എന്നര്‍ത്ഥമുള്ള ഇബ്ലീസ് എന്ന പേര് ലഭിക്കുകയും ചെയ്തത്.

ഖുര്‍ആനില്‍ ഇബ്ലീസ് ഒരു അമാനുഷിക ജീവിയാണ് . അല്ലാഹു ആദം നബിയെ സൃഷ്ടിച്ചതിനു തൊട്ടു പിന്നാലെയാണ്  ഇബ്ലീസിന്റെ അനുസരണക്കേടിന്റെ സന്തര്‍ഭം വരുന്നത്. പരിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം :

''നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം അവര്‍ പ്രണാമിച്ചു, ഇബ്ലീസ് ഒഴികെ. അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ '. (സൂറത്തുല്‍ ഇസ്‌റാഅ)
   
പരമ്പരാഗത ഇസ്ലാമിക വ്യഖ്യാനം ഇബ്ലീസിനെ നിന്ദിക്കപ്പെട്ടവനായും വഴിപിഴച്ചവനായും കാണുന്നു. എന്നാല്‍ സൂഫി പഠനങ്ങളില്‍ ചില ആത്മീയ ഗുരുക്കര്‍ ഇബ്ലീസിന്റെ സാഷ്ടാംഗ നിരാകരണത്തില്‍ ചര്‍ച്ചകള്‍ നടത്തിയതായി കാണാം. ബാഹ്യമായ രീതിയില്‍ അവരെ നാം വായിച്ചറിയുന്നതിന്റെ നേര്‍ വിപരീതമായിരിക്കും സൂഫിയാനാ ലോകത്തെ അത്യുന്നതിയിലെത്തിയ അവരുടെ ഉള്ളറകളും അവരില്‍ നിന്നുയരുന്ന വാചകങ്ങളുടെ ഉള്ളടക്കവും. ഇക്കാരണത്താല്‍ തന്നെ ഇസ്ലാമിക അധ്യാത്മിക രംഗത്ത് എറ്റവും ശ്രദ്ധ പിടിച്ച മേഖലയാണ് ശൈത്വാനിക വീക്ഷണങ്ങളിലെ ആത്മീയ ഗുരുക്കന്മാരുടെ ഇടപെടലുകള്‍.

ഇബ്ലീസ്  ജിന്നായിരുന്നോ അതോ മലക്കായിരുന്നോ എന്ന വിശയത്തില്‍ പണ്ഡിത ഭാഷ്യം വിഭിന്നമാണ് . പ്രപഞ്ചനാഥന്‍ ഇബ്ലീസിനോട് 'നീ എന്ത് കൊണ്ട് ആദം നബിയെ സാഷ്ടാംഗം ചെയ്തില്ല' എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: 'എന്നെ തീയില്‍ നിന്നും ആദമിനെ മണ്ണിനാലുമാണ് സൃഷ്ടിച്ചതെന്നതിനാല്‍ ഞാന്‍ ആദമിനേക്കാള്‍ ശ്രേഷ്ഠനാണ് '. മലക്കുകളെ സൃഷ്ടിച്ചത് പ്രകാശം കൊണ്ടാണെന്ന് ഹദീസ് പ്രണാമങ്ങളില്‍ വ്യക്തമാണ്. ആയതിനാല്‍ തന്നെ ഇബ്ലീസ് ജിന്നാണെന്നാണ് ഒരു കൂട്ടം പണ്ഡിതര്‍ സമര്‍ത്ഥിക്കുന്നത്.

എന്നാല്‍, മറ്റൊരു വിഭാഗത്തിന്റെ വാദം, ഇബ്ലീസ് മലക്കുകളില്‍ പെട്ടവനാണെന്നാണ്. കാരണം, പരിശുദ്ധ ഖുര്‍ആനില്‍ കാണാം:
'നാം മലക്കുകളോട് സുജൂദ് ചെയ്യാന്‍ ആജ്ഞാപിച്ചപ്പോള്‍ ഇബ്ലീസ് അല്ലാത്തവരെല്ലാം സുജൂദ് ചെയ്തു. അവന്‍ വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തു'.

പ്രസ്തുത ഖുര്‍ആനിക സൂക്തത്തില്‍ നിന്നും മനസ്സിലാകുന്നത് ഇബ്ലീസ് മലക്കുകളില്‍ പെട്ടവനാണെന്നാണ് മറുപക്ഷം. എന്നാല്‍, ബഹുഭൂരി ഭാഗം മുഫസ്സിറുകളും പണ്ഡിതന്മാരും ഇതിനെതിരെയാണ് . കാരണം, അല്ലാഹുവിന്റെ മാലഖമാര്‍ പാപമുക്തരാണ്. ആയതിനാല്‍ ,ഇബ്ലീസ് മലക്കായിരുന്നെങ്കില്‍ ദൈവത്തിന്റെ ആജ്ഞ അനുസരിക്കാതിരിക്കല്‍ അസാധ്യമാകുമായിരുന്നു.
   
സാഷ്ടാംഗ നിരാകരണ ചെയ്ത ഇബ്ലീസിനെ നിഷ്പക്ഷമായി അനുകൂലിക്കുന്നവരാണെന്ന തരത്തില്‍ മഹാനായ മന്‍സൂര്‍ അല്‍ ഹല്ലാജ് (റ), അഹമ്മദ് ഗസ്സാലി (റ) തുടങ്ങിയ പണ്ഡിതര്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബലഹീന മനസ്‌കൃതരായ നാം അവരെ വിലയെരുത്തെണ്ടത് ബാഹ്യ തലങ്ങള്‍ പരിശോധിച്ചിട്ടല്ലെന്ന് പ്രാഥമികമായി മനസ്സിലാക്കണം.

 ഗസ്സാലിയന്‍ ചിന്തകള്‍ പറയുന്നത്

ദൈവീക കല്‍പ്പനക്കു മുമ്പില്‍ പോലും തന്റെ ഏക ദൈവ വിശ്വാസത്തെ തിരസ്‌കരിക്കാന്‍ കഴിയില്ലെന്ന് സമര്‍ത്ഥിക്കുന്ന ഏറ്റവും വലിയ ഏകദൈവ വിശ്വാസിയായി ഇബ്ലീസിനെ അഹമ്മദ് ഗസ്സാലിയന്‍ ചിന്തകള്‍ അവതരിപ്പിക്കുന്നതായി കാണാം. ആന്‍മേരി ഷിമ്മേല്‍ തന്റെ 'മിസ്റ്റിക്കല്‍ ഡൈമന്‍ഷന്‍സ് ഓഫ് ഇസ്ലാം' എന്ന ഗ്രന്ഥത്തില്‍ മഹാനായ അഹമ്മദ് ഗസ്സാലി പറയുന്നതായി വിവരിക്കുന്നു : ' ഒരു ദൈവ സൃഷ്ടിക്കു മുന്നിലുള്ള സാഷ്ടാംഗ നിരാകരണം  ദൈവീക ഏകത്വത്തിന്മേലുള്ള ഇബ്ലീസിന്റെ ശുദ്ധമായ ഭക്തിയെയാണ് പ്രകടമാക്കുന്നത് '.

 മൗലാന ജലാലുദ്ദീന്‍ റൂമിയും അഹമ്മദ് ഗസ്സാലിയുടെ വീക്ഷണങ്ങളെ അനുകൂലിക്കുന്നവരായിരുന്നു. ഇബ്ലീസ് ഒറ്റക്കണ്ണനായിരുന്നതിനാല്‍ ആദം നബിയെ സുജൂദ് ചെയ്യാന്‍ വേണ്ടി അല്ലാഹു കല്‍പിച്ചപ്പോള്‍ തന്റെ ഒറ്റക്കണ്ണ് കൊണ്ട് പൊടിയില്‍ രൂപീകൃതമായ ഒരു രൂപത്തെ കണ്ടിട്ടുള്ളൂവെന്നും അതുകൊണ്ടാണ് ആദമിനേക്കാള്‍ ഉത്തമന്‍ തീയ്യിനാല്‍ സൃഷ്ടിക്കപ്പെട്ട താനാണെന്ന് ഇബ്ലീസ് വാദിച്ചതെന്നും റൂമി വൃക്തമാക്കുന്നു.

ഇബ്ലീസിന്റെ നിരാകരണത്തെ അനുകൂലിച്ച് പില്‍ക്കാലത്ത് ഒരു പാട് ആത്മീയ കവിതകള്‍ ഉണ്ടായതായി ചരിത്രത്തില്‍ കാണാം. അത്തരത്തിലുള്ള ഒന്നാണ് സനാഇയുടെ Lament of Satan എന്ന കവിത. പ്രസ്തുത വരികളിലൂടെ ദൈവത്തിന്റെ വഞ്ചനയെയാണ് കവി എടുത്തുകാട്ടുന്നത്. ഇബ്ലീസിനെ  ശിക്ഷിക്കാന്‍ ദൈവം ആദ്യമെ ഉദ്ദേശിക്കുകയും അതിനായി ആദം നബിയെ ഒരു ഹേതുവാക്കുകയും ചെയ്‌തെന്ന് വരികളിലൂടെ കവി പ്രകടമാക്കുന്നു.

 ഹല്ലാജിന്റെ വീക്ഷണങ്ങള്‍

ദൈവീക സ്‌നേഹം വൈരുദ്ധ്യങ്ങളിലേക്ക് എത്തിച്ചേരുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മന്‍സൂര്‍ അല്‍ ഹല്ലാജ്. നാഥനോടുള്ള അതിയായ പ്രേമം കാരണം ഭരണകൂടം തന്നെ ജയിലിലടച്ചപ്പോള്‍ രചിച്ച ഒരു ഗ്രന്ഥമാണ് കിതാബു തവാസ്സീന്‍. പ്രസ്തുത ഗ്രന്ഥത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇബ്ലീസിനെയും  ഒരേ രീതിയില്‍ സ്തുതിക്കുന്നതായി കാണാം. 'ദൈവം നല്ലവനാകുമ്പോള്‍ പിന്നെന്തിനാണ് ഒരു തിന്മ' എന്ന പക്ഷക്കാരനായിരുന്നു ഹല്ലാജ്.
   
സാഷ്ടാംഗം ചെയ്യാന്‍ കല്‍പ്പിക്കുന്നതിലൂടെ ദൈവം തന്റെ സ്‌നേഹം പരീക്ഷിക്കുന്നതായി ഇബ്ലീസ് കണ്ടെന്നും ഇക്കാരണത്താലാണ്  ഇബ്ലീസ് ആദം നബിയെ സുജൂദ് ചെയ്യാതിരുന്നതെന്ന് ഹല്ലാജ് തന്റെ കിതാബു തവാസ്സീനില്‍ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഇബ്ലീസിനെ നന്മയുടെ വക്താവായി ന്യായീകരിക്കല്‍ പാടില്ലാത്ത കാര്യമാണ്. ആധ്യാത്മിക പണ്ഡിതരുടെ ചിന്തകളുടെ ബാഹ്യതലത്തെ മാത്രം നാം  മുഖ്യമാക്കരുത്. അഹമ്മദ് ഗസ്സാലി (റ), ഹല്ലാജ് (റ) തുടങ്ങി ആത്മീയ ഗുരുക്കന്മാരുടെ വീക്ഷണങ്ങളുടെ നിഗൂഢാര്‍ത്ഥങ്ങളെ വേണ്ട വിധം ഗ്രഹിച്ചെടുക്കാന്‍ ഒരു സാധാരണക്കാരന് കഴിയില്ലെന്നത് വസ്തുനിഷ്ഠമാണ്.

 ഇബ്ലീസ് അല്ലാഹുവിനെ അനുസരിക്കാതിരുന്നെത് അവന്റെ അഹങ്കാരം കൊണ്ടാണെന്നത് മേലുദ്ധരിച്ച  സൂക്തത്തില്‍ നിന്നു തന്നെ സ്പഷ്ടമാണ്. പ്രസ്തുത സൂക്തത്തില്‍ പ്രയോഗിച്ച 'അബാ' എന്ന അറബി പദം സ്വയം ഇഷ്ടപ്രകാരമുള്ള നിഷേധത്തിനാണ് പ്രയോഗിക്കാറ്. രണ്ടാമതായി, 'ഇസ്തക്ബറാ' എന്നു പറയുമ്പോള്‍ അത് ചെയ്യാന്‍ സാധിക്കുമെന്നിരിക്കേ ചെയ്യലിനെ നിരാകരിക്കുമ്പോള്‍ പ്രയോഗിക്കുന്നതാണ്. ഇബ്ലീസ് ശപിക്കപ്പെട്ടവനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയ വസ്തുതയാണെന്ന് മറക്കരുത്.

സ്വര്‍ഗത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പിക്കപ്പെട്ടതിനു ശേഷവും അവന്‍ അഹങ്കരിച്ചിട്ടുണ്ടെന്ന് ഗസ്സാലി ഇമാം തന്റെ 'ഇഹ്യാഉല്‍ ഉലൂമില്‍' ഒരു സംഭവം ഉദ്ധരിച്ച് വിശദീകരിക്കുന്നുണ്ട്.
   
ദൈവ സമാഗമത്തിനുവേണ്ടി ത്വൂരിസീനാ പര്‍വ്വതം കയറാന്‍ ആരംഭിക്കുമ്പോള്‍ മൂസാനബിയുടെ മുന്നില്‍ ഇബ്ലീസ് പ്രത്യക്ഷപ്പെട്ടു: 'നബിയേ, അങ്ങ് അനുഗ്രഹിക്കപ്പെട്ടവരാണല്ലോ. ഞാന്‍ അല്ലാഹുവിന്റെ സൃഷ്ടി തന്നെയാണ്. ദോഷം ചെയ്തു പോയി. എന്റെ തൗബക്കുവേണ്ടി നിങ്ങള്‍ അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാമോ?' നബി സമ്മതമരുളി പര്‍വ്വത മുകളിലെത്തി. ദിവ്യ സമാഗമത്തിനു ശേഷം പര്‍വ്വതമിറങ്ങാന്‍ തുനിഞ്ഞപ്പോള്‍ അല്ലാഹു നബിയോട് ചോദിച്ചു: 'നബിയേ., നിങ്ങളെന്തെങ്കിലും പറയാന്‍ മറന്നിട്ടുണ്ടോ ?' അന്നേരം മൂസാനബി ഇബ്ലീസിന്റെ വിഷയം ഇലാഹിന്റെ മുന്നിലവതരിപ്പിച്ചു.

അല്ലാഹു പറഞ്ഞു: 'ശരി ഞാനവന്റെ പശ്ചാത്താപം സ്വീകരിക്കാം. പക്ഷേ, അവന്‍ ആദമിന്റെ (അ) ഖബറിങ്കല്‍ ചെന്ന് സാഷ്ടാംഗം ചെയ്യണം. 'മൂസാ നബി അല്ലാഹുവിന്റെ മറുപടി ഇബ്ലീസിനോട് പറഞ്ഞു. അവന്‍ പ്രതിവചിച്ചു; ആദമിന്റെ ജീവിതകാലത്ത് സുജൂദ് ചെയ്യാത്ത ഞാന്‍ അദ്ദേഹത്തിന്റെ ഖബറിന് സുജൂദ് ചെയ്യണമെന്നോ?. അവന്‍ രോഷാകുലനാവുകയും അഹങ്കാരം നടിക്കുകയും ചെയ്തു (ഇഹ്യാ ഉലൂമുദ്ധീന്‍)
     
ആത്മീയ ചിന്തകള്‍, മിസ്റ്റിക്കല്‍ സൈക്കോളജി തുടങ്ങിയ പൊതുവായ മാനദണ്ഡങ്ങളിലൂടെ മാത്രമേ അഹമദ് ഗസ്സാലി, ഹല്ലാജ് തുടങ്ങി അതീന്ദ്രീയ ജ്ഞാനമുള്ള പണ്ഡിതരുടെ പൈശാചിക സമീപനങ്ങളെ മനസ്സിലാക്കാവൂ. ഇസ്ലാമിന്റെ അടിസ്ഥാനര്‍ത്ഥങ്ങളില്‍ നിന്ന് വ്യതിചലിച്ച് പുതിയ രീതികള്‍  അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നതൊക്കെ കേവലം നിരര്‍ത്ഥകമായ  ജല്‍പനങ്ങള്‍ മാത്രമാണ്.
ഇതിനോട് കൂടെ ചേര്‍ത്തു വായിക്കേണ്ടത് ഇമാം നവവി(റ) യുടെ വാക്കുകളാണ് : 'ഇബ്‌നു അറബിയെ പോലൊത്ത മഹാന്മാരുടെ ഒരോ വാക്കും എഴുപത് രീതിയില്‍ വ്യഖ്യാനിച്ചാലെ മനസ്സിലാകൂ '.

ഭാഷാപരതയെയും, ഒരോ പ്രയോഗങ്ങളും നിലനില്‍ക്കുന്ന കോസ് മോളജിയേയും, തിയോളജിയേയും പരിഗണിക്കാതെയുള്ള പരിഭാഷയും വ്യാഖ്യാനങ്ങളും യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് അകലെയായിരിക്കും നമ്മെ എത്തിക്കുക.



 | മുആവിയ മുഹമ്മദ് ഫൈസി 

‘…മുമ്പൊരിക്കല്‍ ഈ ഈ മരപ്പൊത്തില്‍ കണ്ട കൊക്കൂണി നെ പറ്റി ഞാന്‍ ഓര്‍ത്തു. കൊക്കൂണില്‍ ഒരു കുഞ്ഞു ദ്വാരമുണ്ടാക്കി പുറത്തുവരാനുള്ള ശ്രമത്തിലായിരുന്നു പൂമ്പാറ്റ. ഞാന്‍ കാത്തു നിന്നു ഏറെനേരം കഴിഞ്ഞിട്ടും പൂമ്പാറ്റ പുറത്തുവരുന്നില്ല.  മൃദുവായി ഊതി  കൊക്കൂണ്‍ പൊട്ടിക്കാന്‍ ഞാന്‍ പൂമ്പാറ്റയെ യെ സഹായിച്ചു. കൊക്കൂണ്‍ പൊട്ടി ഭയാനകമായ നിസ്സഹായതയോടെ അത് പുറത്തു വന്നു . അതിന്റെ ചിറകുകള്‍ ഒടിഞ്ഞു മടങ്ങിയിരുന്നു. വീണ്ടും മെല്ലെ ഊതി അതിനെ സഹായിക്കാന്‍ ഞാന്‍ ശ്രമിച്ചു.  പക്ഷേ എന്റെ എല്ലാ ശ്രമങ്ങളെയും  നിഷ്ഫലമാക്കി കൊണ്ട് ആ പാവം ജീവി എന്റെ കൈത്തലത്തില്‍  പിടഞ്ഞുവീണു മരിച്ചു.

ഒന്ന് കയ്യില്‍ മരിച്ചുവീണ ആ ചെറു ജീവി ഇ എന്റെ മനസ്സിലെ ഏറ്റവും വലിയ ഭാരമായി മാറി പ്രകൃതിയുടെ നിയമങ്ങള്‍  തെറ്റിക്കുന്നതിനോളം വലിയ പാപമില്ല. അക്ഷമരാവാതെ കാത്തു നില്‍ക്കുക ,പ്രകൃതിയുടെ അനന്ത താളത്തിന് ചെവിയോര്‍ത്ത്.......’(സോര്‍ബ ദ ഗ്രീക്  നികോസ് കസാന്‍ദ് സാകീസ് )

പ്രകൃതിക്ക് ഒരു നിയമമുണ്ട്! എല്ലാം അതിന്റെ മുറപോലെ തന്നെ നടക്കണമെന്ന പടച്ചവന്‍ നിശ്ചയിച്ച നിയമം.! പരിസ്ഥിതി ദിനാചരണങ്ങള്‍ പ്രമേയങ്ങളും ആപ്തവാക്യങ്ങളും ഒക്കെയായി ഓരോ തവണയും  ഉപചാരം പോലെ നടന്നു കൊണ്ടിരിക്കുമ്പോഴും , അന്താരാഷ്ട്രതലത്തില്‍ ആലോചിക്കും  ദേശീയതലത്തില്‍ ആസൂത്രണം ചെയ്തും  പ്രാദേശികതലത്തില്‍ നടപ്പിലാക്കിയും നിര്‍വഹിക്കപ്പെടേണ്ട ആ മഹാ ദൗത്യത്തിന് മുന്നില്‍ നില്‍ക്കാന്‍ ചൂഷണാധിഷ്ഠിതമായ ലോകത്തിന് കഴിയാതെ പോകുന്നതിന്റെ കാരണം  നമ്മുടെ വികസന സങ്കല്പങ്ങള്‍ക്ക്  ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത അത്തരമൊരു പരിസ്ഥിതി സൗഹൃദ ജീവിതത്തിന്റെ  അഭാവമാണ്.

'ഇനി വരുന്നൊരു തലമുറക്ക്  ഇവിടെ വാസം സാധ്യമോ ' എന്ന് ചോദിച്ചുപോകുന്നത്രയും രോഗാതുരമാണ് ഇന്ന് ഭൂമി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍  കേരളവും അനുഭവിച്ചു തുടങ്ങിയതോടെ നഷ്ടപ്രതാപത്തിന്റെ  നിസ്സഹായതയില്‍ ഋതുഭേദങ്ങളോട് സമരസപ്പെട്ടു കൊണ്ടിരിക്കുകയാണ് 'സര്‍വ്വ ലോക മലയാളി! '

നമ്മുടെ നമ്മുടെ നാടിന്റെ പാരിസ്ഥിതിക  പ്രതാപം  നിലനിര്‍ത്തക്കത്തക്ക വിധത്തില്‍'കാട്' എന്ന പ്രതാപം പേരിലൊതുങ്ങാത്ത പ്രദേശമിപ്പോള്‍ പള്ളിക്കാട് മാത്രമേയുള്ളൂ വെന്നു തോന്നുന്നു. അന്തേവാസികള്‍ വികസന മോഹികളല്ലാഞ്ഞിട്ടോ എന്തോ അതിപ്പോഴും അങ്ങനെത്തന്നെ അവശേഷിക്കുന്നുണ്ട്; ഇളം കാറ്റിലെ ഇലയനക്കങ്ങളും ഇടതൂര്‍ന്ന മരങ്ങളും കൊടവാവലുകള്‍ തൂങ്ങിനില്‍ക്കുന്ന മരച്ചില്ലകളും പേരറിയുന്നതും അല്ലാത്തതുമായ കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും ഗൃഹാതുരത്വമുണര്‍ത്തുന്ന ജൈവശേഷിപ്പായി ചെറുനനവുള്ള മണ്ണും ചിതല്‍പ്പുറ്റുകള്‍ മുതല്‍ മേത്തരം മാളങ്ങള്‍ വരെയുള്ള കണ്ണിമുറിയാത്ത ആവാസ വ്യവസ്ഥയുമൊക്കെയായി ഇക്കാലത്ത് ശുദ്ധവായു ശ്വസിക്കാന്‍ പറ്റുന്ന ഭൂമിയിലെ അപൂര്‍വ്വം ചിലയിടങ്ങളിലൊന്നായി....

ഒരുവലിയ സംസ്‌കാരത്തെ സംവഹിക്കുന്ന അറിയപ്പെടാത്ത ഈ വനസമ്പത്ത് കേരളത്തിലെ മിക്ക പള്ളികളുടെയും ഭാഗമാണിന്നും. കോണ്‍ക്രീറ്റ് നിര്‍മ്മിത മീസാന്‍ കല്ലുകളില്ലാതെ മനുഷ്യന്‍ കയ്യേറിയതിന്റെ മറ്റൊരടയാളവും അവയിലില്ല. അങ്ങിങ്ങായി നീണ്ടു പോകുന്ന ഒറ്റയടിപ്പാതകള്‍ മാത്രമേ ആള്‍പ്പെരുമാറ്റത്തെ കുറിക്കാനുള്ളൂ. 'കടലിലും കരയിലും നാശമുണ്ടാവാന്‍ കാരണക്കാരനായ മനുഷ്യന്‍ 'നിസ്സഹായനായി മാറുന്ന നിമിഷങ്ങള്‍ ഒപ്പിയെടുത്തു കൊണ്ട് ,പ്രാര്‍ത്ഥനാസ്വരങ്ങള്‍ മാത്രം ശ്രവിച്ചുകൊണ്ട് അതിങ്ങനെ നീണ്ടു നിവര്‍ന്നുകിടക്കുന്നു.

പരിസ്ഥിതിയുടെ പൂര്‍ണ്ണമായ രൂപമെന്ന് പരിഭാഷപ്പെടുത്താനാവും വിധം പള്ളിക്കാടുകളെ ഇത്രകണ്ട് പരിരക്ഷിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. നിശ്ശബ്ദനും നിസ്സഹായനുമായ സഹജീവിയെ നോക്കി നെടു വീര്‍പ്പിടാനുള്ള മനുഷ്യന്റെ മാനസികാവസ്ഥയാണ് അതിലൊന്ന്. പരലോകത്തെക്കുറിച്ചുള്ള പൂര്‍ണ്ണ ബോധ്യത്തിലേക്ക് മനസ്സുകൊണ്ട് സഞ്ചരിക്കാന്‍ അതവനെ പ്രാപ്തനാക്കുന്നു. കാലമേറുന്തോറും 'അധോലോക'ത്തെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന സങ്കല്പങ്ങളും പറയാനറിയാത്ത ആശങ്കകളും ഏറിവരികയാണ് മനുഷ്യരില്‍. ഖബറു മാന്തി കഫന്‍ പുടവയെടുത്ത് വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന കഥകള്‍ വായിക്കുമ്പോള്‍ കൗതുകത്തോടൊപ്പം ഖല്‍ബ് പിടക്കുന്നത് അതു കൊണ്ടാണ്.

മതത്തിന്റെ പ്രാമാണിക സമീപനങ്ങളാണ് മറ്റൊരു കാരണം. ഈന്തപ്പനപ്പട്ടയെടുത്ത് ഖബറിനുമുകളില്‍ പറിച്ചു കുത്തി ഈ പച്ചപ്പ് നിലനില്‍ക്കുന്ന കാലത്തോളം  ഇതിലെ ഖബറാളിയുടെ ശിക്ഷയില്‍ ഇളവുലഭിക്കുമെന്ന് പഠിപ്പിച്ചതാണ് അതി ന്റെ നബി മാതൃക. വിസര്‍ജ്ജിക്കിന്നത് വിലക്കിയും വര്‍ജ്ജിക്കേണ്ടവ വിവരിച്ച് നല്‍കിയും 'പരിപാലനം' എന്ന തലത്തിലേക്ക് അതിനെ ഉയര്‍ത്തികൊണ്ടുവരാനാണ് ദീന്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, ഓരോരുത്തര്‍ക്കും അനുവദിക്കപ്പെട്ട ആറടിമണ്ണ് ശരീരം മണ്ണുമായി താദാത്മ്യം പ്രാപിക്കും വരെ മാത്രമാണെന്നും അടുത്തതലമുറക്ക് അത് കൈമാറേണ്ടതുള്ളതുകൊണ്ടുതന്നെ 'തനിക്കാക്കിവെടക്കാക്കി'ക്കൂടെന്നുമാണ് പ്രാമാണിക നിയമം. ഭൂമിയിലെ നമ്മുടെ ഇടം വളരെ പരിമിതമാണെന്ന് മനസ്സിലാക്കാനുള്ള ഈ പ്രാഥമികജ്ഞാനമാണ് നിഷ്‌കൃഷ്ടമായ പരിസ്ഥിതി പാഠം. നമ്മുടെ പൂര്‍വ്വീകര്‍ നമ്മെ ഏല്‍പ്പിച്ചതു പോലെ  വരും തലമുറയെ അത് തിരിച്ചേല്‍പ്പിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ 'ചൂഷണം' എന്ന ഏറ്റവും മാരകമായ വെല്ലുവിളിയില്‍ നിന്ന് ഈ ഭൂമിയെ രക്ഷിക്കാന്‍ നമുക്കുസാധിക്കുകയുള്ളൂ.

വിഭവ ചൂഷണവും വിനിയോഗ ദീക്ഷയില്ലായ്മയുമാണ് ഇന്ന് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 44 നദികളും 33 കായലുകളും 1750 കൈവരികളം,18681 തടാകങ്ങളും , 58 അണക്കെട്ടുകളും, ലക്ഷക്കണക്കിനു കുളങ്ങളും, ദശലക്ഷങ്ങണക്കിന് കിണറുകളും, ഇടവപ്പാതിയും തുലാവര്‍ഷവുമായി അഞ്ച്മാസം നീളുന്ന മഴയയും പുറമെ വേനല്‍ മഴയും, കാലാവസ്ഥാസന്തുലനത്തിന് പശ്ചിമഘട്ട നിരകളും ഹെക്ടര്‍ കണക്കിനു പാടശേഖരങ്ങളും ഒക്കെയുള്ള സുഭഗസുന്ദര ഭൂമിയായിരുന്നു കേരളം. അവ നല്‍കിയ സൗന്ദര്യവും സമൃദ്ധിയുമാണ് 38831 ച.കി.മി ഭൂവിസ്തൃതിയുള്ള ഈ ഉപദ്വീപനെ ദൈവത്തിന്റെ സ്വന്തം നാടാക്കിമാറ്റിയത്. എന്നാല്‍ കാര്യങ്ങളിന്ന് കീഴ്‌മേല്‍ മറിഞ്ഞു കൊണ്ടിരിക്കുകയാണ്.

കൊടും വരള്‍ച്ചയുടെ കെടുതികള്‍ വര്‍ഷാവര്‍ഷം കേരളത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ജലക്ഷാമം, വരള്‍ച്ച ,താപനം തുടങ്ങി ആഗോള പ്രതിസന്ധിയുടെ അനുബന്ധങ്ങളായി മാത്രം പറഞ്ഞു വെക്കാറുണ്ടായിരുന്ന പലതും ഇന്ന് നേരിട്ടനു ഭവിച്ചുകൊണ്ടിരിക്കുകയാണ്. വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. രൂക്ഷമായ ജലക്ഷാമം മൂലം വിദൂര ദേശങ്ങളില്‍ നിന്ന് വാര്‍ത്തകളില്‍ മാത്രം വായിച്ചും കണ്ടും പരിചയിച്ച സംഭവവികാസങ്ങള്‍ സാധാരണമായിക്കൊണ്ടിരിക്കുന്നു.

ഋതുക്കളില്‍ പ്രകടമായ മാറ്റങ്ങളുണ്ടാകുന്നതും പുഴ കൈവഴിയും കടന്ന് നടപ്പാതയായി മാറുന്നതും കിണറുകള്‍ മുമ്പില്ലാത്ത വിധം വറ്റി വരളുന്നതും സൂര്യതാപമേറ്റ്  ആളുകളും വളര്‍ത്തു മൃഗങ്ങളും മരിച്ച് വീഴുന്നതും വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നോടിയാണ്. കേരളം മരുഭൂമിയായി മാറുന്നു  വെന്ന കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പും വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന ദേശാടനക്കിളികള്‍ വിരുന്നെത്തിത്തുടങ്ങിയതും കൊടുംചൂടില്‍ മാത്രം കാണപ്പെടുന്ന സസ്യങ്ങള്‍ മുളച്ചു പൊന്തുന്നതും ആസന്നഭാവിയെക്കുറിച്ചുള്ള അത്തരം ആശങ്കകള്‍ക്ക് ആഴം വര്‍ധിപ്പിക്കുന്നു.

കാര്യങ്ങള്‍ അവിടം കൊണ്ട് പറഞ്ഞ വസാനിപ്പിക്കാമായിരുന്ന കാലവും കഴിഞ്ഞു .കഴിഞ്ഞവര്‍ഷമുണ്ടായ മഹാപ്രളയത്തിന്റെ ഭീതിതമായ ഓര്‍മ്മകളില്‍  ഇനി മറ്റൊന്ന് ആവര്‍ത്തിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ്  മഴക്കാലത്തെ മലയാളി മനസ്സുകൊണ്ട്  എതിരേല്‍ക്കുന്നത്. എന്നിട്ടും, വിനാശകരമായ വികസന സങ്കല്ങ്ങളില്‍ അവിരാമം അഭിരമിച്ചുകൊണ്ടിരിക്കുകയാണ് നാം. കുന്നിടിച്ചും വയല്‍ നികത്തിയും കാടുകളും മരങ്ങളും വെട്ടിത്തെളിച്ചുമൊക്കെ അത് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

മറ്റേതു വിഷയത്തിലുമെന്ന പോലെ പരിസ്ഥിതി പരിപാലനത്തിലും മറ്റുള്ളവര്‍ക്ക മാതൃകയാകേണ്ടവനാണ് വിശ്വാസി.. ചോദ്യംചെയ്യപ്പെടുമെന്ന ബോധ്യത്തില്‍ നിന്നാണ് അവന്റെ ഉത്തരവാദിത്വ ബോധം പിറക്കുന്നത്. ചൂഷണങ്ങളോടു രാജിയാവാന്‍ അതിനു കഴിയില്ല. 'വാരിക്കൂട്ടാനുള്ള വ്യഗ്രതക്ക് ശമനമാവുക കുഴിയിലെ മണ്ണു മാത്രമാണെ'ന്നെത്രെ നബിവചനം. മനുഷ്യന്റെ മൂന്ന് ഉത്തരവാദിത്വങ്ങളെക്കുറിച്ച് കിതാബുകളില്‍ കാണാം: 1) അല്ലാഹുവിനുള്ള ഇബാദത്ത് (അദ്ദാരിയാത്ത്56) 2) ഭൂമിയിലെ ഖിലാഫത്ത്(അല്‍ ബഖറ30) 3) ഭൂമിയുടെ പരിപാലനം (ഹൂദ്61). പ്രമാണബദ്ധമെന്നപോലെത്തന്നെ പരസ്പര പൂരകവുമാണ് ഈ ഘടകങ്ങള്‍. അവ യഥാവിധിനിര്‍വ്വഹിക്കുമ്പോള്‍ മാത്രമേ ബാധ്യതകള്‍ നിറവേറ്റിയെന്ന് ആശ്വസിക്കാന്‍ നമുക്ക് അര്‍ഹതയുള്ളൂ.

വരാനിരിക്കുന്ന വേനലുകള്‍ക്കും. പിറക്കാനിരിക്കുന്ന തലമുറകള്‍ക്കുമായി ഈ ഹരിതസുന്ദര ഭൂമിയെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. അത് നിര്‍വ്വഹിച്ചവരാണ് ഇപ്പോള്‍ പ്രകൃതിയുടെ തലോടലേറ്റ് മീസാന്‍ കല്ലുകള്‍ക്കുതാഴെ വിശ്രമിക്കുന്നത്. പ്രകൃതിയോടു ചേര്‍ന്ന് ജീവിച്ചവരായിരുന്നു അവര്‍. മഴയും വെയിലും കോളും കുളിരുമടങ്ങുന്ന പ്രകൃതിയുടെ നയനിയമങ്ങള്‍ അവര്‍ക്ക് മനഃപാഠമായിരുന്നു. ഇനിയെപ്പോള്‍ മഴപെയ്യുമെന്ന ചോദ്യത്തിന് എന്ന് മാര്‍ച്ച്22 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക എന്ന് മറുപടി ലഭിക്കുകയും ആ മറുപടിയുടെ കൃത്യത നേരിട്ടനുഭവിക്കുകയും ചെയ്ത വില്യംലോഗന്റെ അനുഭവം മലബാര്‍ മാന്വലില്‍ കാണാം. കണക്കുക്കൂട്ടലുകളെല്ലാം അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്ത്‌നിന്നുകൊണ്ട് ആ പഴയ പ്രതാപത്തിലേക്കുള്ള ദൂരമളക്കാന്‍ ആറടി താഴ്ചയുള്ള ഒരു കുഴിക്ക് കഴിയും!. അതറിയാവുന്നതു കൊണ്ടാണ് പാണല്‍ ചെടികളിപ്പോഴും പള്ളിക്കാടു തിരഞ്ഞുകൊണ്ടിരിക്കുന്നത് !!!                                                                                                                                                                                                 



|മുര്‍ശിദ് കൂടല്ലൂര്‍ |

ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച പുകള്‍പെറ്റ പണ്ഡിതനും ഈജിപ്തിലും തുര്‍ക്കിയിലുമായ് പൊട്ടിപ്പുറപ്പെട്ട വിഘടിത പ്രസ്ഥാനങ്ങള്‍ക്കെതിരെ ജിഹ്വയും തൂലികയും പടവാളാക്കിയ മഹാമനീഷിയുമായിരുന്നു ഇമാം മുസ്ത്വഫ സ്വബ്രി (റ). ഈജിപ്തിലെയും തുര്‍ക്കിയിലെയും വിഘടിതര്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ അദ്ധേഹം ഇസ്ലാമിനൊരുക്കിയ  സംരക്ഷണം വളരെ വലുതാണ്.

ജനനവും പ്രാഥമികവിദ്യാഭ്യാസവും

തുര്‍ക്കിയിലെ തൗഖദ് പ്രവിശ്യയില്‍  ക്രിസ്താബ്ദം 1889 ലാണ് ഇമാം സ്വബ്രിയുടെ ജനനം. പ്രമുഖ പണ്ഡിത കുടുംബത്തില്‍ പിറവികൊണ്ട ഇമാം സ്വബ്രി പിതാവ് അഹമദില്‍ നിന്നും പാരമ്പര്യ വിജ്ഞാനം അഭ്യസിച്ച് പിന്നീട് കൈസറിലേക്ക് ഉപരിപഠനാര്‍ത്ഥം യാത്ര പോകുകയും പ്രമുഖരില്‍ നിന്ന് ജ്ഞാനം നേടുകയും ചെയ്തു. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ ഒരുപാട് പണ്ഡിതന്മാരുമായി സംവദിക്കാനും വൈജ്ഞാനിക രാഷ്ട്രീയമേഖലകളില്‍ തന്റേതായ ഇടപെടലുകള്‍ നടത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.

ഔദ്യോഗിക ജീവിതം

ഇരുപത്തിരണ്ടാം വയസ്സില്‍ അദ്ധ്യാപന ജീവിതം ആരംഭിച്ച ഇമാം  സ്വബ്രി സുല്‍ത്താന്‍ മുഹമ്മദ് ഫാത്തിഹിന്റെ നേതൃത്വത്തിലുള്ള കോളേജിലാണ് ആദ്യമായി സേവനം ചെയ്തത്. അവിടന്നങ്ങോട്ട് കര്‍മ്മനൈരന്ത്യത്തിന്റെ നിരവധി നാഴികകല്ലുകള്‍ അദ്ദേഹത്തിന് താണ്ടികടക്കാനായി. ഉസ്മാനിയ്യ ഖിലാഫത്തിന് കീഴിലുള്ള 'ബയാനുല്‍ ഹഖ് ' പണ്ഡിത സഭയിലെ നിത്യ സാന്നിധ്യം, ദാറുല്‍ ഹികമിലെ സാരഥി, ദാറുല്‍ ഹദീസിലെ ഹദീസ് പണ്ഡിതന്‍ തുടങ്ങി പല ബൗദ്ധിക മേഖലകളിലും മഹാന്‍ സേവനമനുഷ്ടിച്ചു. പിന്നീട് 1919ല്‍ ദിമാഅ ഫരീദ് ബാഷ ഒന്നാമന്റെ കാലഘട്ടത്തില്‍ ഏറ്റവും ഉന്നതപദവിയായ ശൈഖുല്‍ ഇസ്ലാമെന്ന സ്ഥാനം അദ്ദേഹത്തെ തേടിയെത്തി. അവസാനമായി ഈ പദവി സ്വീകരിച്ചതും മഹാന്‍ തന്നെയായിരുന്നു. പക്ഷെ പിന്നീട് ഉസ്മാനിയ്യ ഖിലാഫത്തിന്റെ തകര്‍ച്ചയോടെ  1923ല്‍ മിസ്റിലേക്കും അവിടുന്ന് ലബനാനിലേക്കും അദ്ദേഹത്തിന് പാലായനം ചെയ്യേണ്ടിവന്നു.

വൈജ്ഞാനിക ഇടപെടലുകള്‍

ഉസ്മാനിയ്യ ഖിലാഫത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം വിവിധ രാഷ്ട്രങ്ങളിലൂടെ അദ്ദേഹം സഞ്ചാരം നടത്തി.
യൂറോപ്യന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ച മഹാന്‍ ആധുനികതയുടെ  നിയന്ത്രണങ്ങള്‍ മുഖ്യധാരയില്‍ വരുത്തിയ മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി. ഇതിനിടയില്‍ മക്കയിലെ പ്രസിദ്ധനായ ശരീഫ് ഹസനെ സന്ദര്‍ശിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1932ല്‍ മിസ്‌റില്‍ തന്നെ തിരിച്ചെത്തിയ അദ്ദേഹം 54 വരെയുള്ള നീണ്ട രണ്ട് പതിറ്റാണ്ടു കാലം മിസ്‌റില്‍ സേവനമനുഷ്ഠിച്ചു.

നിരന്തരം ഗ്രന്ഥങ്ങള്‍ വിരചിതമായിരുന്ന ആ കാലഘട്ടത്തില്‍ തത്വചിന്ത വ്യാപകമായി ചര്‍ച്ചചെയ്യപെട്ടിരുന്നു.
അറബി,ടര്‍ക്കിഷ് ഭാഷകളിലുണ്ടായിരുന്ന പ്രാവീണ്യം ഈ ഭാഷകളില്‍ രചിക്കപ്പെട്ട  ഫിലോസഫി, ഇല്‍മുല്‍ കലാം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍  അദ്ദേഹത്തെ സഹായിച്ചു. ഫിലോസഫിയും ഇല്‍മുല്‍ കലാമും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ പേരില്‍ സമൂഹത്തില്‍ ഛിദ്ധ്രത പരത്താന്‍ ഒരു പറ്റം വികല ചിന്താധാരകള്‍ മുന്നോട്ടുവന്ന സമയമായിരുന്നു അത്. പൗരാണിക കാലം തൊട്ടുള്ള ഫിലോസഫിയുടെ ചരിത്രം പഠിക്കാന്‍ ഇതദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഫ്രഞ്ചു ഭാഷയില്‍ രചിക്കപ്പെട്ട് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപെട്ട പോള്‍ ജന്നത്തിന്റെ 'അല്‍ മന്‍തിഖ് വല്‍ മദ്ഹബ് ' , അഹമ്മദ് അമീനും നജീബ് മഹ്മൂദും ചേര്‍ന്ന് രചിച്ച 'ഖിസ്സതു  ഫല്‍സഫത്തില്‍ ഹദീസ് ' എന്നീ ഗ്രന്ഥങ്ങള്‍  മഹാന്‍ പഠനവിധേയമാക്കുന്നത്. ഇതിലൂടെ ഇമ്മാനുവല്‍ കാന്റിന്റെയും ഫെഡറിക് ഹെഗലിന്റെയും ചിന്താവൈകല്യം മനസ്സിലാക്കാനും അതിന് തക്കതായ മറുപടി നല്‍കാനും അദ്ദേഹത്തിന്  സാധിച്ചു.

അറബിയിലും ടര്‍കിഷിലുമായി നിരവധി ഗ്രന്ഥങ്ങള്‍ ഇമാം സ്വബ്രി രചിച്ചിട്ടുണ്ട്. ഇതില്‍ ആറ് ഗ്രന്ഥങ്ങളാണ് അറബിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. 'അന്നകീര്‍ അലാ മുന്‍കിരിന്നിഅമ' , 'മസ്അലത്തു തര്‍ജിമത്തില്‍ ഖുര്‍ആന്‍', 'മൗഖിഫുല്‍ ബഷര്‍ തഹ്ത സുല്‍ത്താനില്‍ ഖദ്ര്‍' , 'അല്‍ ഖൗലുല്‍ ഫസ്ല്‍, മൗഖിഫുല്‍ അഖ്‌ലി വല്‍ ഇല്‍മി വല്‍ ആലം' എന്നിവ അവയില്‍ ചിലതാണ്. വിശ്വാസ ശാസ്ത്രത്തില്‍ രചിച്ച 'മൗഖിഫുല്‍ അഖ്‌ലി വല്‍ ഇല്‍മി വല്‍ ആലം' എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ  മാസ്റ്റര്‍ പീസ്. നൂറ്റാണ്ടിന്റെ ഗ്രന്ഥം എന്നാണ് മൗഖിഫു ല്‍ അഖ്ല്‍ വിശേഷിപ്പിക്കപ്പെടുന്നത്.

ഇസ്ലാമിന്റെ ചിന്താധാരകള്‍ക്ക് തുരങ്കം വെക്കുന്ന നിരവധി എഴുത്തുകാരേയും ചിന്തകന്മാരെയും ഇമാം സ്വബരിക്ക് ഈജിപ്ത്തില്‍ കണ്ടുമുട്ടേണ്ടിവന്നു. ഇതില്‍ പ്രധാനികളാണ് റഷീദ് രിള, ഫരീദ് വജ്ദീ, സകീ മുബാറക് തുടങ്ങിയവര്‍. ഹുസൈന്‍ ഹൈക്കലിനെ പോലുള്ള പ്രവാചക ചരിത്രകാരന്മാര്‍ ഖുര്‍ആനല്ലാതെ മറ്റൊരു മു്അജിസത്തും നബി(സ)ക്ക് ഇല്ലെന്ന് വാദിച്ചവരാണ്. ഇവരെ മുന്നില്‍ കണ്ട്  രചിച്ച കൃതിയായിരുന്നു 'അല്‍ ഖൗലുല്‍ ഫസ്ല്‍ ബൈനല്ലദീന യുഅമിനീന ബിഗയ്ബി വല്ലദീന ലാ യുഅമിനൂന്‍'

ഇമാം സ്വബ്രി തുര്‍ക്കിയിലായിരിക്കെ എഴുതിയ 'അന്നകീറു അലാ മുന്‍കിരിന്നിഅമ' കമാല്‍ പാഷയുടെ വിഘടിത നിയമങ്ങള്‍ക്കെതിരെയും ഉസ്മാനിയ്യ ഖിലാഫത്തിനെതിരായി യഹൂദ-അമുസ്ലിം കൂട്ടുകെട്ടില്‍ നടത്തിയ നീക്കങ്ങളെ പ്രതിപാദിച്ചുള്ളതാണ്.
ഈ കാലഘട്ടത്തില്‍ തന്നെ 'മസ്അലത്തു തര്‍ജ്ജിമത്തില്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥ രചന അത്താ തുര്‍ക്കിന്റെ ഗവണ്മെന്റ് ഖുര്‍ആന്‍ ടര്‍ക്കിഷിലേക്ക് മൊഴിമാറ്റം ചെയ്യുകയും നിസ്‌കാരമുള്‍പ്പെടുന്ന അടിസ്ഥാന കര്‍മ്മങ്ങളില്‍ ടര്‍ക്കിഷ് ഖുര്‍ആന്‍ കൊണ്ടുവരികയും ചെയ്ത ഘട്ടത്തിലായിരുന്നു.

ഇതുപോലെതന്നെ വിശ്വാസശാസ്ത്രത്തില്‍ ഇസ്ലാമിന്റെ നിലപാടുകള്‍ പ്രമാണബദ്ധവും യുക്തിസഹവുമായി സമര്‍ത്ഥിക്കുന്ന രചനയാണ് 'മൗഖിഫുല്‍ ബഷര്‍'. വികലവാദികള്‍ക്ക് സംഭവിച്ച  ചിന്താവൈകല്യങ്ങള്‍ക്കെതിരായിരുന്നു ഈ ഗ്രന്ഥം.

ഈ സമയത്താണ് ഹുസൈന്‍ ഹൈക്കല്‍ 'ഹയാത്തു മുഹമ്മദ് ' എന്ന ഗ്രന്ഥം രചിക്കുന്നത്. അഹ്ലുല്‍ ഹദീസിനെ നിശിതമായി വിമര്‍ശിക്കുന്ന ഒരു ഗ്രന്ഥമായിരുന്നു ഇത്. ചില അസ്ഹരീ പണ്ഡിതര്‍ ഇത് ഇമാം സ്വബ്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതേ സമയത്തില്‍ തന്നെ മഹ്മൂദ് ഷല്‍തൂത് പല അബദ്ധജടിലമായ വാദങ്ങളുമായി  രിസാല മാസികയില്‍ ഒരു ലേഖനം എഴുതുന്നത്. യുക്തിഭദ്രമായ രീതിയില്‍ ശൈഖ് അതിന് മറുപടി അയച്ചെങ്കിലും അവരത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. ഇത്രയുമായപ്പോഴാണ് ശൈഖ് തന്റെ വിശ്വഗ്രന്ഥമായ
മൗഖിഫുല്‍ അഖ്‌ലിന്റെ നുബുവ്വത്തും അനുബന്ധവിഷയങ്ങളും ചര്‍ച്ചചെയ്യുന്ന മൂന്നാം ഭാഗം സ്വതന്ത്ര രചനയായി പുറത്തിറക്കുന്നത്.

വിഘടനവാദികള്‍ക്കെതിരെ 

ഉസ്മാനിയ്യ ഖിലാഫത്തിന്റെ പതനത്തോടുകൂടി സുരക്ഷിതത്വം നിലനിന്നിരുന്ന ഇസ്ലാമിക ലോകത്ത് മതവിരുദ്ധ ശക്തികളുടെ വിളയാട്ടം നിമിത്തം അരക്ഷിതാവസ്ഥ പരക്കാന്‍ തുടങ്ങി. ഖിലാഫത്തിന്റെ പതനത്തോടുകൂടി പിറവികൊണ്ട നവീനവാദികള്‍ പുത്തന്‍ ആശയങ്ങള്‍ ഇസ്ലാമിക ശരീഅത്തുമായി കൂട്ടികലര്‍ത്താന്‍ തുടങ്ങി.

ഈ കാലത്തെ പുത്തന്‍വാദികളില്‍ പ്രമുഖനായിരുന്നു മുസ്തഫ കമാല്‍പാഷ.  ഇദ്ദേഹത്തിന്റെ വാദങ്ങള്‍ക്കെതിരെ ഘോരമായി ശബ്ദിച്ച മുസ്തഫ സ്വബ്രി അധികാര വര്‍ഗത്തിന്റെ ശത്രുവാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഇതിനാല്‍ അദ്ദേഹത്തിന്ന് നേരെ പലതവണ വധശ്രമങ്ങളുണ്ടായി.
റുമേനിയയിലേക്കും മറ്റിതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കുവരെ ഉസ്മാനിയ്യ ഖിലാഫത്തിന്റെ പരമോന്നത പണ്ഡിതന് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യേണ്ടി വന്നു.
പല മുസ്ലിം രാജ്യങ്ങളും അദ്ദേഹത്തിന് അഭയം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ അദ്ദേഹം ഈജിപ്ത്തില്‍ സ്ഥിരതാമസമാക്കി.

ഈജിപ്ത്തിലും അവസ്ഥതകള്‍ വ്യത്യസ്തമായിരുന്നില്ല മുഹമ്മദ് അബ്ദുവിന്റെ നവീന വാദങ്ങള്‍ പിടിമുറുക്കിയ ഈജിപ്തിലും ഇസ്ലാമികച്ച പശ്ചാത്തലം  വികൃതമായിരുന്നു. അല്‍ അസ്ഹര്‍ പോലെയുള്ള ലോകോത്തര മതപാഠശാലകളില്‍ വരെ അടിസ്ഥാന കാര്യങ്ങളില്‍ പോലും പുത്തന്‍വാദത്തിന്റെ ചുവ നിഴലിച്ചുനിന്നിരുന്നു. അസ്ഹറിലെ പ്രധാന പണ്ഡിതരായ മുസ്തഫ അല്‍ മറാഗിയും, അഹമ്മദ് ഷല്‍ത്വൂതുമെല്ലാം എന്തിന് അക്കാലത്തെ ശൈഖുല്‍ അസ്ഹറായിരുന്ന മഹ്മൂദ് ഷല്‍തൂത് വരെ ഈ വികലചിന്താധാരകള്‍ പേറുന്നവരായിരുന്നു.

അങ്ങനെ ഈജിപ്തിലുള്ള നവീനവാദികള്‍ക്കെതിരെയും ഇമാം അക്ഷീണം പോരാടി. ആരുടേയും സ്ഥാനാമാനങ്ങളോ അധികാരങ്ങളോ ഒന്നും തന്നെ അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. തന്റെ വാര്‍ദ്ധക്യത്തിലും നിരവധി തൂലികയിലൂടെയും അല്ലാതെയുമായി അദ്ദേഹം എതിരാളികള്‍ക്കെതിരെ നിലകൊണ്ടു. ഈജിപ്ത്തിലെ ഇസ്ലാമിക ചിട്ടകളുടെ അധപതനത്തിന് കാരണം മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റെ ഗുരു ജമാലുദ്ദീന്‍ അഫ്ഗാനിയുമാണെന്നും അല്‍ അസ്ഹറിനെ മതവിരുദ്ധ തട്ടകമാക്കിയ മുഹമ്മദ് അബ്ദു അവിടെയുള്ള വിദ്യാര്‍ത്ഥികളെയും കൂട്ട്പിടിച്ച് ഈജിപ്ത്തിലാകെ ഛിദ്രത പരത്തിയെന്നും ആരോപിച്ച ഇമാം സ്വബ്രി തന്റെ വാര്‍ദ്ധക്യദശയിലും വിശുദ്ധ ഇസ്ലാമിനായ് പോരാടി കൊണ്ടേയിരുന്നു.

മൗഖീഫുല്‍ അഖ്ല്‍

നാലു വാള്യങ്ങളായി പുറത്തിറങ്ങിയ മൗഖീഫുല്‍ അഖ്ല്‍ എന്നഗ്രന്ഥം ഇമാം സ്വബ്രി രചിക്കുന്നത് തന്റെ വാര്‍ദ്ധക്യ കാലത്താണ്. 2000 ത്തിലധികം പേജുകള്‍ വരുന്ന ഈ ഗ്രന്ഥം ശൈഖിന്റെ നിശ്ചയധാര്‍ഢ്യത്തിനുള്ള ഉദാത്തമായ തെളിവാണ്.

തുര്‍ക്കിയിലും ഈജിപ്ത്തിലും താന്‍ ദര്‍ശിച്ച മതപരമായ അപചയങ്ങളും രാഷ്ട്രീയ മുതലെടുപ്പും വിവരിക്കുന്ന പ്രസ്തുത ഗ്രന്ഥം ആത്മീയ വീണ്ടെടുപ്പിനുള്ള മറുമരുന്നും നിര്‍ദേശിക്കുന്നുണ്ട്. പില്‍കാലത്ത് ഏറെ പ്രശസ്തി നേടിയ ഈ  രചന നൂറ്റാണ്ടിന്റെ
ഗ്രന്ഥമാണെന്ന് അബുല്‍ ഫത്താഹ് അല്‍ ഗുദ്ദ വിശേഷിപ്പിക്കുന്നുണ്ട്. ധാരാളം സലഫി പണ്ഡിതര്‍ വരെ ഈ  ഗ്രന്ഥത്തെ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് അത്ഭുതാവാഹമായ യാഥാര്‍ഥ്യമാണ്.

'മൗഖിഫുല്‍ ബശര്‍ തഹ്ത സുല്‍ത്വാനില്‍ ഖദ്ര്‍', 'അല്‍ ഖൗലുല്‍ ഫസ്ല്‍' എന്നിങ്ങനെ രണ്ടു പ്രധാന ഭാഗങ്ങളായാണ് ഈ ഗ്രന്ഥം ക്രമീകരിച്ചിട്ടുള്ളത്.  മുഹമ്മദ് അബ്ദുവിനെ പോലോത്ത ഇസ്ലാഹീ പണ്ഡിതന്മാരുടെ വികലവാദങ്ങളെയും ഇസ്ലാമിക അപചയങ്ങളെയും ഇതിലൂടെ ഇമാം വിമര്‍ശന വിധേയമാക്കുന്നുണ്ട്.

ഇസ്ലാമിക വിശ്വാസ ശ്രേണിയിലെ പ്രധാനമായ പ്രവാചക ദൃഷ്ടാന്തങ്ങള്‍, പരലോകം, വിചാരണ തുടങ്ങിയ അദൃശ്യകാര്യങ്ങളെ നിഷേധിക്കുന്നവര്‍ക്കെതിരെയാണ് അല്‍ ഖൗലുല്‍ ഫസ്ല്‍ നിലകൊള്ളുന്നത്. മുഅജിസത്തുകളെ നിഷേധിച്ച ഡോക്ടര്‍ ഹുസൈന്‍ ഹൈക്കല്‍, പരലോകം വിചാരണ ഇവയൊക്കെ നിഷേധിച്ച ശൈഖ് മഹ്മൂദ് ഷല്‍തൂത് തുടങ്ങിയവരെ പോലെയുള്ള  വികടന വാദികള്‍ക്കെതിരെയുള്ള കടന്നാക്രമണമായിരുന്നു ഈ ഗ്രന്ഥം.

നാലുഭാഗങ്ങളില്‍ ആദ്യം ബുദ്ധിക്ക് വിശുദ്ധ ദീനില്‍ ഉള്ള പരിഗണനയെ സംബന്ധിച്ചും, രണ്ടാം ഭാഗത്തില്‍ അറിവിനെക്കുറിച്ചും പഞ്ചേന്ദ്രിയങ്ങളില്‍ ഇവക്കുള്ള സ്വാധീനത്തെ സംബന്ധിച്ചും മൂന്നാം ഭാഗം ബുദ്ധിയെക്കുറിച്ചും ബുദ്ധി അറിവാര്‍ജ്ജിക്കുന്നതില്‍ നിര്‍വ്വഹിക്കുന്ന പങ്കിനെയും ചര്‍ച്ച ചെയ്യുന്നു.

തന്റെ കാലഘട്ടത്തിലുള്ള മുഴുവന്‍ വ്യതിയാന ചിന്തകളെയും വിശദീകരിക്കുകയും ഇസ്ലാമിന്റെ പ്രാമാണിക കാഴ്ചപ്പാടുകളില്‍ അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന പ്രസ്തുത ഗ്രന്ഥം ഇമാം സ്വബ്രി ലോകത്തിന് നല്‍കിയ അപൂര്‍വ്വവും മഹത്തരവുമായ സംഭാവനയാണ്.

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget