പ്രണയം പറയുന്ന നാല്പത് പ്രമാണങ്ങള്‍


|ഷാഹിന്‍ അഫ്‌നാസ് പി |


' യാത്രികാ, വഴികാട്ടിയുടെ പിന്നാലെ പോവുക ഭൂപടങ്ങളെ വിശ്വസിക്കരുതേ;
ഈ പെരുവഴികളിലും ഇടവഴികളിലും നിങ്ങള്‍ക്കു വഴി പിണയുമെന്നോര്‍ക്കുക.
നമ്മുടെയെല്ലാം യാത്രകള്‍
മുമ്പു നാം പോയിട്ടില്ലാത്ത വഴികളിലൂടെ;
അതിനാലവനെ വിശ്വസിക്കുക,
അവന്റെ പിന്നാലെ തന്നെ പോവുക,
നിങ്ങള്‍ക്കെത്തേണ്ട വാതിലുകളിലൊക്കെ
അവന്‍ നിങ്ങളെ കൊണ്ടുപോകും.'

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ സൂഫീ പണ്ഡിതനും കവിയുമായ മൗലാനാ ജലാലുദ്ദീന്‍ റൂമി ഗുരുനാഥനെ കുറിച്ച്  പണ്ടെന്നോ എഴുതിവെച്ച വരികളാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൗലാനാ റൂമിയുടേയും അദ്ദേഹത്തിന്റെ ആത്മീയ ഗുരു ഷംസ് തിബ്രീസിയുടേയും ആത്മബന്ധം വിവരിക്കുന്ന പ്രണയത്തിന്റെ_നാല്പത്_നിയമങ്ങളിലൂടെയുള്ള (Fourty rules of love) സഞ്ചാരത്തിലായിരുന്നു. തുര്‍ക്കിയിലെ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരിയും പ്രഭാഷകയും മനഷ്യാവകാശ പ്രവര്‍ത്തകയുമായ എലിഫ് ഷഫക്കിന്റെ തൂലികയില്‍ വിരിഞ്ഞ മനോഹരമായ രചനാവിഷ്‌കാരമാണ്  ഈ കൃതി.

1971 ല്‍ ഫ്രാന്‍സില്‍ ജനിച്ച് പിന്നീട് തുര്‍ക്കിലെ അങ്കാറയിലേക്ക് താമസം മാറിയ ഷഫക് ടര്‍ക്കിഷിലും ഇംഗ്ലീഷിലും രചന നിര്‍വ്വഹിച്ചിട്ടുണ്ട്. അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ട പതിനേഴ് ഗ്രന്ഥങ്ങളില്‍ പതിനൊന്നെണ്ണവും നോവലുകളാണ്. ഇവയില്‍ പലതും അമ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ബഹുമതികളും അവാര്‍ഡ് നാമനിര്‍ദ്ദേശങ്ങളും ലഭിച്ച അവരുടെ രചനകളില്‍ ഒരു നാഴികക്കല്ലായിരുന്നു 'ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ്' എന്ന കൃതി. തുര്‍ക്കിയില്‍ മാത്രം 9 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയ പ്രസ്തുത ഗ്രന്ഥം ലോകത്തെ രൂപപ്പെടുത്തിയ നൂറു പുസ്തകങ്ങളിലൊന്നായി ബി.ബി.സി തിരഞ്ഞെടുത്തു. 2012 ലെ ഐ.എം.പി.സി ഡബ്ലിന്‍ ലിറ്റററി അവാര്‍ഡിനും ഇത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

സംസ്‌കാരികവും സാമൂഹികവുമായി തീര്‍ത്തും വെത്യസ്തങ്ങളായ പതിമൂന്നാം നൂറ്റാണ്ടിലേയും ഇരുപൊത്തൊന്നാം നൂറ്റാണ്ടിലേയും രണ്ട് ജീവിത പശ്ചാത്തലങ്ങളിലൂടെയുള്ള ഒരു സമാന്തര സഞ്ചാരമാണ് ഈ സൃഷ്ടി. കലുഷിതമായ കുടുംബ ജീവിതം നയിക്കുന്ന 'എല്ല റുബെന്‍സ്റ്റീന്‍' എന്ന മധ്യവയസ്‌കയായ ഒരു സ്ത്രീയില്‍ എട്ട് നൂറ്റാണ്ട് മുമ്പ് ജീവിച്ച ആധ്യാത്മിക ജ്ഞാനികളായിരുന്ന മൗലാനാ റൂമിയുടേയും ഷംസ് തിബ്രീസിയുടേയും ആത്മീയ ബന്ധം ചെലുത്തിയ സ്വാധീനവും അതുണ്ടാക്കിയ മാറ്റവുമാണ് ഈ നോവലിന്റെ ഉള്ളടക്കം. നാല്പതുകളിലെത്തിയ എല്ല   ഒരു സാഹിത്യ കൂട്ടായ്മയില്‍ അംഗമാവുകയും അവരുടെ ആദ്യ റിവ്യൂ പ്രൊജക്റ്റ് എന്നോണം റൂമി-ഷംസ് ജീവിതം പറയുന്ന  അസീസ് സഹ്‌റയുടെ 'സ്വീറ്റ് ബ്ലാസ്‌ഫെമി' എന്ന നോവല്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നിടത്താണ് ഈ കൃതിയാരംഭിക്കുന്നത്. തുടര്‍ന്ന് ഈ നോവല്‍ വായനയും അതിന്റെ രചയിതാവുമായുള്ള ഈമെയ്ല്‍ സനേഹ സംഭാഷണങ്ങളുമടങ്ങുന്ന എല്ലയുടെ ജീവിത  യാത്രയിലൂടെ എലിഫ് ഷഫക്കിന്റെ നോവല്‍ പുരോഗമിക്കുന്നു. ഇവിടെ നോവലിനുള്ളിലെ നോവലായി ഈ കൃതി പരിണിതി പ്രാപിക്കുന്നു.

നോവലിന്റെ വലിയ ഭാഗവും മൗലാനാ റൂമിയിടെയും അദ്ദേഹത്തിന്റെ  ആത്മീയാചാര്യന്‍ ഷംസിന്റെയും സംഭവബഹുലമായ ജീവിതം തന്നെയാണ്. അഫ്ഗാനിസ്ഥാനിലെ ബല്‍ഖില്‍ ജനിച്ച റൂമി അക്കാലത്തെ ചില രാഷ്ട്രീയ സാഹചര്യങ്ങളാല്‍ 1220കളില്‍ കൊനിയയിലേക്ക് കുടിയേറി. പിതാവ് ബഹാവുദ്ദീന്‍ വലദ് ആദരിക്കപ്പെടുന്ന പണ്ഡിതനായിരുന്നു. പിതാവിന്റെ മരണശേഷം മൗലാനാ റൂമി ഉപരിപഠനാര്‍ത്ഥം സിറിയയിലെ അലപ്പോയിലേക്ക് പോയി. പഠന ശേഷം 1237ല്‍ തിരിച്ച് കൊനിയയിലെത്തിയ അദ്ദേഹത്തിന് തന്റെ പാണ്ഡിത്യവും പിതാവിന്റെ ജനസമ്മിതിയും വലിയൊരു അനുവാചക വൃന്ദത്തെ സമ്മാനിച്ചു.

(1185-1248) കാലയളവില്‍ ജീവിച്ച പേര്‍ഷ്യന്‍ സൂഫീവര്യനായിരുന്ന ഷംസ് അല്‍ തിബ്രീസിയുടെ പൂര്‍ണ്ണ നാമം ഷംസുദ്ദീന്‍ മുഹമ്മദ് എന്നാണ്. തന്റെ നിഗൂഢ  സ്വഭാവം കൊണ്ട് ചരിത്രത്തില്‍ അധികം ഇടം പിടിക്കാതെ പോയ ഷംസ് റൂമിയുടെ ആധ്യാത്മിക മാര്‍ഗദര്‍ശി എന്ന നിലക്കാണ് പില്‍ക്കാലത്ത് പ്രസിദ്ധനായത്. റൂമിയിലെ  പാണ്ഡിത്യം അരങ്ങുവാഴുന്നതിനടയിലാണ് തന്റെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഷംസ് ബാഗ്ദാദില്‍ നിന്നും  കൊനിയയിലെത്തുന്നത്.

1244 ല്‍  ഈ ചരിത്ര സംഗമം നടക്കുന്നത് മൗലാനാ റൂമിയുടെ മുപ്പത്തിയെട്ടാം വയസ്സിലാണ്. ഈ കണ്ടുമുട്ടലിനെ കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ടെങ്കിലും ഷഫക് അത് വിവരിക്കുന്നതിങ്ങനെയാണ്. തന്റെ കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന റൂമിയുടെ അരികില്‍ ഷംസ് ഒരു ചോദ്യവുമായെത്തി. പ്രവാചകന്‍ മുഹമ്മദ് നബിയാണോ സൂഫി ബിസ്താമിയാണോ ഉന്നതന്‍ എന്നതായിരുന്നു ചോദ്യം. 'എന്ത് ചോദ്യമാണിത്, ആ താരതമ്യത്തിന് തന്നെ പ്രസക്തിയില്ലല്ലോ' എന്നായി റൂമി. ഉടനെ വന്നു ഷംസിന്റെ കരുതിവെച്ച ചോദ്യം: പ്രവാചകന്റെ പ്രാര്‍ത്ഥന 'ദൈവമേ എനിക്ക് നീ പൊറുത്ത് തരേണമേ..... നീ എനിക്കെന്താണ് കരുതിവെച്ചിരിക്കുന്നെതെന്നറിയില്ല നാഥാ' എന്നാണെങ്കില്‍ ബിസ്താമി പറയുന്നത് 'ഞാന്‍ എന്റെ മേലങ്കിയില്‍ ദൈവത്തെ വഹിക്കുന്നു അവന്‍ എനിക്ക് കരുണ ചൊരിയും' എന്നാണ്. ഇവിടെ ബിസ്താമിയുടെ വാക്കുകളാണല്ലോ ശക്തിവത്തായത് അതെന്തുകൊണ്ടാണ്?

ചോദ്യം കുഴക്കുന്നത് തന്നെയായിരുന്നു. ഒന്ന് ചിന്തിച്ച് മൗലാനാ റൂമി പ്രതിവതിച്ചു: 'ദൈവത്തിന്റെ സ്‌നേഹം എന്നത് അറ്റമില്ലാത്ത സാഗരം കണക്കെയാണ്. മനുഷ്യന്‍ അതില്‍ പരമാവധി കരഗതമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഒടുക്കം എല്ലാവരും തങ്ങള്‍ക്ക് കിട്ടിയത് പരിശോധിച്ചാല്‍ അവര്‍ ശേഖരിക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ക്കനുസരിച്ച് ഏറ്റവത്യാസമുണ്ടാകും.
അതെ പ്രവാചകരിലേക്ക്  ചേര്‍ത്ത് വെക്കുമ്പോള്‍ ബിസ്താമിയുടെ പാത്രം തീരെ ചെറുതായിരുന്നു.'
മൗലാനയുടെ മറുപടിയില്‍  തൃപ്തനായി ഷംസ് തലകുനിച്ചു. അവിടെ വേറിട്ടൊഴുകിയിരുന്ന ആധ്യാത്മികതയുടെ രണ്ട് സാഗരങ്ങള്‍ സംഗമിക്കുകയായിരുന്നു.

ഈ കൂടിക്കാഴ്ച റൂമിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായി. ശിഷ്യരോടൊപ്പം ജ്ഞാന സദസ്സുകളില്‍ സജീവമായിരുന്നു റൂമി അന്നപാനീയങ്ങള്‍ പോലും ത്യജിച്ച് തന്റെ ഗ്രന്ഥ ശാലയില്‍ മാസങ്ങളോളം ഷംസിന്റെ വാക്കുകളിലേക്ക് മാത്രം സമര്‍പ്പിതനായി. ഒരുനിലക്ക് ഇത് ആധ്യാത്മികതയുടെ അങ്ങേതല തേടിയുള്ള പ്രയാണമായിരുന്നു. അവരുടെ ആ സംവേദനങ്ങള്‍ പില്‍കാലത്ത് പറഞ്ഞു തീരാത്ത അനവധി കഥകള്‍ക്കും കവിതാശകലങ്ങള്‍ക്കും ജന്മം നല്‍കി.
റൂമിയിലെ കവിയെ കണ്ടെത്തിയത് പോലും ആ സംഭാഷണങ്ങളാണ്.
മസ്‌നവിയേ മഅനവി, ദീവാനേ കബീര്‍ (ദീവാനേ ഷംസ്) എന്നിവ റൂമിയുടെ വിഖ്യാത പദ്യഗ്രന്ഥങ്ങളാണ്. ഫീഹി മാ ഫീഹി, സബ്അ മജാലിസ് (പ്രഭാഷണങ്ങളുടെ ക്രോഡീകരണങ്ങള്‍ ), മകാത്തീബ് (കത്തുകളുടെ സമാഹാരം) തുടങ്ങിയവ അദ്ദേഹത്തിന്റെ പദ്യേതര കൃതികളുമാണ്.

ഇന്ന് ലോകത്ത് ഏറെ പ്രാചാരത്തിലുള്ള നൃത്തവും ആത്മീയ ധ്യാനവും ഒരുപോലെ നിലകൊള്ളുന്ന 'സെമ' നൃത്ത ചുവടുകളുടെ ഉത്ഭവവും റൂമിയില്‍ നിന്നാണ് അതിന്റെ പ്രേരക ശക്തിയും ഷംസാണ്. 'അന്തിമൂക്കാത്തൊരുക പകലില്‍ വഴിയരികിലൂടെ നടക്കവെ തട്ടാനായിരുന്ന സദ്റുദ്ദീന്‍ കൂനവിയുടെ ചുറ്റികയുടെ താളവും അല്ലാഹ് എന്ന വിളിയുടെ ഈണവുമൊരുമിച്ചുള്ള താള-സ്വരലയത്തിന്റെ അനിര്‍വചനീയ നിമിഷത്തില്‍ ഒരു കൈ ആകാശത്തിലേക്കുയര്‍ത്തി മറുകൈ ഭൂമിയിലേക്ക് താഴ്ത്തി റൂമി കറങ്ങി എന്നതാണ് സമയുടെ ഉത്ഭവത്തെക്കുറിച്ചുള്ള  ഒരു ചരിത്രം.' (കടപ്പാട്: http://tibaq.in/koniya-rumi/)

ഇങ്ങനൊക്കെയാണെങ്കിലും മൗലാനാ റൂമി-ഷംസ് ബാന്ധവം കൊനിയക്കാര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. റൂമിയെ അവരില്‍ നിന്നൊക്കെ അകറ്റിയ ഷംസിനോടുള്ള പക അവരില്‍ വളര്‍ന്ന് കൊണ്ടിരുന്നു. മാത്രമല്ല റൂമിയുടേയും ഷംസിന്റേയും ആത്മീയ അനുരാഗം അവര്‍ പല അപവാദ പ്രചരണങ്ങള്‍ക്കും ആയുധമാക്കി. ഒടുക്കം മൗലാനയുടെയുടെ വീട്ടുവളപ്പില്‍ വെച്ച് ഷംസ് വധിക്കപ്പെടുന്നിടത്താണ് അത് കലാശിച്ചത്. ആ വധത്തിന് പിന്നില്‍ റൂമിയുടെ പുത്രന്‍ അലാവുദ്ദീന്റെ കരങ്ങളുമുണ്ടായിരുന്നു. ( ഷംസിന്റെ വധത്തിന് പിന്നിലെ ദുരൂഹതകള്‍ ബാക്കിയാണ്)

'സ്വീറ്റ് ബ്ലാസ്‌ഫെമി' അവസാനിക്കുന്നിടത്ത് എല്ലയുടെയും  അസീസിന്റെയും സനേഹബന്ധം അതിന്റെ പാരമ്യത്തിലെത്തുന്നു. എല്ലയുടെ നാട്ടില്‍ അവരുടെ സംഗമം നടക്കുന്നു. തന്റെ ജീവിത ക്ലേശങ്ങളില്‍ നിന്നും രക്ഷതേടി അസീസിന്റെ നാടുചുറ്റലില്‍ പങ്ക് ചേരാന്‍ എല്ല താല്പര്യം അറിയിക്കുന്നു. അസീസിനെ ബാധിച്ച മാരകരോഗവും തന്റെ ഭര്‍ത്താവും മക്കളും അവര്‍ക്ക് തടസ്സമാവുന്നില്ല. ഒടുവില്‍ അവര്‍ രണ്ടുപേരുടേയും ഒരുമിച്ചുള്ള സഞ്ചാരം റൂമിയുടെ നഗരമായ കൊനിയയില്‍ അവസാനിക്കുന്നു. അവിടെവെച്ച് കാന്‍സര്‍ രോഗിയായ അസീസ് മരണപ്പെടുന്നു. എല്ല തന്റെ പ്രാണന്റെ വിയോഗം അവര്‍ ഉപേക്ഷിച്ചുപോയ മകളെ വിളിയിച്ചറിയിക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.

പുസ്തകത്തിന്റെ പേര് പോലെ തന്നെ ഷംസ് പങ്കുവെക്കുന്ന  പ്രണയത്തിന് ദൃഢത നല്‍കുന്ന നാല്പത് പ്രമാണങ്ങള്‍ തന്നെയാണ് ഈ രചനയിലെ മുഖ്യ ആകര്‍ഷകമായ ഘടകം. 'മറ്റുള്ളവര്‍ എന്തു പറയും എന്ന് കരുതി ജീവിതത്തില്‍ ഒന്നും ചെയ്യരുതെന്ന' ഷംസിന്റ മനോഹരമായ വീക്ഷണം നോവലിന്റെ പലയിടത്തും കാണാം. ഷംസില്‍ ആകൃഷ്ടനായി ബാഗ്ദാദില്‍ നിന്നും കൊനിയയിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യനാകാന്‍ കൊതിച്ച തുടക്കക്കാരനായ ഒരു സൂഫിക്ക് തന്റെ യാത്ര തുടക്കത്തിലേ ഒടുക്കേണ്ടിവന്നത് ഈ ഒരു വീക്ഷണത്തെ മനസ്സിലാകാതെ പോയതിനാലാണ്.

എന്നാല്‍ ഏറെ ജനസമ്മതനായ മൗലാനാ റൂമി ഷംസിന്റെ നിര്‍ദ്ദേശമനുസരിച്ച് ആ നാട്ടിലെ തന്നെ മദ്യശാലയില്‍ മദ്യം തേടിയെത്താന്‍ ധൈര്യം കാണിച്ചത് ഇതേ വീക്ഷണം അതിന്റെ പരിപൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍കൊണ്ടപ്പോഴാണ്.

ഷംസ് തന്റെ പ്രയാണത്തില്‍ പലര്‍ക്കുമുള്ള മറുപടിയെന്നോണം പറയുന്ന കഥകളാണ് ഈ നോവലിന്റെ മറ്റൊരു മനോഹാരിത. ഒരുവേള തന്റെ പിതാവിനെ തങ്ങളില്‍ നിന്ന് തട്ടിയെടുത്ത ഷംസിനോടുള്ള ഈര്‍ഷ്യതയുമായി അലാവുദ്ദീന്‍ ഷംസിനെ സമീപിച്ച് പറഞ്ഞു:  'നിങ്ങളുടെ സാനിധ്യമാണ് എന്റെ പിതാവിന്റെ സല്‍പ്പേരും ഞങ്ങളുടെ സ്വസ്ഥതയും നശിപ്പിച്ചത്. നിങ്ങളെന്തിനാണ് ഇനിയുമിവിടെ നില്‍ക്കുന്നത്.'

'അലാവുദ്ദീന്‍ നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. നിന്നെ കാണുമ്പോള്‍  കാഴ്ച ശേഷിയില്ലാത്ത സഹായിയെയാണ് ഞാന്‍ ഓര്‍ക്കുന്നത്. ആ കഥ നീ കേട്ടിട്ടുണ്ടോ?' എന്നായി ഷംസ്. അലാവുദ്ദീന്റെ ദേഷ്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു 'നിങ്ങളുടെ കഥ കേള്‍ക്കാനൊന്നും എനിക്ക് സമയമില്ല'. ഷംസിന്റെ മറുപടി ഉടന്‍ വന്നു 'കഥ കേള്‍ക്കാന്‍ സമയമില്ലാത്തവന് ദൈവത്തെ കേള്‍ക്കാനും സമയം കാണില്ല. നിനക്കറിയുമോ ദൈവത്തോളം നല്ല കഥപറച്ചിലുകാരനില്ല തന്നെ'

അലാവുദ്ദീന്റെ മറുപടിക്ക് കാക്കാതെ ഷംസ് ആ കഥ പറഞ്ഞു തുടങ്ങി: പണ്ടൊരിടത്ത് ഒരു  കരകൗശലപ്പണിക്കാരനും അവന് കാഴ്ച പ്രശ്‌നമുള്ള ഒരു സഹായിയുമുണ്ടായിരുന്നു. ഇയാള്‍ കാണുന്നതെല്ലാം രണ്ടായിട്ടാണ് കണ്ടിരുന്നത്, എന്നാല്‍ ആ തിരിച്ചറിവ് ആയാള്‍ക്കില്ലായിരുന്നു.
ഒരു ദിവസം പണിക്കാരന്‍ സഹായിയോട് മുറിക്കകത്തെ തേനിന്റെ ജാറ് കൊണ്ട് വരാന്‍ പറഞ്ഞു. വെറും കയ്യോടെ തിരിച്ച് വന്ന അയാള്‍ പറഞ്ഞു: 'യജമാനനേ അവിടെയുള്ള രണ്ട് ജാറുകളില്‍ ഏതാണ് അങ്ങേക്കാവിശ്യം?' കാര്യം മനസ്സിലായ പണിക്കാരന്‍ ഇങ്ങനെ മറുപടി കൊടുത്തു. നീ ചെന്ന് അതിലൊന്ന് പൊട്ടിച്ച്  കളഞ്ഞ് മറ്റേത് കൊണ്ട് വരൂ...'

സഹായി യജമാനന്റെ തന്ത്രം നിറഞ്ഞ വാക്കുകള്‍ അത്‌പോലെ അനുസരിച്ചു. താന്‍ പൊട്ടിച്ച ജാറിനൊപ്പം മറ്റേതും പൊട്ടുന്നത് അയാള്‍ അത്ഭുതത്തോടെ നോക്കി നിന്നു. അതൊരു തിരിച്ചറിവായിരുന്നു. റൂമിയും താനും രണ്ടല്ല ആയതിനാല്‍ തങ്ങളെ വേര്‍പ്പെടുത്തുക അസാധ്യമെന്ന സന്ദേശം കൈമാറുകയായിരുന്നു ഷംസ്. ഇങ്ങനെ ഒത്തിരി കഥകള്‍ ഈ നോവലിനകത്തുണ്ട്.

എല്ലയിലൂടെ പാശ്ചാത്യ ലോകത്ത് സ്ത്രീ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വരച്ചുകാട്ടാന്‍ ഷഫക് ശ്രമിക്കുന്നുണ്ട്. ആധ്യാത്മികതയും അതിന്റെ ആചാര്യനായ മൗലാനാ റൂമിയും തന്നില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് എഴുത്ത്കാരി പറഞ്ഞു വെക്കുന്നു. 1273 ല്‍ തന്റെ 66ആം വയസ്സിലാണ് മൗലാനയുടെ  വിയോഗം സംഭവിക്കുന്നത്. പ്രണയിനികളുടെ കഅബയെന്ന് വിശേഷണമുള്ള കൊനിയയിലെ റൂമിയുടെ മഖ്ബറയിലേക്ക് മത-ദേശ-ഭാഷാ ഭേദമന്യേ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. അതൊരുപക്ഷേ മൗലാനാ റൂമിയുടെ തന്നെ പഴയൊരു വിളിയാളത്തിന് മറുപടിയാകും. അതും ഒരു കാവ്യ ശകലമാണ്.

'നിങ്ങള്‍ ആരായാലും വരൂ. നിങ്ങള്‍ അവിശ്വാസിയോ പ്രാകൃത മതക്കാരനോ അഗ്‌നിയാരാധകനോ ആരായാലും വരൂ. നമ്മുടേത് നൈരാശ്യത്തിന്റെ സഹോദര സംഘമല്ല. നിങ്ങളൊരുപക്ഷെ, ആയിരം തവണ നിങ്ങളുടെ പശ്ചാതാപ ഉടമ്പടികള്‍ ലംഘിച്ചിട്ടുണ്ടാവാം എങ്കിലും വരൂ'

Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget