അതുകൊണ്ടൊന്നും ഗുല്‍മോഹര്‍ പൂക്കാതിരിക്കുന്നില്ല


| മുആവിയ മുഹമ്മദ് ഫൈസി |

മെയ് 31, കമലാസുരയ്യ 11ാം ചരമ വാര്‍ഷികം

മെയ് മാസം മീനച്ചൂടിലേക്ക് മിഴിതുറക്കുന്ന ഒരു പകലിലാണ് പാളയത്ത് ബസ്സിറങ്ങിയത്. അനന്തപുരിയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ, പാളയം പള്ളിയുടെ പടിഞ്ഞാറേ ചെരുവില്‍ പൂത്തുനില്‍ക്കുന്ന ഗുല്‍മോഹര്‍ അനന്യസാധാരണമായൊരു 'മെയ്'വഴക്കത്തോടെ മാടിവിളിക്കുന്നുണ്ടായിരുന്നു. ഈര്‍പ്പമുള്ള ചെമ്മണ്‍കൂനകളെ കമിഴ്ന്ന് കിടന്ന് ചുംബിക്കുന്ന പൂക്കള്‍ക്കിടയില്‍ തളിര്‍ത്ത് നില്‍ക്കുന്ന നാരകം ഏതോ കാലത്തിന്റെ ചാരിതാര്‍ത്ഥ്യം പേറുന്ന ജീവല്‍സ്മാരകം കണക്കെ അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. ഇവിടെയാണ്, രണ്ട് മീസാന്‍ കല്ലുകള്‍ കൊണ്ട് അതിരുതിരിച്ച ഈ ആറടിമണ്ണിലാണ് കമലാസുറയ്യയെന്ന വിശ്വസാഹിത്യകാരി അന്ത്യവിശ്രമം കൊള്ളുന്നത്.
 
നാലപ്പാട്ടെ നാലുകെട്ടിനുള്ളില്‍ നിന്ന് തന്റെ പ്രതിഭകൊണ്ട് വിശ്വത്തോളം വളര്‍ന്ന എഴുത്തുകാരിയായിരുന്നു കമലാദാസെന്നും മാധവിക്കുട്ടിയെന്നുമൊക്കെ അറിയപ്പെട്ട കമലാസുറയ്യ. 1934 മാര്‍ച്ച് 31 ന് മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം നായരുടെയും കവയിത്രി ബാലാമണിയമ്മയുടെയും മകളായി ജനിച്ച് 2009 മെയ് 31 ന് തന്റെ 75ാം വയസ്സില്‍ മരണപ്പെട്ട് പോയ ആ സര്‍ഗ്ഗപ്രതിഭ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ലോകത്തെ വായിച്ചപ്പോഴും പിന്നീട് ലോകം അവരെ വായിച്ചപ്പോഴും, വിലയിരുത്താനോ വിമര്‍ശിക്കാനോ, ഉത്സാഹിച്ചും ഉത്ഘോഷിച്ചും മലയാളിയുടെ പൊതുബോധം കൂടെ നടന്നിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഒരല്‍പം കൂടി മുന്നോട്ട് പോയി, വാര്‍ധക്യത്തിലും ശരീര നിബദ്ധമായ പ്രണയവും കാമവുമൊക്കെ കൂടെക്കൊണ്ടുനടന്ന കപടസ്ത്രീ സ്വത്വമായി ആ ജീവിതത്തെ ചിത്രീകരിക്കുന്ന അത്യന്തം ജുഗുപ്സാവഹമായ അപവാദ വ്യവസായങ്ങള്‍ മരണമടഞ്ഞ്  പതിറ്റാണ്ട് പിന്നിടുമ്പോഴും നിര്‍ബാധം തുടരുന്നുമുണ്ട്. പ്രണയത്തിന്റെ രാജകുമാരി  എന്ന പേരില്‍ കാനേഡിയന്‍ എഴുത്തുകാരി മെറിലി വെയ്സ്ബോര്‍ഡ് വിപണിക്ക് സമ്മാനിച്ച ക്ഷുദ്രകൃതി അക്കൂട്ടത്തില്‍ അവസാനത്തേതാണെന്ന് തോന്നുന്നു.

അവരുടെ മുന്‍കാല രചനകളെ കൂട്ടുപിടിച്ച് വ്യക്തിജീവിതം പുനര്‍വായിക്കാനും മതം മാറി മുസ്ലിമായി ജീവിച്ച നാളുകള്‍ പോലും അങ്ങനൊരു വികൃതവായനക്ക് ഉപോല്‍ബലകമാക്കി മാറ്റാനും ശ്രമിക്കുന്ന സൃഗാല ബുദ്ധികള്‍ക്ക് അവരെ അടുത്തറിയുന്നവരും സമ്യക്കായി കാര്യങ്ങളെ സമീപിക്കുന്നവരും പലപ്പോഴായി മറുപടി പറഞ്ഞിട്ടുണ്ടെങ്കിലും, ഭാവനയും ജീവിതവും വേര്‍തിരിയുന്ന അതിരുകള്‍ ചിലപ്പോഴെങ്കിലും  അവ്യക്തമാകാനിടയുണ്ട് ഒരുപക്ഷെ, സാമാന്യവായനക്കാരനെങ്കിലും. അടര്‍ത്തിയെടുത്ത ഉദ്ധരണികള്‍ സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടി സ്ഥാനത്തും അസ്ഥാനത്തും ഒരുപോലെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള അത്തരമൊര് ആശയക്കുഴപ്പം ചോദ്യരൂപത്തില്‍ ഏറ്റുവാങ്ങേണ്ടിവന്നത് ഇത്തവണ സാഹിത്യതത്പരനായ സുഹൃത്തില്‍ നിന്നുതന്നെയാണ്.

മറുപടിയായി വ്യാഖ്യാത അറബികവി അബുത്ത്വയ്യിബ് അല്‍ മുതനബ്ബിയുടെ ഒരു കവിതാ ശകലമാണ് അപ്പോള്‍ ഓര്‍മ്മവന്നത്:

'എന്റെ സന്ദര്‍ശക അതീവ ലജ്ജാവതിയാണെന്നു തോന്നുന്നു നേരമിരുട്ടിയിട്ടേ അവള്‍ കൂട്ടിനെത്താറുള്ളൂ
 പുതപ്പും വിരിപ്പുമൊക്കെ വച്ച് നീട്ടിനോക്കും
പക്ഷെ, ഉടനടി മേനിയില്‍ കേറിക്കിടന്നിരിക്കും
ഞങ്ങളൊരേ മെയ്യായ് ഞെരിഞ്ഞമരും നേരം
വ്യഥ തന്ന് വിട്ടേച്ച് പോയിരിക്കും
പുലരിയോടിത്ര ചതുര്‍ത്ഥിയെന്തെന്ന പോല്‍
കണ്ണീരിലാഴ്ത്തി നടന്നകലും
ഊഴമിട്ടിരിക്കുന്ന കമിതാവ് പോല്‍ ഞാനും
മനസ്സില്ലാ മനസ്സോടെ കാത്തിരിക്കും...'

'വസ്ഫുല്‍ ഹുമ്മാ ലില്‍ മുതനബ്ബി' എന്നറിയപ്പെടുന്ന ഈ വരികള്‍ അറേബ്യന്‍ കവി ഭാവനയുടെ മകുടോദാഹരണമാണ്.പനിയെ പ്രണയിനിയാക്കി മാറ്റുന്ന ഈ ഇന്ദ്രജാലത്തെ സര്‍ഗ്ഗാത്മകത വറ്റിവരണ്ട പ്രതലത്തില്‍ വിപരീതാര്‍ത്തത്തില്‍ പ്രതിഫലിപ്പിക്കാന്‍ ശീര്‍ഷകമെടുത്ത് മാറ്റിയാല്‍ മാത്രം മതി എന്നത് സുഗ്രാഹ്യമാണല്ലോ.

എന്നതുപോലെ ഭാവനയുടെ ഭിന്നഭാവങ്ങളുള്‍ക്കൊള്ളാന്‍ മാത്രമുള്ള പക്വതയെങ്കിലും വേണ്ടിവരും കഥയും കവിതയുമുള്‍പ്പെടെയുള്ള സകല സാഹിത്യരൂപങ്ങളും ഒരു പോലെ വഴങ്ങുന്ന കമലാസുരയ്യയെന്ന കലാകാരിയെ മനസ്സിലാക്കാന്‍.

ആരോപണങ്ങളൊന്നും ഏശാതെവന്നപ്പോഴാണ് സുരയ്യയുടെ മതം മാറ്റത്തിനു പിന്നില്‍ അന്വേഷണ ബുദ്ധിയായിരുന്നില്ലെന്നും മനോദൗര്‍ബല്യം ബാധിച്ച ഒരു പടു വൃദ്ധയുടെ 'കിറുക്ക്' മാത്രമായിരുന്നു അതൊക്കെ എന്നുമൊക്കെ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.

 അവരുടെ ജീവിതം അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചവരെയും പിടികൂടിയിരിക്കാനിടയുള്ള മുന്‍വിധികളില്‍ മുകളില്‍ സൂചിപ്പിച്ചവയിലേതെങ്കിലു മൊന്നുകാണും. ദിനപത്രങ്ങളിലെ നിരൂപണക്കോളങ്ങളില്‍ നിന്നുമാത്രം അഭ്രപാളിയിലെന്തു സംഭവിക്കുന്നുവെന്നന്വേഷിക്കുന്ന ശീലം അങ്ങനൊരു നിഗമനത്തിലെത്തുന്നതിന് തടസ്സമാകുമെന്ന് തോന്നുന്നില്ല. കാരണം, താത്പര്യമുള്ള വിഷയമായതുകൊണ്ട് 'ആമി'എന്ന ചലച്ചിത്രത്തെക്കുറിച്ച് മാത്രം ഇതിനകം പത്തോളം നിരൂപണക്കുറിപ്പുകള്‍ വായിച്ചു. മാധവിക്കുട്ടിയില്‍ നിന്ന് കമലാസുരയ്യയിലേക്ക് സഞ്ചരിക്കാനുള്ള തന്റേടം ആമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിട്ടില്ല എന്ന് മാത്രമല്ല കമലാ സുരയ്യയുടെ മതജീവിതം വേണ്ടത്ര ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടില്ല എന്ന് പോലും അഭിപ്രായപ്പെടുന്നവര്‍ സിനിമാ മേഖലയില്‍ തന്നെയുണ്ട് എന്നാണ് മനസ്സിലാകുന്നത്.

കമലാ സുരയ്യയെന്ന പഥികയെയും അവരുടെ പാഥേയത്തെയും അന്വേഷണബുദ്ധിയോടെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊന്നും ഒരു പരിഗണനാ വിഷയമാവില്ല എന്നതുകൊണ്ട് ആ ഭാഗം വിടാം.

നാലപ്പാട്ടെ കമലക്കുട്ടി അനുവാചകന് ആമിയായാലും ആമിയോപ്പുവായാലും കമലാദാസായാലും മാധവിക്കുട്ടിയായാലും അവസാനമെത്തിച്ചേരുന്നത് കമലാസുരയ്യയെന്ന ലക്ഷ്യം കണ്ട സത്യാന്വേഷിയിലേക്കാണ്. അതുകൊണ്ടുതന്നെ, വകതിരിവെത്താത്ത കൂലിയെഴുത്തുകാര്‍ മുതല്‍ വെള്ളിത്തിരയിലെ വന്‍കിട വ്യവസായികള്‍ വരെയുള്ളവര്‍ക്ക് ചിത്തഭ്രമം ബാധിക്കുന്ന ഈയൊരു ബിന്ദുവില്‍ നിന്നാണ് സുറയ്യ നമ്മുടെ വായനാമുറിയില്‍ സ്ഥാനം പിടിക്കേണ്ടത്.

മുസ്ലിമായതിനുശേഷം തുറന്ന മനസ്സുമായി അവരിവിടെ ജീവിച്ച പത്ത് വര്‍ഷങ്ങള്‍. അതിനിടയില്‍ സദുദ്ദേശ്യ പൂര്‍വ്വമോ അല്ലാതെയോ നടത്തപ്പെട്ട അനേകം അഭിമുഖങ്ങള്‍, സംവാദങ്ങള്‍, സംവേദന സദസ്സുകള്‍, സാംസ്‌കാരിക ചടങ്ങുകള്‍, അവയിലൊന്നും തന്റെ മുസ്ലിം സ്വത്വം മാറ്റിവെച്ച് കൊണ്ടൊരു പ്രതിനിധാനം അവരാഗ്രഹിച്ചിരുന്നില്ല. 'മാതൃഭൂമി'യില്‍ അതുവരെ ചെയ്ത് പോന്നിരുന്ന 'സെലിബ്രിറ്റി സ്പെയ്സ്' അടിയന്തിരമായി അവസാനിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചത് തട്ടമിട്ടഫോട്ടോ പ്രസിദ്ധീകരിക്കാന്‍ വാരികക്കാര്‍ വിസമ്മതിച്ചതായിരുന്നല്ലോ.

തന്നെയുമല്ല, ആധുനികമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന പല മുസ്ലിം വിഷയങ്ങളിലും കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടുകളാണ് അവര്‍ക്കുണ്ടായിരുന്നത്. ഫെമിനിസം, മുസ്ലിം സ്ത്രീ, പര്‍ദ്ദ, ജിഹാദ്,  തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അവരുടെ നിലപാടുകള്‍ ശ്രദ്ധേയമെന്നതിലുപരി പണ്ഢിതോചിതം കൂടിയായിരുന്നു വെന്ന് മനസ്സിലാക്കാന്‍ അവയിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതി.

ഒരു പഠന വിഷയമെന്ന നിലയില്‍ അവരുടെ കഥകളോ കവിതകളോ വായിക്കുന്നവര്‍ക്ക് ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കമായ സ്നേഹാന്വേഷണം അതീവ ചാരുതയുള്ളൊരു സത്യാന്വേഷണമായി മാറുന്നതെങ്ങനെയെന്ന് വളരെ വേഗം വായിച്ചെടുക്കാന്‍ കഴിയും.മലയാളത്തിലും ഇംഗ്ലീഷിലുമായി പരന്ന് കിടക്കുന്ന അവരുടെ രചനാലോകം അങ്ങനെയാണ് മുസ്ലിമായതിനു ശേഷമുള്ള കമലാസുരയ്യയെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്.

ഏറ്റവുമൊടുവില്‍ അവര്‍ മലയാളത്തിനു സമ്മാനിച്ച കാവ്യസമാഹാരമായിരുന്നു 'യാ അല്ലാഹ്'. ഇസ്ലാം സ്വീകരിച്ചതിനു ശേഷം അവരെഴുതിയ 38 ഓളം കവിതകള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ പ്രസ്തുത കൃതി തീര്‍ച്ചയായും വേറിട്ടൊരു വായനാനുഭവം തന്നെയാണ്. പ്രപഞ്ചനാഥനായ റബ്ബിനെ 'യാ അല്ലാഹ്' എന്ന് സംബോധന ചെയ്തുകൊണ്ടാരംഭിക്കുന്ന അതിലെ മിക്ക കവിതകളും വായനക്കാരനെ അവാച്യമായൊരനുഭവ തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവയാണ്.

'സീമയില്ലാത്തവനേ 'എന്ന പ്രഥമ  കവിതയില്‍ നിന്നുതന്നെ അത് അനുഭവിച്ചറിയാം.
'നഗരാതിര്‍ത്തികള്‍ നീ തകര്‍ക്കുന്നു
ഗ്രഹാതിര്‍ത്തികളും
എന്നിട്ടും എന്റെ ഹൃദയാന്തര്‍ ഭാഗത്ത്
നിന്നെ ഞാന്‍ ഒതുക്കുന്നു'എന്ന് പറയുന്ന കവയത്രി ജീവനാഥനായ റബ്ബിനെ ജീവനാഡിയോട് ചേര്‍ത്ത് നിര്‍ത്തുകയാണിവിടെ.

'യാ മുഹമ്മദ്' എന്ന രണ്ടാമത്തെ കവിതയില്‍
'വൈകി വന്നവര്‍ ഞങ്ങള്‍
സ്വവിധിയെ പഴിച്ചവര്‍
നാല്‍പതിലധികം തലമുറകള്‍
ആദരിച്ചൊരു നായകാ
അങ്ങേക്കായൊരുക്കുന്നു
സ്നേഹത്തിന്റെ വിരുന്നുകള്‍.' എന്ന് പറയുമ്പോള്‍ പഥികയായൊരു പെണ്ണിന്റെ പരിദേവനകള്‍ മറനീക്കി പുറത്ത് ചാടുകയാണ്.

''സുറയ്യാ
നീ ഏകാകിനിയല്ല
അല്ലാഹുവിന്റെ അഗാധ വാത്സല്യം
പൂനിലാവാണ്
അതിനെ കവചമെന്ന പോലെ
നീയെടുത്തണിഞ്ഞുവല്ലോ
ശ്രാവ്യങ്ങളല്ലാത്ത നാദ വീചികള്‍
നിന്റെ കാതില്‍ മാത്രം അലക്കുന്നു....
കുത്തനെയുള്ള കല്‍പടവുകള്‍ കയറി
ചോരപൊടിഞ്ഞ കാലടികളുമായി
ഈ വാതില്‍പ്പടിയില്‍ നീ കുഴഞ്ഞ് വീണു
അരൂപിയായ യജമാനന്റ ചരണങ്ങളില്‍ ശരണം തേടി...''(ഏകാകിനി)

''യാ അല്ലാഹ് !
കാലിടറുന്നതു കൊണ്ടാവാം
കാഴ്ച നഷ്ടപ്പെട്ടതു കൊണ്ടാവാം
നിന്റെയൊപ്പം ഞാന്‍
സദാ സഞ്ചരിക്കുന്നു
എന്റെ പ്രതീക്ഷകള്‍
നിന്നില്‍ മാത്രം സമര്‍പ്പിക്കുന്നു
ചിലരൊക്കെ പറയുന്നു
 സുറയ്യ ഭ്രാന്തിയാണെന്ന്....(സഹയാത്രികന്‍)''
എന്റെ വരന്
പൂമാലകള്‍ ആവശ്യമില്ലനഅവന്ന് കഴുത്തില്ലല്ലോ /
എന്റെ വരനുവേണ്ടി
താംബുലമൊരുക്കണ്ടതില്ല
ചവക്കാന്‍ വായില്ല
ശരീരമില്ലാത്ത നാഥനാണ്
എന്റെ പ്രിയതമന്‍...''  (എന്റെ പ്രിയതമന്‍)''

ഈ നവാഗത ജ്ഞാനം
എന്റെ ശരീരത്തെ
വിറപ്പിക്കുന്നു
ലജ്ജിതമായ ആത്മാവ്
സുജൂദ് ചെയ്യുന്നു
 നിന്റ പാദങ്ങളില്‍'' (സുജൂദ്) എന്നിങ്ങനെ പാടിത്തളരുമ്പോഴും

''യാ അല്ലാഹ് !
നിന്റെ നെയ്ത്തുശാലയില്‍
പുണ്യപ്പട്ടുനൂല്‍ കൊണ്ട്
ആര്‍ക്കായിട്ടാണു നീ
ലോലലോലമായൊരീ
നമസ്‌കാരക്കുപ്പായം
ചമയ്ക്കുന്നത്;
 എനിക്കോ, തമ്പുരാനേ...? ''എന്ന് ആത്മാവിലൂടെ അരിച്ചിറങ്ങി ഹൃദയത്തിലൂടെ ചാലിട്ടൊഴുകുന്ന മിസ്റ്റിക്ക് ഭാവമായി ആ വരികള്‍ മാറുന്നത് രോമാഞ്ചത്തോടെയല്ലാതെ വായിച്ച് തീര്‍ക്കാനാവില്ല.

ചുരുക്കത്തില്‍, ഒരു പുതുവിശ്വാസി എന്നതില്‍ കവിഞ്ഞ് തനിക്കുകൈവന്ന പുതിയ ആത്മീയ ഭൂമികയില്‍ നിന്ന് കാഴചപ്പാടുകളുടെയും കാവ്യ സൗന്ദര്യത്തിന്റെയും മറ്റൊരു ലോകം പണിത കമലാ സുരയ്യയെന്ന മഹാപ്രതിഭയെ പൊതുനിലവാരത്തിന് പുറത്തുനിന്ന് നോക്കിക്കാണാന്‍ തയ്യാറുള്ളവര്‍ക്ക് വലിയൊരുസാധ്യത ആ ജീവിതവും രചനാലോകവും കരുതിവെച്ചിട്ടുണ്ട്. ' ഈ ജീവിതം കൊണ്ട് ഇത്ര മാത്ര'മെന്ന് അവര്‍ പറഞ്ഞൊഴിഞ്ഞത് വെറുതെയല്ല. വെളിച്ചം സ്വപ്നം കണ്ടുറങ്ങുന്ന മനസ്സുകളോടത് മന്ത്രിക്കുന്നത് കേള്‍ക്കുന്നില്ലേ...

''യാ അല്ലാഹ്!
ശവപ്പറമ്പില്‍
പുല്ലും ചെടിയും വളരും
അസ്ഥിമാടങ്ങളില്‍
പുഷ്പങ്ങള്‍ വിരിയും
മഴയായ്
വെളിച്ചമായ്
അല്ലാഹു നമ്മെ
ആലിംഗനം ചെയ്യും....''

Labels:

Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget