| മുആവിയ മുഹമ്മദ് ഫൈസി |
മഹാനായ അനസ്ബ്‌നു മാലിക് (റ) വിന് ഒരു കുഞ്ഞനുജനുണ്ടായിരുന്നു. മൂന്ന് വയസ്സുകാരനായ അബു ഉമൈര്‍ ! ഒരിക്കല്‍ അനസി(റ)ന്റെ വീട്ടിലെത്തിയ തിരുനബി കണ്ടത് തീരെ പരവശയായ ഒരു കുരുവികുഞ്ഞിനെ മടിയില്‍ വെച്ച് കരഞ്ഞ്‌കൊണ്ടിരിക്കുന്ന അബൂഉമൈറിനെയാണ്.
' ഓ അബൂഉമൈര്‍ ! നുഗൈറി (പക്ഷിക്കുഞ്ഞ്)നിതെന്തുപറ്റി ' - ഉമൈറിനെ തലോടിക്കൊണ്ട് തിരുനബി ചോദിച്ചു.
തിരുദുതരുടെ സ്‌നേഹമസൃണമായ ചോദ്യം കേട്ട് അബു ഉമൈറിന്റെ മുഖം തെളിഞ്ഞു . കാരണം തിരുനബിയുടെ സംബോധന രീതി അത്രമേല്‍ ഹൃദയഹാരിയായിരുന്നു; കൊച്ചു കുട്ടിയോടു പോലും വലിയവരോടെന്ന പോലെ.! മാത്രമല്ല , ആദ്യമായിട്ടായിരുന്നു ഒരാള്‍ അബുഉമൈറിനോട് തന്റെ പ്രിയപ്പെട്ട പക്ഷികുഞ്ഞിന്റെ കാര്യം അത്ര അതൃപ്പത്തോടെ ആരായുന്നത്.
പിന്നീടൊരിക്കല്‍ കളിച്ചു കൊണ്ടിരിക്കെയാണ് അബുഉമൈറിന്റെ അരികിലേക്ക് തിരുനബി കയറിച്ചെന്നത്. 'ഓ അബു ഉമൈര്‍ ! നുഗൈറിനെന്തു പറ്റി ! ? ' മുമ്പ് ചോദിച്ച അതേ ചോദ്യം 'അത് ചത്ത് പോയി നബിയേ ' തലോടുന്ന തിരുമേനിയോട് ചേര്‍ന്നുനിന്നു കൊണ്ട് വേദനയോടെ അബൂ ഉമൈര്‍ അസ്മാദൃശനായി....
ബുഖാരിയും മുസ്ലിമും (റ) സംയുക്തമായി റിപ്പോര്‍ട്ട് ചെയ്ത പ്രസിദ്ധമായ ഹദീസിന്റെ ആശയ വിവര്‍ത്തനമാണ് മുകളിലുള്ളത്.
മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം: സവാദത്ത് ബിന്‍ റബീഅ(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ എന്റെ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും പ്രവാചകന്റെ മുമ്പില്‍ അവതരിപ്പിച്ചു. ഉടനെ അവിടന്ന് എനിക്ക് ഒരു കൂട്ടം ഒട്ടകങ്ങളെ തന്നു. എനിക്ക് വളരെ സന്തോഷമായി.
അങ്ങനെ അതുമായി വീട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കുകയാണ്. അപ്പോള്‍ പ്രവാചകന്‍(സ) എന്നെ വിളിച്ച് പറഞ്ഞു:
'സവാദത്തേ, നീ തിരിച്ച് ചെന്നാല്‍ നിന്റെ വീട്ടിലുള്ള എല്ലാവരോടും നഖങ്ങള്‍ താഴ്ത്തി വെട്ടാന്‍ പറയണം. കാരണം, വീട്ടുകാര്‍ ഒട്ടകങ്ങളെ കറക്കുന്ന സമയത്ത് അകിടിന് നഖം തട്ടി അവക്ക് ഒരിക്കലും വേദന വരാന്‍ ഇടവരരുത്.' (അഹ്മദ്, ബൈഹഖി)
സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ വായയില്‍ വെച്ച് പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചത്തുപോയതായുള്ള വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇതെഴുതുമ്പോള്‍ മനസ്സ് നിറയെ !
തിരുവനന്തപുരം പാല്‍കുളങ്ങരയില്‍ ഗര്‍ഭിണിയായ ഒരു പൂച്ചയെ ആരൊക്കെയോ ചേര്‍ന്ന് കെട്ടിത്തുക്കിക്കൊന്ന സംഭവം മലയാളി മറന്നുകാണില്ല;അഥവാ അതിനുമാത്രം സമയമായിട്ടില്ല. അപ്പോഴേക്ക് വന്ന് കഴിഞ്ഞു മനസ്സ് മരവിപ്പിക്കുന്ന മറ്റൊരുവാര്‍ത്ത.
അവധിയില്ലാതെ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഇത്തരം ' കണ്ണില്ലാത്ത ക്രൂരത'കള്‍ കരളലിയിപ്പിക്കുതായി മാറുന്നത് മനസ്സാക്ഷിയുള്ളവരുടെ മൗനനൊമ്പരമാണ്, ഇത്തരം 'ചോദിക്കാനും പറയാനുമാളില്ലാത്തവ'യോടുള്ള ക്രൂരതകളോട് മനഃസാക്ഷിക്കും മുകളില്‍ മതംസാക്ഷിയുള്ളവര്‍ക്ക് എന്ത് 'മാനിഷാദ'യാണ് പാടാനുള്ളതെ പതിവു ചോദ്യം സോഷ്യല്‍ മീഡിയയില്‍ സൊള്ളിക്കൊണ്ടിരിക്കുവരുടെ സദുദ്ദേശ്യത്തെയും പരിഗണിക്കാതെ വയ്യല്ലോ.
ഭോഗ-ഭോജനാദികള്‍ക്കപ്പുറം മനുഷ്യനും മറ്റു ജവികള്‍കുമിടയില്‍ മറ്റൊരസ്തിസ്വത്തെയും കാണാന്‍ കൂട്ടാക്കാത്ത മതരഹിത സമൂഹങ്ങള്‍ മൃഗങ്ങളോട് അനുവര്‍ത്തിച്ചിരിക്കുന്ന സമീപനങ്ങളെ സവിസ്തരം പ്രതിപാദികുന്നുണ്ട് ഡോ: മുസ്തഫ സിബാഇ തന്റെ 'മിന്‍ റവായിള ഹളാറത്തിന'യില്‍ . ' അര്‍രിഫ്ഖു ബിന്‍ ഹയവാന്‍ ' എന്ന അദ്ധ്യായത്തില്‍ മനുഷ്യേതര ജിവികളോട് അനുവര്‍ത്തിക്കേണ്ട രീതി ഖുര്‍ആന്‍ ഹദീസ് -ഫിഖ്ഹ് എന്നിവയുടെ വെളിച്ചത്തില്‍ വിശദീകരിച്ച ശേഷം അദ്ദേഹം എഴുതുന്നു: '....ഇസ്ലാമിന്റെ ഈ സമീപനത്തിന്റെ സമഗ്രതയും സമുന്നതയും മനസ്സിലാകണമെങ്കില്‍ പോയ കാലസമൂഹങ്ങള്‍ ഇക്കാര്യത്തില്‍ എന്തു ശൈലി സ്വികരിച്ചിരിക്കുന്നു എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. മനുഷ്യരുടെ അധ്യാപനങ്ങളില്‍ പൗരാണിക കാലഘട്ടങ്ങളിലോ മധ്യ നൂറ്റാണ്ടുകളിലോ ജീവികളോട് സൗമ്യതയും കാരുണ്യവും കാണിക്കുന്നതിന് പ്രേരകമായ നിര്‍ദ്ദേശങ്ങളൊന്നും തന്നെ കാണുക സാധ്യമല്ല. ഉത്തരവാദിത്വത്തിന്റെ വിഷയത്തില്‍ ബുദ്ധിയുളള മനുഷ്യനോടെന്ന പോലെ മറ്റു ജീവികളോടും അവര്‍ പെരുമാറുമായിരുന്നു.മനുഷ്യന്‍ വിചാരണ ചെയ്യപ്പെടുന്നത് പോലെ മൃഗവും വിചാരണ ചെയ്യപ്പെടുകയും കുറ്റക്കാരനായ മനുഷ്യന്റെ പേരിലെന്നപോലെ ജയില്‍ വാസത്തിനോ നാടുകടത്തലിനോ വധശിക്ഷക്കോ മൃഗത്തിന്റെ പേരിലും വിധികല്‍പ്പിക്കപ്പെടുക്കയും ചെയ്യുമായിരുന്നു ' ( മിന്‍ റവായിഇ ഹളാറത്തിനാ-പേ-185)
അനുബന്ധമായി മുട്ടയിട്ട പൂവന്‍ കോഴിയെ വധശിക്ഷക്ക് വിധേയമാക്കിയതുള്‍പ്പെടെയുള്ള, പൗരാണിക സമൂഹങ്ങളില്‍ നിലനിന്നിരുന്ന ക്രൂരമായ മൃഗവിചാരണ-ശിക്ഷാരീതികള്‍ വിവരിക്കുന്നുണ്ട് അദ്ദേഹം !.
പില്‍ക്കാലത്ത്, മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കുകയെന്ന ചുമതല ധാര്‍മ്മിക ബാധ്യതയുടെ ഭാഗമായി മനുഷ്യന്റെ പരിഗണനയില്‍ വരുന്നതു പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ്. വംശനാശം നേരിടുന്ന ജീവികളോടുള്ള താത്പര്യമാണ് പലപ്പോഴും അത്തരം നിയമ നിര്‍മാണങ്ങള്‍ക്ക് പ്രേരകമായിത്തിര്‍ന്നത് എന്ന് കാണുക പ്രയാസമല്ല.
എന്നിട്ടും യന്ത്രവല്‍കൃത സമൂഹത്തില്‍ ആ പരിഗണന ഏതുതലത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ടു എന്ന് കൂടി ഇവിടെ ചേര്‍ത്ത് വായിക്കപ്പെടേണ്ടതുണ്ട്: യുവാല്‍ നോവോ ഹരാരി തന്റെ ' സാപ്പിയന്‍സി ' ലൊരിടത്ത് എഴുതിയത് കാണാം ' ആഫ്രിക്കക്കാരോടുള്ള വിദ്വേഷത്തിന്റെ ഫലമായിരുന്നില്ല അറ്റ്‌ലാന്റെിക്കിലെ അടിമ വ്യാപാരം എന്നതുപോലെ വൈരാഗ്യം അല്ല (ചൂഷണോന്മുഖമായ) ആധുനിക മൃഗ വ്യവസായത്തിന് ഉള്‍പ്രേരണയാകുന്നത്. അതിനു കാരണമാകുന്നതും നിസ്സംഗതയാണ്. മുട്ട,പാല്‍ ,ഇറച്ചി, എന്നിവ ഉപയോഗിക്കുന്ന പലരും അതിനു കാരണക്കാരായ ജീവികളുടെകാര്യം ചിന്തിക്കുന്നേയില്ല. അത്തരം ജീവികളുടെ കാര്യം യന്ത്രങ്ങളില്‍ നിന്നു വ്യത്യസ്തമല്ല എന്ന് അതേകുറിച്ച് ചിന്തിക്കുന്നവര്‍ പറയുന്നു. തമാശയെന്നു പറയട്ടെ,പാല്‍ യന്ത്രങ്ങളും മുട്ടയന്ത്രങ്ങളും രൂപപ്പെടുത്തുന്ന അതേ ശാസ്ത്രശാഖകള്‍ തന്നെ സസ്തനികള്‍ക്കും പക്ഷികള്‍ക്കും സങ്കീര്‍ണമായ സംവേദന,വൈകാരിക സംവിധാനങ്ങള്‍ ഉണ്ടെന്ന് സമീപകാലത്ത് സംശയലേശമന്ന്യേ തെളിയിച്ചിട്ടുള്ളതാണ്. അവയ്ക്ക് ശരീര വേദന മനസ്സിലാകുമെന്നുമാത്രമല്ല വൈകാരികമായും അവ ദുരിതമനുഭവിക്കാന്‍ കഴിവുള്ളവയാണ്.' ( സാപിയന്‍സ്- പേ- 448)
ഇവിടെയാണ് ഇസ്ലാമിലെ മൃഗാവകാശങ്ങളും സമീപനങ്ങളും സ്മരണീയമായി മാറുന്നതും സമുന്നതവുമായിത്തീരുന്നതും.
നബി(സ) പറയുന്നു: ഒരു കുരുവിയെ ആരെങ്കിലും അനാവശ്യമായി കൊന്നാല്‍ അന്ത്യദിനത്തില്‍ അത് കരഞ്ഞു കൊണ്ട് അല്ലാഹുവിനോട് പറയും :നാഥാ ഇയാളെന്നെ വെറുതെ കൊന്നതാണ്, ഒരു ഉപകാരത്തിനും വേണ്ടിയല്ല(നസാഇ)
അബൂ ഹുറൈറ(റ) ഉദ്ദേരിക്കുന്ന മറ്റെരു ഹദീസ് ഇങ്ങനെയാണ് : പച്ചക്കരളുള്ള (ജീവനുള്ള) ഏതൊരു ജീവിക്ക് ഗുണം ചെയ്യുന്നതിലും പ്രതിഫലമുണ്ട് (ബുഖാരി,മുസ്ലീം) അബൂബക്കര്‍ സിദ്ദീഖ് (റ) നിവേദനം ചെയ്യുന്നു.റസുലുള്ളാഹി (സ) പറയുകയുണ്ടായി : തന്റെ ഉടമസ്ഥതയിലുള്ള ജീവികളോട് മോശമായി പെരുമാറുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല (ഇബ്‌നുമാജ, തുര്‍മുദി)
സഹ്‌ലു ബ്‌നു ഹന്‍ളലിയ്യ(റ ) പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതര്‍ വിശന്ന് വയറെട്ടിയ ഒരു ഒട്ടകത്തിനരികിലൂടെ നടന്ന് പോകാനിടയായി അവിടുന്ന് പറഞ്ഞു: മിണ്ടാപ്രാണികളായ ഈ മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, യോഗ്യമായ നിലയില്‍ അവയെ നിങ്ങള്‍ വാഹനമായുപയോഗിക്കുക.യോഗ്യമായ നിലയില്‍ അവയെ നിങ്ങള്‍ ഭക്ഷണമാക്കുകയും ചെയ്യുക(അബൂ ദാവൂദ്)
ബുഖാരിയിലും മുസ്ലിലും ഇടംപിടിച്ച, പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട കാരണത്താല്‍ നരകത്തില്‍ പോകാനിടയായ സ്ത്രീയുടെ സംഭവവും ദാഹിച്ച് പരവശനായ നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗ്ഗ പ്രവേശം സാധ്യമായ യാത്രക്കാരന്റെ കഥയും പരാമര്‍ശിക്കുന്ന സുവിദിതമായ രണ്ട് ഹദീസുകള്‍ മേല്‍ പറഞ്ഞതിന്റെ യെല്ലാം വിശദീകരണമാണ്.
ജീവികളോടുള്ള കാരുണ്യം പാപമോചനത്തിനും സ്വര്‍ഗ്ഗപ്രവേശത്തിനും നിമിത്തമാകുമ്പോള്‍ അവയോടുള്ള ക്രൂരത ദൈവികശാപത്തിനും നരക പ്രവേശത്തിനും കാരണമായിത്തീരുന്നുവെന്നു ചുരുക്കം.
നബി വചനങ്ങളുടെ സാരാംശങ്ങളില്‍ നിന്ന് കര്‍മ്മശാസ്ത്രവിശദീകരണങ്ങളിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമായി തെര്യപ്പെടുത്തപ്പെടുന്നതു കാണം .പരിപാലനം മുതല്‍ പരിശീലനം വരെയുള്ള വിഷയങ്ങളില്‍ പാലിച്ചിരിക്കേണ്ട ബാധ്യതകളുടെയും കറവ മുതല്‍ അറവ് വരെയുള്ള കാര്യങ്ങളില്‍ കാണിച്ചിരിക്കേണ്ട മര്യാദകളുടെയും മാനിഫെസ്റ്റോയെന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകളിലതിനെ വിശേഷിപ്പിക്കാം.
ചരിത്ര വചായനക്ക് ചന്തം പകരുന്ന ജീവകാരുണ്യത്തിന്റെ ശോഭന കഥകള്‍ക്ക് ജ•മം കൊടുക്കന്‍ എക്കാലത്തും ഇസ്ലാമിനു സാധിച്ചത് ഇത്തരത്തില്‍ ,മഹാമനസ്‌കതക്ക് മതത്തിന്റെ മേല്‍ വിലാസം കൊടുത്തതുകെണ്ടാണ്. ഔദാര്യമല്ല ഉത്തരവാദിത്തമാണിതെല്ലാമെന്ന ബോധ്യമായിരുന്നു ആത്യന്തികമായി അവയുടെയെല്ലാം ഉള്ളടക്കം .അതില്ലാതെ പോകുന്നതുകെണ്ടാണ് ആര്‍ത്ത നാദങ്ങളവസാനിക്കാത്തത്.
അടിക്കുറിപ്പ് :
പില്‍ക്കാലത്ത് ഫുസ്വ്ത്വാത്ത് (ടെന്റ്) എന്ന പേരിലറിയപ്പെട്ട ഒരു പ്രദേശത്തെ കുറിച്ച് പറയുന്നുണ്ട് ഇമാം അബ്ദുല്ലാഹില്‍യാഖൂത്തില്‍ ഹമവി തന്റെ മുഅ്ജമുല്‍ ബുല്‍ദാനില്‍ പറയുന്നുണ്ട്. പേരിനു പിന്നിലുള്ള കഥയിങ്ങനെ.ഉമര്‍ (റ) വിന്റെ ഭരണകാലത്ത് സൈന്യാധിപരായ അംറുബ്‌നുല്‍ ആസ്വ് (റ) മിസ്‌റ് ജയിച്ചടക്കി അലക്‌സാണ്ട്രിയ ലക്ഷ്യമായി പുറപ്പെടാനിരിക്കെ സൈന്യം തമ്പടിച്ച കൂടാരത്തില്‍ ഒരു പ്രാവ് കൂടുവെച്ച് മുട്ടയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെത്രെ ! ഇതു കണ്ട് അംറ് (റ) ഉത്തരവിട്ടു: നമ്മുടെ സംരക്ഷണത്തില്‍ ആ പ്രാവ് അഭയം തേടിയെത്തിയിരിക്കുകയാണ് . അതുകൊണ്ട് ആ പക്ഷി അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് കൂടുവിട്ട് പറന്ന് പോകുന്നത് വരെ ഈ കൂടാരം ഇവിടെതന്നെ നിലനിര്‍ത്തുക !.
ആ പ്രാവിനെ ആരും ശല്യം ചെയ്യാതിരിക്കാനായി കാവലേര്‍പ്പെടുത്തുകയും ചെയ്തു. അലക്‌സണ്ട്രിയ വിജയാനന്തരം സൈന്യം തിരിച്ചു വന്ന് ടെന്റുകള്‍ പണികഴിച്ചപ്പോള്‍ പ്രസ്തുതടെന്റിനടുത്ത് പാര്‍ക്കാന്‍ സൈനികര്‍ മത്സരിക്കുകയുണ്ടായി.അങ്ങനെയാണ് ആ സ്ഥലം ഫുസ്ത്വാത്ത് (ടെന്റ്) എന്ന പേരില്‍ പ്രസിദ്ധമായത്. (മുഅ്ജമുല്‍ ബുല്‍ദാന്‍-പേ-264)
Post a Comment
Note: only a member of this blog may post a comment.