ഉള്ഹിയത്ത്; അറിയേണ്ടതെല്ലാം

പവിത്രമായ ദുല്‍ഹിജ്ജ മാസം സമാഗതമായിരിക്കുകയാണല്ലോ. പരിശുദ്ധ ഹജ്ജ് കര്‍മവും ബലി പെരുന്നാളും ഉള്‍കൊള്ളു ന്ന ഈ മാസം വിശ്വാസിക്ക്  വളരെ പ്രധാനപ്പെട്ടതാണെന്നതില്‍ സംശയമില്ല. ബലി പെരുന്നാളിനോട നുബന്ധിച്ച്  നടത്തപ്പെടുന്ന ഒരു പ്രധാന  സല്‍കര്‍മമാണല്ലോ  ഉള്ഹിയത്. പെരുന്നാള്‍ ദിവസത്തില്‍ അറവു നടത്തലിനേക്കാള്‍ അള്ളാഹുവിനു ഇഷ്ടമുളള മറ്റൊരു സല്‍കര്‍മവുമില്ല എന്നര്‍ത്ഥം വരുന്ന  തിരുവചനം തന്നെ ഉള്ഹിയതിന്റെ പുണ്യം മനസിലാക്കാന്‍ ധാരാളമാണ്. ഉള്ഹിയതിന്റെ കര്‍മ ശാസ്ത്ര വശങ്ങളിലേക്കൊരു എത്തിനോട്ടമാണിവിടെ... 

ആര്‍ക്കാണ് സുന്നത്ത് ?

പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനും  ഉള്ഹിയതിന് കഴിവുള്ളവനുമായ എല്ലാ മുസ്ലിമിനും ഉള്ഹിയത് സുന്നതാണ്. പണ്ഡിതന്മാര്‍ക്കിടയില്‍ ഇത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടവരും ഉള്ളതിനാല്‍ സുന്നത്തായവര്‍ക്ക് അത് ഉപേക്ഷിക്കല്‍ കറാഹത്താണ്. ഒരു കുടുംബത്തിലെ ഒരാള്‍  അറത്താല്‍ തന്നെ എല്ലാവരും കറാഹത്തില്‍ നിന്ന്  ഒഴിവാകുമെങ്കിലും അറത്തവന് മാത്രമേ കൂലി ലഭിക്കുകയുള്ളൂ. കൂലിയില്‍ മറ്റുള്ളവരെ  പങ്കു ചേര്‍ക്കുകയാണ് എന്ന് കരുതിയാല്‍ അവര്‍ക്കും കൂലി ലഭിക്കും .

പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് തങ്ങളുടെ  കീഴിലുള്ളവരെ  തൊട്ട്  സ്വന്തം സ്വത്തില്‍ നിന്നെടുത്ത്  ഉള്ഹിയത് അറക്കാവുന്നതാണ്. അത് അവരുടേതായി പരിഗണിക്കുകയും ചെയ്യും. എന്നാല്‍ മറ്റാരെയെങ്കിലും  തൊട്ട് അറക്കണമെങ്കില്‍ അവരുടെ സമ്മതം വേണം. മരണപ്പെട്ടവരാണെങ്കില്‍ വസിയ്യ ത്തുണ്ടായിരിക്കണം.

എന്തിനെയാണ് അറക്കേണ്ടത് ?

ആട്,മാട്,ഒട്ടകം എന്നിവയും ഇവ പരസ്പരം ഇണ ചേര്‍ന്നുണ്ടായ മൃഗങ്ങളുമാണ്   ഉള്ഹിയതിന്പറ്റുക.  നെയ്യാടാണെങ്കില്‍  ഒരു വയസ്സ് പൂര്‍ത്തിയാവുകയോ   
പല്ല് കൊഴിയുകയോ (ഒരു വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പാണെങ്കിലും ശരി) ചെയ്തതാ  യിരിക്കണം. കോലാടിനും  പശുവിനും രണ്ടു വയസും   ഒട്ടകത്തിന് അഞ്ച് വയസ്സും പൂര്‍ത്തിയാകണം. ഈ മൃഗങ്ങള്‍ പരസ്പരം ഇണ ചേര്‍ന്നു ണ്ടായമൃഗത്തെയാണ് അറക്കുന്നതെങ്കില്‍ അവയില്‍ കൂടുതല്‍ വയസ്സ് വേണ്ടത് ഏതിനാണോ അതിന്റെ വയസ്സാണ് പരിഗണിക്കേണ്ടത്.

ഉദാഹരണത്തിന് ഒരു കോലാടും ഒരു നെയ്യാടും ഇണ ചേര്‍ന്നുണ്ടായ മൃഗത്തെ അറക്കണമെ ങ്കില്‍ അതിന് 2 വയസ്സ് പൂര്‍ത്തിയാകണം. നാട്ടില്‍ വളരുന്ന മൃഗങ്ങളെ മാത്രമേ ഉള്ഹിയതിന് പറ്റൂ. കാട്ടുമൃഗങ്ങള്‍ പറ്റില്ല. ആണും പെണ്ണും നപുംസകവും പറ്റുമെങ്കിലും പൊതുവേ ആണാണ് ഉത്തമം.എന്നാല്‍ കൂട്തല്‍ ഇണചേര്‍ന്നത്  കാരണം മാംസം ചുരുങ്ങിയ ആണിനേക്കാള്‍ പ്രസവിക്കാത്ത പെണ്ണിനെ അറക്കുന്നതാണ് നല്ലത്.

നപുംസകമാണ് പെണ്ണിനെക്കാള്‍ ശ്രേഷ്ടം. ഒരാള്‍ക്ക് സ്വന്തമായി ഏഴ് ആടുകളെ  അറക്കാന്‍ കഴിയുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്  അതുകഴിഞ്ഞാല്‍ ഒരു ഒട്ടകത്തെ അറക്കുന്നതിനാണ് സ്ഥാനം.  അത് കഴിഞ്ഞാല്‍ ഒരു മാട്, പിന്നീട്  ഒരു നെയ്യാട് പിന്നെ ഒരു കോലാട് എന്നിങ്ങനെയാണ് മുന്‍ഗണനാക്രമം. ഒരു മാട്, ഒരു ഒട്ടകം എന്നിവയില്‍ ഏഴ് ആളുകള്‍ക്ക് വരെ പങ്കുചേരാം. ഇങ്ങനെ പങ്ക് ചേരുന്നതില്‍ എല്ലാവരും ഉള്ഹിയതിനെ ഉദ്ദേശിക്കുന്നവരാകാണാമെന്നില്ല. ചിലര്‍ അഖീഖതും മറ്റു ചിലര്‍ വെറും മാംസവുമാണ് ഉദേശിച്ചതെങ്കിലും കുഴപ്പമില്ല.  

എന്നാല്‍ ഒരു ആടിനെ അറക്കുന്നതാണ് ഇങ്ങനെ പങ്ക് ചേരുന്നതിനെക്കാള്‍ ഉത്തമം. ആട്,മാട് എന്നിവയില്‍ ഏഴിലധികം ആളുകളോ ആടും മാടും ചേര്‍ന്നുണ്ടായ വയില്‍ ഒന്നിലധികം ആളുകളോ  പങ്കുചേരാന്‍ പാടുള്ളതല്ല. നിറത്തില്‍ ഏറ്റവും നല്ലത് വെള്ളനിറം ഉള്ളതാണ് അതുകഴിഞ്ഞാല്‍ മഞ്ഞ,  തവിട്ടുനിറം, ചുവപ്പ്, വെള്ളയും ചുവപ്പും കലര്‍ന്നത്, വെള്ളയും കറുപ്പും കലര്‍ന്നത്, കറുപ്പ്  എന്നിങ്ങനെയാണ് ശ്രേഷ്ഠത ക്രമം.  എണ്ണത്തേക്കാള്‍  പ്രാധാന്യം  വണ്ണത്തിനാണ്. മെലിഞ്ഞ രണ്ടെണ്ണം അറക്കുന്നതിനേക്കാള്‍ ഉത്തമം തടിച്ച ഒരെണ്ണം അറക്കലാണ്.

നിബന്ധനകള്‍

മാംസം ചീത്തയാവുന്നതിനോ  ചുരുങ്ങുന്നതിനോ ഭക്ഷിക്കുന്നവര്‍ക്ക് വെറുപ്പ് ഉണ്ടാകുന്നതിനു കാരണമാകുന്ന ന്യൂനതകള്‍  ഉള്ഹിയ്യത്  മൃഗത്തില്‍ ഇല്ലാതിരിക്കണം. മെലിഞ്ഞൊട്ടുക, ഭക്ഷണം പോലും കുറഞ്ഞുപോകും വിധത്തില്‍ ഭ്രാന്തുള്ളതാവുക,  ചൊറി,മുറിവ്,കുരു വ്യക്തമായ മുടന്ത്, വ്യക്തമായ അന്ധത (ഒരു കണ്ണിനാണെങ്കിലും) വ്യക്തമായ രോഗം, അകിട്, നാക്ക്, ചന്തി,  വാല്‍ എന്നിവ മുറിഞ്ഞു പോവുക,ചെവി മുറിഞ്ഞു  വേര്‍പെട്ട് പോവുക, ഗര്‍ഭം എന്നിവയെല്ലാം ന്യൂനതകളാണ്.

എന്നാല്‍ സൃഷ്ടിപ്പിലേ  അകിടോ  ചന്തിയോ വാലോ ഇല്ലാത്തതും ചെവി അല്പംപോലും വേര്‍പെടാതെ മുറിഞ്ഞു നില്‍ക്കുന്നതും മണിയുടക്കപ്പെട്ടതും  ലിംഗം തന്നെ  ഇല്ലാത്തതും ന്യൂനതയായി പരിഗണിക്കപ്പെടില്ല. ശരീരം വലുതാവാന്‍ വേണ്ടി ചന്തിയില്‍ നിന്ന് അല്പം മുറിക്കപ്പെട്ടതും പ്രശ്‌നമില്ല. എന്നാല്‍   സൃഷ്ടിപ്പിലേ  ചെവി ഇല്ലാത്തതിനെ അറക്കാന്‍  പറ്റുകയില്ല. ഏതെങ്കിലും അവയവം തീരെ ഇല്ലാത്തതോ  മുറിഞ്ഞു പോയതോ പറ്റുകയില്ല.

രോഗം,അന്ധത, മുടന്ത് എന്നിവ  നേരിയ തോതില്‍ മാത്രമാണെങ്കില്‍  പ്രശ്‌നമില്ല.  എന്നാല്‍ ചൊറി, മുറിവ്, കുരു  എന്നിവ  അല്പംപോലും പാടില്ല.കൊമ്പുള്ളതാണ് ഉത്തമമെങ്കിലും  കൊമ്പ് തീരെ ഇല്ലാത്തതോ ഉള്ള കൊമ്പ് പൊട്ടി പോയതോ  ന്യൂനത  ഉള്ളതായി ഗണിക്കപ്പെടില്ല. പക്ഷേ കൊമ്പ് പൊട്ടിയതിനാല്‍  മാംസത്തിനു തന്നെ തകരാര്‍ വന്നതാകാന്‍  പാടുള്ളതല്ല.

 സമയം

ഉള്ഹിയതിന്റെ സമയം ശ്രദ്ധിക്കല്‍  ഏറെ പ്രധാനപ്പെട്ടതാണ്. ദുല്‍ഹജ്ജ് 10 ബലിപെരുന്നാള്‍ സുദിനത്തില്‍ സൂര്യോദയ ശേഷം ചുരുങ്ങിയ രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കാനും ചുരുങ്ങിയ രീതിയില്‍ ഖുത്ബ നിര്‍വ്വഹിക്കാനുമുള്ള  സമയം കഴിഞ്ഞത് മുതല്‍ അയ്യാമുത്തശ്രീഖിന്റെ അവസാന  ദിനമായ ദുല്‍ഹജ്ജ് 13  മഗരിബ് വരെ ആണ്  ഇതിന്റെ സമയം. 

എന്നാല്‍ സൂര്യോദയ ശേഷം സൂര്യന്‍ ഒരു കുന്തത്തിന്റെ  തോത് ഉയര്‍ന്ന ശേഷം രണ്ട് റക്അത് സുന്നത്ത് നിസ്‌കരിക്കാനും ചുരുങ്ങിയ രീതിയില്‍ ഖുത്ബ നിര്‍വ്വഹിക്കാനുമുള്ള  സമയം കഴിഞ്ഞത് മുതല്‍ ആവലും അതുതന്നെ പെരുന്നാള്‍ സുദിനത്തിലാവലുമാണ്  ഏറ്റവും ഉത്തമം. 

സമയം ആവുന്നതിനു  മുമ്പോ സമയം  കഴിഞ്ഞതിനുശേഷമോ  അറത്താല്‍  അത് ഉള്ഹിയത് ആവുകയില്ല. നേര്‍ച്ചയാക്കിയ മൃഗത്തെ സമയത്ത് അറത്തില്ലെങ്കില്‍ അതിനെ ഉടന്‍തന്നെ അറക്കല്‍ നിര്‍ബന്ധമാണ്. പ്രത്യേക ആവശ്യങ്ങള്‍ ഒന്നുമില്ലെങ്കില്‍ രാത്രി അറക്കല്‍ കറാഹത്താണ്.

 നിയ്യത്ത്

എല്ലാ  ഇബാദതുകളിലും എന്നപോലെ ഉള്ഹിയതിലും  നിയ്യത്ത് നിര്‍ബന്ധമാണ്. ഉളുഹിയ്യത്ത് അറക്കുന്ന സന്ദര്‍ഭത്തിലൊ  അല്ലെങ്കില്‍ അറക്കാന്‍ ഒരാളെ ഏല്പിക്കുന്ന  സന്ദര്‍ഭത്തിലൊ  അതുമല്ലെങ്കില്‍ ഉള്ഹിയത്തിനായി മൃഗത്തെ നീക്കിവെക്കുന്ന സന്ദര്‍ഭത്തിലൊ  ആണ് നിയ്യത്ത് വെക്കേണ്ടത്. സുന്നത്തായ എന്റെ ഉള്ഹിയത്തിനെ ഞാന്‍ അറക്കുന്നു എന്നാണ് അറക്കുമ്പോള്‍ നിയ്യത്ത് ചെയ്യേണ്ടത്.

അറവ് മറ്റൊരാളെ ഏല്പിക്കാവുന്നത് പോലെ നിയ്യതും  ഏല്പിക്കാം.പക്ഷെ നിയ്യത്ത് ഏല്പിക്കപ്പെടുന്ന വ്യക്തി മുസ്ലിമായിരിക്കല്‍ നിബന്ധനയാണ്. നിയമമൊത്ത വേദക്കാരില്‍ പെട്ട അന്യ മതക്കാരെ അറവ് ഏല്പിക്കാമെങ്കിലും നിയ്യത്ത് ഏല്പിക്കാന്‍ പാടില്ല.

 നേര്‍ച്ചയാക്കല്‍

മറ്റു സുന്നത്തായ കര്‍മ്മങ്ങളെ പോലെ തന്നെ  ഉള്ഹിയതും  നേര്‍ച്ചയാക്കാ വുന്നതാണ്. നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമാവുകയും ചെയ്യും. ഒരു മൃഗത്തെ നോക്കി ഈ മൃഗത്തെ ഞാന്‍ ഉള്ഹിയതിനായി നേര്‍ച്ചയാക്കി, അല്ലെങ്കില്‍ ഇതിനെ ഞാന്‍ ഉള്ഹിയതാക്കി, ഈ മൃഗം ഉള്ഹിയതാണ് എന്നിവ പോലുള്ള  വാചകങ്ങള്‍ പറയല്‍ കൊണ്ടാണ് ആ  മൃഗം നേര്‍ച്ചയാവുക.  ഇങ്ങനെ  നിര്‍ണയിക്കലോടെ തന്നെ ആ മൃഗത്തിലുള്ള അവന്റെ ഉടമസ്ഥത നീങ്ങി പോവുകയും ചെയ്യും.  നേര്‍ച്ച എന്ന് തന്നെ പ്രത്യേകം പറയണമെന്നില്ല. 

ഒരാള്‍ ഇങ്ങനെ ഒരു മൃഗത്തെ നിര്‍ണയിച്ചു പറഞ്ഞാല്‍ അത് ഉള് ഹിയത്തിന് പറ്റാത്ത വിധത്തിലുള്ള ന്യൂനത ഉള്ളതാണെങ്കിലും വയസ്സ് തികയാത്തതാണെങ്കിലും അവന് അതിനെ അറക്കല്‍ നിര്‍ബന്ധം തന്നെയാണ്. തൊട്ടടുത്തു വരുന്ന ഉള്ഹിയത്തിന്റെ സമയത്ത് തന്നെ അറക്കേണ്ടതാണ്. പിന്തിക്കാന്‍ പാടുള്ളതല്ല. 

ഉള്ഹിയത് അറക്കാന്‍ കരുതിയത് കൊണ്ടോ  ആ കരുത്തോടെ മൃഗത്തെ   വാങ്ങിയതു കൊണ്ടോ അറക്കല്‍ നിര്‍ബന്ധമാകില്ല. ഈ വിഷയത്തില്‍ അവന്റെ  കരുത്തിന്  സ്ഥാനമില്ല.  ഈ മൃഗത്തെ ഞാന്‍ ഉള്ഹിയതാക്കി എന്നോ  ഇത് എന്റെ ഉള്ഹിയതാണ് എന്നോ പറഞ്ഞപ്പോള്‍ സുന്നത്തിനെയാണ് കരുതിയത്  എന്ന് അവന്‍ പറഞ്ഞാല്‍ അത് പരിഗണിക്കപ്പെടില്ല എന്നര്‍ത്ഥം. കാരണം ഇങ്ങനെ നിര്‍ണയിക്കലോടെ  തന്നെ അത് നിര്‍ബന്ധമായി എന്ന് നേരത്തെ പറഞ്ഞുവല്ലോ.

നേര്‍ച്ച മൃഗം അവന്റെ വീഴ്ച കൂടാതെ നശിക്കുകയോ നഷ്ടപ്പെടുകയോ  ന്യൂനത വരികയോ ചെയ്താല്‍ അതിനുപകരം മറ്റൊന്നിനെ അറക്കല്‍ നിര്‍ബന്ധമില്ല. നഷ്ടപ്പെട്ടതിനെ അന്വേഷിക്കാന്‍ വലിയ ചിലവ് ഉണ്ടെങ്കില്‍ അതും നിര്‍ബന്ധമില്ല. കുറഞ്ഞ ചിലവില്‍ അന്വേഷണം നടക്കുമെങ്കില്‍ അത് ചെയ്യേണ്ടതാണ്. 

എന്നാല്‍ അവന്റെ വീഴ്ച കാരണമായാണ്  നഷ്ടപ്പെടുകയോ നശിക്കുകയോ    ചെയ്തതെങ്കില്‍ പകരംമറ്റൊന്നിനെ  അറക്കല്‍ നിര്‍ബന്ധമാകും. അവന്റെ വീഴ്ച കാരണം ന്യൂനത വന്നാല്‍  അതിനെയും  ന്യൂനത ഇല്ലാത്ത മറ്റൊന്നിനെയും അറക്കല്‍ നിര്‍ബന്ധമാണ്. ഉള് ഹിയത്തിന്റെ  എല്ലാ നിയമങ്ങളും ഇവ രണ്ടിനും ബാധകമാകും.

ഉള് ഹിയത്തിന്റെ  സമയത്ത് നഷ്ടപ്പെട്ട മൃഗത്തെ പിന്നീട്  തിരിച്ചു കിട്ടിയാല്‍ അതിനെ ഉടന്‍ അറക്കല്‍ നിര്‍ബന്ധമാകും. ഉള്ഹിയത് മാംസം വിതരണം ചെയ്യുന്നതു പോലെ തന്നെ അതിന്റെ മാംസം വിതരണം ചെയ്യുകയും വേണം. ഒരു പ്രത്യേക മൃഗത്തെ  നിര്‍ണ്ണയിക്കാതെ  നേര്‍ച്ചയാക്കി പിന്നീട് ഒന്നിനെ  നിര്‍ണ്ണയിക്കുകയാണെങ്കില്‍ അത് ന്യൂനത ഇല്ലാത്തതായിരിക്കണം. പിന്നീട് അതിന് ന്യൂനത വന്നാല്‍  അത് അവന്റെ വീഴ്ചയോടെ  അല്ലെങ്കിലും  അതിനെ അറത്താല്‍ മതിയാകില്ല. പകരം   മറ്റൊന്നിനെ അറക്കണം. അപ്പോള്‍ ആദ്യ മൃഗം അവന്റെ ഉടമസ്ഥതയിലേക്ക് തന്നെ മടങ്ങിവരികയും ചെയ്യും.

ഒരാള്‍  നേര്‍ച്ചയാക്കിയ മൃഗം ഉള്ഹിയതിന്റെ  സമയമെത്തും  മുമ്പ്  നശിക്കുമെന്നോ നഷ്ടപ്പെടുമെന്നോ  ഭയപ്പെട്ടാല്‍ അതിനെ   ഉടന്‍ അറുത്ത് ഉള്ഹിയത്ത് വിതരണം ചെയ്യും പോലെ വിതരണം ചെയ്യണം. പിന്നീട് ഉള്ഹി യത്തിന്റെ  സമയത്ത് അതിനുപകരം അറക്കല്‍ നിര്‍ബന്ധമില്ല. ഇങ്ങനെ നശിക്കും എന്ന ഭയം ഉണ്ടായിട്ടും അറക്കാതെ  പിന്തിപ്പിക്കുകയും മൃഗം നശിക്കുകയൊ നഷ്ടപ്പെടുകയോ ചെയ്താല്‍ അവന്‍ അതിനു ഉത്തരവാദിയാകും. അടുത്ത ഉള്ഹിയത്തിന്റെ  സമയത്തുതന്നെ അതിനു പകരം അറക്കല്‍ നിര്‍ബന്ധമാകും.

വിതരണം

നിര്‍ബന്ധമായ ഉള്ഹി  യതില്‍ല്‍ തോലും കൊമ്പും മാംസവും മുഴുവനായും സാധുക്കള്‍ക്ക്  ദാനം ചെയ്യല്‍  നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കിയവനോ  അവന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവരോ   അതില്‍നിന്ന് അല്പംപോലും ഉപയോഗിക്കാന്‍ പാടില്ല. അവനോ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവരോ  അതില്‍നിന്ന് ഭക്ഷിക്കുകയോ   സാധുക്കള്‍ അല്ലാത്തവര്‍ക്ക് അതില്‍നിന്ന് ദാനം ചെയ്യുകയോ ചെയ്താല്‍ അതിനുപകരം വാങ്ങി സാധുക്കള്‍ക്ക് ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്.

സുന്നത്തായ ഉള്ഹിയത് ആണെങ്കില്‍ കഴിവുള്ളവര്‍ക്കും സാധുക്കള്‍ക്കുമെല്ലാം കൊടുക്കാവുന്നതാണ്. അവനും അവന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും അതില്‍നിന്ന് ഭക്ഷിക്കാം എന്ന് മാത്രമല്ല അവന്‍ അതില്‍നിന്ന് അല്പം ഭക്ഷിക്കല്‍ സുന്നത്താണ്. അത് കരള്‍ ആവലാണ്  ഏറ്റവും നല്ലത്.

സുന്നത്തായ ഉള്ഹിയതില്‍ മാംസം എന്ന് പറയപ്പെടാവുന്ന  അല്‍പ ഭാഗമെങ്കിലും വേവിക്കാതെ  സാധുക്കള്‍ക്ക് ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. ഇത് അറുത്ത നാട്ടില്‍ തന്നെ ആവല്‍ നിബന്ധനയാണ്.ആമാശയമോ  കരളോ കഷ്ണമായി വെയിലിലുണക്കിയ മാംസമോ വേവിച്ചതോ കൊടുത്താല്‍ ബാധ്യത വീടില്ല. കഴിവുള്ളവര്‍ക്ക്  കൊടുക്കുമ്പോള്‍ അവര്‍ക്ക് ഉടമപ്പെടുത്തി കൊടുക്കാന്‍  പാടില്ല. ഹദ്യയോ മറ്റോ ആയാണ് കൊടുക്കേണ്ടത്. അതുകൊണ്ടുതന്നെ അവര്‍ക്ക് അത് വില്‍പ്പന നടത്താനും പറ്റുകയില്ല. എന്നാല്‍ ദരിദ്രര്‍ അത് വില്പന നടത്തുന്നതിന് വിരോധമില്ല. സുന്നത്തായ ഉള്ഹിയതില്‍ ഏറ്റവും നല്ലത് അല്പം മാത്രം എടുത്തു ബാക്കിയെല്ലാം ദാനം ചെയ്യലാണ്.

സുന്നത്തായ ഉള്ഹിയത്തില്‍ മൃഗത്തിന്റെ തോല്‍  ദാനം ചെയ്യുകയോ  അവന്‍ ഉപയോഗിക്കുകയോ  മറ്റുള്ളവര്‍ക്ക് വായ്പ കൊടുക്കുകയോ ചെയ്യാം.  അത് വില്‍ക്കാനോ വാടകക്ക് കൊടുക്കാനോ  അറവുകാരന്  കൂലിയായി കൊടുക്കാനോ പാടുള്ളതല്ല. നിര്‍ബന്ധമോ അല്ലാത്തതോ ആയ ഒരു ഉള്ഹിയതിന്റെയും  മാംസം അമുസ്ലിമിന് കൊടുക്കാന്‍  പാടില്ല.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഉള്ഹിയത്ത്  അറക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ദുല്‍ഹജ്ജ് ഒന്നുമുതല്‍ അറക്കുന്നത് വരെ പല്ല്,നഖം, മുടി, ശരീരത്തിലെ മറ്റു രോമങ്ങള്‍ തുടങ്ങിയ ബാഹ്യ ഭാഗങ്ങള്‍  നീക്കം ചെയ്യല്‍  കറാഹത്താണ്. വെള്ളിയാഴ്ച പോലെ ഇവ നീക്കം ചെയ്യല്‍ സുന്നത്തുള്ള ദിവസങ്ങളില്‍ ആണെങ്കിലും കറാഹത്ത് തന്നെ. വേദനയുള്ള പല്ല് പോലോത്തത്  നീക്കല്‍, മാര്‍ക്കം ചെയ്യല്‍, കട്ടവന്റെ കൈ മുറിക്കല്‍  തുടങ്ങിയവ പോലെ നിര്‍ബന്ധിത സാഹചര്യത്തില്‍ ചെയ്യുന്നവ ഇതില്‍ ഉള്‍പ്പെടുകയില്ല. ഒന്നിലധികം അറവുകള്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  ആദ്യത്തെ അറവ് കഴിയലോടെ  കറാഹത്ത് നീങ്ങുമെങ്കിലും മുഴുവന്‍ അറവും കഴിയുന്നതുവരെ ഇവ നീക്കാതിരിക്കലാണ്  ഉത്തമം. 

സ്വയം അറക്കാന്‍ കഴിയുന്ന  പുരുഷന്മാര്‍ക്ക്  സ്വയം അറക്കലും  അല്ലാത്തവര്‍ക്ക് മറ്റൊരാളെ ഏല്‍പ്പിക്കലുമാണ്  സുന്നത്ത്. മറ്റൊരാളെ ഏല്‍പ്പിക്കുകയാണെങ്കില്‍ ഇവന്‍ അറവ് നടക്കുന്നിടത്ത് സന്നിഹിതനാവലും  അറവ് തന്റെ കുടുംബത്തിന്റെ സാന്നിധ്യത്തിലാവലും പുണ്യകരം തന്നെ.

മൃഗത്തെ   ഖിബ്ലയിലേക്ക് തിരിക്കുക, കത്തി മൂര്‍ച്ചയൂട്ടുക,  അറക്കുന്ന സമയത്ത്  ബിസ്മിയും നബി(സ)യുടെ മേല്‍ സലാത്തും  സലാമും ചൊല്ലുക  എന്നിവയ്ക്കുപുറമേ ബിസ്മിയുടെ മുമ്പും ശേഷവും മൂന്നു തക്ബീര്‍ ചൊല്ലലും  اللَّهُمَّ هَذا مِنْكَ وَإِلَيْكَ فَتَقَبَّلْ مِنِّي  എന്ന് പ്രാര്‍ത്ഥിക്കലും  ഉള്ഹിയതിന്  പ്രത്യേകം സുന്നത്താണ്.

കടപ്പാട് : കമാലി മീഡിയ




Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget