| മുആവിയ മുഹമ്മദ്. കെ.കെ | 9526723230
1969 ജൂണ്‍16 ; ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരേടുകൂടി എഴുതിച്ചേര്‍ക്കപ്പെട്ട ദിവസമായിരുന്നു അത്. അന്നാണ് മലയാണ്മയുടെ പരിഛേദവും പരിഛേതനയുമായി 'മലപ്പുറം ജില്ല' പിറന്നുവീണത്. ബാപ്പുകുരിക്കളും ബാഫഖി തങ്ങളും സി.എച്ചും അടങ്ങുന്ന മഹാരഥന്മാരായ നേതാക്കളുടെ ഓര്‍മ്മകള്‍ തളം കെട്ടിനില്‍ക്കുന്ന ആ ചരിത്രത്തിന് ഇക്കഴിഞ്ഞ ജൂണ്‍16 ഓടെ സംഭവബഹുലമായ നാല്‍പ്പത്തെട്ടാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്.
1956 ലെ സംസ്ഥാന പുനസ്സംഘടനാചട്ട (state reorganisation act)ത്തോടനുബന്ധിച്ച് 1956 നവംബര്‍1 ന് കേരളം പിറക്കുമ്പോള്‍ തിരുവനന്തപുരം,കൊല്ലം, കോട്ടയം,തൃശൂര്‍,മലബാര്‍ എന്നിങ്ങനെ അഞ്ചുജില്ലകള്‍ മാത്രമാണ് സംസഥാനത്തുണ്ടായിരുന്നത്. പിന്നീട് ആവശൃാനുസരണം അവസരോചിതമായി 1957 ല്‍ മലബാര്‍ ജില്ലയില്‍ നിന്ന് കോഴിക്കോട് പാലക്കാ ്ട് കണ്ണൂര്‍ ജില്ലകളും കൊല്ലം കോട്ടയം ജില്ലകളില്‍ നിന്ന് ചില ഭൂഭാഗങളെടുത്ത് ആലപ്പുഴയും 1958 ല്‍ എറണാംകുളം ജില്ലയും രൂപീകരിച്ചു. അതിനു ശേഷമാണ് 10ാം മത്തെ ജില്ലയായി മലപ്പുറം പിറക്കുന്നത്.
കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി എന്നീ താലൂക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് മലപ്പുറം ജില്ലാ രൂപീകരണമുണ്ടാകുന്നത്.ജനക്ഷേമപരവും വികസനപരവുമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി താരതമ്യേനെ പിന്നോക്കം നില്‍ക്കുന്ന പ്രസ്തുത താലൂക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് എന്തുകൊണ്ടും ഉചിതവും അനിവാര്യവുമാണെന്ന തിരിച്ചറിവില്‍ നിന്നാണ് മലപ്പുറം ജില്ലയെന്ന ആശയം രൂപപ്പെടുന്നത്. പ്രദേശത്തെ പ്രധാനി രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ് ലിംലീഗ് ഇതൊരു പാര്‍ട്ടിദൗത്യമായി ഏറെറടുക്കുകയും പൊതുവേദികളില്‍ നിരന്തരം ആവശ്യപ്പെടാന്‍ ആരംഭിക്കുകയും ചെയ്തതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. 1967 ലെ തെരഞ്ഞെടുപ്പില്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ മുസ് ലിംലീഗ് അതില്‍ ഒരു പ്രബലകക്ഷിയായിരുന്നു.ഭരണസ്വാധീനം ഉപയോഗപ്പെടുത്തി ത്കച്ചും ന്യായമായ ഈ ആവശ്യം നേടിയെടുക്കാന്‍ മന്ത്രിസഭയില്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തുക കൂടി ചെയ്തതോടെ മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായി.
എതിര്‍പ്പുകള്‍ ''മലപ്പുറ''ത്തിന്റെ കൂടെപ്പിറപ്പായിരുന്നു. 'മലപ്പുറം ജില്ലാ രൂപീകരണം' അവിസ്മരണീയമാകുന്നതും അവിടെത്തന്നെയാണ്.
രൂപീകരിക്കപ്പെടാന്‍ പോകുന്ന ജില്ലയില്‍ മുസ് ലിംകള്‍ ഭൂരിപക്ഷമാണ് എന്നത് മാത്രമായിരുന്നു എതിര്‍ക്കുവരുടെ ന്യായം. അതിന്റെ ചുവടുപിടിച്ച് ജില്ലാവിരുദ്ധര്‍ നെയ്തുവിട്ട അപസര്‍പ്പകകഥകള്‍ എല്ലാഅതിരുകളും ഭേദിച്ച് ഇന്ത്യയിലെ 'മിനിപകിസ്ഥാ'ന്റെ പ്രതിഛായ പാകിസ്ഥാന്റെ ചാരക്കപ്പലുകള്‍ ജില്ലാതീരത്തു നങ്കൂമിടുന്നിടം വരെ നീണ്ടു. ബി.ജെ.പി.യുടെ ആദ്യകാലരൂപമായ ഭാരതീയജനസംഘമായിരുന്നു അതിന്റെമുഖ്യപ്രചാരകര്‍. ചില വ്യക്തികളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും മാധ്യമങളില്‍ നിന്നും അവര്‍ക്കു ലഭിച്ച അപ്രതീക്ഷിതമായ പിന്തുണ പ്രചാരണങ്ങള്‍ക്കു കൊഴുപ്പുകൂട്ടി .
മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായാല്‍ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുക്കള്‍ ലേഖനങളായും ലഘുലേഖകളായും പത്രക്കുറിപ്പുകളായും വാര്‍ത്തകളില്‍ നിറയാന്‍ പിന്നെ താമസമുണ്ടായില്ല. അനന്തപുരിയും കടന്ന് ഇന്ദ്രപ്രസഥം വരെ നീണ്ട ആ 'പ്രചാരണവേല'യുടെ മലയാളേതര ഭാഷാവിഭവങ്ങള്‍ ഏറെക്കുറേ മാതൃഭൂമിയടക്കമുള്ള മലയാള ഭാഷാവിഭവങ്ങളുടെ തനിപ്പകര്‍പ്പായി മാറിയത് യാദൃശ്ചികമാകാനിടയില്ല.പക്ഷെ, വിഭജനത്തിന്റെ മുറിവുപേറുന്ന ഉത്തരേന്ത്യയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അത് സൃഷ്ടിച്ചുവെച്ചത്. മലപ്പുറമെന്നു കേള്‍ക്കുമ്പോള്‍ ഇതരസംസ്ഥ്ാനങ്ങളിലുള്ളവര്‍ക്കും ജില്ലക്ക്്പുറത്തുള്ളവര്‍ക്കുതന്നെയും ഇന്നും അനുഭവപ്പെടുന്ന ഭീതിയുടെ ഉത്ഭവം അന്നത്തെ ജില്ലാവിരുദ്ധമുന്നണി പടച്ചുവിട്ട 'മലപ്പുറം കഥ'കളുടെ ശേഷിപ്പുകള്ാണ്്്.
മലപ്പുറത്തെ ചൂണ്ടി ഉത്തരേന്ത്യന്‍ ഹിന്ദുവിനെ ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് നേര്്്. മുസ്്‌ലിം സ്പര്‍ഷമുള്ളതൊക്കെയും വിവാദമാക്കി മാററാനുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ അശാന്ത പരിശ്രമം മുതല്‍ ജനസംഖ്യ പെരുപ്പിച്ച്്് കാട്ടിയും മറ്റും ഇരുപത് വര്‍ഷമായി മലപ്പുറം ജില്ലയില്‍ ഒരുപൊതുയോഗം നടത്താന്‍പോലും കഴിയുന്നില്ലെന്ന് വിഷം ചീറ്റുന്ന സുബ്രഹ്മണ്യം സ്വാമിമാരും നോട്ട്‌നിരോധിച്ചതിന്റെ പിറ്റേന്ന് ഫെഡറല്‍ബാങ്കിന്റെ ക്യൂവില്‍ പാക്ചാരന്‍മാരെ കണ്ടെത്തിയ ദേശസ്‌നേഹികളുമൊക്കെ പയറ്റിത്തെളിക്കാന്‍ ശ്രമിക്കുന്നത് സംശയം കൊണ്ട് ശിലയിട്ട ആ മുന്‍വിധിയുടെ പിന്‍ബലത്തിലാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചു കാട്ടി എഴുതാപ്പുറം അച്ചുനിരത്തുന്ന മാധ്യമവേല ഇതിന് വളമായി മാറുന്നു.''കേരളത്തിലെ മുസ്്‌ലിം ജില്ലയായ മലപ്പുറം; ഹിന്ദുക്കള്‍ ഞെരിഞ്ഞമര്‍ന്നു കൊണ്ടിരിക്കുന്ന കൊച്ചുപാക്കിസ്ഥാന്‍''(kerala's muslim majority district;a mini pakistan struggling hindu there)എന്ന ബ്ലോഗ് ടൈറ്റില്‍ അക്കൂട്ടത്തിലധികം പൊടി പിടിച്ചിട്ടില്ലാത്തൊരു ജേണല്‍ ബുദ്ധിയാണ്!
മലപ്പുറത്തു ജീവിക്കുന്ന ഹിന്ദുവിനും മുസ്്‌ലിമിനുമറിയാം ഇവിടുത്തെ സമ്യക്കായ പാരമ്പര്യത്തെക്കുറിച്ച്. സൈനുദ്ധീന്‍ മഖ്ദൂമിന്റെയും സാമൂതിരി രാജാവിന്റെയും കുഞ്ഞാലി മരക്കാന്‍മാരുടെയും എന്നുതുടങ്ങി മമ്പുറം തങ്ങളുടെയും കോന്തുനായരുടെയും കലര്‍പ്പറ്റ കഥകളില്‍ നിന്നാണത് ഊര്‍ജ്ജമാവാഹിച്ചത്.മലപ്പുറത്തെ ഹിന്ദുക്കള്‍ നേരിടുന്ന പീഢനപര്‍വ്വങ്ങളെയും സാമ്പത്തിക അസമത്വങ്ങളെയും സാമൂഹിക അസമത്വങ്ങളെയും കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ഉത്തരേന്ത്യന്‍ സാമൂഹ്യധ്രുവീകരണത്തിന് ആക്കം കൂട്ടുകയും തരം കിട്ടിയാല്‍ കണക്കുതീര്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സൃഗാലബുദ്ധികള്‍ക്ക് മുഖമടച്ച് മറുപടികൊടുത്തിട്ടുണ്ട് ആ മഹിത പാരസ്പര്യത്തിന്റെ രജതരേഖകള്‍.
മതം വിട്ടുവീഴ്ചയില്ലാതെ ഉള്‍ക്കൊള്ളുകയും കണിശതയോടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോഴും സഹജീവിക്കും സഹോദര സമുദായങ്ങള്‍ക്കുമിടയില്‍ അതിരുകെട്ടി വേര്‍ത്തിരിക്കാത്തതാണ് മലപ്പുറത്തിന്റെ സ്വഭാവം. ആരും ഇറക്കുമതി ചെയ്ത 'സെക്കുലര്‍' നിയാമക നിയന്ത്രണമല്ല;മതത്തിന്റെ അപ്പുറവും ഇപ്പുറവുമിരുന്ന് പാരസ്പര്യം കൊണ്ട് പരിരക്ഷ തീര്‍ത്തപ്പോള്‍ സ്വയം രൂപപ്പെട്ടു വന്ന സംസ്‌കാരമാണത്.അന്യോനം ആശ്രയിച്ചും പരസ്പരം പൂരിപ്പിച്ചും മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നുവന്നപ്പോള്‍ സ്വയം സൃഷ്ടിച്ചെടുത്ത സമഭാവന!
അടിത്തട്ടില്‍ ജീവിച്ചുണ്ടാക്കിയ ഈ അനുഭവത്തിന്റെ പേരാണ് ഇവിടെ മതേതരത്വം. ചോറും കറിയും ഉപ്പും മുളകും കൈമാറി രക്തത്തില്‍ കലര്‍ത്തിവെച്ച മനുഷ്യപ്പറ്റ്, മദ്രസവിട്ടെത്തുമ്പോള്‍ വീട്ടിലുമ്മയില്ലെങ്കില്‍ അയല്‍പ്പക്കത്തെ നാരായണന്‍ കുട്ടിയുടെ കഞ്ഞിക്കിണ്ണത്തില്‍ നിന്ന് പശിയടക്കി ഒരുമിച്ച് സ്‌കൂളിലേക്കോടുന്ന വകഭേദങ്ങളില്ലാത്ത സഹജീവിതം, ഓണവും വിഷുവും പെരുന്നാളും എന്നുവേണ്ട വീട്ടിലെ ചടങ്ങുകളോരോന്നും ''അവരുടേതു കൂടി''യായി മാറുന്ന വിശേഷം, നേര്‍ച്ചച്ചോറിനുള്ള വരിയില്‍ ഭസ്മക്കുറിയും നിസ്‌കാരത്തഴമ്പും ഇടകലര്‍ന്നിരിക്കുന്ന പതിവുതെറ്റ്ാത്ത ശീലം, റമദാനില്‍ വ്രതമനുഷ്ടിച്ചും കടയടച്ചിട്ടുമൊക്കെ താദാത്മ്യം പ്രാപിക്കുന്ന ജീവല്‍ ത്യഗം.....ഇതൊക്കെയാണ് അതിന്റെ പ്രായോഗിക രൂപങ്ങള്‍.
ജില്ലയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന അന്യനാട്ടുകാരായ കളക്ടര്‍ ഉദ്യോഗസ്ഥരുടെ കണ്ണീര്‍ നനവുള്ള കുമ്പസാരവാക്കുകള്‍ ആ സംശുദ്ധ സംസ്‌കാരത്തിന്റെ സാക്ഷിപത്രമാണ്.കടലുണ്ടി ട്രൈന്‍ ദുരന്തവും അങ്ങാടിപ്പുറം തളിക്ഷേത്ര സംഭവവും ബാബരി ധ്വംസന ദിനവുമൊക്കെ അത് വേറിട്ടനുഭവിച്ച സമയങ്ങളാണ്. അതുമല്ലെങ്കില്‍ മുസ്്‌ലിമായതിന്റെ പേരില്‍ മാത്രം ഒരു ചെറുപ്പക്കാരന്‍ അരുംകൊലചെയ്യപ്പെട്ടിട്ടും ഒരു പുല്‍ച്ചെടിക്കു പോലും പോറലേല്‍ക്കാതെ പതിവുപോലെ പിറ്റേന്നും നേരം പുലര്‍ന്നത് ഇവിടെ, നരേന്ദ്രമോഡി ഭരിക്കുന്ന ഇന്ത്യയില്‍ തന്നെയാണ്.!
ഇനിയും തൃപ്തിവരാത്തവര്‍ക്കുവേണ്ടി പൊന്നാനിത്തീരത്ത് നിന്ന് കെ.പി രാമനുണ്ണിയും ആലങ്കോട്ടെ ലീലാകൃഷ്ണനും ഭാരതപ്പുഴയുടെ കരയില്‍ നിന്ന് പി.സുരേന്ദ്രനും അവരുടെയൊക്കെ കാരണവരായി സി.രാധാകൃഷ്ണനും വേണ്ടിവന്നാല്‍ മഹാകവി അക്കിത്തവും പറഞ്ഞുതരും മലപ്പുറത്തെ മതജീവിതം.
അങ്ങനൊരു നാട്ടില്‍, 'മുസ്്‌ലിംകള്‍ ഭൂരിപക്ഷമായതുകൊണ്ട് ഹിന്ദുക്കള്‍ പീഢിപ്പിക്കപ്പെടുന്നു'വെന്ന് വലിയ വായില്‍ നാക്കിട്ടടിക്കുന്നവര്‍ക്കു് ഏറ്റവുമൊടുവില്‍ കിട്ടിയ പ്രഹരമായിരുന്നു ഇത്തവണത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം. അരനൂറ്റാണ്ട് കാലം മാപ്പിളഭൂരിപക്ഷത്തിനു കീഴില്‍ തങ്ങളനുഭവിച്ച 'പീഢനപര്‍വ്വങ്ങള്‍'ക്ക് പരിഹാരമായി രക്ഷാമന്ത്രവുമായെത്തിയവരുടെ ഹിന്ദുത്വത്തിന്റെ കാവിക്കൊടി കീറിയെറിഞ്ഞ് ഞങ്ങളിവിടെ സുരക്ഷിതരാണെന്നും ഞങ്ങള്‍ക്ക് നിങ്ങളുടെ സംരക്ഷണം ആവശ്യമില്ലെന്നും തുറന്ന് പ്രഖ്യാപിക്കുകയായിരുന്നു അതിലൂടെ ''മാപ്പിളസ്ഥാനിലെ''ഹൈന്ദവന്യൂനപക്ഷം.വര്‍ഗ്ഗീയ വൈര്യം പടര്‍ത്തി ആധിപത്യം നേടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ജനതയുടെ സംയമനത്തിനു മുന്നില്‍ ആവര്‍ത്തിച്ച് തോറ്റു കൊണ്ടിരിക്കുന്നു...
മുസ്്‌ലിം സമുദായം വൈകാരികമായി പ്രതികരിക്കുമെന്നു നിനച്ച ഘട്ടങ്ങളിലെല്ലാമുണ്ടായ കടുത്ത നിരാശയില്‍, സ്വസമുദായത്തെ പ്രകോപിപ്പിച്ച് നേട്ടമുണ്ടാക്കാനാവുമോ എന്ന ഗവേഷണത്തിലാണ് ചിലരിന്ന്. അല്പം മുമ്പ് അങ്ങാടിപ്പുറത്തും ഈയടുത്ത് പൂക്കോട്ടുംപാടത്തുമൊക്കെയുണ്ടായ ചില ശ്രമങ്ങള്‍ അത് ശരിവെക്കുന്നതാണ്.അത്തരം നീക്കങ്ങളോട് നാം പുലര്‍ത്തുന്ന സമീപനവും അവയോട് നാം കാണിക്കുന്ന ജാഗ്രതയുമായിരിക്കും ഇനിമേല്‍ നമ്മുടെ നാടിന്റെ ഭാവിനിശ്ചയിക്കുക...............
മുആവിയ മുഹമ്മദ്. കെ.കെ
s/o മുഹമ്മദ് കെ.കെ
കരിയന്‍ കുന്നന്‍ (H)
അമരമ്പലം (PO)
തോട്ടേക്കാട് ചോലയില്‍
നിലമ്പൂര്‍ (VIA)
മലപ്പുറം (D.T) ,679332
9526723230
Post a Comment
Note: only a member of this blog may post a comment.