| നൗഷാദ് മണ്ണിശ്ശേരി |  

1991-ലെ ഒരു മധ്യവേനലവധി. മലപ്പുറം ഗവണ്‍മെന്റ് കോളേജ് അങ്കണത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പ്രസംഗ മത്സര വേദിയില്‍ സുമുഖനും ഊര്‍ജ്ജസ്വലനുമായ ഒരു വിദ്യാര്‍ത്ഥി സംഘാടകര്‍ നല്‍കിയ വിഷയത്തില്‍ ഒതുങ്ങി നിന്ന് കൊണ്ട് അഞ്ച് മിനിറ്റിനുള്ളില്‍ അതിമനോഹരമായ ഒരു പ്രസംഗം കാഴ്ചവെക്കുകയാണ്. സംഘാടകരുടേയും ശ്രോതാക്കളുടേയും മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് ആകര്‍ഷിക്കുന്ന ആ പ്രസംഗപാടവം എല്ലാവരുടെയും പ്രശംസ പിടിച്ച് പറ്റുകയുണ്ടായി. ജൂനിയര്‍ വിഭാഗത്തില്‍ ഈ വിദ്യാര്‍ത്ഥി മത്സരിക്കുമ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരാര്‍ത്ഥിയായി ഞാനുമുണ്ടായിരുന്നു അവിടെ. പന്തല്ലൂര്‍ സ്വദേശിയായ സത്താര്‍ എന്ന  വിദ്യാര്‍ത്ഥിയായിരുന്നു അത്. അന്ന് മുതലാണ് സത്താര്‍ പന്തല്ലൂരിനെ ഞാന്‍ കണ്ടു തുടങ്ങുന്നത്.  

മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റി 'മാറ്റ്-91' എന്ന പേരില്‍ സര്‍ഗധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് വേണ്ടി ശാഖാ തലം മുതല്‍ ജില്ലാ തലം വരെ നടത്തിയ കലാസാഹിത്യമത്സരങ്ങളുടെ വേദിയായിരുന്നു അത്. ആനക്കയം പഞ്ചായത്തിനെ പ്രതിനിധീകരിച്ചായിരുന്നു സത്താര്‍ പന്തല്ലൂര്‍ പങ്കെടുത്തത്. പിന്നീട്  മലപ്പുറം കോട്ടപ്പടി ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ വെച്ച് നടത്തിയ ജില്ലാതല മത്സരത്തില്‍ വിജയിച്ചതും മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ച സത്താര്‍ തന്നെയായിരുന്നു. 'സാമുദായിക രാഷ്ട്രീയത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലെ സംസാരമാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. 

അടുത്ത കാലത്തായി സത്താര്‍ പന്തലൂരിനെതിരെ ചിലര്‍ സൈബര്‍ ആക്രമണം നടത്തുന്നത് പലപ്പോഴും ശ്രദ്ധയില്‍പ്പെടാറുണ്ട്.  സത്താറുമായി ഒരിക്കലും ഇടപഴകാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തുവരുന്നതെന്ന് അവരുടെ പ്രചാരണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ള എനിക്ക് അദ്ദേഹത്തെ ഒരു ലീഗ് വിരോധിയായി കാണാന്‍ കഴിയില്ല. മാത്രമല്ല പാര്‍ട്ടിക്ക് ഗുണകരമായ ധാരാളം ആശയങ്ങളും കാഴ്ചപ്പാടുകളും അദ്ദേഹം ഞാനുള്‍പ്പടെയുള്ളവരുമായി  പലപ്പോഴും പങ്ക് വെച്ചിട്ടുമുണ്ട്.

ആനക്കയം പഞ്ചായത്തില്‍ മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പ്രധാനികളിലൊരാളാണ് ഇന്നും പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റായ പാലപ്ര മുഹമ്മദ് മാസ്റ്റര്‍. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകനാണ് പ്രിയപ്പെട്ട സത്താര്‍. പാര്‍ട്ടിക്ക് വേണ്ടി വലിയ ത്യാഗം ചെയ്ത കുടുംബമാണ് അവരുടേത്. ഒരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ശത്രുക്കള്‍ ഉണ്ടാക്കിയ കള്ളക്കേസിന്റെ പേരില്‍ പാലപ്ര മുഹമ്മദ് മാസ്റ്റര്‍ ഒന്നര വര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിച്ചു. ആ കേസുമായി ബന്ധപ്പെട്ട ഫയലുകളുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന സത്താറിനെ പലപ്പോഴും കണ്ടിട്ടുണ്ട്. ജയിലില്‍ നിന്നു തിരിച്ച് വന്നിട്ടും യാതൊരു മടിയുമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമാണ് പാലപ്ര മാസ്റ്റര്‍.

ആനക്കയം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിശുദ്ധ റമളാനില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന പഠനക്യാമ്പില്‍ ഒരു ക്ലാസ്സ് സത്താറിന്റേതായിരിക്കും.  അവരുടെ കുടുംബത്തില്‍ ആരും ലീഗ് രാഷ്ട്രിയത്തിന്റെ പുറത്തല്ല. ഇതൊക്കെ ആര്‍ക്കും അന്വേഷണത്തില്‍ മനസ്സിലാക്കാവുന്നതാണ്. മലപ്പുറം മണ്ഡലത്തില്‍, ആനക്കയം പഞ്ചായത്തില്‍ സത്താറിനോളം പൊതു വിഷയങ്ങളിലും സാമുദായിക കാര്യങ്ങളില്‍ കൃത്യമായ ധാരണയും നല്ല ധാരാളം കാഴ്ചപ്പാടുകളും ഉള്ള ഒരു യുവജന നേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി ഘടന കാര്യക്ഷമമാക്കുവാനും കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തകരെ ചിട്ടപ്പെടുത്താനും എന്റെ ആവശ്യപ്രകാരം സത്താര്‍ ഒരു പ്രൊജക്ട് തന്നെ തയ്യാറാക്കി നല്‍കിയിരുന്നു. അത് ഒരു പരിധി വരെ വിജയകരമായി നടപ്പാക്കുകയും ചെയ്തു.

പിന്നെ അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങള്‍ ഒരു പോരായ്മയായല്ല, ഗുണമായാണ് കാണേണ്ടത്. തന്റെ ആശയങ്ങളിലും സംഘടനാ നിലപാടുകളിലും ഉറച്ച് നില്‍ക്കുമ്പോഴും വിവിധ മതവിഭാഗങ്ങള്‍, മറ്റു മത സംഘടനാ നേതാക്കള്‍, വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റു പൊതുപ്രവര്‍ത്തകര്‍ ഇങ്ങനെ നിരവധി പേരുമായി അദ്ദേഹത്തിന് വ്യക്തി ബന്ധങ്ങളുണ്ട്. എന്നാല്‍ അവരുടെ മുന്നിലൊന്നും അത് അടിയറ വെക്കുകയുമില്ല. സമസ്തയുടെ പ്രധാന പോഷക ഘടകമായ എസ് കെ എസ് എസ് എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മൂന്നാമതും ഐക്യഖണ്ഡേന തെരഞ്ഞെടുക്കപ്പെടുന്നത് സംഘടനാ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. 

സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എന്നും കൗതുകത്തോടെയാണ് ഞാന്‍ വീക്ഷിക്കാറുള്ളത്. പലരും ചില തെറ്റായ മുന്‍ വിധിയോടെ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഖേദകരമാണ്. വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള നിരവധി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ അണിനിരന്ന ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് അദ്ദേഹത്തിന് നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ടി വരുന്നതും സമുദായത്തിന്റെ ആവശ്യങ്ങള്‍ തുറന്ന് പറയേണ്ടി വരുന്നതും സ്വാഭാവികമാണ്. അത് ഇന്ന് വരെ അദ്ദേഹത്തിന്റെ സംഘടനയുടെ പാരമ്പര്യത്തിനും ആദര്‍ശത്തിനും എതിരായിട്ടില്ലൊന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പലപ്പോഴും പറയാന്‍ സാധിക്കാതെ വരുന്ന കാര്യങ്ങള്‍ സത്താറിനെ പോലുള്ളവര്‍ പറയുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. ഇങ്ങനെയൊരു വ്യക്തിയെ അനാവശ്യ വിവാദത്തില്‍പ്പെടുത്തി ക്രൂശിക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും നീതികരിക്കാന്‍ കഴിയില്ല. നന്മയെ കാണാനും അതിനെ പ്രോത്സാഹിപ്പിക്കാനുമാണ് നല്ല മനസ്സുള്ളവര്‍ ശ്രദ്ധിക്കേണത്.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍.