| മുആവിയ മുഹമ്മദ്. കെ.കെ | 9526723230
ലോക് ഡൗണ്‍ നീളുന്നതിന്റെ പശ്ചാത്തലത്തില്‍ നാലാമത്തെ വെള്ളിയാഴ്ചയും ജുമുഅഃ മുടങ്ങി അനിശ്ചിതത്വത്തിലിരിക്കുമ്പോഴാണ് ഇങ്ങനൊരു കുറിപ്പിലേക്ക് പേന ചേര്‍ക്കുന്നത്.
എന്ന് തീരുമെന്ന് തീര്‍ച്ചയില്ലാത്ത കൊറോണക്കാലത്തെ നീണ്ട അവധിയിലേക്ക് പ്രവര്‍ത്തി ദിനങ്ങളെ പൂട്ടി വെച്ച ദിവസം, അവസാനമായി കുട്ടികള്‍ക്ക് ഓതിക്കൊടുത്തത് അലീമായാന്റെ സീറത്തുന്നബിയില്‍ തിരുനബിയുടെ വഫാത്തും അനുബന്ധകാര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഗമാണെന്നാണ് ഓര്‍മ്മ.
തിരുനബി(സ്വ)യുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ മദീന മുഴുവന്‍ മരവിച്ച് പോയ വേളയില്‍, 'ഇനിയെന്ത്' എന്ന ആശങ്കയുടെ സ്വരം അതികായരെ ആവേശിച്ച സന്ദര്‍ഭത്തില്‍ അബൂബക്കര്‍ സിദ്ദീഖ് (റ) എഴുന്നേറ്റ് സ്വഹാബത്തിനെ സംബോധന ചെയ്ത് സംസാരിച്ച ഒരു ചെറിയ പ്രസംഗമുണ്ട്.
അനിശ്ചിതത്വത്തിന്റെ ആ ചരിത്ര സന്ധ്യയെ അതിജീവനത്തിന്റെ വിഭാതങ്ങളിലേക്ക് വഴിനടത്തിയ ആ വാക്കുകള്‍ നദ് വീ സാഹിബ് ഇങ്ങനെ പകര്‍ത്തുന്നത് കാണാം:
' .....അയ്യു ഹന്നാസ്.....
അല്ലയോ ജനങ്ങളെ, നിശ്ചയം നിങ്ങളിലാരെങ്കിലും മുഹമ്മദി(സ്വ)നെ ആരാധിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും മുഹമ്മദ് നബി മരണപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത് എങ്കില്‍ തീര്‍ച്ചയായും അല്ലാഹു ജീവിച്ചിരിപ്പുണ്ട് അവന്‍ മരിക്കുകയില്ല.....' ശേഷം അദ്ദേഹം സൂറത്തു ആലു ഇംറാനിലെ 144-ാം വചനം ഓതി... 'മുഹമ്മദ് (സ്വ) ഒരു ദൂതന്‍ മാത്രമല്ലാതെ അല്ല.അവിടുത്തേക്ക് മുമ്പും അനേകം ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്.എന്നിട്ടും അദ്ദേഹം മരണപ്പെട്ടുവെന്നോ കൊല്ലപ്പെട്ടു വെന്നോ കേട്ടാല്‍ നിങ്ങള്‍ പിന്തിരിഞ്ഞു പോവുകയാണോ. ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അല്ലാഹുവിനത് ഒരു വിധത്തിലുമുള്ള ദ്രോഹം ഉണ്ടാക്കുകയില്ല ,നന്ദി ചെയ്യുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്'...
അബൂബക്കര്‍(റ) ഓതി കൊടുക്കുന്നതുവരെ ദുഃഖ പരവശരായി നില്‍ക്കുകയായിരുന്ന സ്വഹാബത്തിനെ കണ്ടാല്‍ ഇങ്ങനൊരായത്ത് ഖുര്‍ആനില്‍ ഉള്ളതായി അവരാരും അറിഞ്ഞിരുന്നില്ല എന്ന് തോന്നിപ്പോകുമായിരുന്നുവെന്ന് ഈ സംഭവത്തിന് സാക്ഷിയായവര്‍ പറയുന്നതുകാണാം...( സീറത്തുന്നബി-ഭാഗം-3 പേജ് -343)
അവസരോചിതമാണ് എന്നുതോന്നിയതുകൊണ്ടാണ് ഇത്രയും പകര്‍ത്തിയത്.
'പരിദേവനകളുടെ പള്ളിയങ്കണങ്ങളും വേവലാദികളുടെ വെള്ളിയാഴ്ചകളും' സോഷ്യല്‍ മീഡിയയിലെ അതിരുകടന്ന ആത്മവിമര്‍ശനത്തിന്റെയും അതിനികൃഷ്ടമായ മതവിമര്‍ശനത്തിന്റെയും വേദിയായി മാറികൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ഒരുതരം നിരാശ കലര്‍ന്ന നിസ്സംഗതയാണ് ചിലരിലെങ്കിലും നിഴലിച്ചു നില്‍ക്കുന്നത്.പള്ളികളും മദ്രസകളുമെല്ലാം പൂട്ടി, ജുമുഅയും ജമാഅത്തുമെല്ലാം മുടങ്ങി,ത്വവാഫ് നിലച്ചു, ഇരു ഹറാമുകളും വിജനമായി ..... ഇങ്ങനെ നീളുന്നു ആ നിരാശയുടെ നൈമിഷിക വ്യഥകള്‍.!
അഞ്ചുനേരവും പള്ളിയില്‍ പോയി ജമാഅത്തായി നിസ്‌കരിച്ച് ശീലിച്ചവര്‍ക്കും ജീവിതത്തില്‍ ഒരുതവണ പോലും ജുമുഅ മുടങ്ങിയിട്ടില്ലാത്തവര്‍ക്കുമൊക്കെ അത്തരം ദീനീചുറ്റുപാടുകള്‍ ഇല്ലാതാകുമ്പോള്‍ മനോ വേദനയുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അവനവനിലൊതുങ്ങുന്ന അത്തരം മനോവ്യഥകള്‍ അപരനു കൂടി പകര്‍ന്നുകൊടുക്കുകയും ആ സംസാരം പിന്നെ വിശ്വാസിക്ക് ഭൂഷണമല്ലാത്ത വിധം നിരാശ കലര്‍ന്ന് മനസ്സ് മരിച്ചു പോകും വിധം മൂര്‍ച്ഛിക്കുകയും ചെയ്യുന്നതിലാണ് അപകടം!
'ഇങ്ങനെയൊക്കെയായിട്ടും എവിടെപോയി നിന്റെ ദൈവം' എന്ന നാസ്തികന്റെ നാസികയില്‍ നിന്നുള്ള ചോദ്യത്തിന് എളുപ്പം അപഹരിക്കാന്‍ പറ്റുന്ന മനോ നിലവാരമാണത് എന്നതുകൊണ്ടാണ് ഇതെഴുതേണ്ടി വരുന്നത്.
മുകളില്‍ സൂചിപ്പിച്ചതുപോലെ പോലെ നബിവിയോഗത്തോളം വലിയ പ്രതിസന്ധിയൊന്നും മുസ്ലിം സമുദായം അഭിമുഖീകരിച്ചിട്ടില്ല എന്നതാണ് നേര്.-ഒരു സമുദായം എന്ന നിലയില്‍ ചരിത്രപരമായി മുസ്ലീങ്ങള്‍ നേരിട്ട ഏറ്റവും വലിയ മൂന്ന് അസ്തിത്വ പ്രതിസന്ധികളില്‍ ഒന്നാമത്തേത് തിരുനബിയുടെ വേര്‍പാടുതന്നെയാണെന്ന് കാരന്‍ ആംസ്‌ട്രോങ്ങ് എഴുതിയിട്ടുണ്ട് (ഇസ്‌ലാം-കാരന്‍ ആംസ്‌ട്രോങ്ങ് ).കേവലം വൈകാരികമായ ഒരു വിലയിരുത്തലല്ല ഇത് എന്നര്‍ത്ഥം-
പരീക്ഷണങ്ങള്‍ വിശ്വാസിയുടെ ഈമാന്‍ വര്‍ദ്ധിപ്പിക്കുകയും അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയുമാണ് ചെയ്യുകയെന്ന വലിയ സന്ദേശം പ്രസരിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിച്ച് മാതൃകയാവുകയാണ് അന്നേരം ഈമാനിന്റെ കാര്യത്തില്‍ അമ്പിയാക്കളുടെ അനന്തിരവനായ അബൂബക്കര്‍ സിദ്ദീഖ് (റ) ചെയ്തത്.
കാരണം, അനാദിയായവനും അന്ത്യമില്ലാത്തവനും അല്ലാഹുവാണ്.എല്ലാത്തിനും മുമ്പുള്ളവന്‍; എല്ലാത്തിനും ശേഷവും അവശേഷിക്കുന്നവന്‍.അതിരുകളില്‍ ഒതുങ്ങാത്ത സര്‍വ്വേശ്വരന്‍! ആലമിന്ന് അനുഗ്രഹമായി അന്ത്യദൂതരുണ്ടാവണമെന്നത് അവന്റെ തീരുമാനമാണ്.നിയോഗം പൂര്‍ത്തിയാകുമ്പോള്‍ അവിടുന്ന് ഈ ലോകത്തോട് വിട പറയണം എന്നതും തഥൈവ.
കഅ്ബാലയം ജനനിബിഢമായിരിക്കുന്നതിന്റെ പ്രസക്തി അറിയുന്നവന്ന് ഏതെങ്കിലും കാലത്ത് അവിടം വിജനമായി മാറുന്നതിന്റെ പൊരുളും അറിയാം. സാഹചര്യങ്ങള്‍ എന്തുതന്നെയായിരുന്നാല്‍ തന്നെയും അള്ളാഹുവിലുള്ള വിശ്വാസവുംഅവനു വേണ്ടിയുള്ള ആരാധനയുമാണ് ആത്മനിഷ്ടം.!
ഒരു വിശ്വാസിക്ക് അല്ലാഹുവുമായുണ്ടായിരിക്കേണ്ട ആത്മബന്ധത്തിന്റെ അനുഷ്ഠാന തലങ്ങള്‍ പള്ളികളില്‍ ജുമുഅ മുടങ്ങിയാലോ ജമാഅത്ത് നിലച്ചു പോയാലോ ഇല്ലാതാകുന്നതല്ല എന്ന് ചുരുക്കം.
അല്ലെങ്കിലും അഞ്ചുനേരത്തെ നിര്‍ബന്ധ നിസ്‌കാരം നിയമമാക്കിയ നാഥന്‍ തന്നെയാണല്ലോ ചില സാഹചര്യങ്ങളില്‍ നിസ്‌കാരം ചുരുക്കാനും രണ്ടു നിസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കാനും നിര്‍ദേശിച്ചിട്ടുള്ളത്.വുളൂഅ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തയമ്മും ചെയ്യാനും നിന്ന് നിസ്‌കരിക്കാന്‍ പ്രയാസം നേരിട്ടാല്‍ സൗകര്യപ്പെടുന്നതുപോലെ ഇരുന്നോ കിടന്നോ നിസ്‌കരിക്കാനും സംഘടിച്ചുകൊണ്ടുള്ള ആരാധനാകര്‍മ്മങ്ങള്‍ക്ക് ഏതെങ്കിലും വിധേനെ അസൗകര്യം നേരിട്ടാല്‍ സാധ്യമാകുന്നതെങ്ങനെയാണോ അതു പോലെ നിര്‍വ്വഹിക്കാനും നിഷ്‌കര്‍ശിച്ചിട്ടുന്നത്.!
ഇസ്ലാമിലെ ആരാധനാകര്‍മ്മങ്ങളില്‍ ഏതിലാണ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇളവുകള്‍ക്ക് ഇടമില്ലാത്തത്.!! കര്‍മ്മ ശാസ്ത്രത്തിന്റെ (ഫിഖ്ഹ്)മര്‍മ്മം തന്നെ സാധ്യതകളുടെ യുടെ സമഗ്രതയെ യെ സംയോജിപ്പിക്കലാണല്ലോ.!!!
ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നപോലെ ചെയ്യാതിരിക്കാനുള്ള നിര്‍ദ്ദേശവും അല്ലാഹുവില്‍ നിന്നാണ്.ഐഹികലോകം സുഖ-ദുഃഖ സമ്മിശ്രമായാണ് അവന്‍ സംവിധാനിച്ചിട്ടുള്ളത് എന്നതിനാലും പ്രയാസ രഹിതമായൊരു ഭൗതികജീവിതം അവന്റെ വാഗാദാനങ്ങളില്‍ പെട്ടതല്ല എന്നതിനാലുമാണത്.അവന്റെ ഇംഗിതങ്ങളോളം സംഗതമായ ഒന്നുമില്ലെന്ന് തിരിച്ചറിയുന്നതാണല്ലോ പൂര്‍ണ്മതയുള്ള ഈമാന്‍. അങ്ങനെവരുമ്പോള്‍ പിന്നെ ദുരന്തങ്ങളും പകര്‍ച്ചവ്യാധികളുമൊക്കെ പിടിപെടുമ്പോള്‍ അക്ഷമ കാണിക്കുന്ന എന്നത് അസ്ഥാനത്താണെന്ന് വരുന്നു.
മതത്തെയും ശാസ്ത്രത്തെയും വിരുദ്ധ ചേരികളില്‍ പ്രതിഷ്ഠിച്ച് 'കൊറോണക്കാലത്ത് മതം തോറ്റു ശാസ്ത്രം ജയിച്ചു' എന്നമട്ടില്‍ വായിട്ടലക്കുന്നവരുടെ ഗീര്‍വാണങ്ങള്‍ അപഹാസ്യമാകുന്നതിന്റെ കാരണവുമതാണ്.
വീടുകളില്‍ ഒതുങ്ങി നില്‍ക്കുകയും പകര്‍ച്ചവ്യാധിയുടെ സാമൂഹ്യ വ്യാപനത്തെ ചെറുക്കാന്‍ ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുക വഴി യഥാര്‍ത്ഥത്തില്‍ വിശ്വാസി അനുസരിച്ചത് അവന്റെ മതനിര്‍ദ്ദേശങ്ങള്‍ തന്നെയാണ്.രോഗം വന്നാല്‍ ചികിത്സിക്കാണമെന്നും പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ആവശ്യമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്നും അവനെ പഠിപ്പിച്ചത് അവന്റെ പുണ്യപ്രവാചകരാണ്.(ന്യൂസ് വീക്ക്' എന്ന പ്രശസ്ത അമേരിക്കന്‍ മാഗസിന്‍ 2020 മാര്‍ച്ച് 17ന് പ്രസിദ്ധീകരിച്ച ഒരു ലേഖനം് ഈ വിഷയത്തിലുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.! പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള 'ക്വാറന്റീന്‍' പ്രാക്ടീസിംഗ് ആദ്യമായി ലോകത്തെ പഠിപ്പിച്ചത് മുഹമ്മദ് നബിയാണെന്ന് അമേരിക്കയിലെ റൈസ് യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകനും പ്രൊഫസറുമായ ലേഖകന്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ വ്യക്തമാക്കുകയു ണ്ടായി.(https://www.google.com/amp/s/www.newsweek.com/prophet-prayer-muhammad-covid-19-coronavirus-1492798%3famp=1)).
ക്വാറന്റീന്‍ ശീലിക്കുന്നവര്‍ക്ക് രക്തസാക്ഷിയുടെ പ്രതിഫലമാണ് ഹദീസില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത് ഇത്തരം അധ്യാപനങ്ങള്‍ അറിയാവുന്നത് കൊണ്ടാണ് വൈമനസ്യമില്ലാതെ ആരാധനാലയങ്ങള്‍ അടച്ചിടാനും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാനും മതവിശ്വാസികള്‍ക്ക് കഴിയുന്നത്.
രോഗം വന്ന മരിച്ചവനും രോഗ വ്യാപനത്തെ തടയാന്‍ ഞാന്‍ 'ക്വാറന്റീന്‍' പ്രാക്ടീസിംഗ് സ്വീകരിച്ചവനും പരലോകത്ത് പ്രതിഫലം കാംക്ഷിക്കാന്‍ വകയുണ്ട് എന്നു വരുമ്പോള്‍ ഇത്തരമൊരു മാനസികശേഷി തന്നെ നഷ്ടപ്പെട്ട് അരക്ഷിക്കാനായി തീര്‍ന്ന യുക്തിവാദിക്ക് രോഗഭീതിയും കോവിഡുകാലത്തെ കുറേ നഷ്ടക്കണക്കും അല്ലാതെ മറ്റെന്താണ് കൂട്ടിനുള്ളത്.!
ഉപരിപ്ലവമായ ആലോചനകളില്‍ നിന്നും മാറി ആഴത്തില്‍ ചിന്തിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ ഇതിനേക്കാള്‍ കൗതുകകരമായിരിക്കും കാര്യങ്ങള്‍.
അനന്തവിശാലമായ സൃഷ്ടിപ്രപഞ്ചത്തിലെ ആത്യന്തികമായ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഉറവിടം അല്ലാഹുവാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്ലീങ്ങള്‍. എല്ലാം അല്ലാഹുവിന്റെ അറിവിനും ഉദ്ദേശ്യത്തിനും വിധേയമാകയാല്‍ കടുത്ത പ്രതിസന്ധികള്‍ പോലും ഐഹിക ലോകത്തെ ദൈവിക പരീക്ഷണങ്ങളായി മനസ്സിലാക്കാനുള്ള മനോവിശാലത അവര്‍ക്കുണ്ട്.അതുകൊണ്ടുതന്നെ അതിജീവനത്തിന് ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുകയും അനുഗുണമായവ ഉപയോഗപ്പെടുത്തുകയും ചെയ്യാന്‍ അവന്റെ വിശ്വാസം അവനെ പ്രചോദിപ്പിക്കുന്നു.
ആരാധനാകര്‍മങ്ങള്‍ ക്ക് വേണ്ടി പള്ളികള്‍ പണിയാനും അതില്‍ നമസ്‌കാരദികാര്യങ്ങള്‍ നിര്‍വ്വഹിക്കാനും നിര്‍ദ്ദേശിച്ച അതേ മതശാസനകള്‍ തന്നെയാണ് പകര്‍ച്ചവ്യാധിയുള്ള വേളയില്‍ പള്ളികള്‍ പൂട്ടിയിടുകയും താല്‍ക്കാലികമായി കൂട്ടമായുള്ള ആരാധനകള്‍ വേണ്ട എന്ന് തീരുമാനിക്കാനും ചെയ്യാന്‍ അവനെ പ്രേരിപ്പിച്ചത്.
ഓരോ വീടും പള്ളിയായി മാറുന്ന കാഴ്ചയയിരുന്നു അതിന്റെ അനുബന്ധം.ഒപ്പം പ്രയാസങ്ങള്‍ നീക്കി തരാന്‍ പടച്ചവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അതോടെ അവന്റെ അന്തരംഗം ശാന്തമാണ് ആണ്. എങ്ങനെ മരിച്ചാലും മുസ്ലിമായി തന്നെയായിരിക്കണമതെന്ന പൂതിമാത്രമാണ് പിന്നെ മനസ്സിലുള്ളത്.!'സന്തോഷം ഉണ്ടായാല്‍ നന്ദികാണിക്കുകയും സങ്കടം ഉണ്ടായാല്‍ ക്ഷമിക്കുകയും ചെയ്തുകൊണ്ട് എല്ലാം അനുഗ്രഹമാക്കിമാറ്റുന്ന മഹാത്ഭുതമാണ് മുസ്ലിം' എന്ന നബിവചനം അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചയായാണ് ഓരോ പ്രതിസന്ധിയും പടിയിറങ്ങി പോകുന്നു......
ഇനിയൊന്നാലോചിച്ച് നോക്കൂ,ക്വാറന്റീനിലിരുന്ന് കേടുപറ്റിയത് ആരുടെ വിശ്വാസത്തിനാണ്....!?

Post a Comment
Note: only a member of this blog may post a comment.