| ശരീഫ് കമാലി പള്ളിക്കുന്ന് |
നിത്യജീവിതത്തില്‍ അനിവാര്യമായ ഒരു ഘടകമാണല്ലോ ശുദ്ധി. ഇതിന്റെ സാധൂകരന്നമാവട്ടെ വെള്ളവുമാണ്. വെള്ളത്തിന്റെ ഉപയോഗം അസാധ്യമാകുമ്പോള്‍ തയമ്മും അനിവാര്യമായിത്തിരുകയും ചെയ്യുന്നു. ഇവിടെ ഉരുവിടുന്ന പല മസ്അലകളെ കുറിച്ചും തയമ്മും ചെയ്തവന്‍ ഖളാ വിട്ടേണ്ടതിനെ സംബന്ധിച്ചും പലയാളുകളും അജ്ഞരാണ്. മാത്രമല്ല തയമ്മുമിന്റെ അനിവാര്യതയില്‍ നിന്നെല്ലാം തെന്നിമാറി കേവലം ഖളാ കൊണ്ടെല്ലാം പരിഹൃതമാകും എന്ന് ധരിച്ചവരും സമൂഹത്തില്‍ ചുരുക്കമല്ല. അപ്പോള്‍ തയമ്മ മിനെ കുറിച്ചുള്ള പഠനത്തിന് പ്രസക്തിയേറുകയാണ്.
നിശ്ചയിച്ച കാരണങ്ങളാല്‍ പൂര്‍ണമായോ ഭാഗികമായോ വെളളത്തിന്റെ ഉപയോഗം അസാധ്യമാവുമ്പോഴാണ് തയമ്മും അനുവദനീയമാകുന്നത്.' നിങ്ങള്‍ വെളളം എത്തിക്കാത്ത പക്ഷം ശുദ്ധിയുള്ള മണ്ണ് കൊണ്ട് തയമ്മും ചെയ്യുക.(മ ഇദ - 6) '.' ഞങ്ങള്‍ക്ക് ഭൂമി മുഴുവന്‍ നമസ്‌കരിക്കാനുള്ള ഇടമായും അതിലെ മണ്ണിനെ ശുദ്ധീകരണ വസ്തുവുമാക്കി തന്നു.'(അഹ് മദ്). ഹിജ്‌റ നാലിലാണ് ഇതിന്റെ അവതരണം. ഇതിനു പിന്നിലെ നിയോഗമാവട്ടെ ആഇശാബീവിയുടെ മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിഖ്യാത ചരിത്രവുമാണ്.
തയമ്മും എന്നത് വുളൂ ഇനെ പോലെ ചില കാരണങ്ങള്‍ക്കും ശര്‍ത്വുകള്‍ക്കും മുബ് ത്വി ലാത്തുകള്‍ക്കും വിധേയമാണ്.പ്രധാനമായി തയമ്മും അനുവദനീയമാകുന്നത് ചെറിയ അശുദ്ധിക്കാരനും ജനാബത്തുകാരനുമാണ്. ഇവരെ പോലെതന്നെയാണ് ഹൈ ളുകാരിയും നിഫാസുകാരിയും.
കാരണങ്ങള്‍
മൂന്ന് കാരണങ്ങളാണ് പ്രധാനമായും തയമ്മു മിനെ അനിവാര്യമാക്കി തീര്‍ക്കുന്നത്.
1. വെള്ളമില്ലാതിരിക്കുക.
അനുഭവത്തില്‍ വെള്ളമില്ലാതിരിക്കലാണിത്. തീരെ വെള്ളം ലഭിക്കാതിരിക്കുക എന്ന് ഭാഷ്യം. യാത്രക്കാരനും നാട്ടില്‍ താമസിക്കുന്നവനും വെള്ളം ലഭിക്കാത്തത് മൂലം തയമ്മും ചെയ്യുന്നതിന്റെ മുമ്പ് വെള്ളത്തെ അന്വേഷിക്കണം.രണ്ടു പേര്‍ക്കും വെള്ളമുണ്ടെന്ന ഊഹം നിലനില്‍ക്കുമ്പോഴാണ് അന്വേഷണം ബാധകമാകുന്നത്. എന്നാല്‍ വെള്ളം ഇല്ലാ എന്നുറപ്പായാല്‍ അന്വേഷണം വേണ്ട താനും.കാരണം ആ അന്വേഷണത്തിന് പ്രസക്തിയില്ലല്ലോ.
സാധാരണഗധിയില്‍ ഇവിടെ അന്വേഷിക്കേണ്ട സ്ഥലം പോലും ഫുഖഹാക്കള്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇവിടെ
പ്രധാനമായും അന്വേഷണം ബാധിക്കുക യാത്രക്കാരനാണ്. ആദ്യം തന്റെ വാഹനത്തിലും യാത്രക്കാരോടും വെള്ളം അന്വേഷിക്കുകയും ഇതുമൂലം വെള്ളം എത്തിക്കാത്ത പക്ഷം അവന്റെ ഭൂപ്രതലത്തിന്റെ പരിസരങ്ങള്‍ കൂടി അന്വേഷണത്തില്‍ ഭാഗധേയമാക്കണം.
ഈ അന്വേഷണ പരിധിയില്‍ പണ്ഡിതര്‍ക്ക് വ്യത്യസ്ത വീക്ഷണമാണുളളത്.
ഒരു അമ്പ് എറിഞാല്‍ വീഴുന്ന സ്ഥലം(ഹദ്ദുല ഗൗസ്), ജോലിക്കാരായ തന്റെ സുഹൃത്തുക്കളെ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരം, മുന്നൂറോ നാ നൂറോ മുഴം ഇങ്ങനെ വ്യത്യസ്ഥ വീക്ഷണം ഉള്‍കൊണ്ടിട്ടുണ്ട്. .ഭൂമിയുടെ ഉയര്‍ച്ചതാഴ്ച്ചക്കനുസരിച്ച് മേല്‍ വിവരിച്ച ദൂരങ്ങളിലും അല്‍പസ്വല്‍പം വ്യത്യാസപ്പെട്ടേക്കാം.
ഇനി യാത്രക്കാരനായ അവന്‍ തന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോകുന്ന സ്ഥലത്ത്, നീതിമാനായ വ്യക്തിയുടെ വാക്ക് പോലോത്തത് മുഖേന വെള്ളമുണ്ടെന്ന ഉറപ്പ് ലഭിക്കുകയും അത് മൂലം സ്വത്തിനോ സ്വശരീരത്തിനോ ഭീഷണി നേരിടുമെന്ന ഭയം ഇല്ലെങ്കില്‍ ഹദ്ദുല്‍ ഖുര്‍ബിന്റെ ഭൂരം പോകല്‍ നിര്‍ബന്ധമാണ്. ഇവിടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നതിന്റെ വിവക്ഷ അവന്‍ സാധാരണഗതിയില്‍ വിറകോ, പുല്ലോ ശേഖരിക്കാന്‍ പോകുന്ന ദൂരമാണ്. എന്നാല്‍ ഹദ്ദുല്‍ ഖുര്‍ബിനെക്കാള്‍ മീതെയാണ് വെള്ളമെങ്കില്‍ അവന്‍ തയമ്മും ചെയ്തത് മതിയാകും. ഹദ്ദുല്‍ ഖുര്‍ബ് :- നേരത്തെ സൂചിപ്പിച്ച ഹദ്ദുല ഗൗസ് നെക്കാള്‍ കൂടുതലാണിത്. ഏകദേശം 1/2 ഫര്‍സഖ് ആണ് ഇതിന്റെ പരിധി. 1/2 ഫര്‍സഖ് എന്നത് 4 കി.മീ ആണ്. ഈ ചുറ്റളവില്‍ വെള്ളമില്ലന്ന ഭാവന മൂലം തയമ്മും ചെയ്യാവുന്നതാണ്.
സമയത്തിന്റെ അവസാനത്തില്‍ നിസ്‌കാരത്തിനും ശുദ്ധീകരണത്തിനും സമയം ബാക്കി നില്‍ക്കെ വെള്ളം ലഭിക്കുമെന്ന് ഉറപ്പായാല്‍ വെള്ളത്തെ പ്രതീക്ഷിക്കല്‍ അഫ്‌ളലും എന്നാല്‍ കേവല ഭാവന മാത്രമെങ്കില്‍ തയമ്മു മിനെ വേഗത്തിലുമാക്കലാണ് ശ്രേഷ്ഠ കരം. വെള്ളം ഉണ്ട് എന്ന സാധ്യതയും ,ഇല്ല എന്ന സാധ്യതയും സമമായാല്‍ തഥൈവ, വേഗത്തിലാക്കേണ്ടതാണ്.
'എന്നാല്‍ ഇനി ഒരുത്തന് ശുദ്ധിക്ക് മതിയാകാത്ത വിധം വെള്ളം ലഭിച്ചാല്‍ അവന്‍ തയമ്മും ചെയ്യുന്നതിന്റെ മുമ്പ് അതിനെ ഉപയോഗിക്കല്‍ നിര്‍ബന്ധമാണ്. ഇങ്ങനെ വെള്ളം ഉപയോഗിക്കുന്ന വേള അവന്‍ വുളുവില്‍ തര്‍ത്തീബ് പാലിക്കല്‍ നിര്‍ബന്ധവും കുളിയില്‍ തര്‍ത്തീബ് സുന്നത്തുമാണ്.
വെള്ളം വിലക്ക് വാങ്ങല്‍ :-
തന്റെ കൈവശമുള്ള പണം യാത്രച്ചെലവിനോ വന്ദിക്കപ്പെടുന്ന ജീവിയുടെ ആവശ്യത്തിനോ കടം വീട്ടാനോ ആവശ്യമില്ലെങ്കില്‍ ശുദ്ധികരണത്തിനു വേണ്ടി വെള്ളം വിലക്കു വാങ്ങല്‍ നിര്‍ബന്ധ മാണ്. (തുഹ്ഫ 1/336)
ദാനമായോ, കടമായോ, വായ്പയായോ വെള്ളം, ബക്കറ്റ്, കയര്‍പോ ലോത്ത വ ലഭിച്ചാല്‍ അത് സ്വീകരിക്കല്‍ നിര്‍ബന്ധവും എന്നാല്‍ അതിന്റെ വിലയാണ് ഇപ്രകാരം നല്‍കിയ തെങ്കില്‍ അതിനെ സ്വീകരിക്കല്‍ നിര്‍ബന്ധമല്ല താനും
2. മുഹ്തറമായ ,വന്ദിക്കപ്പെടുന്ന ജീവിയുടെ ദാഹം തീര്‍ക്കാന്‍ വെള്ളം ആവിശ്യമാ യാല്‍ ആല്ലെങ്കില്‍ വെളളത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ പണം വരിക, എത്തിക്കപ്പെട്ട വെള്ളം കുടിക്കാന്‍ മാത്രം തയ്യാര്‍ ചെയ്യപ്പെട്ടതാവുക.ഇത് ശറഇല്‍ വെള്ളാതിരിക്കലാണ്.
3. ഉള്ള വെള്ളം ഉപയോഗിക്കല്‍ തടസ്സമാവുക
വെള്ളത്തിന്റെ ഉപയോഗ മൂലം രോഗം മൂര്‍ഛിക്കുക, രോഗം സുഖപ്പെടാന്‍ താമസമെടുകുക, ബാഹ്യമായ അവയവത്തില്‍ മോശമായ പാടുകള്‍ ഉണ്ടാവുക. നീതിമാനായ ഒരാള്‍ പറയുകയോ തന്റെ സ്വന്തം അനുഭവത്തിലൂടെയോ മോശകലകള്‍ ഉണ്ടാകുമെന്നത് തിരിച്ചറിയാന്‍ സാധിക്കും.ശക്തമായ തണുപ്പ് മൂലം തയമ്മും ചെയ്യുക എന്നത് രോഗം നിമിത്തം തയമ്മും ചെയ്യുന്നത് പ്പോലെ തന്നെയാണ് എന്നാല്‍ രോഗം മുണ്ടായത് ദോശകരമായ മാര്‍ഗത്തിലാണങ്കില്‍ ത യമ്മും സ്വഹീഹാകണമെങ്കില്‍ തൗബ അനിവാര്യമാണ്.
മുറിവിന്റെ സാഹചര്യം
ശരീരത്തില്‍ മുഴുവന്‍ വെള്ളം ഉപയോഗിക്കല്‍ അസാധ്യമെങ്കില്‍ ഒരു തയമ്മും കൊണ്ട് മതിയാകും. എന്നാല്‍ വുളുവിന്റെ ഒരവയവത്തില്‍ മറയില്ലാത്ത വിധം മുറിവാവുകയും അവിടെ വെള്ളമുപയോഗിക്കല്‍ അസാധ്യമാവുകയും ചെയ്താല്‍ തയമ്മും നിര്‍ബന്ധമായി തീരുന്നതാണ്.
ഇവിടെ മുറിവില്ലാത്ത ഭാഗങ്ങള്‍ പൂര്‍ണമായി കഴുകുകയും മുറി വിന് വേണ്ടി തയമ്മും ചെയ്യുകയുമാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്ന സമയം ചെറിയ അശുദ്ധിക്കാരന്‍ തര്‍ത്തീബ് നിര്‍ബന്ധമായിത്തീരുകയും ചെയ്യും. അഥവാ വുളുവില്‍ മുറി വിനെ കഴുകേണ്ട സമയത്താണ് തയമ്മും ചെയ്യേണ്ടത് എന്ന് ഉദ്ധേശ്യം. എന്നാല്‍ മുറിവുള്ള അവയവത്തില്‍ മുറിയില്ലാത്ത ഭാഗങ്ങള്‍ കഴുകുന്നതിനേക്കാള്‍ തയമ്മു മിനെ മുന്തിക്കുന്നതിന് വിരോധമില്ലതാനും .ജനാബത്ത കാരനാവട്ടെ കുളിയുടെയും തയമ്മു മിന്റെയും ഇടയില്‍ തര്‍ത്തീബ് പാലിക്കണമെന്നില്ല. അവന്‍ ഉദ്ധേശികും പ്രകാരം നിര്‍വ്വഹിക്കാം.
എന്നാല്‍ ഇനി രണ്ട് അവയവങ്ങളില്‍ മുറിവായാല്‍ യഥാക്രമം രണ്ട് തയമ്മും ആവശ്യമായി തീരും. ഇവിടെയും മേലുദ്ധരിച്ച നിബന്ധനകള്‍ ചേര്‍ത്ത് വായിക്കണം.
മുഖത്തും ഒരു കയ്യിലോ ഇരുകയ്യിലോ മുറിവായാല്‍ രണ്ടു തയമ്മും, മുഖത്തും ഇരുകയ്യിലോ ഒരു കയ്യിലോ ഒരു കാലിലോ ഇരുകാലിലോ മുറിവായാല്‍ മൂന്ന് തയമ്മുമും എന്നാല്‍ ഈ മുന്ന് അവയവങ്ങളില്‍ പൂര്‍ണമായുംമുറിവാണങ്കില്‍ ഒരു തയമ്മു മും മതിയാകുന്നതാണ്.
ഒരു അവയവത്തിന്റെ മുറി വില്ലാത്ത ഭാഗം കഴുകി മുറിവിന് വേണ്ടി തയമ്മും ചെയ്തതിനു ശേഷം വുളുവിന്റെ അടുത്ത അവയവം കഴുകാന്‍ നിയ്യത്ത് മടക്കേണ്ട തില്ല. അതുപോലെ കയ്യിന്റെ മുറിവ് കാലിന്റെ മുറിവ് എന്നിങ്ങനെ വേര്‍തിരിച്ച് കരുതേണ്ടതുമില്ല. മറിച്ച് ഫറള് /സുന്നത്ത് ഹലാലാക്കുന്നു എന്ന നിരു ബാധികനിയ്യത്ത് തന്നെ കയ്യിന്റെയും കാലിന്റെയും തയമ്മു മിന്റ വേള മതിയാവുന്നതാണ്.( ഫതാവല്‍ കു ബറ - ഹ/72)
മുറിയുടെ മേല്‍ ബാന്‍ഡേജ്/ പ്ലാസ്റ്റര്‍ പോലോത്ത മറയുണ്ടെങ്കില്‍ വുളുവിന് വേണ്ടി അതിനെ നീക്കംചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഈ മറനീക്കല്‍ പ്രയാസമാവുകയാണെങ്കില്‍ മറയുടെ മേല്‍ വെള്ളം കൊണ്ട് തടവി സ്വഹിഹായ ഭാഗം കഴുകി തയമ്മും ചെയ്താല്‍ മതി. ഇവിടെ മൂന്ന് കാര്യങ്ങൃള്‍ അവന്‍ പ്രത്തേകം ശ്രദ്ധിക്കണം.
1. മൂറിവില്ലാത്ത ഭാഗം കഴുകുക
2. കെട്ടിനുള്ളില്‍ / മറക്കുള്ളില്‍ സാധ്യമവുന്നിടത്തെല്ലാം വെള്ളം കൊണ്ട് തടവുക.
3. മുറിവ് കെട്ടിയ ബാന്‍ഡേജിന് മുകളില്‍ വെള്ളം കൊണ്ട് തടവുക.
അതായത് സാധാരണ ഗതിയില്‍ നാം മുറിവിനെ കെട്ടുമ്പോള്‍ അല്‍പം ഭാഗം കൂടി കൂട്ടിയാണ് കെട്ടാറുള്ളത്. ഈ മറക്കുള്ളിലെ മുറിവില്ലാത്ത ഭാഗങ്ങള്‍ വെള്ളം കൊണ്ട് സാധ്യമാവുന്നത്ര തടവണം. എന്നാല്‍ ബാന്‍ഡേജ് മുറിയല്ലാത്ത ഒരു ഭാഗവും മറച്ചിട്ടില്ലെങ്കില്‍ അതിന്‍മേല്‍ വെള്ളം കൊണ്ട് തടവേണ്ടതില്ല. അപ്പോള്‍ ഇവിടെ ഉദ്ധരിച്ച മൂന്ന് കാര്യങ്ങള്‍ക്ക് പുറമേയാണ് തയമ്മും ചെയ്യേണ്ടത്.
ഒരാള്‍ മുറിവിന് വേണ്ടി തയ്യമ്മും ചെയ്ത് നിസ്‌ക്കരിച്ചു. അദ്ധേഹത്തിന് വലിയ അശുദ്ധിയില്ല എങ്കില്‍ അടുത്ത നമസ്‌കാരത്തിന് സമയമായാല്‍ വുളൂ മുറിയുന്ന കാര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ രണ്ടാമത്തെ നിസ്‌കാരത്തിനു വേണ്ടി തയമ്മുീ മാത്രം ചെയ്താല്‍ മതി. വുളൂ മടക്കേണ്ടതില്ല. അശുദ്ധി ക്കാരനായാല്‍ വുളൂവും തയമ്മു മിനൊപ്പം മടക്കേണ്ടി വരും.
വലിയ അശുദ്ധിക്കാരനായ ഒരാള്‍ ശുദ്ധിയാക്കാന്‍ വേണ്ടി മുറിവില്ലാത്ത ഭാഗം മുഴുവന്‍ കഴുകുകയും മുറിവിന് വേണ്ടി തയമ്മും ചെയ്യുകയും ചെയ്തു,എന്നാല്‍ ഓരോ വഖ്തിലും അവന്‍ കുളി മടക്കേണ്ടതില്ല, തയമ്മും മാത്രം ചെയ്താല്‍ മതി. വീണ്ടും ജനാബത്തുകാരനായാല്‍ കുളിയും മടക്കേണ്ടി വരും .അപ്പോള്‍ ഇരു അശുദ്ധികള്‍ ഉള്ളവര്‍ ഓരോ നിസ്‌കാരത്തിന്റെ സമയത്തും തയമ്മും മടക്കേണ്ടി വരും.എന്നാല്‍ വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്യുമ്പോള്‍ ചെറിയ അശുദ്ധിയും അതില്‍ പെടുമെന്നതിനാല്‍ രണ്ട് തയമ്മുമിന് പകരം വലിയ അശുദ്ധിക്ക് വേണ്ടി ഒരു തയമ്മും ചെയ്താല്‍ മതി.
ജനാബത്തുകാരന്‍ തയമ്മും ചെയ്തതിന്‍ ശേഷം വീണ്ടും ജനാബത്തു കാരനായാല്‍ അവന്‍ വീണ്ടും തന്റെ കെട്ട് ഊരല്‍ നിര്‍ബദ്ധമില്ല. അവന്‍ ഒരോ ഫര്‍ളിന്നും തയമ്മും ചെയ്യേണ്ടി വരും.
ശര്‍ത്വുകള്‍
1.ശുദ്ധിയുള്ള പൊടിമണ്ണ് ആവുക
അപ്പോള്‍ ചൂളക്ക് വെച്ച ഓട്, ഇഷ്ടിക, മണ്‍പാത്രം, എന്നിവയുടെ പൊടി, ഖനിയില്‍ നിന്ന് എടുക്കുന്ന വിവിധ തരം പൊടികള്‍, കുങ്കുമം, ചുണ്ണാമ്പ്,കുമ്മായം, ധാന്യം എന്നിവയുമായി കൂട്ടി കലര്‍ന്നവ, നജസ്ആയമണ്ണ്, മുസ്തഅമലായ മണ്ണ് എന്നിവ തയമ്മു മിന് പറ്റുകയില്ല. എന്നാല്‍ ചിതല്‍പ്പുറ്റ്, വേട്ടാ ള ന്റെ കൂട് എന്നിവ പൊളിച്ചത് കൊണ്ട് തയമ്മും ചെയ്യാം (തുഹ്ഫ 1/352354)
ഉപയോഗിച്ച മണ്ണ് എന്നത് കൊണ്ട് വിവക്ഷിക്കുന്നത് തയമ്മു മിന്റെ അവയവത്തില്‍ ശേഷിച്ചിരിക്കുന്ന മണ്ണും അപ്രകാരം അവയവങ്ങളില്‍ നിന്ന് താഴെ വീണ മണുമാണ്.
ഹനഫീമദ് ഹബ് പ്രകാരം ഭൂമിയുമായിബന്ധപ്പെട്ട് കിടക്കുന്ന ഏതു വസ്തു കൊണ്ടും (മരം, കൃഷി ) തയമ്മും ആകാം എന്ന് അഭിപ്രായപ്പെടുന്നുണ്ട്.പക്ഷെ, ഇപ്രകാരം ഇവരുടെ മദ്ഹബ് അനുവര്‍ത്തിക്കുകയാണെങ്കില്‍ മദ്ഹബ് മാറുന്ന (തല്‍ ഫീഖ് ) ന്റെ നിബദ്ധനകള്‍ ഇതിനെ തുടര്‍ന്ന് വരുന്നതാണ്.
ശുദ്ധി വരുത്തുമ്പോള്‍ വെള്ളത്തില്‍ രണ്ട് ഖുല്ലത്ത് നിബന്ധനയുള്ളത് പോലെ മണ്ണില്‍ ഈ നിബന്ധനയില്ല. ഒരു പ്രതലത്തില്‍ തയമ്മു മിന്‍ ആവശ്യമായ മണ്ണ് നിരത്തിവെച്ച് രണ്ട് പ്രാവിശ്യം അടിച്ചടുത്താല്‍ മതി.
നജ സായ മണ്ണു കൊണ്ട് തയമ്മും അനുവദനിയ മല്ല.എന്നാല്‍ ധാരാളമുള്ള മണ്ണിലേക്ക് അല്‍പ്പം നജസ് വീണാല്‍ നജസ് ആയിട്ടില്ല എന്നുറപ്പുള്ള ഭാഗത്തുള്ള മണ്ണ് തയമ്മു മിന് ഉപയോക പെടുത്താം. പക്ഷെ,മണ്ണ് അല്‍പ്പമാണങ്കില്‍ ഈ വേര്‍ത്തിരിവ് സാധിക്കണമെന്നില്ല.
2. മണ്ണിനെ കരുതല്‍
മണ്ണിനെ അടിച്ചെടുക്കുന്നു എന്നു കരുതല്‍ തയമ്മു മിന്റെ ശര്ത്വില്‍ പെട്ടതാണ്. അപ്പോള്‍ ഒരുത്തന്റെ മുഖത്തേക്ക് കാറ്റ് മൂലം പൊടിയാവുകയും തുടര്‍ന്ന് അതിനെ തടവുകയും നിയ്യത്ത് ചെയ്യുകയും ചെയ്താല്‍ അത് മതിയാവുകയില്ല.എന്നാല്‍ വായുവില്‍ പൊടി ഘനീഭവിച്ച് നില്‍ക്കുകയും അതില്‍ മുഖം ചുഴറ്റുകയും ചെയ്താല്‍ അത് മതിയാകുന്നതുമാണ്.
3. രണ്ട് പ്രാവശ്യം അടിച്ചെടുക്കുക.
4. ഖിബ് ല നി ര്‍ ണ യിക്കുക.
5. സമയമാവുക.
6. ഓരോ ഫറളിന്നും തയമ്മും ചെയ്യുക (ഇആനത്ത്)
7. നജസിനെ നീക്കം ചെയ്യുക.
ഫറളുകള്‍
1. അവയവങ്ങളിലേക്ക് മണ്ണിനെ നീക്കം ചെയ്യുക.
2. നിയ്യത്ത്
ശുദ്ധി അനിവാര്യമായ നിസ്‌കാരം, ത്വവാഫ്, എന്നിവ ഹലാലാക്കുന്നു എന്ന് കരുതണം. അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന് കരുതല്‍ കൊണ്ട് മതിയാവുകയില്ല.
മണ്ണിനെ അവയവങ്ങളിലേക്ക് നീക്കം ചെയ്യുമ്പോള്‍ നിയ്യത്ത് അതിനോട് ചേര്‍ന്ന് വരല്‍ ആവശ്യമാണ്. ഇപ്രകാരം നിയ്യത്ത് വെക്കുന്ന സമയം ഫ റളിനെയും സുന്നത്തിനെയും കരുതിയാല്‍ അവന്ന് രണ്ടും ഹലാലാകും. ഫറളി നെ മാത്രം കരുതിയാല്‍ കൂടെ സുന്നത്ത് നിസ്‌കരിക്കുന്നതിന് വിരോധമില്ല. അവന്‍ പക്ഷെ, സുന്നത്തിനെ മാത്രമാണ് കരുതിയതെങ്കില്‍ ഇതുമൂലം ഫ റള് ഹലാലാ വുകയില്ല.എന്നാല്‍ ഒരുത്തന്‍ നിര്‍ണ്ണിത സുന്നത്തിനെ (റവാത്തിബ് പോലെ )കരുതിയാല്‍ അതു മൂലം സാമൂഹ്യ ബാധ്യതയായ (ഫറള് കിഫ) ജനാസ നമസ്‌കാരവും തഥൈവ നിര്‍ണ്ണിത നിസ്‌കാരത്തോ ടൊപ്പം മറ്റുള്ള സുന്നത്ത് നമസ്‌കാരങ്ങളും അവന് പറ്റുന്നതാണ്.
3. മുഖം തടവല്‍
4. മുട്ടുള്‍ പ്പെടെ രണ്ട് കയ്യും തടവല്‍
മണ്ണ് എല്ലായിടത്തും എത്തി എന്ന മികച്ച ഭാവന ഉണ്ടാകും വിധത്തില്‍ തടവിയാല്‍ മതി.മറിച്ച് പുരട്ടേണ്ടതില്ല. രണ്ടാമത്തെ അടിയില്‍ മോതിരം ഊരല്‍ നിര്‍ബന്ധമാണ്. മണ്ണ് അടിച്ചെടുക്കുമ്പോള്‍ ആവശ്യമാകുന്ന പക്ഷം രണ്ടിനേക്കാള്‍ കൂടുതല്‍ മണ്ണ് അടിച്ചെടുക്കല്‍ നിര്‍ബന്ധവും അല്ലാത്ത പക്ഷം കറാഹത്തുമാണ്.
ബിസ്മി ചൊല്ലുക, ഇടതിനെക്കാള്‍ വലതിനെ മുന്തിക്കുക, രണ്ട് കരങ്ങളിലും പൊടിയെ അടിച്ചെ ടുക്കുമ്പോള്‍ അതിനെ ലഘൂകരിക്കുക., കരങ്ങളില്‍ പൊടി അധികമാകുന്ന പക്ഷം ഊതിയോ കുടഞ്ഞോ അതിനെ ലഘൂകരിക്കുക, തുടര്‍ച്ചയായി ചെയ്യുക, മണ്ണിനെ അടിക്കുമ്പോള്‍ വിരലുകള്‍ വിടര്‍ത്തുക, ബിസ്മിക്കും ഒന്നാമത്തെ അടിക്കുമിടയില്‍ മിസ് വാക്ക് ചെയ്യുക, ഒന്നാം അടിയില്‍ മോതിരം ഊരുക, അവയവങ്ങള്‍ കയറ്റി തടവുക, ഒര വയവം തടവി പൂര്‍ത്തിയാക്കും മുമ്പ് കൈ ഉയര്‍ത്താതിരിക്കുക, വിരലുകള്‍ കോര്‍ത്തിണക്കി തടവുക എന്നിവ തയമ്മു മിനെറ സുന്നത്തുകളാണ്.
വുളു മുറിയുന്ന കാരണങ്ങള്‍ക്ക് പുറമെ ചില പ്രത്യേക കാരണങ്ങള്‍ മുഖേന തയമ്മും മുറിയുന്നതാണ്.
വെള്ളമില്ലാത്തതിന് വേണ്ടി തയമ്മും ചെയ്തവന്‍, അവന്‍ നമസ്‌കാരത്തിലല്ലാതിരിക്കെ വെള്ളം എത്തുകയും തത്സമയം ദാഹം പോലോത്ത ആവശ്യം അവന്‍ നേരിടുകയും ചൈതില്ലെങ്കില്‍ അവന്റെ തയമ്മും ബാത്വിലാകുന്നതാണ്. തയമ്മും മൂലം മടക്കി നിസ്‌ക്കരിക്കല്‍ അനിവാര്യമായ നമസ്‌കാരത്തിനിടെ വെള്ളം ലഭിച്ചാല്‍ നമസ്‌കാരം ബാത്വിലാവുകയും, തയമ്മും മൂലം മടക്കി നിസ്‌കരിക്കല്‍ ആവശ്യമില്ലാത്ത നമസ്‌കാര മാണെങ്കില്‍ ആ നിസ്‌കാരം ബാത്വിലാവുകയുമില്ല. എങ്കിലും നമസ്‌കാരം ഫറളാണെങ്കില്‍ ഈ രണ്ട് അവസ്ഥയിലും വുളു എടുക്കാന്‍ വേണ്ടി നമസ്‌കാരത്തെ മുറിക്കുകയും സുന്നത്താണെങ്കില്‍ രണ്ട് റക്അത്തു കൊണ്ട് മതിയാക്കുകയുമാണ് വേണ്ടത്.അനന്തരം വുളു ചെയ്ത് നമസ്‌കരിക്കുകയും വേണം
നമസ്‌കാരത്തിലായിരിക്കെ വെള്ളം ലഭിച്ചു എന്ന് തിരിച്ചറിയല്‍ ഒരുത്തന്‍ തന്റെ യടുക്കല്‍ വെള്ളമുണ്ടെന്ന് വിളിച്ച് പറയുന്നത് നമസ്‌കാരത്തിലുള്ള വ്യക്തി കേള്‍ക്കല്‍ മുഖേനയാണ് (ഇആനത്ത്- 1/92)
ഒരു തയമ്മുംകൊണ്ട് ഒരു ഫറള് മാത്രമേ നമസ്‌കരിക്കാവൂ. സുന്നത്താവട്ടെ എത്രയുമാവാം. എന്നാല്‍ നേര്‍ച്ചയാക്കിയ നമസ്‌കാരം ഫ റളി നെ പോലെ തന്നെയാണ്. പ്രബലാ പിപ്രായപ്രകാരം ഒരു ഫിറളിനോടുകൂടെ ജനാസ നമസ്‌കാരം സ്വഹീഹാകുമെന്നാണ്.
ഫറള് നിസ്‌കാരത്തിന്റെ വഖ്ത് പ്രവേശിക്കുന്നതിന്റെ മുമ്പും സുന്നത്ത് നമസ്‌കാരത്തിന്റെ സമയം പ്രവേശിക്കുന്നതിന്റെ മുമ്പും തയമ്മും അരുത്. അപ്പോള്‍ മുന്തിച്ച് ജം ആക്കി നമസ്‌കരിക്കുന്നവന്‍ ഒന്നാമത്തെ നമസ്‌കാരത്തിനു ശേഷമാണ് രണ്ടാമത്തെ നമസ്‌കാരത്തിന് വേണ്ടി തയമ്മും ചെയ്യേണ്ടത്. വെള്ളവും മണ്ണും എത്തിക്കാത്ത പക്ഷം സമയത്തിന്റെ പവിത്രത മാനിച്ച് ഫറളി നെ നമസ്‌കരിക്കുകയും രണ്ടാലൊന്നിനെ എത്തിക്കുന്ന പക്ഷം അതിനെ മടക്കുകയും വേണം.
ഖളാഅ വീട്ടല്‍:-
നാട്ടില്‍ താമസിക്കുന്നവന്‍ വെള്ളം ഇല്ലാത്തത് മൂലം തയമ്മും ചെയ്ത് നമസ്‌കരിച്ചവനാണെങ്കില്‍ അവര്‍ വെള്ളം എത്തിക്കുന്ന പക്ഷം ഖളാഅ വീട്ടണം.എന്നാല്‍ ഇത് മൂലം യാത്രക്കാരനാണ് തയമ്മും ചെയ്‌തെങ്കില്‍ ഖളാഅ വീട്ടേണ്ടതില്ല താനും.കാരണം നാട്ടില്‍ താമസിക്കുന്നവന്ന് വെള്ളം ലഭിക്കാതിരിക്കുക എന്നത് അപൂര്വ്വവും യാത്രക്കാരന് ഈ അവസ്ഥ സാധാരണയുമാണ്. യാത്ര ദോഷമായ മാര്‍ഗത്തിലാവരുത് എന്ന നിബന്ധനക്കതീതമായാണ് ഈ പറഞ്ഞത്. എന്നാല്‍ തൗബ ചെയ്താല്‍ ഇതു മടക്കേണ്ടതില്ല.
തണുപ്പ് കാരണത്താല്‍ തയമ്മും ചെയ്ത് നമസ്‌കരിക്കുന്നവന്‍ ഖളാഅ വീട്ടണം. എന്നാല്‍ രോഗം മൂലം തയമ്മും ചെയ്ത് നമസ്‌കരിച്ചവനാണെങ്കില്‍ ഖളാ ആവശ്യമില്ല. എന്നാല്‍, പക്ഷെ ഇത് ചില നിബന്ധനകള്‍ വിധേയമായിരിക്കും. ശുദ്ധിയോടെയും അല്‍പം രക്തത്തോടെയും മാത്രമാണ് ബാന്‍ഡേജ് എങ്കിലും തയമ്മുമിന്റെ അവയവത്തിലാണ് മുറിവെങ്കില്‍ ഖളാ വീട്ടണം .മറയില്ലാത്ത വിധം മുറി വിനു വേണ്ടി തയമ്മും ചെയ്തവനാണെങ്കില്‍, ഖളാ വീട്ടേണ്ടതില്ല. ചുരുക്കത്തില്‍ രോഗംമൂലം തയമ്മും ചെയ്ത് നമസകരിച്ചത് ഖളാ വീട്ടാതിരിക്കാന്‍ നാല് ശര്‍ത്വുകളുണ്ട്.
1. മുറിവില്‍ അമിത രക്തം ഇല്ലാതിരിക്കുക.2. പൂര്‍ണമായ വുളു വോടെ മുറിവ് കെട്ടുക (തയമ്മു മിനെറ ശുദ്ധിമതിയാവുകയില്ല.3. മുറിവ് തയമ്മു മിന്റെ അംഗത്തില്‍ ആ വാതിരിക്കുക.4. തയമ്മുമിന്റെ അവയവത്തിലല്ലെങ്കില്‍ ആവശ്യത്തിലധികം മുറി വില്ലാത്ത ഭാഗം ബാന്‍ഡേജ് കൊണ്ട് മറക്കാതിരിക്കുക.
ചില മസ്അലകള്‍
തഹിയ്യത്ത് നിസ്‌കാരത്തിന് പളളിയില്‍ കടന്ന ശേഷവും വഖ്തില്ലാത്ത സുന്നത്ത് നിസ്‌കാരങ്ങള്‍ക്ക് ഏത് സമയത്തും തയമ്മും ആകാവുന്നതാണ്. ഖത്വീബല്ലാത്തവര്‍ക്ക് ജുമുഅയുടെ ശ ര്‍ ത്വായ ഖുതുബക്ക് മുമ്പ് തന്നെ തയമ്മും ചെയ്യാവുന്നതാണ്. ഖത്വീബിന് ജുമുഅ ക്കും ഖുതുബക്കും വേറെ വേറെ തയമ്മും അനിവാര്യമാണ്. വെള്ളവും മണ്ണും ലഭിക്കാത്ത പക്ഷം വഖ്തിന്റെ പവിത്രതക്ക് വേണ്ടി ഫറളായ അദാ ആയ നമസ്‌കാരങ്ങള്‍ നമസ്‌കരിക്കാന്‍ പറ്റുന്നത് പോലെ ജുമുഅ ക്കും പറ്റുന്നതാണ്. പക്ഷെ, നാല്‍പതില്‍ ഒരാളായി അവനെ പരിഗണിക്കുന്നതല്ല എന്ന് മാത്രം.
തയമ്മുമിന്റെ രൂപം
ആദ്യം തയമ്മു മിന്റെ നിയ്യത്ത് ചെയ്യുക. ശേഷം ഇരു മുന്‍ കൈകളും ശുദ്ധിയുള്ള പൊടി മണ്ണിനെ ഒരു തവണ അടിച്ചെടുക്കുക. കയ്യില്‍ കൂടുതല്‍ പൊടിയാകുന്ന പക്ഷം ഊതിയോ ഇരുകയ്യിന്റെ മണികണ്ഠ ഭാഗങ്ങളെ ക്കൊണ്ട് കുടഞ്ഞോ മിതമാക്കുക. ശേഷം ഇരുകൈപത്തിയുടെയും പള്ള ഭാഗം മുഖത്തിന്റെ മേല്‍ഭാഗത്ത് മദ്ധ്യത്തിലായി വെക്കുക. തുടര്‍ന്ന് താഴോട്ട് തടവുക. പെരുവിരലിന്റെ സഹായത്തോടെ മുഖത്തിന്റെ വീതിയുള്ള കവിള്‍ ഭാഗങ്ങള്‍ തടവുകയും താടിയെല്ലിന്റെ ഭാഗത്ത് ഇരു കൈപത്തിയും എത്തിയ ശേഷം കൈകളെടുക്കുകയും ചെയ്യുക. അനന്തരം രണ്ടാം തവണയും മിതമായി മണ്ണിനെ അടിച്ചെടുക്കുക.ഈ വേള കയ്യിലുള്ള മോതിരങ്ങള്‍ അഴിച്ചു വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം പെരുവിരലൊഴിച്ച് നാല് വിരലുകളും ഇടത് കൈപത്തിക്കുള്ളില്‍ വെക്കുക. ശേഷം കയ്യിന്റെ പുറം ഭാഗം മുട്ട് വരെ തടവുക. കൈ മുട്ട് തടവി കഴിഞ്ഞാല്‍ കൈപ്പത്തിയുടെ ഉള്‍ഭാഗം കൊണ്ട് നേരത്തെ തടവിയതിന്റെ എതിര്‍ ഭാഗം കൈപത്തി വരെ തടവുക.ഇടതു കയ്യിന്റെ പെരുവിരല്‍ വലതു കയ്യിന്റെ പെരുവിരലിനെയും തടവുക. അപ്രകാരം ഇടതു കൈവലതു കൈ കൊണ്ട് തടവുക. തുടര്‍ന്ന് മുന്‍ കൈകള്‍ പരസ്പരം തടവുകയും വിരലുകള്‍ പരസ്പരം കോര്‍ക്കുകയും ചെയ്യുക.

Post a Comment
Note: only a member of this blog may post a comment.